22 October Friday

ബഹിരാകാശ സ്വപ്നങ്ങളുടെ നേതൃത്വം - വി പി ബാലഗംഗാധരൻ എഴുതുന്നു

വി പി ബാലഗംഗാധരൻUpdated: Saturday Sep 25, 2021

വിക്രം സാരാഭായിയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ദിശാബോധം  നൽകിയ പിൻഗാമിയാണ് പ്രൊഫസർ സതീഷ് ധവാൻ. അദ്ദേഹത്തിന്റെ നൂറാം  ജന്മവാർഷിക ദിനമാണ്‌  ശനിയാഴ്ച. 1920 സെപ്തംബർ 25ന് ശ്രീനഗറിൽ ജനിച്ച സതീഷ്  ധവാന്റെ ബാല്യകാലം  അതിർത്തിയിലെ പല സ്ഥലത്തുമായിരുന്നു. ധവാന്റെ വിദ്യാഭ്യാസയോഗ്യതകൾ വിചിത്രമാണ്‌. ഫിസിക്സിലും കണക്കിലും ബിഎ ബിരുദം, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിഇ ബിരുദം, ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎ, മിനസോട്ട സർവകലാശാലയിൽനിന്ന്‌ മാസ്റ്റേഴ്സ്. കാൽടെക്കിൽനിന്ന്‌ എയ്‌റോനോട്ടിക്സിൽ പിഎച്ച്ഡിയും നേടി 1951ൽ ഇന്ത്യയിലേക്ക് തിരിച്ചുവന്ന ധവാൻ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി. 1962 മുതൽ പതിനേഴു വർഷത്തോളം ധവാൻ ഐഐഎസ്‌സിയുടെ ഡയറക്ടർ ആയിരുന്നു. എക്‌സ്‌പിരിമെന്റൽ ഫ്ലൂയിഡ് ഡയനാമിക്സിന്റെ പിതാവെന്നറിയപ്പെടുന്ന പ്രൊഫസർ ധവാൻ കാൽടെക്കിൽ  ഹ്രസ്വകാല  സന്ദർശനത്തിലായിരുന്നപ്പോഴാണ് ഇന്ത്യയിൽ വിക്രം സാരാഭായി അന്തരിക്കുന്നതും പിൻഗാമിയായി ഇന്ദിരഗാന്ധി ധവാനെ നിശ്ചയിക്കുന്നതും. ധവാൻ ഇന്ത്യയിൽ തിരിച്ചെത്തുന്നതുവരെ ഹ്രസ്വകാലത്തേക്ക് പ്രൊഫ. എം ജി കെ മേനോൻ ഇസ്രോയുടെ തലവനായി.

1972 ജൂൺമുതൽ ഒരു വ്യാഴവട്ടം നീണ്ട ധവാന്റെ  ഭരണക്രമത്തിലാണ് ഇസ്രോ സമ്പൂർണ പ്രവർത്തനക്ഷമമാകുന്നത്. ബഹിരാകാശ ഗവേഷണത്തിന് മാത്രമായി സ്പേസ് കമീഷനും ബഹിരാകാശ വകുപ്പും സൃഷ്ടിച്ചുകൊണ്ടായിരുന്നു  ധവാന്റെ തുടക്കം. ഇസ്രോയുടെ കീഴിലെ നിരവധി യൂണിറ്റുകളുടെ സംയോജനമായിരുന്നു അടുത്ത പടി. അതിന്റെ ഫലമായിട്ടാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററും അഹമ്മദാബാദിലെ  സ്പേസ് ആപ്ലിക്കേഷൻ സെന്ററും  ജനിക്കുന്നത്. 

ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട ഇന്ത്യയിൽ നിർമിച്ച് സോവിയറ്റ് യൂണിയനിൽനിന്ന് സൗജന്യമായി വിക്ഷേപിക്കാനുള്ള കരാറിൽ ധവാന്റെ മുൻഗാമിയായ പ്രൊഫ. എം ജി കെ മേനോൻ ഒപ്പിട്ടിരുന്നു. സ്വന്തമായി നിർമിക്കുന്ന ഉപഗ്രഹത്തിന്റെ സാങ്കേതികവും ഭരണപരവുമായ നേതൃത്വമായിരുന്നു ധവാന്റെ ആദ്യ സംഭാവന. 1975 ഏപ്രിൽ 19ന്‌ ആര്യഭട്ട വിക്ഷേപിച്ചു. തുടർച്ചയായി വിദൂര സംവേദന പരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര ഒന്നും രണ്ടും ധവാന്റെ തീരുമാനമായിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണ വാർത്താവിനിമയ ഉപഗ്രഹത്തിന്റെ ഉപജ്ഞാതാവും സതീഷ് ധവാൻതന്നെ. യൂറോപ്പിലെ അരിയാൻ കമ്പനി അവരുടെ പുതിയ വിക്ഷേപണ വാഹനങ്ങൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ സൗജന്യവിക്ഷേപണത്തിൽ 1981 ജൂൺ19ന് വിക്ഷേപിക്കപ്പെട്ട ആപ്പിൾ ഉപഗ്രഹം ഇന്ത്യയുടെ  വാർത്താവിനിമയ രംഗത്തെ പുതിയ പരീക്ഷണമായി. വിക്ഷേപണവാഹനമായ എസ്എൽവി- 3ന്റെ  രൂപരേഖ തയ്യാറായപ്പോഴാണ് സാരാഭായി അന്തരിക്കുന്നത്. ധവാൻ എ പി ജെ അബ്ദുൽ കലാമിനെ പ്രോജക്ടിന്റെ മാനേജർ ആക്കി.  ആദ്യ വിക്ഷേപണം പരാജയപ്പെട്ടപ്പോൾ പൂർണ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും രണ്ടാമത്തെ വിജയിച്ചപ്പോൾ അത്‌ അബ്ദുൾ കലാമിന്റെതാണെന്ന് ധവാൻ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

ഉപഗ്രഹങ്ങളുടെ ഉപയോഗം എന്തൊക്കെയാണെന്നുപോലും വശമില്ലാത്ത കാലത്താണ് അമേരിക്കയുടെ  അഡ്വാൻസ്ഡ് ടെക്നോളജി സാറ്റലൈറ്റ്  (എടിഎസ് -6) ഉപയോഗിക്കാൻ ഇന്ത്യ തീരുമാനിച്ചത്. സാരാഭായിയുടെ കാലത്ത് ഒപ്പിട്ട സാറ്റലൈറ്റ്  ഇൻസ്ട്രക്‌ഷണൽ ടെലിവിഷൻ എക്‌സ്‌പിരിമെന്റ് (SITE) നടപ്പാക്കിയത് ധവാന്റെ കാലത്താണ്.  ലോകത്തിലെ ഏറ്റവും നല്ല ഉപഗ്രഹ സംവിധാനം ഇസ്രോയ്ക്ക് സ്വന്തമാക്കിക്കൊടുത്തതും ധവാൻതന്നെ.

ഇൻസാറ്റ് ഉപഗ്രഹങ്ങൾ രൂപപ്പെടുന്നതും ധവാന്റെ കാലത്താണ്.  ഉപഗ്രഹത്തിന്റെ ഉപയോഗം സാർഥകമാക്കാനും ഉപഗ്രഹ ടെലിവിഷനിലൂടെ വിദ്യാഭ്യാസവും സാമൂഹ്യപാഠങ്ങളും  കൃഷിയും പൊതുജനാരോഗ്യവും മറ്റും  സാധാരണക്കാരിൽ എത്തിക്കാനും ധവാൻ പരിപാടികൾ ഉണ്ടാക്കി. കൃത്യതയോടെ, ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കാര്യങ്ങൾ ചെയ്യാനും പുനരവലോകനം ചെയ്യാനും ധവാൻ ഇസ്രോ സമൂഹത്തെ പഠിപ്പിച്ചു.  അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ചെറിയ വിക്ഷേപണ കേന്ദ്രമായി സാരാഭായി ആരംഭിച്ച  ശ്രീഹരിക്കോട്ടയെ ഇന്ത്യയുടെ സ്പേസ് പോർട്ട് ആക്കിയ ധവാന്റെ പേരിലാണ് ആ കേന്ദ്രം ഇന്ന് അറിയപ്പെടുന്നത്. ഇസ്രോ ഇന്ന് എന്താണോ, അതിനെ അതാക്കിയത് സതീഷ് ധവാനാണ്. 1971ൽ പദ്മഭൂഷണും 1981ൽ പദ്മവിഭൂഷണും നൽകി  രാഷ്ട്രം ആദരിച്ച സതീഷ് ധവാൻ 2002 ജനുവരി  മൂന്നിന് ബംഗളൂരുവിൽ അന്തരിച്ചു.

( വിഎസ്എസ് സിയിലെ മുൻ ശാസ്ത്രജ്ഞനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top