ഒക്ടോബർ മധ്യത്തിൽ ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി ചില കാര്യം വ്യക്തമാക്കി. കോൺഗ്രസിൽ നെഹ്റു–- ഗാന്ധി കുടുംബം പിടിമുറുക്കുകയാണ്. സമൂലമാറ്റത്തിനും അടിയന്തര സംഘടനാ തെരഞ്ഞെടുപ്പിനുമുള്ള മുദ്രാവാക്യവുമായി വന്ന ഗ്രൂപ്പ്‐ 23നെ ഒതുക്കി. സോണിയ ഗാന്ധി തൽക്കാലം അധ്യക്ഷസ്ഥാനത്തുനിന്ന് മാറുന്നില്ല. 2022 ആഗസ്ത്‐ സെപ്തംബർവരെ തുടരും. അതുകഴിഞ്ഞാൽ രാഹുൽ ഗാന്ധി ആകാനാണ് സാധ്യത. ഗ്രൂപ്പ് 23ന്റെ ആവശ്യപ്രകാരം അടിയന്തര സംഘടനാ തെരഞ്ഞെടുപ്പ് ഇല്ല. ആഗസ്റ്റ്‐ സെപ്തംബർ മാസത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി അധ്യക്ഷനെ അല്ലെങ്കിൽ അധ്യക്ഷയെ തെരഞ്ഞെടുക്കും. ഗ്രൂപ്പ് –-23 ആവശ്യപ്പെട്ടപോലെ സമൂല പരിവർത്തനത്തിനോ മറ്റു മാറ്റങ്ങൾക്കോ ഒരു സാഹചര്യവും നിലവിലില്ല. ഗ്രൂപ്പ് –-23 ആരോപിച്ചതുപോലെ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയല്ല. ഫുൾ ടൈം അധ്യക്ഷയാണെന്ന് അവർതന്നെ അവകാശപ്പെട്ടു. പാർടിയുടെ കാര്യങ്ങൾ നോക്കി നടത്താൻ പരിചയസമ്പന്നയാണെന്നും പറഞ്ഞു. ഇതോടെ ഗ്രൂപ്പിന് മിണ്ടാട്ടമില്ലാതായി.
ഗ്രൂപ്പിന്റെ നേതാവ് കപിൽ സിബൽ ഏതാനും ആഴ്ച മുമ്പാണ് വിലപിച്ചത്‐ ‘കോൺഗ്രസിൽ ഒരു അധ്യക്ഷയില്ല. ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് ആർക്കും അറിഞ്ഞുകൂടാ’ എന്ന്. അധ്യക്ഷയും രാഹുൽ ഗാന്ധിയും മൻമോഹൻ സിങ്ങുമാണ് പ്രധാനമന്ത്രിയുടെ അടുത്ത് ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതെന്ന് സോണിയ വ്യക്തമാക്കി. ഒപ്പം ഗ്രൂപ്പ് -23ന് ഒരുതാങ്ങും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചെറുപ്പക്കാരായ നേതാക്കന്മാരാണ് ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി മുന്നേറ്റങ്ങൾ നടത്തുന്നത്. ഗ്രൂപ്പ് എന്ന മുതിർന്നവരുടെ നിരയല്ലെന്നു സാരം. ഗ്രൂപ്പിന് സോണിയ മറ്റൊരു താക്കീതും നൽകി. കോൺഗ്രസ് അധ്യക്ഷയുമായി സംസാരിക്കേണ്ടത് മാധ്യമങ്ങളിലൂടെയല്ല, നേരിട്ടാകണം.
