23 April Tuesday

ദളിത് ജീവിതവും കോടതിയും

സുനിൽ പി ഇളയിടംUpdated: Wednesday Apr 18, 2018

ജനാധിപത്യം എന്ന ആശയത്തെക്കുറിച്ചുള്ള ചർച്ചകളിൽ അംബേദ്കർ ഉന്നയിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിലൊന്ന് അതിനെ ഒരു ത്രിത്വമായി പരിഗണിക്കണം എന്നതായിരുന്നു. രാഷ്ട്രീയജനാധിപത്യം, സാമൂഹ്യജനാധിപത്യം, സാമ്പത്തികജനാധിപത്യം എന്നിവ മൂന്നും ഒത്തുചേരുമ്പോഴേ ജനാധിപത്യം എന്ന ആശയം അർഥപൂർണമാകൂ എന്നദ്ദേഹം വ്യക്തമാക്കി. സാമ്പത്തികവും സാമൂഹ്യവുമായ ജനാധിപത്യത്തിന്റെ അഭാവത്തിൽ ജനാധിപത്യം വെറുമൊരു പേരും പ്രഹസനവുമായിത്തീരുമെന്ന് ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

സാമൂഹ്യനീതിയും അതുവഴി സാമൂഹ്യജനാധിപത്യവും ഉറപ്പുവരുത്തുന്നതിന് ഇന്ത്യൻ പാർലമെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിമിതമായ ചില ശ്രമങ്ങളെത്തന്നെ ദുർബലമാക്കുന്നതിന് പരമോന്നതനീതിന്യായപീഠംതന്നെ മുൻകൈ യെടുക്കുന്നതാണ് 2018 മാർച്ച് 20ലെ സുപ്രീംകോടതിവിധിയിൽ നാം കണ്ടത്. സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന ജാതിവിവേചനത്തിനും ദളിത്ജനതയ്ക്കെതിരായ അക്രമങ്ങൾക്കും തടയിടുക എന്ന ലക്ഷ്യത്തോടെ പാർലമെന്റ് പാസാക്കിയ പട്ടികജാതി പട്ടികവർഗ പീഡനം തടയൽ നിയമത്തെ (Scheduled Caste and Tiber (Preventation of Autrocities) Act-1989) ദുർബലപ്പെടുത്തുന്ന നിലയിൽ ജസ്റ്റിസുമാരായ യു യു ലളിത്, എ കെ ഗോയൽ എന്നിവർ ഉൾപ്പെടുന്ന സുപ്രീംകോടതി ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് അന്നാണ്. പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനായി തയ്യാറാക്കപ്പെട്ട നിയമം (POA) നിലവിൽ വ്യാപകമായി ദുരുപയോഗംചെയ്യപ്പെടുന്നുണ്ടെന്നും അതിനാൽ ഇനിയങ്ങോട്ട് അത്തരം കേസുകളിൽ നടപടികൾ കൈക്കൊള്ളുമ്പോൾ പുതിയ ചില ക്രമീകരണങ്ങൾ പാലിക്കണം എന്നുമാണ് കോടതി നിർദേശിച്ചത്. ഫലത്തിൽ ആ നിയമത്തെത്തന്നെ റദ്ദാക്കാൻ പോന്ന ഭേദഗതികളാണ് ആ ഉത്തരവിലൂടെ കോടതി മുന്നോട്ടുവച്ചത്. പിന്നാലെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനും നിരവധിപേരുടെ ജീവൻ നഷ്ടമാകുന്നതിനും ഈ ഉത്തരവ് കാരണമാകുകയും ചെയ്തു.

