29 May Friday

സനാതൻ സൻസ‌്തയും അഭിനവ‌് ഭാരതും

കനിക കത്യാൽUpdated: Tuesday May 14, 2019

ഇന്ത്യൻ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട‌് അനുസരിച്ച് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന കർണാടക പ്രത്യേക അന്വേഷണസംഘമാ (എസ്ഐടി)ണ് സനാതൻ സൻസ‌്തയും അഭിനവ് ഭാരതും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവന്നത്. നരേന്ദ്ര ധാബോൾക്കറെയും ഗോവിന്ദ് പൻസാരയെയുംപോലുള്ള യുക്തിവാദികളുടെ വധവുമായി ബന്ധപ്പെട്ട സംഘടനയാണ് സനാതൻ സൻസ‌്തയെങ്കിൽ തീവ്രവാദ സംഘടനയാണ് അഭിനവ് ഭാരത്. 2006ലെ മലേഗാവ് സ്ഫോടനം ഉൾപ്പെടെ നാല് സ്ഫോടനക്കേസിൽ പങ്കാളിത്തമുള്ള സംഘടനകൂടിയാണിത്. മലേഗാവ് സ്ഫോടനക്കേസിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് സമർപ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയാണ് ഭോപാലിൽനിന്ന‌് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന പ്രഗ്യ സിങ് താക്കൂർ. എന്നാൽ, ഗൗരിലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന എസ്ഐടി ഈ വധവുമായി അഭിനവ് ഭാരതിനോ പ്രഗ്യ സിങ് താക്കൂറിനോ ബന്ധമുണ്ടെന്ന വാർത്ത നിഷേധിക്കുകയാണുണ്ടായത്.

അഭിനവ ഭാരതും ആയുധപരിശീലനവും
എന്നാൽ, ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം അഭിനവ് ഭാരത് രാജ്യത്തെമ്പാടുമായി 19 പരിശീലന ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാനുള്ള പരിശീലനമാണ് ഈ ക്യാമ്പുകളിൽ നൽകിയത്. അവിടെനിന്ന് പരിശീലനം ലഭിച്ച ഡസൻകണക്കിന് പ്രവർത്തകരെയാണ് സനാതൻ സൻസ്ത ഉൾപ്പെടെയുള്ള സംഘടനകൾ റിക്രൂട്ട് ചെയ്തത്. നരേന്ദ്ര ധാബോൾക്കറെയും ഗോവിന്ദ് പൻസാരെയെയും കെ എം കലബുർഗിയെയും ഗൗരിലങ്കേഷിനെയും വധിച്ചതിനു പിന്നിൽ പ്രവർത്തിച്ച സംഘടനയാണെന്ന ആരോപണവും സനാതൻ സൻസ‌്തയ‌്ക്കെതിരെയുണ്ട്.
ഗൗരിലങ്കേഷിന്റ ഘാതകനും നാല് സാക്ഷികളും ഇത്തരം ക്യാമ്പുകളിൽ ലഭിച്ച പരിശീലനത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. 2011 മുതൽ 2016 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഇത്തരം ക്യാമ്പുകളിൽ വച്ച് അഭിനവ് ഭാരതിലെ അംഗങ്ങളാണത്രെ ബോംബ് നിർമിക്കാനും മറ്റും പരിശീലനം നൽകിയത്. എസ്ഐടി നടത്തിയ അന്വേഷണത്തിൽനിന്ന് അഞ്ച് പരിശീലന ക്യാമ്പുകളാണ് നടന്നത്.

2011 ൽ ജൽന, 2015 ജനുവരിയിൽ വീണ്ടും ജൽന (മഹാരാഷ്ട്ര), 2015 ആഗസ്ത്–-മംഗളൂരു, 2015 നവംബർ–-അഹമ്മദാബാദ്, 2016 ജനുവരി–-നാസിക് എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ നടന്നത്. ഇതിൽ അഭിനവ് ഭാരത് എന്ന സംഘടനയിൽനിന്നുള്ളവർ പങ്കെടുത്തുവെന്നാണ് എസ്ഐടി സംശയിക്കുന്നത്. സാക്ഷികൾ അഞ്ച് ബോംബുനിർമാണ വിദഗ്ധരെക്കുറിച്ച് പറയുന്നുണ്ട്.‘ബാബാജി'യെക്കുറിച്ചും നാല് ‘ഗുരുജി'കളെക്കുറിച്ചുമാണ് അവർ പറയുന്നത്.

