27 October Wednesday

ആദ്യ വിദ്യാർഥിസമരത്തിന്റെ 
ശതാബ്ദിസ്മരണ

പ്രൊഫ. വി കാർത്തികേയൻ 
നായർUpdated: Wednesday Aug 25, 2021

നിരവധി സമ്മേളനങ്ങളുടെയും സമരങ്ങളുടെയും ശതാബ്ദി ആചരണങ്ങളാണ് 2021ൽ നടക്കുന്നത്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യസമ്മേളനം 1921 ഏപ്രിൽ 21 മുതൽ 26 വരെ ഒറ്റപ്പാലത്താണ് നടന്നത്. ബാരിസ്റ്റർ ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ ആദ്യത്തെ വിദ്യാർഥി സമ്മേളനം ചേർന്നത് ഏപ്രിൽ 26 നായിരുന്നു. സാമ്രാജ്യത്വത്തിനും ഭൂപ്രഭുത്വത്തിനുമെതിരെ മലബാറിലെ കർഷകർ സമരം ചെയ്തതും 1921 ലായിരുന്നു. ഫീസ് വർധനയ്‌ക്കെതിരെ തിരുവിതാംകൂറിലെ വിദ്യാർഥികൾ പഠിപ്പുമുടക്കിയതും കുതിരപ്പട്ടാളത്തിന്റെ മർദനമേറ്റ് മൂന്ന് വിദ്യാർഥികൾ രക്തസാക്ഷികളായതും 1921 ലായിരുന്നു. ആ വിദ്യാർഥിസമരം തുടങ്ങിയത് 1921 ആഗസ്‌ത്‌ 25 നായിരുന്നു. അതിന്റെ നൂറാം വാർഷികമാണ് ആചരിക്കുന്നത്.

തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിന് (യൂണിവേഴ്സിറ്റി കോളേജ്) ഒരു സമരപാരമ്പര്യമുണ്ട്. ദിവാൻ ഭരണത്തിന്റെ അഴിമതിക്കെതിരെ ലേഖനമെഴുതിയതിന്റെ പേരിൽ 1881ൽ കോളേജിൽനിന്ന് പുറത്താക്കപ്പെട്ട വിദ്യാർഥിയാണ് പിൽക്കാലത്ത് ബാരിസ്റ്റർ ജി പി പിള്ള എന്ന പേരിൽ വിഖ്യാതനായ ദേശീയവാദി. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദ പൂർത്തിയാഘോഷവേളയിൽ യോഗസ്ഥലത്തേക്കു കടന്നുവന്ന് ശല്യമുണ്ടാക്കിയ പൊലീസിനെതിരെ പരസ്യമായി മുദ്രാവാക്യം മുഴക്കാൻ അവിടെ കൂടിനിന്ന വിദ്യാർഥികൾ തയ്യാറായി. തൽഫലമായി പൊലീസിന് ഹാളിൽനിന്ന് പുറത്തു പോകേണ്ടതായി വന്നു. അന്നു മുതൽ വിദ്യാർഥികൾ രോഷാകുലരായിരുന്നു. എസ്എംവി സ്കൂളിലെ ഒരധ്യാപകനെ സ്ഥലം മാറ്റിയതിന്റെ പേരിൽ 1919 ജനുവരിയിൽ വിദ്യാർഥികൾ സമരം ചെയ്യുകയുണ്ടായി. സവർണവിദ്യാർഥികൾക്കു മാത്രമായി കുടിവെള്ളം സംഭരിച്ചു വയ്‌ക്കുന്നതിനെതിരെ അതേവർഷം നവംബറിൽ മഹാരാജാസ് കോളേജിലെ വിദ്യാർഥികൾ സമരം ചെയ്യുകയും പാത്രങ്ങൾ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള സമരപാരമ്പര്യമാണ് 1921 ആഗസ്‌തിലെ സമരത്തിലേക്കു നയിച്ചത്.