കോടതി നിർദേശിച്ച ഭേദഗതികളിലേക്കും അതിന്റെ ഫലത്തിലേക്കും കടക്കുന്നതിനുമുമ്പ് എന്തായിരുന്നു കോടതിയുടെ മുമ്പിലുള്ള പ്രശ്നം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പട്ടികജാതി പട്ടികവർഗ അതിക്രമനിരോധനനിയമം റദ്ദാക്കണമെന്നോ അതിൽ ഭേദഗതികൾ വരുത്തണമെന്നോ ആവശ്യപ്പെടുന്ന ഒരു ഹർജിയെ മുൻനിർത്തിയല്ല കോടതി ഇങ്ങനെയൊരു ഉത്തരവിലേക്ക് നീങ്ങിയത്. ഈ നിയമത്തെ അടിസ്ഥാനമാക്കി തനിക്കെതിരെ കേസ് എടുക്കാനുള്ള ശ്രമത്തിനെതിരെ ഒരാൾ നൽകിയ പരാതിയായിരുന്നു കോടതിയുടെ മുമ്പിലുള്ളത്. മനുഷ്യാവകാശപ്രവർത്തകനും ദളിത്ചിന്തകനുമായ ആനന്ദ് തെൽതുംബ്ഡെ ചൂണ്ടിക്കാണിച്ചതുപോലെ കോടതിക്ക് ആ പരാതിയിലെ വസ്തുതകൾ സ്വീകാര്യമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് അംഗീകരിച്ച്, പരാതിക്കാരനെതിരായ കേസ് റദ്ദാക്കാൻ ഉത്തരവ് പുറപ്പെടുവിക്കാമായിരുന്നു. അതിനുപകരം, നീതിന്യായസംവിധാനത്തിലെ അനുപാതമര്യാദകൾക്ക് എതിരായ നിലയിൽ ആ നിയമത്തെത്തന്നെ ഇല്ലാതാക്കാൻപോന്ന ഭേദഗതികൾ നിർദേശിക്കുന്ന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഒരർഥത്തിൽ, തങ്ങളുടെ മുമ്പിൽ എത്തിയിട്ടില്ലാത്ത ഒരു പ്രശ്നത്തിലാണ്, എത്തിയാൽ എത്രയോ വിപുലമായ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷംമാത്രം തീരുമാനത്തിലെത്തേണ്ട ഒരു പ്രശ്നത്തിലാണ്, കോടതി ഒറ്റയടിക്ക് തീർപ്പ് കൽപ്പിച്ചതും അതുവഴി അനുനിമിഷം ജാതിമർദനത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന കോടാനുകോടി ദളിതർക്ക് ലഭിച്ചിരുന്ന നാമമാത്രമായ നിയമപരിരക്ഷ ഇല്ലാതാക്കിയതും.

ഇന്ത്യൻ ഭരണകൂടത്തിലും നീതിന്യായവ്യവസ്ഥയിലും നിലീനമായ ജാതിമേധാവിത്വപരമായ മുൻവിധികൾ ഈ നിയമത്തിനെതിരെ തുടക്കംമുതൽ ശക്തമായി നിലകൊണ്ടിരുന്നു. നിയമനിർമാണത്തിന്റെ ഘട്ടംമുതൽക്കുതന്നെ ഇത് ദുരുപയോഗംചെയ്യപ്പെടും എന്ന എതിർവാദം ഉന്നയിക്കപ്പെട്ടിരുന്നു. 1989ൽ നിയമനിർമാണം നടന്നെങ്കിലും അത് പ്രാബല്യത്തിലെത്താൻ 1995വരെ കാലതാമസം വന്നത് മറ്റൊന്നുംകൊണ്ടല്ലെന്ന് ആനന്ദ് തെൽതുംബ്ഡെ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളും കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ടോ എന്നതും മറ്റേതെങ്കിലും നിയമം ദുരുപയോഗംചെയ്യപ്പെടുന്നുണ്ടോ എന്നതും നമ്മുടെ ഭരണസംവിധാനത്തിന്റെ ഉൽക്കണ്ഠയായി മാറിയിട്ടില്ല എന്നതുകൂടി ഇതോടൊപ്പം ഓർമിക്കേണ്ടതാണ്. ഭരണഘടന വാഗ്ദാനംചെയ്യുന്ന തുല്യാവകാശങ്ങളുടെയും തുല്യനീതിയുടെയും നിലവിലുള്ള സ്ഥിതി എന്താണ് എന്ന കാര്യവും ദളിതർക്ക് അതെത്രത്തോളം ലഭ്യമാകുന്നുണ്ട് എന്ന കാര്യവും കോടതികളെ ആശങ്കാകുലരാക്കിയതിന് തെളിവൊന്നുമില്ല.