ബാബാജി സുരേഷ് നായരാണെന്ന് പിന്നീട് തിരിച്ചറിയുകയുണ്ടായി. 2007 അജ്മീർ ദർഗ സ്ഫോടനക്കേസിലെ പ്രതിയാണ‌് ഇയാൾ. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് കർണാടക എസ്ഐടി മറ്റു മൂന്ന് ബോംബുനിർമാണ വിദഗ്ധരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സന്ദീപ് ദാംഗെ, രാംജി കൽസാംഗര, അശ്വനി ചൗഹാൻ എന്നിവരാണ‌് അവർ. സംത്സോധ എക്സ്പ്രസ് സ്ഫോടനക്കേസിലെ പ്രതികളാണ‌് ഈ മൂന്നു പേരും. ദേശീയ അന്വേഷണ ഏജൻസിയുടെ വെബ്സൈറ്റിൽ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിൽപെട്ടവരാണ‌് ഇവർ. എടിഎസ് അന്വേഷണം അനുസരിച്ച് മലേഗാവ് ബോംബ്സ്ഫോടനത്തിനായി ഉപയോഗിച്ച ബൈക്ക് പ്രഗ്യ സിങ് താക്കൂറാണ് രാംജി കലസാംഗരയ‌്ക്ക് നൽകിയത്. അഞ്ചാമത്തെ ബോംബുനിർമാണ വിദഗ്ധനാണ് പ്രതാപ് ഹസ്ര. പശ‌്ചിമ ബംഗാളിലെ ഭവാനി സേന എന്ന സംഘടനയുമായി ബന്ധമുള്ള ആളാണ് പ്രതാപ് ഹസ്ര.

 

ആരാണ‌് സുരേഷ‌് നായർ?
പതിനൊന്നു വർഷം മുങ്ങിനടന്ന സുരേഷ് നായരെ ഗുജറാത്ത് എടിഎസാണ് 2018 നവംബറിൽ അറസ്റ്റുചെയ്യുന്നത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അഭിനവ് ഭാരതയുമായി ബന്ധമുള്ളവരെന്ന് ആരോപിക്കപ്പെടുന്ന നാലുപേരും ഇപ്പോഴും ഒളിവിലാണ്.
ജയ‌്‌പൂരിലെ ഒരു പ്രത്യേക എൻഐഎ കോടതി അജ്മീർ സ്ഫോടനക്കേസിലെ പ്രതികളായ ദേവേന്ദ്ര ഗുപ്തയ‌്ക്കും ഭവേഷ് പട്ടേലിനും ജീവപര്യന്തം തടവ‌് ശിക്ഷിച്ചത് 2017 മാർച്ചിലായിരുന്നു. ഇതേ കേസിലെ മറ്റൊരു പ്രതിയായിരുന്ന അസീമാനന്ദിന്റെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും അറസ്റ്റുചെയ്തിരുന്നത്.
അസീമാനന്ദിനെ പിന്നീട് എൻഐഎ കുറ്റവിമുക്തനാക്കിയെങ്കിലും അസീമാനന്ദിന്റെ കുറ്റസമ്മതം എൻഐഎയെ ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേൽ, സന്ദീപ് ദാംഗെ, മെഹുൽ, സുരേഷ് ഭായ്, രാമചന്ദ്ര കൽസാംഗര, സുനിൽ ജോഷി, ഭാരത്ഭായി എന്നിവരിലേക്ക‌് എത്തിച്ചു. 2006ലെ ഹൈദരാബാദ് മെക്ക മസ്ജിദ് സ്ഫോടനക്കേസിലും മലേഗാവ് സ്ഫോടനക്കേസിലും പ്രതി ചേർക്കപ്പെട്ടവരാണ് ഇവരൊക്കെ.

