18 February Monday

അവിഹിത ഹർത്താലിന്റെ പിന്നാമ്പുറം

അശോകൻ ചരുവിൽUpdated: Friday Apr 27, 2018

സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ട് കേരളത്തിൽ അഴിഞ്ഞാടിയ ഒരു ഹർത്താൽ, അതുണ്ടാക്കിയ നാശനഷ്ടങ്ങളിലൂടെമാത്രമല്ല ശ്രദ്ധേയമാകുന്നത്. കേരളീയ മനസ്സിനെ വിഭജിച്ച് അരാഷ്ട്രീയ മരുപ്പറമ്പാക്കാനുള്ള കരുനീക്കങ്ങളുടെ ഉള്ളറകളിലേക്ക് അത് വെളിച്ചംവീശുന്നു. ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന ചില വേതാളങ്ങൾ പുറത്തുവന്നു. നിഷ്പക്ഷ മുഖമൂടികൾ അഴിഞ്ഞുവീണു. നാം കണ്ടുകൊണ്ടിരുന്നത് പലതും നക്ഷത്രങ്ങളല്ല; കാടുവളഞ്ഞ വേട്ടനായ്ക്കളുടെ കണ്ണുകളാണെന്ന് തിരിച്ചറിയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ടു എന്നതുകൊണ്ടല്ല പ്രസ്തുത ഹർത്താൽ അവിഹിതമാകുന്നത്. ഫെയ്സ്ബുക്കും വാട്സാപ്പും പുതിയ കാലത്തിന്റെ മാധ്യമങ്ങളാണ്. എത്രകാലം എന്ന് പറയാനാകില്ലെങ്കിലും ഇന്നത്തെ നിലയ്ക്ക് ജനങ്ങൾക്ക് അതിൽ ഇടപെടാൻ സൗകര്യമുണ്ട്. ആര് എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതനുസരിച്ചാണ് മാധ്യമങ്ങൾ പ്രസക്തമാകുന്നത്. ഇവിടെ ജനശത്രുക്കൾ അത് ഉപയോഗപ്പെടുത്തി. അനീതിക്കെതിരായ ജനങ്ങളുടെ സ്വാഭാവിക രോഷങ്ങളെ അതിനുള്ളിൽക്കടന്ന് ആസൂത്രിതമായി വഞ്ചിക്കാൻ അവർക്ക് കഴിഞ്ഞു. കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുള്ള നാടോടി ഇടയ മുസ്ലിം പെൺകുട്ടി സമാനതകൾ ഇല്ലാത്തവിധമുള്ള ക്രൂരതയ്ക്കും കൊലയ്ക്കും ഇരയായതിൽ നൊന്തുപോകാത്ത മനസ്സാക്ഷി ഇല്ല. മനുഷ്യമനസ്സിൽ നീറിപ്പുകയുന്ന അമർഷത്തെയും അതുണ്ടാക്കാനിടയുള്ള പ്രക്ഷോഭത്തെയും വിദഗ്ധമായി അട്ടിമറിക്കാൻ അവർക്ക് കഴിഞ്ഞു. ആർക്ക് കഴിഞ്ഞു? ആരാണോ ആ ബലാത്സംഗത്തിലൂടെയും കൊലയിലൂടെയും തങ്ങളുടെ വംശവിദ്വേഷവും അതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും നടപ്പാക്കിയത്, അതേ ഹിന്ദുത്വപരിവാറിനുതന്നെ! 

