26 January Sunday

‘കന്നുകാലി ക്ലാസും’ തറവാട്ടുസ്വത്തും

ഗൗതമൻ/പച്ചപ്പരമാർഥംUpdated: Monday Sep 2, 2019

മോഡിയെ സ്‌തുതിച്ചങ്ങനെ നിൽക്കാനാണെങ്കിൽ  ഓക്‌സ്‌ഫോഡ്‌ എംപിക്ക്‌ സംഘപരിവാറുകാരുടെ ‘കന്നുകാലി ക്ലാസി’ ലേക്കുതന്നെ പൊയ്‌ക്കൂടെ എന്നാണ്‌ മുരളിയും പ്രതാപനുംമുതൽ ബഹനാൻവരെ  പച്ച മലയാളത്തിൽ ചോദിച്ചത്‌. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷും ഫൊണറ്റിക്‌സുമൊന്നും വശമില്ലാത്ത  പ്രതാപൻ  തൃശൂർ ശൈലിയിൽ  ‘എന്തുട്ടാ കന്നാലി’ എന്നു വിളിച്ചില്ലെന്നുമാത്രം.  കന്നുകാലി ക്ലാസിനെപ്പറ്റിയും  മീൻകച്ചവടക്കാരുടെ മണത്തെപ്പറ്റിയും കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ  ലക്ചറടിക്കാനും വേണമെങ്കിൽ  പല വാല്യങ്ങളിൽ  പുസ്‌തകമെഴുതാനും ശേഷിയുള്ള ഓക്‌സ്‌ഫോഡ്‌ എംപിയാണെന്നറിഞ്ഞുതന്നെയാണ്‌  മുരളീധരൻ രണ്ടും കൽപ്പിച്ചിറങ്ങിയത്‌. 

തനിക്കിഷ്ടമല്ലാത്തയാളാണെങ്കിൽ അവരുടെ മുണ്ടാട്ടം മുട്ടിക്കാനും മുണ്ടുരിയാനും  അലൂമിനിയം പട്ടേലെന്നും  മദാമ്മയെന്നുമൊക്കെ വിളിക്കാനും ഭീഷ്‌മപിതാമഹന്റെ പുത്രന്‌ മടിയില്ലെന്ന കാര്യം ശശി തരൂർ ഓർമിക്കുന്നുണ്ടോ ആവോ. മുരളിക്ക്‌ വിശ്വപൗരനോടു മാത്രമല്ല, ആരോടും ‘കോൺഗ്രസ്‌ തന്റെ തറവാട്ടു സ്വത്തല്ലെടോ’ എന്നു പറയാനുള്ള അധികാരവും അർഹതയുമുണ്ട്‌.  അത്  അച്ഛൻ തെങ്ങിൽ കയറിയതിന്റെ തഴമ്പ്‌ ശരീരത്തിലുള്ളതുകൊണ്ടാണെന്ന്‌ ഏതു താപ്പാന പറഞ്ഞാലും മുരളി അതങ്ങോട്ട്‌ അംഗീകരിച്ചുകൊടുക്കാനും പോകുന്നില്ല.