ഇപ്പറഞ്ഞതിനൊക്കെ അർഥം, പാർടിയുടെ നോട്ടത്തിൽ, കോൺഗ്രസിൽ നിലനിൽപ്പ് പ്രതിസന്ധിയൊന്നും ഇല്ലെന്നാണ്. പാർടിക്ക് ഒരുവിധ അപകടവും ഉണ്ടായിട്ടില്ല. എല്ലാം പതിവുപോലെ; തികച്ചും സാധാരണം. കുടുംബഭരണം തുടരുന്നു. കാര്യങ്ങൾ പതിവിൻപടി മുന്നോട്ടുപോകുന്നു. രണ്ട് പൊതു തെരഞ്ഞെടുപ്പ് തോറ്റു. ലോക്സഭയിൽ ഇപ്പോൾ 53 അംഗങ്ങൾ മാത്രം. ഒട്ടേറെ നിയമസഭാ തെരഞ്ഞെടുപ്പുകൾ തോറ്റു. പാർടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. ഈ മൂന്നു സംസ്ഥാനവും രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ്‐ എല്ലാം കലാപകലുഷിതം. പഞ്ചാബിൽ മുഖ്യമന്ത്രി രാജിവച്ചു. പാർടി അധ്യക്ഷനും രാജിവച്ചു. അധ്യക്ഷൻ കടിച്ചുതൂങ്ങിനിൽക്കുന്നു. പക്ഷേ, ഉൾപ്പോര് തുടരുന്നു. എന്നാൽ, എല്ലാം ശാന്തമായി തുടരുന്നതായി അമ്മയും മകനും മകളുമടങ്ങിയ ഹൈക്കമാൻഡ് ഡൽഹിയിലിരുന്ന് പ്രഖ്യാപിക്കുന്നു.
ബിജെപിക്ക് എതിരെ ഒരു ദേശീയ പ്രതിപക്ഷ മുന്നണിയെ നയിക്കാൻ കോൺഗ്രസിന് സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇതിന്റെ ഉത്തരം അത്ര എളുപ്പമല്ല
വർക്കിങ് കമ്മിറ്റിക്കുശേഷം ഗ്രൂപ്പ് –-23 നിശ്ശബ്ദമാണ്. ഇടയ്ക്കിടയ്ക്ക് നനഞ്ഞ പടക്കംപോലെ ചില പ്രസ്താവന എന്നതൊഴികെ കാര്യമായ ഒരു മാറ്റവും അവർ പ്രതീക്ഷിക്കുന്നില്ല . ഗ്രൂപ്പ് –-23 തോറ്റു പിന്മാറുന്നതിന്റെ സൂചനയാണ് കാണുന്നത്. ബിജെപിക്ക് എതിരെ ഒരു ദേശീയ പ്രതിപക്ഷ മുന്നണിയെ നയിക്കാൻ കോൺഗ്രസിന് സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇതിന്റെ ഉത്തരം അത്ര എളുപ്പമല്ല. ഏകദേശം 16 സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും മുഖാമുഖമാണ്. നേരിട്ടുള്ള മത്സരമാണ്. ഇതിൽ മധ്യപ്രദേശും പഞ്ചാബും ഹരിയാനയും രാജസ്ഥാനും ഗുജറാത്തും ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും കർണാടകവും ജാർഖണ്ഡും അസമും മണിപ്പുരും ഉൾപ്പെടുന്നു. ഇതിൽ എത്ര സംസ്ഥാനത്ത് കോൺഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയും. ഇപ്പോഴത്തെ അവസ്ഥയിൽ അത്ര എളുപ്പമല്ല. പ്രാദേശിക പാർടികളുടെ പിന്തുണയുണ്ടെങ്കിൽ ചിത്രം മാറിയേക്കാം.
