25 May Saturday

സ്റ്റീഫൻ ഹോക്കിങ് എന്ന അത്ഭുതം

ഡോ. പി ജെ വിൻസെന്റ്Updated: Thursday Mar 15, 2018

ആധുനിക പ്രപഞ്ചശാസ്ത്രത്തിന് രൂപംനൽകുന്നതിൽ പ്രമുഖ പങ്കുവഹിച്ച സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായിരുന്നു സ്റ്റീഫൻ വില്യം ഹോക്കിങ്. ഭൗതിക പ്രപഞ്ചത്തിന്റെ ചലന നിയമങ്ങളെ സംബന്ധിച്ച് ഒരു ഏകീകൃത സിദ്ധാന്തം രൂപപ്പെടുത്താനുള്ള സൈദ്ധാന്തികാന്വേഷണങ്ങളിൽ ഏറ്റവും അർഥസമ്പൂർണവും യുക്തിഭദ്രവുമായ വാദങ്ങൾ അവതരിപ്പിച്ച ശാസ്ത്രപ്രതിഭയാണ് അദ്ദേഹം. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപപ്പെടുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്ന് ലഭ്യമായ ആധികാരിക വിവരങ്ങളിൽ വലിയൊരളവ് സ്റ്റീഫൻ ഹോക്കിങ്ങിന്റെ സംഭാവനയാണ്. പ്രപഞ്ചോൽപ്പത്തി, മഹാവിസ്ഫോടനം, പ്രപഞ്ചോൽപ്പത്തിക്കു മുമ്പുള്ള അവസ്ഥ, ഇന്റർസ്റ്റെല്ലാർ, തമോഗർത്ത രൂപീകരണം, തമോഗർത്തങ്ങളുടെ നാശം എന്നിങ്ങനെ ശാസ്ത്രമനസ്സിനെ മഥിക്കുന്ന പ്രപഞ്ചശാസ്ത്രത്തിലെ പ്രഹേളികകൾക്ക് ഒട്ടൊക്കെ തൃപ്തികരമായ വ്യാഖ്യാനം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ബ്രിട്ടണിലെ ഓക്സ്ഫഡിൽ 1942ൽ ജനിച്ച അദ്ദേഹം ഊർജതന്ത്രത്തിലും ഗണിതത്തിലും ചെറുപ്പംമുതലേ അസാമാന്യ വൈദഗ്ധ്യം കാഴ്ചവച്ചിരുന്നു. നാഡീകോശങ്ങളെ തളർത്തുന്ന മാരകമായ 'അമിയോട്രോഫിക് ലാറ്ററൽ സ്കെലറോസിസ്്' (മോട്ടോർ ന്യൂറോൺ ഡിസീസ്) എന്ന അപൂർവരോഗം ബാധിച്ച് 1962 മുതൽ ഹോക്കിങ് വീൽചെയറിലായി. ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട അദ്ദേഹം കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസർ വഴിയാണ് ആശയവിനിമയം നടത്തിയത്. 