 മോഡി ചെയ്യുന്ന നല്ലകാര്യങ്ങൾ അംഗീകരിക്കണമെന്ന്‌ ആരു  പറഞ്ഞാലും അതാരും എതിർക്കുമെന്നു തോന്നുന്നില്ല. അതിപ്പോൾ കെ സുധാകരൻ നല്ലതുചെയ്‌താലും അംഗീകരിക്കണം. പക്ഷേ, വിശ്വപൗരൻ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ ടൈമിങ്ങാണ്‌  പ്രശ്‌നമായത്‌.  ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ തടവിലാക്കി  നടത്തുന്ന ജനാധിപത്യക്കശാപ്പ്‌,  കശ്‌മീരിലേക്ക്‌ പോകാനൊരുങ്ങുന്ന രാഹുൽജിയെപ്പോലും തടയുന്ന അവസ്ഥ,  മുഖ്യമന്ത്രിമാരായിരുന്ന മെഹബൂബയും ഒമർ അബ്‌ദുള്ളയും വീട്ടുതടങ്കലിൽ,  ജ്യോതിരാദിത്യസിന്ധ്യയെ പോലുള്ളവർ കശ്‌മീർ വിഭജനത്തെ പിന്തുണച്ച്‌ അഖണ്ഡഭാരതത്തിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന സമയം. ഇത്യാദി കാര്യങ്ങളെല്ലാംകൂടി ഉരുണ്ടുകൂടിയിരിക്കുന്ന പരിതഃസ്ഥിതിയിൽ,  തരൂർ നടത്തിയ ബിജെപി സ്‌തുതികണ്ടൊന്നു പൊട്ടിത്തെറിച്ചുപോയ കെ മുരളീധരനോട്‌ ഗൗതമന്‌ അശേഷം വിരോധം തോന്നുന്നില്ല. അതിന്‌   താൻ പോയി തരൂരിന്റെ ‘ വൈ അയാം എ ഹിന്ദു’, ‘ദ പാരഡോക്‌സിക്കൽ പ്രൈം മിനിസ്‌റ്റർ എന്നീ പുസ്‌തകങ്ങൾ വായിച്ചിട്ടുവരാൻ മുരളിയോടും പാവപ്പെട്ട കോൺഗ്രസുകാരോടുമൊക്കെ പറയുന്നത്‌ ഇത്തിരി കടന്ന കൈയാണ്‌. പക്ഷേ, വലിയ വിവരമുള്ളവനായ തരൂർജിയെ പിന്തുണച്ച്‌ രംഗത്തുവന്നവരൊന്നും അദ്ദേഹത്തിന്റെതന്നെ ‘ദ ഗ്രേയിറ്റ്‌ ഇന്ത്യൻ നോവൽ’ ആർക്കും നിർദേശിച്ചില്ലല്ലോയെന്ന്‌ ഓർക്കുമ്പോഴാണ്‌ ഇത്തിരി ആശ്വാസം. ഗാന്ധിജിയെയും രാഹുൽജിയുടെ മുതു മുത്തച്ഛനെയുമൊക്കെ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ  വികലമായി ചിത്രീകരിക്കുന്ന നോവൽ അബദ്ധത്തിൽപോലും ഒരു കോൺഗ്രസുകാരനും  കൈകൊണ്ടെടുത്തിട്ടുണ്ടാകില്ല. നോവലിൽ നെഹ്‌റുവിനെ ഹസ്‌തിനപുരിയിലെ അന്ധരാജാവായ ധൃതരാഷ്‌ട്രരായാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. അന്ധനായ ആശയവാദിയുടെ മേലങ്കി അണിയിച്ചിട്ടുള്ള നെഹ്‌റു നോവലിൽ വിടനാണ്‌. എഡ്വിന മൗണ്ട്‌ ബാറ്റൺ കാമുകിയും. ഗാന്ധാരിയായി പരകായപ്രവേശം നടത്തുന്ന കമലാ നെഹ്റു തന്റെ ഭർത്താവിന്റെ ലൈംഗിക ചാപല്യങ്ങളെല്ലാം സഹിക്കുന്നവൾ.

സ്വന്തം അമ്മയ്‌ക്ക്‌ ‘പ്രൗഡ്‌ നായർ’ എന്ന ബഹുമതി അടുത്തിടെ  സമ്മാനിച്ച തരൂർജിയുടെ ജാതിവിരുദ്ധ ചിന്തയിലോ  ഫാസിറ്റ്‌വിരുദ്ധ പോർവീര്യത്തിലോ ഒന്നുമുള്ള  വിശ്വാസം ഇതുവരെ  പുർണമായി ചോർന്നുപോയിട്ടില്ല.  പിന്നെയെന്താകും തരൂർജി  ഇങ്ങനെയൊക്കെപ്പറയാൻ? അദ്ദേഹത്തിന്‌ ഒന്നിനോടും സ്ഥായിയായ ഇഷ്ടമില്ലെന്നും അതങ്ങനെ ദേശാതിർത്തികൾ ഭേദിച്ച്‌ മാറിക്കൊണ്ടിരിക്കുമെന്നും ചില ദോഷൈകദൃക്കുകൾ പറഞ്ഞുപരത്തുന്നത്‌ ആരും മുഖവിലയ്‌ക്ക്‌ എടുക്കരുത്‌.  ഗോമാതാവിന്റെ സമീപംനിന്ന്‌ കൃഷ്‌ണന്റെ ശൈലിയിൽ ഓടക്കുഴൽ വായിച്ചാൽ കൂടുതൽ പാൽ കിട്ടുമെന്ന അസമിലെ ബിജെപി എംഎൽഎയുടെ വെളിപ്പെടുത്തൽ  അദ്ദേഹം ശ്രദ്ധിച്ചുകാണും.  നൊബേൽ സമ്മാനത്തിനുപോലും അർഹമായേക്കാവുന്ന ഈ കണ്ടുപിടിത്തത്തിൽ, പൊതുവേ കൃഷ്‌ണഭക്തനായ തരൂർ ആകൃഷ്ടനായിട്ടുണ്ടാകുമോയെന്ന ചിന്തയാണിപ്പോൾ ഗൗതമനെ ഭരിക്കുന്നത്‌.  അല്ലാതെ ചിദംബരവും കർണാടകത്തിലെ സ്വർണഖനി കിങ്‌ മേക്കർ ഡി കെ ശിവകുമാറും മറ്റും സിബിഐയുടെ കൈകളിൽക്കിടന്ന്‌ പിടയുന്നതോ, സുനന്ദ പുഷ്‌കറെപ്പറ്റിയുള്ള വെളിപ്പെടുത്തലുകൾ ഗീബൽസിന്റെ വാൾപോലെ തലയ്‌ക്കുമീതെ നിൽക്കുന്നതോ ഒന്നുമാകാൻ വഴികാണുന്നില്ല.