കേരളത്തിന്റെ സമാധാന ജീവിതത്തെ അട്ടിമറിക്കാനുള്ള ഒരു വമ്പൻ ഗൂഢാലോചനയാണ് പൊലീസിന്റെ അതിസമർഥമായ നീക്കത്തിലൂടെ വെളിച്ചത്ത് വന്നത്. ലക്ഷ്യങ്ങൾ ഇതൊക്കെത്തന്നെ. കഠ്വ സംഭവംവഴി ബിജെപിക്കും ആർഎസ്എസിനും നഷ്ടപ്പെട്ട മുഖം തിരിച്ചുപിടിക്കണം. ഹിന്ദുക്കളുടെ കടകളും വീടുകളും തെരഞ്ഞുപിടിച്ച് തകർക്കുകവഴി അതിഭീകരമായ വർഗീയകലാപത്തിന് വഴിമരുന്നിടണം. മറുപടിയായിവരുന്ന ന്യൂനപക്ഷ മുസ്ലിം വിരുദ്ധ വേട്ടയ്ക്ക് 'ഹിന്ദുസമാജ'ത്തെ സന്നദ്ധമാക്കണം. രംഗത്തു വരുന്ന പൊലീസിനെ ആക്രമിച്ച് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കണം. അതിവിദഗ്ധമായാണ് സംഘപരിവാർ സമൂഹമാധ്യമത്തെ ഉപയോഗപ്പെടുത്തുന്നത്. ശമ്പളംപറ്റുന്ന ആയിരക്കണക്കിനു വളന്റിയർമാർ അവർക്കവിടെ ഉണ്ട്. തെറിപ്പാട്ട് പാടുന്നവർമുതൽ ആഭിചാരത്തിന്റെ മന്ത്രവാദികൾവരെ അക്കൂട്ടത്തിൽപ്പെടും. മെമ്പർഷിപ്പില്ലാത്ത ഗോഡ്സെമാർ ഉൾപ്പെടെ.
പ്രതികരണങ്ങളും പ്രതിരോധവും അവയെ സമഗ്രമാക്കുന്ന സമരങ്ങളുമാണ് വർഗവിഭജിതമായ ഒരു ലോകത്ത് മനുഷ്യജീവിതത്തിന്റെ അവലംബം. സാമാന്യ മനുഷ്യന്റെ ജീവിതം തീർത്തും അസാധ്യമാക്കുന്ന നീക്കങ്ങൾ ഭരണവർഗത്തിന്റെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാകുന്നു. കോർപറേറ്റ് മൂലധനത്തിന്റെ നടത്തിപ്പുപണി സംഘപരിവാർ ഏറ്റെടുത്തതോടെ ഭൗതികലോകമെന്നപോലെ ഇന്ത്യക്കാരന്റെ ആത്മീയജീവിതവും പ്രതിസന്ധിയിലായി. ഇഷ്ടഭക്ഷണം കഴിക്കാൻ മാത്രമല്ല; സ്വപ്നം കാണാനും ഇവിടെ പരിവാർ ഗുണ്ടയെ പേടിക്കണം. ആർത്തിപെരുത്ത് സാമ്രാജ്യത്വമായി മാറിയ ഇന്ത്യൻ മുതലാളിത്തത്തിന്റെ കൊള്ളയ്ക്കും ചൂഷണത്തിനുമെതിരെ ഇവിടെ മനുഷ്യന് നിരന്തരം സമരം ചെയ്യണ്ടേതുണ്ട്. മണ്ണിനും വയലിനും ഭക്ഷണത്തിനും വെള്ളത്തിനും ശുദ്ധവായുവിനുംവേണ്ടിപ്പോലും ഇന്ത്യക്കാരൻ സമരരംഗത്താണ്. ഓരോ സമരകേന്ദ്രത്തിന്റെയും പിന്നാമ്പുറത്തേക്ക് അവൻ വരികയാണ്. ഒറ്റുകാരൻ. മുസ്ലിം തീവ്രവാദിയുടെ വേഷത്തിൽ ഹിന്ദു തീവ്രവാദി വരുന്നു. ഹിന്ദു തീവ്രവാദിയുടെ വേഷത്തിൽ മുസ്ലിം തീവ്രവാദി. മാവോയിസ്റ്റിന്റെ വേഷത്തിൽ മൂലധനം. ജീവദായകമായ പരിസ്ഥിതിയുടെ പേരിൽ ജാതി ജന്മി നാടുവാഴിത്തം ശവക്കുഴിയിൽനിന്ന് എഴുന്നേറ്റുവരുന്നു. ഗൃഹാതുര കവിതയുമായി.

ജീവിതം വഴിമുട്ടുമ്പോൾ മനുഷ്യന്റെ പ്രതികരണങ്ങൾ സംഘടിതമായും അസംഘടിതമായും വരും. ചരിത്രം ഓർമിപ്പിക്കുന്നത് ബഹുവിധങ്ങളായ അസംഘടിത പ്രതികരണങ്ങളാണ് പിന്നീട് സംഘടിത സമരങ്ങളിലേക്കും മഹത്തായ ജനകീയ പ്രക്ഷോഭങ്ങളിലേക്കും നയിക്കുന്നത് എന്നാണ്. സംഘടിക്കാനുള്ള ആഹ്വാനത്തിന് ചെവികൊടുത്തതുമുതലാകണം ചരിത്രത്തിൽ മനുഷ്യന്റെ വിമോചനയാത്രകൾ ആരംഭിച്ചത്. 'സംഘം ശരണം ഗച്ഛാമി' എന്ന മുദ്രാവാക്യവുമായാണ് ഏഷ്യയിൽനിന്നുള്ള വെളിച്ചം ലോകം മുഴുവൻ പ്രസരിച്ചത്. നമ്മുടെ ഗുരുവും സംഘടിതശക്തിയിൽ ഊന്നി. എന്നാൽ, സംഘടനയിൽനിന്ന് മുക്തരാകും എന്ന സന്ദേശം സംഘടിതമായിത്തന്നെ ജനകീയ പ്രതികരണകേന്ദ്രങ്ങളിൽ വിതരണം ചെയ്യപ്പെട്ടു എന്നത് നമുക്കറിയാം. എന്തിനുവേണ്ടിയാണത്? ട്രേഡ് യൂണിയനുകളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം കുത്തകപ്പത്രമാധ്യമങ്ങളുടെ തീവ്ര പിന്തുണയോടെ നടപ്പാക്കാൻ ശ്രമിച്ചു. തൊഴിലാളി സംഘടനകൾ പുറത്തുപോകൂ, മതവർഗീയ സംഘങ്ങൾ കടന്നുവരൂ. മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരം ഒരു ഘട്ടത്തിൽ ഇത്തരം ആഹ്വാനക്കാരുടെ വേദിയായത് നാം കണ്ടു. സമരത്തെ ഹൈജാക്ക് ചെയ്ത അവർ സമരത്തിന്റെ എതിർപക്ഷത്തുനിന്ന് തോട്ടമുടമകളെയും സർക്കാരിനെയും മാറ്റി ട്രേഡ് യൂണിയനുകളെ സ്ഥാപിക്കാൻ ശ്രമിച്ചു. ഉശിരുള്ള നിരവധി സ്ത്രീത്തൊഴിലാളികളെ അരാഷ്ട്രീയവൽക്കരിച്ച് നിർവീര്യമാക്കി.