രോഗം ശരീരത്തെ പൂർണമായി തളർത്തിയെങ്കിലും ഉജ്വലമായ ശാസ്ത്രചിന്തയുടെ മാസ്മരികലോകം മാനവരാശിക്ക് തുറന്നുനൽകാൻ ഹോക്കിങ്ങിന്റെ പ്രപഞ്ചഗവേഷണങ്ങൾക്ക് സാധിച്ചു. 'താങ്കൾക്ക് ജീവിതത്തിൽ അവശേഷിക്കുന്നത് രണ്ട് വർഷത്തെ സമയം മാത്രം' എന്ന് 20‐ാം വയസ്സിൽ ഡോക്ടർ വിധിയെഴുതിയപ്പോൾ 'സമയ'ത്തെക്കുറിച്ച് ഗവേഷണം നടത്തി വിധിയെ മാറ്റിയെഴുതി ഹോക്കിങ്. അദ്ദേഹത്തിന്റെ സമയത്തിന്റെ സംക്ഷിപ്ത ചരിത്രം എന്ന ഗ്രന്ഥം സമയത്തെയും കാലത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ചുള്ള എക്കാലത്തെയും മികച്ച കൃതികളിലൊന്നാണ്. 40ലധികം ഭാഷയിലായി ഈ പുസ്തകത്തിന്റെ ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ടു. മകൾ ലൂസിയുമായി ചേർന്ന് അദ്ദേഹം രചിച്ച ജോർജ്സ് സീക്രട്ട് കീ ടു യൂണിവേഴ്സ് എന്ന കൃതി പ്രപഞ്ചരഹസ്യങ്ങൾ സരസവും ലളിതവുമായി വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ദ ഗ്രാൻഡ് ഡിസൈൻ എന്ന ഗ്രന്ഥം പ്രപഞ്ചപഠനങ്ങളിൽ ഏറ്റവും പ്രമുഖമായ കൃതിയാണ്. ഈ പ്രപഞ്ചം ദൈവത്തിന്റെ സയുക്തികവും കൃത്യതയാർന്നതുമായ സംവിധാനമാണെന്ന വാദത്തെ കൃത്യമായി അഭിമുഖീകരിക്കാൻ ഹോക്കിങ്ങിന് കഴിഞ്ഞു. ഒരു പ്രപഞ്ചം മാത്രമല്ല, നിരവധി പ്രപഞ്ചങ്ങളുണ്ടെന്നും രൂപീകരണദശയിലുള്ള ചെറുപ്രപഞ്ചങ്ങൾ വേറെയുമുണ്ടെന്നും അദ്ദേഹം വാദിച്ചു. ഒരു പ്രപഞ്ചമെന്ന സങ്കൽപ്പത്തിനപ്പുറത്തേക്ക് ശാസ്ത്രാന്വേഷണം അതിവ്യാപനം ചെയ്തപ്പോൾ പ്രപഞ്ചത്തെ ആരു സൃഷ്ടിച്ചു എന്ന ചോദ്യംപോലും അപ്രസക്തമായി. പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ മുഴുകേണ്ട ആവശ്യമില്ലെന്ന് 1988ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഹോക്കിങ്ങിനോട് പറയുകയുണ്ടായി. 'സൃഷ്ടിയുടെ ആരംഭം ദൈവത്തിന്റെ പ്രവൃത്തിയാണ്'‐പോപ്പ് വ്യക്തമാക്കി. സൃഷ്ടിയുടെ ആരംഭത്തിലേക്ക് നീളുന്ന അന്വേഷണങ്ങൾ മനുഷ്യയുക്തിക്ക് ഗ്രഹിക്കാൻ കഴിയുന്നതിലപ്പുറമാണെന്ന പരമ്പരാഗതവാദത്തെ ഹോക്കിങ് നിഷേധിച്ചു. 'സമയത്തിനും കാലത്തിനും അതിരുകളില്ല'. ഗലീലിയോയുടെ വിധിയുണ്ടായാലും ഇക്കാര്യം പറയാൻ എനിക്ക് മടിയില്ല'‐ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