വ്യാപകമായി ദുരുപയോഗംചെയ്യപ്പെടുന്നു എന്നുപറഞ്ഞ് കോടതിതന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ നിയമം അഭിസംബോധനചെയ്യുന്ന പ്രശ്നത്തിന്റെ ഇന്നത്തെ യഥാർഥസ്ഥിതി എന്താണ്? അഥവാ ഇന്ത്യയിലെ ദളിത്ജീവിതത്തിന്റെ യാഥാർഥ്യം എന്താണ്? ഓരോ 15 മിനിറ്റിലും ഒരു ദളിത്പീഡനം അരങ്ങേറുന്ന രാജ്യമാണ് നമ്മുടേത്. 2007ൽ പിഒഎ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടത് 27070 കേസ് ആയിരുന്നെങ്കിൽ 2017ൽ അത് 47064 ആണ്. പത്തുവർഷംകൊണ്ട് ദളിതർക്കെതിരായ ആക്രമണങ്ങളിൽ 66 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. അപ്പോഴാണ് പരമോന്നത നീതിന്യായപീഠം ഈ നിയമത്തെത്തന്നെ ഫലത്തിൽ ഇല്ലാതാക്കാൻപോന്ന ഭേദഗതികളുമായി രംഗത്തുവന്നത്. 2006ൽ 1214 ദളിത് സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായതെങ്കിൽ 2015ൽ അത് 2326 ആയി. 2006ൽ 673 ദളിതർ കൊലചെയ്യപ്പെട്ടെങ്കിൽ 2015ൽ 707 ആയി. ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരിലുള്ള ദുരഭിമാനക്കൊലകൾ അനുദിനം അരങ്ങേറുന്നു. കുതിരപ്പുറത്ത് സഞ്ചരിച്ചതിനും ക്ഷേത്രത്തിൽ പ്രവേശിച്ചതിനും മേൽജാതിക്കാരുടെ നൃത്തം കണ്ടതിനും കഴിഞ്ഞ വർഷംപോലും ദളിതർ കൊലചെയ്യപ്പെട്ട രാജ്യമാണിത്. ഒരുഭാഗത്ത്, പശുമാംസത്തിന്റെപേരിൽ ദളിതർ കൊലചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. മറുഭാഗത്ത് ചത്ത പശുവിന്റെ തോലുരിയാൻ വിസമ്മതിച്ചതിന്റെ പേരിലും ദളിതർ ആക്രമിക്കപ്പെടുന്നു. ഇങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലയിലും ദളിത്ജനത ആക്രമിക്കപ്പെടുകയും  അത്തരം ആക്രമണങ്ങളുടെ തോത് അനുദിനം പെരുകിവരുകയും ചെയ്യുമ്പോഴാണ് അതിനെതിരായ നിയമത്തെ ദുർബലപ്പെടുത്താൻ നീതിന്യായസംവിധാനം ഇറങ്ങിപ്പുറപ്പെട്ടത്.

