16 February Saturday

പൊളിക്കാനാകുമോ ആദർശങ്ങളെ

കെ ഇ എൻUpdated: Thursday Mar 8, 2018ത്രിപുരയിൽ ഇന്ത്യൻ ഫാസിസ്റ്റുകൾ അടിച്ചുതകർത്തത്, ലെനിന്റെ വെറുമൊരു പ്രതിമയല്ല, ജനാധിപത്യത്തിന്റെ സോഷ്യലിസ്റ്റ് സ്വപ്നമാണ്. ഫാസിസ്റ്റുകൾ എത്രതവണ അടിച്ചു തകർത്താലും പ്രശസ്തകവി മയക്കോവ്സ്കി എഴുതിയപോലെ, നിങ്ങൾക്കൊരിക്കലും 'മഹാനായ ലെനിനെ' മറികടന്ന് എങ്ങും പോകാൻ പറ്റുകയില്ല. വലതുപക്ഷശക്തികൾ കുഴിച്ചുമൂടാനും കവച്ചുകടക്കാനും എത്രയെത്രയോ ശ്രമിച്ചിട്ടും നടക്കാത്തൊരു കാര്യമാണ് ത്രിപുരയിൽ നടപ്പാക്കാനാകുമെന്ന് സംഘപരിവാർ ശക്തികൾ വെറുതെ കിനാവുകാണുന്നത്. കമ്പിയും സിമെന്റുംകൊണ്ട് നിർമിച്ച പ്രതിമകൾ പൊളിക്കാൻ നിങ്ങളുടെ ബുൾഡോസറുകൾക്ക് കഴിയും. പക്ഷേ ജനാധിപത്യത്തിന്റെ മഹത്തായ ആദർശങ്ങൾ പൊളിക്കാൻ നിങ്ങൾക്കോ നിങ്ങളുടെ സ്പെഷ്യൽ ത്രിശൂലങ്ങൾക്കോ ബുൾഡോസറുകൾക്കോ കഴിയുകയില്ല. ലെനിൻ നിങ്ങൾ മോഹിക്കുംവിധം പൊളിയുന്നൊരു പ്രതിമയല്ല. ജ്വലിക്കുന്നൊരു പ്രക്ഷോഭചരിത്രത്തിന്റെ ചുരുട്ടിയ മുഷ്ടിയാണ്. മനുഷ്യജീവിതത്തിന്റെ വഴിമുടക്കികൾക്ക്, ചരിത്രത്തിന്റെ വഴി തിരിച്ചുവിട്ടൊരു വിപ്ലവകാരിക്കുമുമ്പിൽ ആത്മബോധത്തോടെ നിവർന്ന് നിൽക്കാൻപോലും കഴിയില്ല. ലെനിനോട് വിയോജിക്കുന്നവർപോലും മുമ്പ് അദ്ദേഹത്തിന്റെ മുമ്പിലും ഇന്ന് ആ ജ്വലിക്കുന്ന സ്മരണയ്ക്കുമുമ്പിലും വിനയാന്വിതരാകുന്നത് ഭയന്നിട്ടല്ല, ബഹുമാനംകൊണ്ടാണ്. അതുകൊണ്ടാണ് ഫാസിസ്റ്റുകളൊഴിച്ച് സർവരും ലെനിന്റെ പ്രതിമ തകർത്തതിനെതിരെ പ്രതികരിക്കുന്നത്. മാർക്സിസം‐ലെനിനിസം എന്ന വിമോചനത്തിന്റെ തത്വചിന്ത, ഇന്ത്യൻജനതയിൽ വലിയൊരു വിഭാഗം ഇനിയും സ്വാംശീകരിച്ചിട്ടില്ല. എന്നിട്ടും ഇന്ത്യൻ ഫാസിസ്റ്റുകളെ ഏറ്റവുമേറെ അസ്വസ്ഥപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും മാർക്സിസമാണ്! കമ്യൂണിസ്റ്റ് പാർടി ഇന്ത്യയിൽ വലിയൊരു പാർടിയല്ല, എന്നിട്ടും ഫാസിസ്റ്റുകളായ ഫാസിസ്റ്റുകളെല്ലാം അതിനെയാണ് വല്ലാതെ ഭയപ്പെടുന്നത്.