ദൈവമാണോ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നില്ല ഹോക്കിങ്ങിന്റെ ലക്ഷ്യം. സഗുണരൂപത്തിലും വ്യക്തിരൂപത്തിലുമുള്ള ഈശ്വരസങ്കൽപ്പത്തോട് അദ്ദേഹത്തിന് മമതയുണ്ടായിരുന്നില്ല. എന്നാൽ, പ്രപഞ്ചോൽപ്പത്തി വിശദീകരിക്കാൻ ദൈവസങ്കൽപ്പം അപര്യാപ്തമാണെന്ന് അപരിമേയമായ പ്രപഞ്ചങ്ങളുടെ നിലനിൽപ്പിന്റെ അടിസ്ഥാനത്തിൽ സുവ്യക്തമാക്കാൻ ഹോക്കിങ്സിനു കഴിഞ്ഞു. 2016ൽ പോപ്പ് ഫ്രാൻസിസിന്റെ ക്ഷണം സ്വീകരിച്ച് വത്തിക്കാൻ സന്ദർശിച്ച ഹോക്കിങ്, പൊൻതിഫിക്കൽ അക്കാദമി ഓഫ് സയൻസസിൽ 'പ്രപഞ്ചത്തിന്റെ ഉത്ഭവം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. 'ദൈവം ഒരു മാജിക്ക്കാരനെപ്പോലെ മാന്ത്രികവടി വീശി എല്ലാം സൃഷ്ടിച്ചു' എന്ന് ചിന്തിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം പ്രപഞ്ചത്തിന്റെ 'മനസ്സ്' കണ്ടെത്താനുള്ള ശാസ്ത്രീയ അന്വേഷങ്ങൾ ഒരുപക്ഷേ, 'ദൈവത്തെ' കണ്ടെത്താനുള്ള യാത്രയായേക്കാമെന്ന് ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കാനും അദ്ദേഹം മടിച്ചില്ല.

സമയവും പ്രപഞ്ചവും കാലവുമെല്ലാം സമ്മേളിച്ച അത്ഭുതകരമായ ചിന്താലോകമായിരുന്നു ഹോക്കിങ്ങിന്റേത്. അസമത്വവും ചൂഷണവും സംഘർഷങ്ങളും പ്രപഞ്ചവീക്ഷണത്തിന്റെ വെളിച്ചത്തിൽ സ്വയം ഇല്ലാതാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഭൂമിയുടെ വട്ടത്തിൽനിന്ന് പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് മനുഷ്യചിന്തയെ ഉയർത്താൻ ഹോക്കിങ്ങിന് സാധിച്ചു.
മാനവരാശിയുടെ സാഹോദര്യവും ഐക്യവും അതിജീവനവും അദ്ദേഹത്തിന്റെ അന്വേഷണവിഷയങ്ങളായി. മാനവരാശിയുടെ അതിജീവനത്തിന് ഭൂമി ഉപേക്ഷിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. അധികകാലം മനുഷ്യർക്ക് ഭൂമിയിൽ തുടരാനാവില്ല. 'അന്യഗ്രഹങ്ങളിലേക്ക് കുടിയേറി മനുഷ്യവംശത്തിന്റെ അതിജീവനവും തുടർച്ചയും ഉറപ്പാക്കണം'‐ അദ്ദേഹം വ്യക്തമാക്കി. അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ അപകടകരമാണെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. 'അവർ നമ്മളെ കണ്ടെത്തിയാൽ തീർച്ചയായും മനുഷ്യവംശത്തെയും ഭൂമിയെയും നശിപ്പിക്കും'‐ ഹോക്കിങ് മുന്നറിയിപ്പുനൽകി.

പ്രപഞ്ചത്തിൽ നിരവധി ഭൂമികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മനുഷ്യരെപ്പോലുള്ള ജീവിവർഗങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം കരുതുന്നു. കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ഗവേഷണങ്ങൾ കൈവിട്ടുപോയാൽ മനുഷ്യരെ അടിപ്പെടുത്തുന്ന യന്ത്രമനുഷ്യൻ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.

ആൽബർട്ട് ഐൻസ്റ്റീനുശേഷം ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ഭൗതിക ശാസ്ത്രജ്ഞനാണ് ഹോക്കിങ്. പ്രപഞ്ചമനസ്സിലേക്ക് ഊർന്നിറങ്ങിയ ചിന്തകനെന്ന നിലയിലും അതിജീവിക്കാനിടയില്ലാത്തവിധം പരിമിതികളുള്ള വ്യക്തിയെന്നനിലയിലും അത്ഭുതമായിരുന്നു അദ്ദേഹം
 

പ്രധാന വാർത്തകൾ
 Top