07 July Tuesday

സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ധീരദേശാഭിമാനി

ശിവദാസൻ പിUpdated: Thursday Jan 23, 2020


സാമ്രാജ്യത്വത്തിനെതിരെയും വർഗീയതയ്‌ക്കെതിരായും സന്ധിയില്ലാസമരം നടത്തിയ സുഭാഷ്‌ ചന്ദ്രബോസിന്റെ ജന്മദിനമാണ്‌ ജനുവരി 23. ആ ധീരമായ നിലപാടിന്‌ ഏറെ പ്രസക്തിയുള്ള നാളുകളിലൂടെയാണ്‌ ഇന്ത്യ ഇന്ന്‌ കടന്നു പോകുന്നത്‌. ജന്മനാടിനെ കോളനിവാഴ്‌ചയിൽനിന്ന്‌ മോചിപ്പിക്കാനുള്ള പോരാട്ടം സംഘടിതമായി ആരംഭിച്ചപ്പോൾത്തന്നെ പുത്രികാരാജ്യപദവിയോ ഭാഗിക സ്വാതന്ത്ര്യമോ അല്ല പൂർണസ്വരാജ്‌ ആണ്‌ വേണ്ടതെന്ന്‌ 1918ൽത്തന്നെ വാദിച്ചിരുന്നു. എല്ലാ പൗരന്മാർക്കും തുല്യാവകാശമുള്ളതും സോഷ്യലിസ്‌റ്റ്‌ ആശയങ്ങളിൽ അധിഷ്‌ഠിതമായതും മതനിരപേക്ഷവുമായ ‘സ്വരാജ്യ’മാണ്‌ ബോസ്‌ ലക്ഷ്യമിട്ടിരുന്നത്‌. സ്വരാജ്യം വിരലിലെണ്ണാവുന്നവരുടെ സുഖം ഉറപ്പിക്കാനുള്ളതല്ലെന്നും ദരിദ്രജനവിഭാഗങ്ങൾക്ക്‌ ജാതിമത വിലക്കുകൾക്കതീതമായി സ്വതന്ത്രമായി ജീവിക്കാനുള്ളതാണെന്നും സുഭാഷ്‌ നിലപാട്‌ സ്വീകരിച്ചിരുന്നു. 1922നുശേഷം സ്വരാജ്യകക്ഷികളുമായി യോജിച്ച്‌ പ്രവർത്തിച്ച ബോസ്‌, കൽക്കട്ട കോർപറേഷനിലെ ആദ്യത്തെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി പ്രവർത്തിച്ചപ്പോൾ തന്റെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയുണ്ടായി. കോളനിവാഴ്‌ചയ്‌ക്ക്‌ ഭീഷണിയാകുന്നു എന്നുകണ്ട ബ്രിട്ടീഷ്‌ ഭരണകൂടം 1924 മുതൽ 27 വരെ ബോസിനെ ബർമയിലെ ജയിലിലടച്ചു.

ഓൾ ബംഗാൾ യൂത്ത്‌ ലീഗിന്റെ സംഘാടനംവഴി ഇന്ത്യയുടെ മോചനത്തിന്‌ യുവതയുടെ നേതൃത്വവും പങ്കാളിത്തവും അത്യന്താപേക്ഷിതമാണെന്ന്‌ ബോസ്‌ കണ്ടെത്തിയിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ വിജയത്തിന്‌ പരിശീലനം ലഭിച്ച വളന്റിയർ സേന എന്ന ആശയം 1928 ലെ കൽക്കട്ട കോൺഗ്രസിൽ മുന്നോട്ടുവച്ചത്‌ ബോസ്‌ ആയിരുന്നു. തുർക്കിയിലെ കമാൽപാഷയും ഇറ്റലിക്കാരൻ മസ്സീനിയും റഷ്യൻ നേതാവ്‌ ലെനിനുമായിരുന്നു ബോസിന്റെ ആദർശധീരന്മാർ. വളർന്നുവരുന്ന ജനകീയപോരാട്ടത്തിൽ യുവാക്കളും വിദ്യാർഥികളും കർഷകരും തൊഴിലാളികളും മുഖ്യ പങ്കുവഹിക്കുന്നതിനാണ്‌ ബോസ്‌ ശ്രദ്ധ ചെലുത്തിയിരുന്നത്‌. ഇതുകൊണ്ടുതന്നെ ഏറെ ജനപിന്തുണയുള്ള സ്വാതന്ത്ര്യസമരനേതാവായി സുഭാഷ്‌ ചന്ദ്രബോസ്‌ വളരുകയും ചെയ്‌തു.


