30 May Saturday

സേലം:- മറ്റൊരു ജാലിയൻ വാലാ ബാഗ്‌

പി മോഹൻദാസ്‌Updated: Tuesday Feb 11, 2020


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്ത നിരവധി ഏടുണ്ട്‌. ഇന്ത്യക്കാരോടുള്ള ബ്രിട്ടീഷ്‌ ക്രൂരതയുടെ ഏറ്റവും കറുത്ത അധ്യായങ്ങളായി നാം എന്നും ഓർക്കുന്ന ജാലിയൻ വാലാബാഗും വാഗൺ ട്രാജഡിയെന്ന്‌ അവർ വിളിക്കുന്ന വാഗൺ കൂട്ടക്കൊലയും.  ഇതിനു രണ്ടിനും ചില സമാന സ്വഭാവങ്ങളുണ്ട്‌. സമരഭടന്മാർക്ക്‌ രക്ഷപ്പെടാൻ പഴുതുകളില്ലാതാക്കി അവരെ ക്രൂരമായി വധിക്കുകയെന്നതാണിത്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടൊപ്പം നിന്നുകൊണ്ട്‌ സമരവേദിയിലേക്കിറങ്ങിയ കമ്യൂണിസ്റ്റുകാർക്ക്‌ സ്വാതന്ത്ര്യ സമ്പാദനത്തിന്റെ  ആദ്യനാളുകളിൽ തന്നെ കോൺഗ്രസ്‌ ഭരണാധികാരികളിൽനിന്ന്‌ ഏറ്റുവാങ്ങേണ്ടിവന്നത്‌ കൊളോണിയൽ ഭരണാധികാരികൾ കാണിച്ച അതേ പൈശാചികതയാണ്‌. സമരമുഖങ്ങളിലും ലോക്കപ്പുകളിലും വച്ച്‌ അവർ പിച്ചിച്ചീന്തിയ ജീവിതങ്ങൾക്ക്‌ കണക്കില്ല. ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട അതേ ദിനത്തിലാണ്‌ നാട്ടികയിലെ കമ്യൂണിസ്റ്റ്‌ നേതാവായിരുന്ന സർദാർ ഗോപാലകൃഷ്‌ണനെ വലപ്പാട്‌ ലോക്കപ്പിലിട്ട്‌ മർദിച്ചുകൊന്നത്‌. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്‌ ദിനത്തിലും ജയിലറയ്‌ക്കുള്ളിൽ കഴിയാൻ വിധിക്കപ്പെട്ട  നൂറുകണക്കിന്‌ കർഷക, കമ്യൂണിസ്റ്റ്‌ പോരാളികളെയാണ്‌ റിപ്പബ്ലിക്‌ ദിനത്തിന്റെ രണ്ടാഴ്‌ചയ്‌ക്കുശേഷം 1950 ഫെബ്രുവരി 11ന്‌ സേലം ജയിലിലെ അനക്‌സിൽ വെടിയുണ്ടയ്‌ക്ക്‌ വിധേയരാക്കിയത്‌.

1940നു ശേഷം മലബാർ നിരവധി ജനകീയ സമരങ്ങളുടെ തീച്ചൂളയിലായിരുന്നു. 1939 സെപ്‌തംബർ മൂന്നിന്‌ ഇന്ത്യയെ യുദ്ധ പങ്കാളിയാക്കിയപ്പോൾമുതൽ ആരംഭിച്ച സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റം വമ്പിച്ച ജനകീയ സമരമുന്നേറ്റങ്ങളുടെ രൂപവും ഭാവവും കൈവരിച്ചു. പാവപ്പെട്ട കർഷകർ, തൊഴിലാളികൾ, അധ്യാപകർ, യുവജനങ്ങൾ, മഹിളകളടക്കമുള്ള ബഹുജനങ്ങൾ തുടങ്ങിയവരെല്ലാം സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ശ്രേണിയിൽ അണിനിരന്നു. 1942നു ശേഷം യുദ്ധം വരുത്തിവച്ച ക്ഷാമം, ദുരിതം, പകർച്ചവ്യാധി എന്നിവയ്‌ക്കെതിരെ ശക്തമായ പുതിയ സമരമുന്നേറ്റങ്ങൾ  ഇവിടെ വളർന്നുവന്നു. ഭക്ഷണം ക്ഷാമത്തിനെതിരെയുള്ള സമരമുന്നേറ്റത്തിന്റെ വിവിധ രൂപങ്ങൾ തെക്കേ ഇന്ത്യയുടെ പല ഭാഗത്തുമുണ്ടായെങ്കിലും മലബാർ അതിൽ വലിയ പങ്കുവഹിച്ചു. കാവുമ്പായി, കരിവെള്ളൂർ തുടങ്ങിയ സമരമുന്നേറ്റങ്ങളുടെ തുടർച്ചയാണ്‌ ഏകദേശം 1950 വരെ നീണ്ടുനിന്നത്‌. ലോകയുദ്ധം അവസാനിച്ചിട്ടും അവസാനിക്കാതെ പോയ യുദ്ധക്കെടുതികൾക്കെതിരായുള്ള നിരന്തരമായ സമരത്തുടർച്ചയാണ്‌ രാഷ്‌ട്രീയസ്വാതന്ത്ര്യം ലഭിച്ചിട്ടും ഇവിടെ നിലയ്‌ക്കാതെ നിലനിന്നത്‌.