സമരത്തിനുള്ള പ്രകോപനം അധ്യയനവർഷം ആരംഭിച്ചതിനുശേഷം സ്കൂൾ ക്ലാസുകളിലെ ഫീസ് ഗണ്യമായി വർധിപ്പിച്ചതായിരുന്നു. നാലാം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമായിരുന്നു. അഞ്ചാം ക്ലാസുമുതൽ മുകളിലോട്ടുള്ള ഫീസാണ് വർധിപ്പിച്ചത്. അന്ന് രണ്ടുതരം സ്കൂളും മൂന്നുതരം ഫീസുമാണുണ്ടായിരുന്നത്. നാട്ടുഭാഷാവിദ്യാലയങ്ങളും ഇംഗ്ലീഷ് സ്കൂളുകളുമുണ്ടായിരുന്നു. ആൺകുട്ടികൾക്ക് ഫീസ് കൂടുതലും പെൺകുട്ടികൾക്ക് ഫീസ് കുറവുമായിരുന്നു. ഇംഗ്ലീഷ് സ്കൂളുകളിൽ വളരെ ഉയർന്ന ഫീസാണ് ചുമത്തിയിരുന്നത്. എല്ലാ ഫീസും ഗണ്യമായി വർധിപ്പിച്ചു. ആൺകുട്ടികൾക്ക് അഞ്ചാംക്ലാസിൽ 14 ചക്രമായിരുന്നത് 21 ഉം ആറിൽ 16ൽനിന്ന്‌ 24 ഉം ഏഴിൽ 18ൽനിന്ന്‌ 27 ഉം ആയി വർധിപ്പിച്ചു (28 ചക്രം ഒരു രൂപ). പെൺകുട്ടികൾക്ക് അന്നേവരെ ഫീസ് ഉണ്ടായിരുന്നില്ല. ആദ്യമായി ഫീസ് ഏർപ്പെടുത്തിയത് 1921 ലായിരുന്നു. അഞ്ചിൽ ഏഴ്‌ ചക്രവും ആറിൽ എട്ടും ഏഴിൽ ഒമ്പതുമായാണ് വർധിപ്പിച്ചത്. ഇംഗ്ലീഷ് സ്കൂളുകളിലെ മാറ്റം ഇങ്ങനെ: ഫസ്റ്റ്, സെക്കൻഡ്, തേഡ് ഫോറങ്ങളിലേത് 24 രൂപ എന്നതിൽ മാറ്റം വരുത്തിയില്ല. ഫോർത്ത്, ഫിഫ്ത്ത്, സിക്സ്ത്ത് ഫോറങ്ങളിലേത് 36 രൂപയിൽനിന്ന്‌ 42 ആയി വർധിപ്പിച്ചു.

ഫീസ്‌ കൊടുത്തു പഠിക്കാൻ കഴിയാത്തതുകൊണ്ട് സാധാരണക്കാർ നാലാംക്ലാസിൽ പഠിത്തം നിർത്തുമായിരുന്നു. സമ്പന്നർക്കുപോലും പഠിക്കാൻ കഴിയാത്ത സ്ഥിതിയാണുണ്ടായിരുന്നത്. ഒന്നാം ലോക യുദ്ധാനന്തരകാലത്ത് കാർഷികവിളകളുടെ വിലയിടിവ് കൃഷിക്കാരെ സാരമായി ബാധിച്ചിരുന്നു. ആയിരം തേങ്ങയുടെ വില 80 രൂപയായിരുന്നത് 16 ആയി കുറഞ്ഞു. ഒരു പറനെല്ലിന്റെ വില 28 ചക്രത്തിൽനിന്ന്‌ 16 ആയും കുറഞ്ഞു. തേങ്ങയും നെല്ലും വിറ്റ് മക്കളെ പഠിപ്പിക്കാൻ കഴിയാതെ രക്ഷിതാക്കൾ വലഞ്ഞു. അതിന്റെ പ്രതിഫലനമായിരുന്നു വിദ്യാർഥി പഠിപ്പുമുടക്ക്.

വഞ്ചിയൂരിലെ ഇപ്പോഴത്തെ കോടതി കെട്ടിടങ്ങളിലായിരുന്നു അന്ന് എസ്എംവി സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1921 ആഗസ്‌ത്‌ 25ന് രാവിലെ പത്തിന് സ്കൂളിലെത്തിയ കുട്ടികൾ കണ്ടത് ഇന്ന് മുടക്കം എന്നെഴുതിയ പോസ്റ്ററുകളായിരുന്നു. അവിടെനിന്ന്‌ കുട്ടികൾ പ്രകടനമായി സെന്റ്ജോസഫ് സ്കൂളിലെത്തി. തുടർന്ന്‌, മഹാരാജാസ് കോളേജിലെത്തി. തൈക്കാട് മോഡൽ സ്കൂളിലെ കുട്ടികൾ പഠിപ്പുമുടക്കി ചാല സ്കൂളിലെത്തി അവിടുള്ളവരെയും കൂട്ടി മെയിൻ റോഡുവഴി മഹാരാജാസ് കോളേജിലെത്തി. വിദ്യാർഥികൾ തടിച്ചുകൂടിയതറിഞ്ഞ് നാട്ടുകാരും എത്തി. സമരം ആസൂത്രിതമായിരുന്നു. തെരഞ്ഞെടുത്ത ദിവസവും പ്രത്യേകതയുള്ളതായിരുന്നു. മഹാരാജാവും ദിവാനും പൊലീസ് കമീഷണറും സ്ഥലത്തില്ലാതിരുന്ന ദിവസമായിരുന്നു സമരം തുടങ്ങിയത്. ജില്ലയ്‌ക്കു പുറത്തേക്ക് ദൂതൻമാരെ അയച്ച് സമരം പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആലപ്പുഴയിലും കോട്ടയത്തും പഠിപ്പുമുടക്ക് നടന്നു. വിദ്യാർഥി സമരത്തിനു പിന്നിൽ മുതിർന്നവരുണ്ടായിരുന്നുവെന്ന് വ്യക്തം. നഗരത്തിലെ ടാക്സി കാറുകൾ അന്നേദിവസവും തുടർന്നുള്ള ദിവസവും അപ്രത്യക്ഷമായിരുന്നു. കാറുകൾ വാടകയ്‌ക്കെടുത്തായിരുന്നു പൊലീസ് അന്ന് സഞ്ചരിച്ചിരുന്നത്.