 

സിവിൽ നിയമലംഘനകാലത്ത്‌ രണ്ടുതവണ ജയിലിലടയ്‌ക്കപ്പെട്ട ബോസ്‌, ഇന്ത്യയിൽനിന്ന്‌ പുറത്താക്കപ്പെടുകയും ഉണ്ടായി. ബ്രിട്ടനിലും അദ്ദേഹത്തിന്‌ പ്രവേശനമുണ്ടായിരുന്നില്ല. ഇന്ത്യയിലെ സാമ്രാജ്യത്വവാഴ്‌ചയ്‌ക്ക്‌ അറുതിവരുത്താൻ അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണ നേടേണ്ടതുണ്ടെന്ന്‌ മനസ്സിലാക്കിയ ബോസ്‌, ബ്രിട്ടന്റെ ഇന്ത്യയിലെ കിരാതവാഴ്‌ച ലോകസമൂഹത്തിനുമുമ്പിൽ തുറന്നുകാണിച്ചു. 1935ൽ ഈ ലക്ഷ്യംവച്ച്‌ ‘ ഇന്ത്യൻ സമരം’ (The Indian Struggle)എന്ന പുസ്‌തകം ബോസ്‌ എഴുതി പ്രസിദ്ധീകരിച്ചു. നിരോധനങ്ങളെയും പിടിച്ചെടുക്കലുകളെയും അതിജീവിച്ച്‌ ഈ പുസ്‌തകം ലോകശ്രദ്ധ പിടിച്ചുപറ്റി. കീഴടക്കപ്പെട്ടവരുടെ മോചനം ഹൃദയം തുറന്ന യോജിപ്പിലൂടെയാണ്‌ സാധ്യമാകുകയെന്ന തത്വം ബോസിന്‌ പ്രചരിപ്പിക്കാൻ ഇതുവഴി സാധിച്ചു.

വർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്‌ വലിയ പ്രാധാന്യമാണ്‌ സുഭാഷ്‌ നൽകിയത്‌. ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ച്‌ സായുധപോരാട്ടത്തിലേക്ക്‌ നീങ്ങിയപ്പോൾ, പരമ്പരാഗത രീതികൾ വിട്ട്‌ ജാതിമത പരിഗണനകളില്ലാതെയാണ്‌ ബോസ്‌ സേനാവിഭാഗങ്ങൾ രൂപീകരിച്ചത്‌. സിഖ്‌, മുസ്ലിം, ജാട്ട്‌, ഹിന്ദു, മറാത്താ സഹോദരങ്ങൾ ഒന്നിച്ചുചേർന്ന സേനാ വിഭാഗങ്ങളാണ്‌ ഐഎൻഎയിലുണ്ടായിരുന്നത്‌. വിഭാഗങ്ങൾക്കപ്പുറം രാജ്യവും ജയ്‌ഹിന്ദുമാണ്‌ മുഖ്യപ്രശ്‌നമെന്നതായിരുന്ന ബോസ്‌ ഉയർത്തിപ്പിടിച്ച മുദ്രാവാക്യം. ദേശീയഗാനവും മുദ്രാവാക്യങ്ങളും തെരഞ്ഞെടുക്കുമ്പോൾ ഈ ഐക്യം നിലനിർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. ‘ജയ്‌ ഹിന്ദ്‌’ എന്ന മുദ്രാവാക്യവും ‘ജനഗണമന’ എന്നു തുടങ്ങുന്ന  ദേശീയഗാനവും ഈ ഐക്യസന്ദേശമാണ്‌ ജനങ്ങളിലെത്തിച്ചത്‌. വർഗീയതയ്‌ക്കെതിരായ ശക്തമായ സന്ദേശമാണ്‌ ബോസിന്റെ പ്രവർത്തനത്തിലുടനീളം മുഴങ്ങിക്കേട്ടിരുന്നത്‌.

1938 ലെ ഹരിപുരാ കോൺഗ്രസ്‌ സമ്മേളനത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബോസ്‌, പിന്നീട്‌ നടപ്പാക്കിയ പ്രവർത്തനങ്ങൾ ജനങ്ങളെ ഒന്നാകെ കോളനിവാഴ്‌ചയ്‌ക്കെതിരെ അണിനിരത്തുക എന്ന സന്ദേശം ഉയർത്തിക്കൊണ്ടുള്ളതായിരുന്നു. ദേശീയപ്രസ്ഥാനം മതനിരപേക്ഷമാക്കുന്നതിന്‌ പാർശ്വവൽക്കരിക്കപ്പെട്ടവരും മുസ്ലിം ജനവിഭാഗവും വർധിച്ചതോതിൽ എത്തിച്ചേരേണ്ടതുണ്ടെന്ന്‌ സുഭാഷ്‌ മനസ്സിലാക്കി. ഇക്കൂട്ടരെ സ്വാതന്ത്ര്യസമര മുന്നേറ്റത്തിലേക്ക്‌ ആകർഷിക്കാൻ ദേശവ്യാപകമായ പ്രവർത്തനങ്ങൾ അദ്ദേഹം നടപ്പാക്കി. വർഗീയതയെയും കോളനിവാഴ്‌ചയെയും ഒന്നിച്ച്‌ നേരിടാൻ ജനങ്ങളെയാകമാനം അണിനിരത്തുക എന്നതായിരുന്നു തന്ത്രം. രാജ്യത്തിന്റെ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിന്‌ ഈ ജനകീയപോരാട്ടമാണ്‌ മരുന്ന്‌ എന്ന്‌ അദ്ദേഹത്തിന്‌ ബോധ്യമായിരുന്നു.