കരിവെള്ളൂർ, കാവുമ്പായി സമരങ്ങൾക്കുശേഷം മലബാറിൽ രൂപംകൊണ്ട ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള അതിതീക്ഷ്‌ണമായ സമരമുഖങ്ങളായിരുന്നല്ലോ ഒഞ്ചിയം, തില്ലങ്കേരി, മുനയൻകുന്ന്‌, കോറോം തുടങ്ങിയവ. ഈ സമരങ്ങളിൽ പങ്കെടുത്തവരെയെല്ലാം സേലം ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്‌. വിവിധ കേസുകളിൽ വിവിധ കാലങ്ങളിലേക്കായി ശിക്ഷയനുഭവിക്കുന്നവർ ഇവിടെ ഉണ്ടായിരുന്നു. ഇവർ അധികവും സേലം ജയിലിന്റെ അനക്‌സിലാണ് ഉണ്ടായിരുന്നത്‌. സി കണ്ണൻ, കാന്തലോട്ട്‌ കുഞ്ഞമ്പു, ടി കെ രാജു, കെ കൃഷ്‌ണൻ മാസ്‌റ്റർ, സ്‌റ്റാലിൻ ബാലൻ, എം കണാരൻ തുടങ്ങിയ നേതാക്കളെല്ലാം ഈ അനക്‌സിൽ തന്നെയാണുണ്ടായിരുന്നത്‌. പല തരത്തിലുള്ള മർദനവും ഭീഷണികളും ജയിലിനകത്തു നടത്താൻ ജയിലുദ്യോഗസ്ഥർക്ക്‌ ഒരു മടിയുമുണ്ടായിരുന്നില്ല. എല്ലാ തരത്തിലുമുള്ള ഇത്തരം നെറികേടുകൾക്കും മദിരാശി സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്‌ ഗവൺമെന്റിന്റെ പിന്തുണയുണ്ടായിരുന്നു. മലബാറുകാരൻ തന്നെയായിരുന്ന കോഴിപ്പുറത്തു മാധവമേനോനായിരുന്നു ജയിൽ മന്ത്രി.

1950 ഫെബ്രുവരി 11നു പകൽ 11 കഴിഞ്ഞിട്ടും തടവുകാരെ പൂട്ടിയിട്ട  ബ്ലോക്കുകളൊന്നും തുറന്നില്ല. പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യംപോലും ചെയ്‌തുകൊടുത്തില്ല. 11 മണിക്കുശേഷം ബ്ലോക്കുകൾ തുറന്ന്‌ വെടിയുണ്ടകൾ തടവുകാർക്കുനേരെ ചീറിപ്പാഞ്ഞു. വെടിപ്പുക അനക്‌സിൽ നിറഞ്ഞു. നിലത്ത്‌ രക്തം തളംകെട്ടി

റിപ്പബ്ലിക്‌ ദിനം പ്രമാണിച്ച്‌ ആറു മാസത്തിൽ കുറഞ്ഞ തടവുശിക്ഷ ലഭിച്ചവർക്ക്‌ ഇളവ്‌ അനുവദിച്ചുകൊണ്ട്‌ ജയിലിൽനിന്ന്‌ വിട്ടയക്കുമെന്നു പറഞ്ഞ്‌ ജയിൽ സൂപ്രണ്ട്‌ തടവുകാരെ വിളിപ്പിച്ചെങ്കിലും അവരെയെല്ലാം മർദിച്ച്‌ അവശരാക്കി തിരിച്ചയക്കുകയാണുണ്ടായത്‌. തുടർന്ന്‌ പല തരത്തിലുള്ള ഭീഷണികളും മർദനമുറകളും തടവുകാരുടെമേൽ ജയിലധികൃതർ നടത്തി.

