06 December Friday

ശബരിമല: ചീഫ് ജസ്‌റ്റിസിന്റെ വിധിന്യായത്തിന് വിമര്‍ശം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

 ന്യൂഡൽഹി> പുനഃപരിശോധനാ ഹർജികളിൽ തീർപ്പുകൽപ്പിക്കാതെ വിശാല ഭരണഘടനാ ബെഞ്ച്‌ രൂപീകരിച്ച ചീഫ്ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌യുടെ വിധിന്യായത്തെ ജസ്‌റ്റിസുമാരായ നരിമാനും ചന്ദ്രചൂഡും പ്രത്യേക വിധിന്യായത്തിൽ രൂക്ഷമായി വിമർശിച്ചു. അഞ്ചംഗ ബെഞ്ച്‌ മുമ്പാകെയുള്ളത്‌ 2018 സെപ്‌തംബർ 28ന്‌ പുറപ്പെടുവിച്ച ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജികളാണ്‌.  മുസ്ലിംസ്‌ത്രീകളുടെ പള്ളിപ്രവേശമടക്കം സുപ്രീംകോടതി പരിഗണനയിലുള്ള മറ്റ്‌ പല വിഷയങ്ങളും പരാമർശിച്ചാണ്‌ ചീഫ്‌ജസ്‌റ്റിസിന്റെ വിധി. ഇതിനോട്‌ യോജിക്കാനാകില്ല. വിശാല ബെഞ്ച്‌ തീരുമാനമെടുക്കുംവരെ പുനഃപരിശോധനാ ഹർജികളും റിട്ട്‌ ഹർജികളും പരിഗണനയിൽത്തന്നെ തുടരും.

ജസ്‌റ്റിസ്‌ കൃഷ്‌ണയ്യരുടെ വിധി ചൂണ്ടിക്കാട്ടി
വിപുല ബെഞ്ച്‌ പരിശോധിക്കാൻപോകുന്ന വിഷയങ്ങളൊന്നുംതന്നെ നിലവിൽ ഈ ബെഞ്ചിന്റെ പരിഗണനയിലില്ല. പുനഃപരിശോധനാ ഹർജികളുടെ സ്വഭാവം എങ്ങനെ വേണമെന്ന്‌ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യർ ചന്ദ്രകാന്തെ കേസിൽ വ്യക്തമാക്കിയിട്ടുണ്ട്‌.  വിധിന്യായത്തിൽ ഗുരുതരമായ പിശകോ വിട്ടുപോകലോ തെറ്റോ സംഭവിച്ചാലാണ്‌ പുനഃപരിശോധനയിലേക്ക്‌ നീങ്ങേണ്ടത്‌. അതല്ലാതെ മറ്റൊരു അഭിഭാഷകനെവച്ച്‌ പഴയ വാദങ്ങൾ ആവർത്തിക്കുന്നതിൽ കാര്യമില്ല. നിരവധി കേസുകൾ തീർപ്പാകാതെയുള്ള സാഹചര്യത്തിൽ അനാവശ്യമായി പുനഃപരിശോധനാ അപേക്ഷകൾ പരിഗണിക്കുന്നത്‌ നീതിയുക്തമല്ലെന്ന്‌ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യർ പറയുന്നു–- ജസ്‌റ്റിസ്‌ നരിമാൻ ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാര്‍ വീണ്ടും ഇടപെടും
1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനചട്ടം ശബരിമലയ്‌ക്ക്‌ ബാധകമാണോ എന്ന്‌ വിശാല ബെഞ്ചിന്‌ പരിശോധിക്കാമെന്ന്‌ ചീഫ്‌ജസ്‌റ്റിസിന്റെ ഉത്തരവിലുണ്ട്‌. ഇത്‌  കേസിലെ കക്ഷികൾക്ക്‌ ഇപ്പോൾ പരിഗണിക്കുന്ന പുനഃപരിശോധനാ ഹർജികളിൽ വീണ്ടുമൊരു ഇടപെടലിന്‌ അവസരമൊരുക്കും.

വാദങ്ങള്‍ കഴമ്പില്ലാത്തത്
ശബരിമലക്ഷേത്രം ഹിന്ദുക്ഷേത്രമല്ല, വിശ്വാസകാര്യങ്ങളിൽ നിയമപരമായ പുനഃപരിശോധന സാധ്യമല്ല, സ്‌ത്രീപ്രവേശനം അനുവദിച്ച വിധി ന്യൂനപക്ഷങ്ങളുടെ അടക്കം മതാവകാശങ്ങളെ ഹനിക്കും തുടങ്ങിയ വാദമുഖങ്ങളെല്ലാംതന്നെ കഴമ്പില്ലാത്തതാണ്‌. ഹിന്ദു ആരാധനാലയങ്ങൾ എല്ലാ വിഭാഗം ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കണമെന്നാണ്‌ കേരള ഹിന്ദു ആരാധനാലയ പ്രവേശനചട്ടം. നൈഷ്‌ഠിക ബ്രഹ്‌മചാരി വാദങ്ങളെല്ലാംതന്നെ നേരത്തെയും ഉയർത്തിയതാണ്‌. കാരണങ്ങളൊന്നുംതന്നെ ഇല്ലാത്തതിനാൽ പുനഃപരിശോധനാ ഹർജികൾ തള്ളുന്നു–- ജസ്‌റ്റിസ്‌ നരിമാൻ വിധിന്യായത്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top