 

കേരളീയരെ സംബന്ധിച്ചിടത്തോളം സുഭാഷ്‌ ചന്ദ്രബോസിന്റെ നേതൃത്വം ഏറെ പ്രധാനപ്പെട്ടതായിരുന്നു. വലിയ ജനപിന്തുണയാണ്‌ മലയാളിസമൂഹത്തിൽനിന്ന്‌ സുഭാഷിന്‌ നേടാനായത്‌. ജോലിതേടി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽപോയ മലയാളികൾ മാത്രമല്ല, കേരളത്തിലെ സാധാരണക്കാരും ബോസിന്റെ മുന്നേറ്റത്തിൽ അണിചേർന്നു.

1921 ലെ മലബാർ സമരത്തിലെ പോരാളികളെ ബ്രിട്ടീഷ്‌ ഭരണകൂടം തുറുങ്കിലടച്ചത്‌ ആൻഡമാൻ ജയിലുകളിലായിരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപ്‌ സമൂഹങ്ങൾ ആസാദ്‌ ഹിന്ദ്‌ സർക്കാരിന്റെ നിയന്ത്രണത്തിലായപ്പോൾ ബോസ്‌ അവയ്‌ക്ക്‌ ഷഹീദ്‌ (രക്തസാക്ഷി), സ്വരാജ്‌ ദ്വീപുകൾ എന്ന്‌ പുനർനാമകരണം ചെയ്‌തു. റോസ്‌ ഐലൻഡിലെ ബ്രിട്ടീഷ്‌ ഹൈകമീഷണറുടെ വസതിയിൽ ത്രിവർണപതാക പാറിക്കുകയും ചെയ്‌തതോടെ സ്വാതന്ത്ര്യലബ്‌ധിക്കുശേഷം എന്താണ്‌ സംഭവിക്കുക എന്ന്‌ ബോസിന്‌ തെളിയിക്കാൻ സാധിച്ചു.

1946ൽചെങ്കോട്ടയിൽവച്ച്‌ ഐഎൻഎ തടവുകാരെ വിചാരണ ചെയ്യാൻ കൊളോണിയൽ ഭരണകൂടം തീരുമാനിച്ചപ്പോൾ അവരിൽ ഷാനവാസ്‌  എന്ന മുസ്ലിം ഭടനും ജി എസ്‌ ധില്ലൻ എന്ന സിഖ്‌ ഭടനും പി കെ സെഹഗാൾ എന്ന ഹിന്ദുവുമാണ്‌ ഉണ്ടായിരുന്നത്‌. ഈ നടപടിക്കെതിരെ ജാതിമത രാഷ്‌ട്രീയം മറന്ന്‌ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കലാപങ്ങൾ ബ്രിട്ടീഷ്‌ പട്ടാളത്തിലേക്കും വ്യാപിച്ചു. സ്വതന്ത്ര്യത്തിനായി ഇന്ത്യൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ സുപ്രധാന സന്ദർഭമായിരുന്നു ഇത്‌.

സമരവും സന്ധിയുമെന്ന മഹാത്മാഗാന്ധിയുടെ രീതിയോട്‌ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നേതാവ്‌ ഗാന്ധിജിയായിരുന്നു. കോളനി ഗവൺമെന്റിനോട്‌ ഒരുതരത്തിലും വിട്ടുവീഴ്‌ചയില്ല എന്നത്‌ വലിയ ശത്രുവിനെ നേരിടുമ്പോൾ പാലിക്കേണ്ട പ്രധാന മൂല്യമാണെന്ന്‌ ബോസ്‌ കരുതിയിരുന്നു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും ഒറ്റക്കെട്ടായ ജനകീയമുന്നേറ്റം എന്നത്‌ പ്രാവർത്തികമാക്കിയ ധീരദേശാഭിമാനിയായിരുന്നു ബോസ്‌. അദ്ദേഹം ഉയർത്തിപ്പിടിച്ച ഈ മുദ്രാവാക്യം അക്കാലത്തെപ്പോലെതന്നെ പ്രസക്തി നഷ്‌ടപ്പെടാത്ത നാളുകളിലാണ്‌ ഇന്ത്യക്കാർ ഇന്ന്‌ ജീവിക്കുന്നത്‌.

(കോഴിക്കോട്‌ സർവകലാശാല ചരിത്രവിഭാഗം പ്രൊഫസറാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top