ജയ‌്‌പുർ കോടതി പ്രധാന കുറ്റവാളിയെന്ന് സംശയിച്ച് സുരേഷ് നായരെ കൂടുതൽ ചോദ്യംചെയ്യലിനായി വിട്ടുനൽകി. സംത്സോധ സ്ഫോടനക്കേസ് ഉൾപ്പെടെ നാല് ഭീകരവാദക്കേസുകളിൽ പ്രതികളായ സന്ദീപ് ദാംഗെ, കൽസാംഗര തുടങ്ങിയവരെക്കുറിച്ച് കൂടുതൽ അറിയാനായിരുന്നു ഇത്. ദാംഗെയും കൽസാംഗരയെയും കുറിച്ച് വിവരം നൽകുന്നവർക്ക് പത്തു ലക്ഷം പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.

എൻഐഎ വെബ്സൈറ്റിൽ നൽകിയ പ്രഥമ കുറ്റപത്രം അനുസരിച്ച് സ്വാമി അസീമാനന്ദ്, സുനിൽജോഷി (കൊല്ലപ്പെട്ടു), രാമചന്ദ്ര കൽസാംഗര, വിഷ്ണു പട്ടേൽ (ഇരുവരും ഒളിവിൽ) എന്നിവരുമായി ചേർന്ന് ദാംഗെ ‘ബോംബിനു പകരം ബോംബ്' എന്ന സിദ്ധാന്തം വികസിപ്പിച്ചെടുക്കുകയുണ്ടായി. ഇൻഡോർ മുതൽ ഡൽഹി വരെ നീളുന്ന പരിശീലനത്തെക്കുറിച്ചും കുറ്റപത്രം വെളിച്ചം നൽകുന്നുണ്ട്. പരിശീലനത്തിനുശേഷം‘അതിൽ പങ്കെടുത്തവർ’ മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളും മത കേന്ദ്രങ്ങളും ആക്രമിക്കാനും തീരുമാനിച്ചു. ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യാനായിരുന്നു ഇത‌്.

ഫെബ്രുവരിയിലാണ് സുപ്രീകോടതി കെ എം കലബുർഗി, ഗൗരി ലങ്കേഷ്, നരേന്ദ്ര ധാബോൾക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച‌് കണക്കിലെടുത്തതും കലബുർഗി കൊലപാതകക്കേസ് ഗൗരിലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന എസ്ഐടിക്ക് കൈമാറാൻ ആവശ്യപ്പെട്ടതും. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചിന്റെ മേൽനോട്ടത്തിലാണ് ഈ അന്വേഷണം നടക്കുന്നത്.

ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയിൽനിന്നുള്ള മുൻ ശിവസേന കൗൺസിലർ ശ്രീകാന്ത് പംഗാർക്കർ (40 വയസ്സ‌്), ശരദ് കലാസ്കർ (26), വസുദേവ് സൂര്യവംശി (29) എന്നിവരാണവർ. 2013ലെ നരേന്ദ്ര ധാബോൾക്കർ വധക്കേസിൽ വെടിവച്ചയാളെന്ന് സംശയിക്കുന്ന വ്യക്തിയാണ് ശരദ് കലാസ്കർ. മെക്കാനിക്കായ വസുദേവ് സൂര്യവംശിയാണ് 2015നും 17നും ഇടയിൽ സനാതൻ സൻസ്ത നടത്തിയ കൊലപാതകങ്ങൾ നടത്തുന്നതിനാവശ്യമായ മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച് സംഘടിപ്പിച്ചതെന്ന് സംശയിക്കുന്നു. ഇവർ മൂവരും നൽകിയ വിശദാംശങ്ങളിൽനിന്നാണ് സുരേഷ് നായരെ തിരിച്ചറിയാൻ സാധിച്ചത‌്.

(കടപ്പാട‌്: ന്യൂസ‌് ക്ലിക്ക‌്)
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top