24 February Sunday

പ്രളയകാലത്തെ നവകേരളചിന്തകൾ

പി ശ്രീരാമകൃഷ്ണൻUpdated: Thursday Aug 30, 2018


കേരളത്തെ വിഴുങ്ങിയ പ്രളയത്തെ കൂട്ടായ്‌മയുടെ കരുത്തിൽ മലയാളിസമൂഹം അതിജീവിക്കുകയാണ്. കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മലയാളികൾ ഒരൊറ്റ സമൂഹമായി പ്രളയദുരിതത്തെ സമർപ്പിതമനസ്സോടെ നേരിട്ടു. സർക്കാരും സിവിൽ സമൂഹവും ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനം പൂർത്തിയാക്കി. പുനരധിവാസം ലോകത്തിന് മാതൃകാപരമായി  നടത്തിവരികയാണ്. സാമൂഹ്യബോധത്തെ വ്യക്തിപരതയിലേക്ക് ചുരുക്കുമെന്ന ആഗോളവത‌്ക്കരണ സാംസ്‌കാരിക യുക്തിയെ തകർത്തെറിഞ്ഞ് കൂട്ടായ്‌മയിലൂടെ അതിജീവിച്ച സമൂഹമായി നാം മാറി. അത്ഭുതകരമായ ഈ അതിജീവനത്തിൽ ഓരോ മലയാളിക്കും പങ്കുണ്ട്. ഇനി വേണ്ടത് പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പുനഃസൃഷ്ടിയാണ്.

പ്രളയം മലയാളികൾക്ക് ഒരു ചരിത്രാനുഭവമാണ്. തീരദേശവും ഇടനാടുമെല്ലാം മുക്കിക്കളഞ്ഞ 1314ലെ മഹാപ്രളയം കേരളത്തിന്റെ ഭൗമഘടന തന്നെ മാറ്റിക്കളഞ്ഞു. 1924ലെ (99ലെ വെള്ളപ്പൊക്കം) പ്രളയമാണ് ഇപ്പോഴും നമ്മുടെ ഓർമയിലുള്ളത‌്.   മലബാർ കുടിയേറ്റമടക്കമുള്ള വലിയ പലായനങ്ങൾക്ക് ഇത് കാരണമായി. ജനാധിപത്യവും ജനകീയ സർക്കാരും ഇല്ലാതിരുന്ന അക്കാലത്ത് ജനങ്ങൾ അവരുടെ സ്വാഭാവികചോദനയാൽ ദുരന്തത്തെ അതിജീവിക്കുകയാണുണ്ടായത്.

44 നദികളും കായലുകളും നിരവധി തണ്ണീർത്തടങ്ങളും ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും തോടുകളും ചാലുകളുമെല്ലാം ചേർന്ന കേരളത്തിൽ അധികജലം എക്കാലത്തും പ്രതിസന്ധിയായിരുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിലുണ്ടായ അഭൂതപൂർവമായ വികസനം ജലമാനേജ്‌മെന്റിനെ അപകടപ്പെടുത്തി. അതിനാൽ നേരത്തേ ജലമൊഴുകിയിരുന്നതും ഇപ്പോൾ ഒഴുകുന്നതുമായ ചാനലുകൾ സംരക്ഷിക്കണം. വീടുകൾ, സെറ്റിൽമെന്റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയൊന്നും ഈ ചാനലുകളിൽ വരുന്നില്ലന്ന‌് ഉറപ്പുവരുത്തണം. പുഴകൾക്കും കായലുകൾക്കും തണ്ണീർത്തടങ്ങൾക്കും അവയുടെ സ്വാഭാവികസ്ഥലം തിരിച്ചുനൽകണം. ജലപാത്രമായ മണ്ണ് നീക്കിയും നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തിയുമുള്ള കെട്ടിടനിർമാണവും അടിസ്ഥാനസൗകര്യ വികസനവും ഇനി വേണോ എന്ന ആലോചനയ്ക്ക് സമയമായി.

കേരളത്തിന്റെ ആവാസഘടനയിലും മാറ്റം അനിവാര്യമാണ്. കേന്ദ്രീകൃത സെറ്റിൽമെന്റുകൾ, ഭവനസമുച്ചയങ്ങൾ, ഫ്‌ളാറ്റുകൾ എന്നിവ പ്രോത്സാഹിപ്പിക്കണം. ഓരോരുത്തരും ഓരോ വീട് വയ്ക്കാൻ തീരുമാനിച്ചാൽ കേരളത്തിൽ സ്ഥലമെവിടെ? അതുകൊണ്ട് ഭവന നിർമാണരംഗത്തെ മലയാളിബോധം മാറണം. ഇപ്പോൾത്തന്നെ ചതുരശ്രകിലോമീറ്ററിൽ 860 ആളുകളുണ്ട‌്. അഖിലേന്ത്യാതലത്തിൽ ഇത് 382 മാത്രമാണെന്നോർക്കണം. ജനസാന്ദ്രത ഇത്രയധികമുള്ള കേരളത്തിൽ ഫ്‌ളാറ്റുകളിലേക്ക് മാറാൻ നാം തയ്യാറാകണം. നദികളോടും ജലാശയങ്ങളോടും ചേർന്ന ഭാഗങ്ങളിൽ നഗരവൽക്കരണം ഒഴിവാക്കണം. ഈ മേഖലകൾ കൃഷിയിടങ്ങളായും കളിസ്ഥലങ്ങളായുമൊക്കെ പുനരുപയോഗിക്കണം.

പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തിന്റെ കാര്യത്തിൽ പുനർചിന്തനം ആവശ്യമാണ്. പശ്ചിമഘട്ടത്തിലെ ക്വാറിയിങ‌് ദേശസാൽക്കരിക്കണം. തീരദേശസംരക്ഷണം, ഇടനാടിന്റെ സ്വാഭാവികത നിലനിർത്തൽ, പശ്ചിമഘട്ടസംരക്ഷണം ഇവയെ ഒന്നായിക്കണ്ടുകൊണ്ടുള്ള സമഗ്ര വികസന പദ്ധതിയാണ് തയ്യാറാക്കേണ്ടത്. കടലോരസംരക്ഷണത്തിന് പുതിയ മാർഗങ്ങൾ നോക്കണം. ജിയോട്യൂബ് പോലുള്ള നവീന മാതൃകകൾ പരീക്ഷിക്കാവുന്നതാണ്. മനുഷ്യനും പ്രകൃതിയും കേന്ദ്രസ്ഥാനത്തുവരുന്ന ഒരു വികസന സമീപനമായിരിക്കണമത്. മനുഷ്യനുവേണ്ടി പ്രകൃതിയെയോ പ്രകൃതിക്കുവേണ്ടി മനുഷ്യനെയോ അന്യവൽക്കരിക്കുന്നത് ശരിയല്ല. പ്രകൃതിയെ തൊടാൻ പാടില്ല എന്ന മട്ടിലുള്ള പാരിസ്ഥിതിക മൗലികവാദവും ഭൂഷണമല്ല.

കേരളത്തിന്റെ ഏറ്റവും കരുത്തുറ്റ മൂലധനം അതിന്റെ വൈവിധ്യമാർന്ന സുന്ദരപ്രകൃതി തന്നെയാണ്. പ്രകൃതിയെ സംരക്ഷിച്ചും പ്രകൃതിവിഭവങ്ങളെ ഉത്തരവാദിത്തത്തോടെ വിനിയോഗിച്ചും പുതിയൊരു ജീവിതശൈലി നാം രൂപപ്പെടുത്തണം. സാമ്പത്തിക വികസനത്തോടൊപ്പം കടന്നുവന്ന ധാരാളിത്തം വിഭവങ്ങളുടെ അനിയന്ത്രിത വിനിയോഗത്തിലേക്ക് നയിച്ചിട്ടുണ്ട്.വേണ്ടത്ര പണം കൈയിലുണ്ടെങ്കിലും വിഭവങ്ങൾ പരിമിതമാണെന്ന‌്  നാം തിരിച്ചറിയണം.

അവ സമൂഹത്തിന്റെ മാത്രമല്ല, സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നുകൂടി മനസ്സിലാക്കണം. ജീവിതത്തെയും വികസനത്തെയും സംബന്ധിച്ചുള്ള ഈ മനോഭാവമാറ്റം സാധ്യമാക്കാതെ കേരളത്തിന്റെ പുനഃസൃഷ്ടി വിജയിക്കില്ല. ഭൗതികതലത്തിലുള്ള പുനർനിർമാണത്തിന് നിരവധി പഠനങ്ങളും ശാസ്ത്രീയനിർദേശങ്ങളും വന്നുകഴിഞ്ഞു. ഇവയെല്ലാം പരിശോധിച്ച് സമഗ്രപദ്ധതി തയ്യാറാക്കണം.

ഇതോടൊപ്പം ഒരുപക്ഷേ അതിലേറെ പ്രധാനമായിട്ടുള്ളത് മലയാളിയുടെ മനോഭാവമാറ്റമാണ്. പ്രകൃതിയെ അറിഞ്ഞും സ്വയം നിയന്ത്രണം പാലിച്ചും സുസ്ഥിരജീവിതവും വികസനവും ഒരുമിച്ചുകൊണ്ടുപോകാനുള്ള മനോഭാവ നിർമിതിയാണ് വേണ്ടത്. ഇത് സാധ്യമായില്ലെങ്കിൽ പ്രളയദുരന്തത്തിന്റെ ഓർമകൾ മായുന്നതോടൊപ്പം എല്ലാം പഴയപടി ആവർത്തിക്കും. അതിന് ഇടവന്നുകൂടാ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top