കോടികൾ മുതൽമുടക്കി കോർപറേറ്റ് മൂലധനം നടത്തുന്ന സാംസ്കാരിക അധിനിവേശം ലക്ഷ്യംവയ്ക്കുന്നത് ജനകീയ പ്രതിരോധങ്ങളെയും പോരാളികളെയുമാണ്. ഗ്രാമഗ്രാമാന്തരങ്ങളിൽ ബഹുവിധ സമൂഹങ്ങളിൽ പല ഭാവത്തിൽ പല വേഷത്തിൽ അത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വർണാശ്രമ ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള മനുവാദി പരിശ്രമങ്ങൾ ഔദ്യോഗികമായിത്തന്നെ അരങ്ങേറുന്ന രാജ്യത്ത് പിന്നോക്ക ദളിത് ന്യൂനപക്ഷ ജീവിതം ആശങ്ക നിറഞ്ഞതായിരിക്കുമല്ലോ. സ്വാഭാവികമായും ആ മേഖലകളിൽ കരുത്തുറ്റ പ്രക്ഷോഭങ്ങൾ നടക്കും. നിരവധി സമരപ്പോരാളികൾ ഉയർന്നുവരും. ഇത് ലാക്കാക്കിയുള്ള മുന്നൊരുക്കമാണ് ഭരണവർഗ കിങ്കരന്മാർ നടത്തുന്നത്. മഹത്തായ നാവോത്ഥാന സമരചരിത്രമുള്ള കേരള പുലയ മഹാസഭയിൽ കടന്നുകൂടി അതിനെ പിളർത്തി ഒരുവിഭാഗത്തെ ഹിന്ദുത്വപരിവാർ ക്യാമ്പിലെത്തിക്കാൻ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല. എത്ര സമർഥമായ നിരന്തരനീക്കങ്ങളിലൂടെയാണ് ഒരു ആദിവാസി കർഷകത്തൊഴിലാളി പ്രവർത്തകയായിരുന്ന സി കെ ജാനുവിനെ പിടിച്ചെടുത്ത് ബിജെപി ക്യാമ്പിലെത്തിച്ച് നിർവീര്യമാക്കിയതെന്നും ഓർക്കണം. കേരളത്തിലെ മുസ്ലിം വർഗീയ ഗ്രൂപ്പുകൾമുഴുവനും സംഘപരിവാർ നടത്തുന്ന പാവനാടകത്തിലെ കഥാപാത്രങ്ങളായി ചരടിനൊത്ത് ആടുന്ന കാഴ്ചയും നാം കാണുന്നു.

കറുപ്പും വെളുപ്പുമായി തിരിഞ്ഞ ഒരു ലോകമല്ല നമ്മുടെ മുന്നിലുള്ളത്. ഇരയുടെ ആത്മാവിൽപ്പോലും താവളമുറപ്പിക്കാൻ കെൽപ്പുള്ള ശത്രുവിനെയാണ് നാം അഭിമുഖീകരിക്കുന്നത്. സമഗ്രമായി രാഷ്ട്രീയവൽക്കരിച്ചുകൊണ്ടും ജനാധിപത്യപരമായി സംഘടിപ്പിച്ചുകൊണ്ടുമല്ലാതെ സമരപ്രക്ഷോഭങ്ങളെ ശത്രുമുക്തമായി കാത്തുരക്ഷിക്കാനാകില്ല. വഞ്ചന അഴിഞ്ഞാടിയ ഈ അവിഹിത ഹർത്താൽ മലയാളിക്ക് ഒരു പാഠമാകേണ്ടതുണ്ട്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top