ആഗസ്ത് 20നു സോണിയ ഡൽഹിയിൽ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ചില തുടക്കംകുറിച്ചതായി അവർ അവകാശപ്പെട്ടെങ്കിലും ആം ആദ്മി പാർടിയും തെലുങ്കാന രാഷ്ട്ര സമിതി വൈഎസ്ആർ കോൺഗ്രസും ബിജു ജനതാദളും ഈ സഖ്യത്തിൽ ഭാഗമായിട്ടില്ല. ഈ സംസ്ഥാനങ്ങളിൽ ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ ശക്തമായ മുന്നണിക്കേ സാധിക്കൂ. അങ്ങനെയൊരു മുന്നണിയെ നയിക്കാനുള്ള കരുത്ത് ഇന്ന് കോൺഗ്രസിനുണ്ടോ. കോൺഗ്രസുമായി സഖ്യത്തിന് പ്രാദേശിക പാർടികൾ തയ്യാറല്ല. അഖിലേഷ് യാദവും ലാലുപ്രസാദ് യാദവും ഇത് വ്യക്തമാക്കി കഴിഞ്ഞു. മമത ബാനർജിയുടെ നിലപാടും വ്യത്യസ്തമല്ല. രാഹുൽ ഗാന്ധിയെപ്പോലെ മമതയും പ്രധാനമന്ത്രിപദത്തിൽ നോട്ടമിട്ടിരിക്കുകയാണ്. 130 ലോക്സഭാ സീറ്റുള്ള ദക്ഷിണേന്ത്യയിൽ കേരളവും കർണാടകവും കഴിഞ്ഞാൽ തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും പുതുച്ചേരിയിലും കോൺഗ്രസിന് കാര്യമായ സാന്നിധ്യവുമില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നേ കൈവെടിഞ്ഞു. കേരളത്തിലാകട്ടെ തുടർച്ചയായ രണ്ടാം തവണയും അധികാരം നഷ്ടമായി. ഹൈക്കമാൻഡിന് ഒന്നുംചെയ്യാൻ കഴിയുന്നില്ല.
യാഥാർഥ്യങ്ങളിൽനിന്നും വളരെ ദൂരം പോയിരിക്കുന്നു ഹൈക്കമാൻഡ് എന്ന് ഗാന്ധിപരിവാർ മനസ്സിലാക്കുന്നില്ല. എത്രയെത്ര മുൻ കോൺഗ്രസ് നേതാക്കന്മാരാണ് വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായി വാഴുന്നത്.
2022 ആദ്യം അഞ്ച് സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്‐ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പുർ, വർഷാവസാനം ഗുജറാത്തും. ഇതിൽ കോൺഗ്രസ് ഭരിക്കുന്ന ഒരേയൊരു സംസ്ഥാനമായ പഞ്ചാബിൽ പാർടി പിളർന്നു. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ശക്തിയും സാന്നിധ്യവുമില്ല. ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന 16 സംസ്ഥാനത്തെപ്പോലെ ഇവിടെയും തന്ത്രപരമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രതിപക്ഷ സാധ്യതകളെയും സ്വന്തം താൽപ്പര്യങ്ങളെയും തകർക്കും. സംഘടനാപരമായും ആശയ ആദർശപരമായും സർവോപരി നേതൃപരമായും കോൺഗ്രസ് ഈ സംസ്ഥാനങ്ങളിൽ ദുർബലമാണ്. 2017ൽ 403ൽ ഏഴു സീറ്റ് നേടിയ കോൺഗ്രസ് പ്രിയങ്ക ഗാന്ധിയുമായി ഉത്തർപ്രദേശിൽ ആദ്യമേതന്നെ രംഗത്തുണ്ടെങ്കിലും ലഖിംപുർ പോലും അപര്യാപ്തമാണ്, ഒരു അട്ടിമറി വിജയത്തിന്. ഒട്ടകപ്പക്ഷിയെപ്പോലെ മണലിൽ തലപൂഴ്ത്തി കാര്യങ്ങളെ അഭിമുഖീകരിക്കുന്ന രീതി പ്രവർത്തകസമിതിയും ഹൈക്കമാൻഡും തുടരുകയാണ്. യാഥാർഥ്യങ്ങളിൽനിന്നും വളരെ ദൂരം പോയിരിക്കുന്നു ഹൈക്കമാൻഡ് എന്ന് ഗാന്ധിപരിവാർ മനസ്സിലാക്കുന്നില്ല. എത്രയെത്ര മുൻ കോൺഗ്രസ് നേതാക്കന്മാരാണ് വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായി വാഴുന്നത്. അവരെയെല്ലാം ഹൈക്കമാൻഡ് അവഗണിച്ചു പുറത്താക്കിയതാണ്. പോയവർക്കു പുറമെ, ഇനിയും പോകാൻ കാത്തിരിക്കുന്നവരുമേറെ. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് കുടുംബ ഹൈക്കമാൻഡ് അറിയുന്നില്ല.