മാർച്ച് 20ന്റെ ഉത്തരവിലൂടെ നിലവിലുള്ള നിയമത്തിന്റെ സ്വഭാവം മാറ്റിമറിക്കാൻപോന്ന ഭേദഗതികളാണ് സുപ്രീംകോടതി കൊണ്ടുവന്നത്. പട്ടികജാതി പട്ടികവർഗ പീഡനനിരോധനനിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ, പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ട് എന്ന് ബോധ്യപ്പെടുന്നവയിലൊഴികെ മറ്റെല്ലായിടത്തിലും മുൻകൂർ ജാമ്യം അനുവദിക്കാം. ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്യേണ്ടതെങ്കിൽ നിയമനാധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതി അതിനാവശ്യമാണ്. അല്ലെങ്കിൽ പൊലീസ് സൂപ്രണ്ടിന്റെ രേഖാമൂലമുള്ള അനുമതി വേണം. ഈ ഉത്തരവിനെ മുൻനിർത്തിയേ കുറ്റാരോപിതനെ തടങ്കലിൽ വയ്ക്കാവൂ. എല്ലാ പരാതികളിലും ജില്ലാ പൊലീസ് സൂപ്രണ്ട് അന്വേഷണം നടത്തി, പരാതികൾ ദുരുദ്ദേശ്യപരമല്ലെന്ന് ഉറപ്പുവരുത്തണം. മേൽപ്പറഞ്ഞ നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ അതിനെ കോടതിയലക്ഷ്യക്കുറ്റമായി കണ്ട് ശിക്ഷാനടപടികൾ സ്വീകരിക്കണം... ഇങ്ങനെയെല്ലാമാണ് കോടതി നിലവിലുള്ള നിയമത്തിൽ തിരുത്തലുകൾ നിർദേശിച്ചത്.

പുറമേക്ക് നിരുപദ്രവകരമായ മുൻകരുതലുകൾ മാത്രമെന്ന് തോന്നാമെങ്കിലും ഫലത്തിൽ ഉത്തരേന്ത്യയിലുംമറ്റും ദളിത്ജനതയ്ക്കെതിരായ അതിക്രമങ്ങളിലെ പരാതികൾതന്നെ ഇല്ലാതാക്കാൻപോന്ന ഭേദഗതികളാണ് ഇത്. മകളെ ബലാത്സംഗം ചെയ്ത എംഎൽഎയ്ക്കെതിരെ പരാതികൊടുത്ത പിതാവിനെ തല്ലിക്കൊന്ന പൊലീസ് സംവിധാനമാണ് രാജ്യത്തിന്റെ പലഭാഗത്തുമുളളത്. അത്തരമൊരു പശ്ചാത്തലത്തിൽ നോക്കുമ്പോഴേ ഈ ഭേദഗതികളുടെ യഥാർഥഫലം വ്യക്തമാകൂ. ദളിത്പീഡന നിരോധനനിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ 2012 വരെ പത്തുശതമാനത്തിൽതാഴെ മാത്രമാണ് ശിക്ഷ ലഭിച്ചിരുന്നത് എന്നോർക്കണം. അതിനുശേഷമാണ് ശിക്ഷാനിരക്ക് രണ്ടക്കം കടന്നത്. അപ്പോൾപോലും ദേശീയശരാശരിയുടെ (40 ശതമാനം) പകുതിയോളമാണ് ദളിത്പീഡന കേസുകളിൽ ശിക്ഷ വിധിക്കപ്പെടുന്നത്. ഈ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 90.5 ശതമാനവും മുടങ്ങിക്കിടക്കുകയാണ് എന്ന് ക്രൈംറെക്കോഡ്സ് ബ്യൂറോ പറയുന്നു. നമ്മുടെ നീതിന്യായസംവിധാനങ്ങളിൽ നിലീനമായ ജാതിമേധാവിത്വത്തിന്റെ പ്രകൃതം വച്ചുനോക്കിയാൽ ഇതിൽ അതിശയകരമായ യാതൊന്നുമില്ലതാനും. സുപ്രീം കോടതിയിലും രാജ്യത്തെ മൊത്തം ഹൈക്കോടതികളിലുമായി 585 ജഡ്ജിമാരുള്ളതിൽ ജനസംഖ്യയുടെ 25 ശതമാനത്തോളംവരുന്ന പട്ടികവിഭാഗത്തിൽനിന്ന് 17 മാത്രമേയുള്ളൂ എന്നോർക്കണം. മുൻകൂർ ജാമ്യം നൽകാൻ വ്യവസ്ഥയില്ലാത്തതും സാർവത്രികമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് നിരന്തരം വിമർശിക്കപ്പെടുന്നതുമായ ടാഡ അടക്കമുള്ള എത്രയോ നിയമങ്ങൾ നിലവിലുണ്ട്. അവയുടെ നിയമസാധുതയിൽ സംശയമൊന്നും തോന്നാത്ത കോടതികളാണ് ദളിത്പീഡന നിരോധനനിയമത്തിന്റെ ദുരുപയോഗത്തിൽ ഇത്രമേൽ ആശങ്കാകുലമാകുന്നത്.