സമരം ആഴ്ചകൾ നീണ്ടു. ദിവാൻ രാഘവയ്യയും കമീഷണർ പിറ്റും സ്ഥലത്തെത്തി. പഠിപ്പുമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ മഹാരാജാസ് കോളേജിലെ കുഞ്ഞിരാമൻനായർ എന്ന വിദ്യാർഥിയെ പുറത്താക്കിയിരുന്നു. അയാളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെപ്തംബർ 21ന് കുട്ടികൾ പഠിപ്പുമുടക്കി. അവരെ പിന്തുണച്ചുകൊണ്ട് നാട്ടുകാരെത്തി. കമീഷണർ പിറ്റിനെ കുട്ടികൾ കല്ലെറിഞ്ഞു. അയാൾക്കും കുതിരയ്‌ക്കും പരിക്കേറ്റു. കുതിരപ്പട്ടാളം കോളേജിനുള്ളിലേക്ക് കടന്ന് ഭീകരമായി ലാത്തിച്ചാർജ് നടത്തി. പലരുടെയും തലപൊളിച്ചു. വരാന്തയിൽ രക്തം തളംകെട്ടി. സ്റ്റാഫ്റൂമിൽ ഇരിക്കുകയായിരുന്ന മൂന്ന് അധ്യാപകർക്ക് പരിക്കേറ്റു. 18 വിദ്യാർഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സർക്കാരിൽനിന്ന്‌ നിർദേശം കിട്ടി. രാജഗോപാലൻ, രാമാനുജൻ, ശങ്കരപ്പിള്ള എന്നീ വിദ്യാർഥികൾ മരിച്ചു. രാമാനുജത്തിന്റെ മൃതദേഹം പൊലീസ് എവിടെയോ മറവു ചെയ്തു.

ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് അയ്യായിരത്തിലധികം ജനങ്ങൾ കോളേജിനു മുന്നിൽ തടിച്ചുകൂടി. പട്ടാളം കോളേജ് കൈയടക്കി വിദ്യാർഥികളെ പുറത്താക്കി. ക്രമസമാധാനപാലനത്തിനായി നഗരത്തിൽ പൊലീസിനെ വിന്യസിച്ചു. പിറ്റേന്ന് പ്രതിഷേധയോഗം ചേർന്ന് ലാത്തിച്ചാർജിനെ അപലപിച്ചു. വനിതാകോളേജിലെ അധ്യാപകനായിരുന്ന കേസരി ബാലകൃഷ്ണപിള്ള ജോലി രാജിവച്ചു. ക്രൈസ്തവ സഭാനേതാക്കൾ കോട്ടയത്ത് യോഗം ചേർന്ന് ഫീസ് വർധനയെ ന്യായീകരിക്കുകയും സമരം അടിച്ചമർത്തണമെന്ന് സർക്കാരിനോടാവശ്യപ്പെടുകയും ചെയ്തു. എങ്കിലും സമരത്തിന് ബഹുജന പിന്തുണ വർധിക്കുകയായിരുന്നു.

വിദ്യാർഥിസമരം പൊതുജനം ഏറ്റെടുക്കുമോയെന്ന സംശയം സർക്കാരിലുണ്ടാക്കി. തൽഫലമായി സെപ്തംബർ 27ന് ഫീസ് വർധന പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. അങ്ങനെ സമരം വിജയകരമായി പര്യവസാനിച്ചു. കേരളത്തിലെ ആദ്യത്തെ വിദ്യാർഥിസമരമായിരുന്നു അത്. സമരകേന്ദ്രം യൂണിവേഴ്സിറ്റി കോളേജും. ആ പാരമ്പര്യം കോളേജ് ഇന്നും കാത്തുസൂക്ഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top