അപ്രതീക്ഷിതമായാണ്‌ ആ ദിവസം വന്നത്‌. 1950 ഫെബ്രുവരി 11നു പകൽ 11 കഴിഞ്ഞിട്ടും തടവുകാരെ പൂട്ടിയിട്ട  ബ്ലോക്കുകളൊന്നും തുറന്നില്ല. പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യംപോലും ചെയ്‌തുകൊടുത്തില്ല. 11 മണിക്കുശേഷം ബ്ലോക്കുകൾ തുറന്ന്‌ വെടിയുണ്ടകൾ തടവുകാർക്കുനേരെ ചീറിപ്പാഞ്ഞു. വെടിപ്പുക അനക്‌സിൽ നിറഞ്ഞു. നിലത്ത്‌ രക്തം തളംകെട്ടി. 220 പേരാണ്‌ ആ അനക്‌സിൽ ഉണ്ടായിരുന്നത്‌. നിരവധിപേർ തൽക്ഷണം മരിച്ചുവീണു. പൊലീസ്‌ അനക്‌സിനുള്ളിൽ കയറി മരിച്ചിട്ടില്ലാത്തവരെ തോക്കിൻ പട്ട കൊണ്ട്‌ അടിച്ചുകൊന്നു. 17 പേർ സംഭവസ്ഥലത്തും അഞ്ചുപേർ ആശുപത്രിയിലുമാണ്‌ മരിച്ചത്‌. നിരവധിപേർ ജീവിതകാലം മുഴുവൻ നരകയാതന അനുഭവിച്ചു കഴിഞ്ഞുകൂടി. കൂത്തുപറമ്പിലെ യു നാരായണമാരാർ, പയ്യന്നൂരിലെ കണ്ണൻ, കുട്ടി, ഇരിട്ടിയിലെ ദാമോദരൻനമ്പ്യാർ തുടങ്ങിയവർ ഇതിന്റെ ഉദാഹരണങ്ങളാണ്‌. സഖാക്കൾ സി കണ്ണൻ, കാന്തലോട്ട്‌ കുഞ്ഞമ്പു, കെ കൃഷ്‌ണൻ മാസ്‌റ്റർ, എം കണാരൻ, സ്‌റ്റാലിൻ ബാലൻ തുടങ്ങിയവർ അത്ഭുതകരമായി രക്ഷപ്പെട്ടു. രക്തസാക്ഷികളായ 22 പേരിൽ 19 പേരും മലബാറിലെ സഖാക്കളായിരുന്നു. രണ്ടു പേർ തമിഴ്‌ സഖാക്കളും ഒരാൾ ആന്ധ്രക്കാരനുമാണ്‌.


 

ജയിലിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച്‌ ഒരു കള്ളക്കേസ്‌ ചമയ്‌ക്കാനാണ്‌ ജയിൽ മന്ത്രി കോഴിപ്പുറത്തു മാധവമേനോൻ പിന്നീട്‌ ശ്രമിച്ചത്‌. 104 തടവുകാരെ പ്രതിചേർത്ത്‌ പിന്നീട്‌ ഒരു കേസുണ്ടാക്കുകയും ചെയ്‌തു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാൻ ഒരു ജുഡീഷ്യൽ കമീഷനെ മദിരാശി ഗവൺമെന്റ്‌ പിന്നീട്‌ നിയമിച്ചു. പക്ഷേ, കമീഷന്‌ മുന്നിൽ തെളിവ്‌ നൽകേണ്ടതില്ലെന്ന്‌ കമ്യൂണിസ്റ്റ്‌ പാർടി തീരുമാനിച്ചു. ഈ കേസ്‌ പിന്നീട്‌ പിൻവലിക്കേണ്ടിവന്നു.

കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ കാട്ടിയ അതേ പൈശാചിക മനോഭാവമാണ്‌ പിന്നീട്‌ അധികാരത്തിൽ വന്ന കോൺഗ്രസ്‌ ഗവൺമെന്റിനും ഉണ്ടായിരുന്നത്‌ എന്നതിന്റെ ഏറ്റവും നല്ല തെളിവാണ്‌ സേലം ജയിലിലെ കൂട്ടക്കൊല. കോഴിപ്പുറത്തു മാധവമേനോൻ എന്ന അതിക്രൂരനായ ഭരണാധികാരിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ അരങ്ങേറിയ ഈ സംഭവത്തിനുശേഷം മന്ത്രിസഭയിലെന്നല്ല നിയമസഭയിൽ പോലുമെത്താൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. കൃഷിഭൂമി കർഷകന്റേതാക്കി മാറ്റാനുള്ള പോരാട്ടങ്ങൾക്ക്‌ പുതുജീവൻ നൽകാൻ 1950കൾക്ക്‌ കഴിഞ്ഞത്‌ ഇത്തരം ഐതിഹാസികമായ സംഭവങ്ങളുടെ ഫലം കൊണ്ടുകൂടിയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top