യുദ്ധകാലാടിസ്ഥാനത്തിൽ സമാധാനം

ഒരിക്കൽ വേളൂർ കൃഷ്‌ണൻകുട്ടി അയച്ചുകൊടുത്ത കഥ വാരികയിൽ അച്ചടിച്ചുവന്നില്ല. വാരികയുടെ ഓഫീസിൽ അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ വാരികയുടെ ഓഫീസിൽനിന്ന്‌ അദ്ദേഹത്തിന്‌ ഒരു മറുപടിക്കത്തു കിട്ടി.  ‘താങ്കളുടെ കഥ ഞങ്ങളുടെ വാരികയുടെ നിലവാരത്തിനു  ചേരാത്തതാകയാൽ പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടുണ്ട്‌. സഹകരണത്തിന്‌ നന്ദി.’
കഥയിൽ  നായകന്റെ  കിഡ്‌നി ദാനവും  മാറ്റിവയ്‌ക്കലുമൊക്കെയുണ്ടായിരുന്നു. കിഡ്‌നിയെന്നു പറഞ്ഞാൽ എന്തോ ലൈംഗികാവയവം ആണെന്നാണത്രെ പത്രാധിപർ ധരിച്ചത്‌.  പറഞ്ഞത്‌ വേളുർ കൃഷ്‌ണൻകുട്ടിയായതുകൊണ്ട്‌  ഇതുമൊരു കഥയാകാം.
ഗൗതമനിപ്പോൾ ഇത്‌ ഓർത്തെടുക്കാൻ കാരണം മുംബൈ ഹൈക്കോടതി വെർനോൺ ഗോൺസാൽവ്‌സിനോട്‌ ചോദിച്ച ചോദ്യമാണ്‌: ‘‘താങ്കൾ എന്തിനാണ്‌  ടോൾസ്റ്റോയിയുടെ ‘ യുദ്ധവും സമാധാനവും’ പോലുള്ള നിരോധിത വസ്‌തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത്‌?’’  ‘യുദ്ധവും  സമാധാനവും’ മറ്റൊരു രാജ്യത്തെ യുദ്ധത്തെപ്പറ്റിയുള്ളതാണെന്നും കോടതിയങ്ങു തീർത്തുപറഞ്ഞു. കൊടും ക്രിമിനലായ ലിയോ ടോൾസ്‌റ്റോയിയുടെ പുസ്‌തകം കണ്ടെടുത്ത സ്ഥിതിക്ക്‌ ഗോൺസാൽവ്‌സും ഭീകരനാണെന്ന്‌ കോടതിക്ക്‌ സംശയമേതുമില്ല. കുറെക്കാലംമുമ്പ്‌ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തയുണ്ടായിരുന്നു. പിടിയിലായ പ്രതിയുടെ കൈയിൽനിന്ന്‌ അരുന്ധതി റോയിയുടെ നോവലും പിടിച്ചെടുത്തു എന്നതായിരുന്നു അത്‌.മിക്കവാറും പുതിയ ഉത്തരവുണ്ടാകാനുള്ള എല്ലാ സാധ്യതയും  ഗൗതമൻ കാണുന്നുണ്ട്‌. യുദ്ധം തീരെയില്ലാത്ത രാമായണം, മഹാഭാരതം തുടങ്ങിയ കൃതികൾ മാത്രമേ വീട്ടിൽ സൂക്ഷിക്കാവൂ എന്ന തീരുമാനം വന്നാൽ തീർച്ചയായും യുദ്ധവിരുദ്ധരായ ദേശസ്‌നേഹികളെയെല്ലാം അത്‌ ആഹ്ലാദത്തിൽ ആറാടിക്കും.

വെടിക്കുഴൽ

 വിപണിയിലെ മാന്ദ്യത്തിനു തെളിവായ അടിവസ്‌ത്രവിൽപ്പനയിൽ വൻ തകർച്ച.
ആർഷഭാരത സംസ്‌കാരത്തിലേക്ക്‌ തിരിച്ചുപോകും. പേരിൽത്തന്നെ ‘കൗ’ ഉള്ള കൗപീനം വരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top