ജനുവരി 20ന്റെ സുപ്രീംകോടതി ഉത്തരവ് പലനിലകളിൽ പിഴവുകളുള്ളതാണെന്ന് നിയമവിദഗ്ധർതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാർലമെന്റിന്റെ അധികാരപരിധിയിൽപെട്ട നിയമനിർമാണം നേരിട്ട് ഏറ്റെടുത്ത് നടത്തിക്കൊണ്ട് ഭരണഘടനാവ്യവസ്ഥയെത്തന്നെ അത് ലംഘിക്കുന്നതായി ആനന്ദ് തെൽതുബ്ഡെ ചൂണ്ടിക്കാട്ടുന്നു. അതുപോലെ കോടതിക്കുമുമ്പിലെത്തിയ  കേസിൽ വിധിപറയുന്നതിനുപകരം അതിലെ പ്രശ്നത്തെ സാമാന്യവൽക്കരിച്ച് പരിഗണിക്കാനാണ് കോടതി തയ്യാറായത്. കേസിന്റെ നിയമസാധുത പരിശോധിക്കേണ്ടത് കോടതിയാണെന്നിരിക്കെ, അതിന് പൊലീസിനെയോ ഉയർന്ന ഉദ്യോഗസ്ഥരെയോ ചുമതലപ്പെടുത്തുകയാണ് വിധിന്യായം ചെയ്യുന്നത്. ഇതിന്റെ സാധുത എന്താണ്? ഇത്തരം നിരവധി ചോദ്യങ്ങൾ ഈ വിധിയെത്തുടർന്ന് ഉയർന്നുവന്നിട്ടുണ്ട്. അതിനപ്പുറം രാജ്യമെമ്പാടും പ്രതിഷേധവും സംഘർഷവും ഉണ്ടായി. പന്ത്രണ്ടോളംപേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. ഇതെല്ലാം ഉണ്ടായതിനുശേഷവും വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന പരാതികൾ ഉടനടി പരിഗണിക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്. കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട സിനിമാതാരത്തിന്റെ ജാമ്യഹർജി പിറ്റേന്നുതന്നെ പരിഗണിക്കപ്പെടുകയും 24 മണിക്കൂർ തികയുംമുമ്പേ അയാൾ ജയിൽമോചിതനാകുകയും ചെയ്തു. സഹസ്രാബ്ദങ്ങളായി നിത്യപീഡനത്തിന് ഇരയായിക്കൊണ്ടേയിരിക്കുന്ന ദളിതരുടെ ജീവിതത്തിന് അത്ര വിലപിടിപ്പില്ലെന്ന് നമ്മുടെ ഭരണ‐നീതിനിർവഹണ സംവിധാനങ്ങൾക്കെല്ലാം നല്ല ബോധ്യമുണ്ട്.  

അതുകൊണ്ട് പുനഃപരിശോധനാഹർജി പരിഗണിക്കാൻതന്നെ ആഴ്ചകളെടുക്കും. വിധി പറയാൻ മാസങ്ങളും. എപ്പോഴാണ് നമ്മുടെ രാജ്യം എല്ലാവരുടെയും രാജ്യമായിത്തീരുന്നത്?

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top