കോൺഗ്രസിനെ പുനരുദ്ധരിക്കാൻ അതിന് ജനസ്വീകാര്യതയുള്ള ഒരു നേതാവ് വേണം. അങ്ങനെയൊന്ന് ഇപ്പോഴില്ല. രാഹുൽ ഗാന്ധി ഇതിൽ പരാജയപ്പെട്ടിരിക്കുന്നു
കോൺഗ്രസ് തികച്ചും അനാഥമാണ്. സ്ഥാപിത താൽപ്പര്യക്കാരായ ഒരുകൂട്ടം വ്യക്തികളുടെ കലപില കൂട്ടായ്മയാണ്. ഇതിന്റെ നാശവും ശിഥിലീകരണവും ജനാധിപത്യത്തെ സാരമായി ബാധിക്കും. കോൺഗ്രസിൽ ഇന്ന് കുടുംബവാഴ്ചയും ഫ്യൂഡൽ സംസ്കാരവും അതിന്റെ ഫലമായി ദാസ്യമനോഭാവവുമാണ്. പാർടി രക്ഷപ്പെടണമെങ്കിൽ ഇത് അവസാനിപ്പിക്കണം. ഈ ദാസ്യമനോഭാവം കൊണ്ടാണ് ‘ഗാന്ധിമാർ പരമോന്നതം’ ആണെന്ന് നവജ്യോത് സിങ് സിദ്ദു ഏറ്റുപറഞ്ഞത്. സോണിയ മാത്രമാണ് അധ്യക്ഷയെന്ന് മല്ലികാർജുൻ ഖാർഗെ ഏറ്റുപറഞ്ഞത്. ഈ ഫ്യൂഡൽ മനഃസ്ഥിതിക്കെതിരെയാണ് കപിൽ സിബലും മറ്റും ശബ്ദിച്ചത്. പക്ഷേ, ഇവരെയാണ് ഇപ്പോഴും നിശ്ശബ്ദരാക്കി നിർത്തിയിരിക്കുന്നത്. സിബലിനെ, സോണിയ ഗാന്ധി സ്വന്തം ഔദാര്യംകൊണ്ടാണ് കേന്ദ്ര മന്ത്രിയാക്കിയതെന്ന് അജയ് മാക്കനും മറ്റും ആക്രോശിക്കുമ്പോൾ പാർടിയുടെ ജനാധിപത്യസ്വഭാവം ഇവർ മറക്കുകയാണ്.
ഗാന്ധി കുടുംബത്തെ ഒഴിവാക്കിയതുകൊണ്ട് കോൺഗ്രസിന്റെ സുവർണ ദശ തിരിച്ചുവരുമെന്ന് ഒരു ഉറപ്പുമില്ല. ഗ്രൂപ്പ് –-23ന് പൊതുജനസമ്മതം ഉണ്ടോയെന്ന് തെളിയിക്കേണ്ടത് മാത്രമല്ല ഇവിടെ പ്രശ്നം. കോൺഗ്രസിനെ പുനരുദ്ധരിക്കാൻ അതിന് ജനസ്വീകാര്യതയുള്ള ഒരു നേതാവ് വേണം. അങ്ങനെയൊന്ന് ഇപ്പോഴില്ല. രാഹുൽ ഗാന്ധി ഇതിൽ പരാജയപ്പെട്ടിരിക്കുന്നു. ശക്തമായ ഒരു സംഘടനയും ആദർശപരമായ ദിശാബോധവും ഒപ്പംനിൽക്കുന്ന സഖ്യകക്ഷികളും വേണം. ഇതൊന്നും ഇപ്പോഴില്ല. ബിജെപിയുടെയും മോദി‐ഷാ മാരുടെയും മതധ്രുവീകരണ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലത്ത് കോൺഗ്രസിന് അതിന്റെ രാഷ്ട്രീയ പ്രസക്തിയും കാലിക പ്രാധാന്യവും വീണ്ടും കണ്ടെത്തേണ്ടിയിരിക്കുന്നു. കുടുംബഭരണത്തെ അരക്കിട്ടുറപ്പിച്ചും ഗ്രൂപ്പ് –-23 പോലുള്ള വിമതശബ്ദങ്ങളെ അടിച്ചമർത്തിയുമല്ല അത് സാധിക്കേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..