സ്വന്തം സൈദ്ധാന്തികഗ്രന്ഥത്തിൽ ആധികാരികമായിത്തന്നെ, സോഷ്യലിസത്തെ തകർക്കാൻ യുഎസിന്റെ ഡോളർമാത്രം പോരാ, ഞങ്ങളുടെ സഹായവുംകൂടി ആവശ്യമാണെന്ന് സാമ്രാജ്യത്വത്തെ ബോധ്യപ്പെടുത്താൻ എത്രയോമുമ്പേ ശ്രമിച്ച സംഘപരിവാർശക്തികൾക്ക് ഇന്ന് ത്രിപുരയിൽ ജയിച്ചപ്പോൾ, വിദേശത്തുനിന്ന് ധാരാളം പിന്തുണ ലഭിച്ചെന്ന് വെളിപ്പെടുത്തിയത് സംഘപരിവാർ വിമർശകരല്ല, ബിജെപി ജനറൽ സെക്രട്ടറി രാം മാധവാണ്. ജനങ്ങൾ ലെനിന്റെ  പ്രതിമ നീക്കംചെയ്യുന്നു, റഷ്യയിലല്ല ത്രിപുരയിൽ എന്ന് അലറിയതും ഇതേ രാംമാധവാണ്. ഇതുതന്നെയാണ് സംഘപരിവാർ മുഖപത്രമായ ജന്മഭൂമിയിലെ ഒന്നാംപുറത്തിലെ ചിത്രസഹിതവാർത്തയായി ഇന്നച്ചടിച്ചുവന്നിട്ടുള്ളതെന്നുകൂടി, മതേതരവാദികൾ മനസ്സിലാക്കണം. റഷ്യൻ വിപ്ലവത്തിന്റെ ഇരുനൂറാംവാർഷികം വിവിധ മാധ്യമങ്ങൾ സ്വന്തം കാഴ്ചപ്പാടനുസരിച്ച് വിശകലനവിധേയമാക്കിയപ്പോൾ, 'തകരണം ബോൾഷെവിക് മിഥ്യ' എന്ന തലക്കെട്ടിൽ ജന്മഭൂമി അന്ന് എഴുതിയത് അയൽരാജ്യമായ പാകിസ്ഥാനിൽ ഇടയ്ക്കിടെ നടക്കുന്ന പട്ടാള അട്ടിമറി പോലുള്ള എന്തോ ഒന്ന് മുമ്പ് റഷ്യയിലും നടന്നു എന്നാണ്. റഷ്യൻ വിപ്ലവനായകനായ ലെനിനെ 'യമൻ' എന്നു വിളിക്കാനും അവർക്കൊരു മടിയുമുണ്ടായില്ല. മഹാത്മാഗാന്ധിവധം മധുരം നൽകി ആഘോഷിച്ചവർ ത്രിപുരയിലെ വിജയം ലെനിന്റെ പ്രതിമ തകർത്തും ത്രിപുരയ്ക്ക് തീകൊടുത്തുമാണ് ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു ഗുണ്ടായിസത്തെ ഒരു ക്രിമിനൽ ആൾക്കൂട്ടത്തിന്റെ തെമ്മാടിത്തം എന്ന് പറയുന്നതിനു പകരം, അതിലും അഭിരമിക്കുകയാണവർ. ബാമിയാനിലെ ബുദ്ധപ്രതിമ തകർത്ത താലിബാന്റെ ഇന്ത്യൻ പതിപ്പായി ജീർണിച്ചവർ എന്തോ അഭിമാനകരമായ ഒരു കാര്യം നിർവഹിച്ച കൃതാർഥതയോടെയാണ് പ്രസ്തുത ഭീകരകൃത്യത്തെ സ്വന്തം പത്രത്തിൽ പ്രകീർത്തിക്കുന്നത്.

'മാറ്റത്തിന്റെ കൊടുങ്കാറ്റിൽ ത്രിപുരയിൽ കമ്യൂണിസത്തിന്റെ വൈദേശികബിംബങ്ങളെ നാട്ടുകാർ തൂത്തെറിയുന്നു. മാറ്റത്തിനായുള്ള ത്രിപുരയിലെ ജനങ്ങളുടെ ആവേശത്തോടെയുള്ള ആഗ്രഹത്തിന്റെ പ്രതിഫലനമായി ബിജെപി വൻവിജയം നേടിയതിനു പിന്നാലെയാണ് നാട്ടുകാർ ലെനിന്റെ പ്രതിമ നീക്കിയത്. പ്രതിമ തകർക്കുമ്പോൾ ഭാരത് മാതാകീ ജയ് വിളികൾ മുഴങ്ങിയതായും റിപ്പോർട്ടുണ്ട്.'‐(ജന്മഭൂമി).

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തപ്പോൾ ആദ്യദിവസമെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഫാസിസ്റ്റുകൾ രാഷ്ട്രത്തോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം കിട്ടിയപ്പോൾ ജനാധിപത്യത്തിന്റെ കണ്ണുതന്നെ ചൂഴ്ന്നെടുക്കാനാണിവർ കോപ്പുകൂട്ടുന്നത്. ത്രിപുര ഗവർണർ തഥാഗത് റോയിമുതൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻസ്വാമിവരെ പ്രതിമ തകർത്തതിൽ വ്യത്യസ്ത തരത്തിൽ അർമാദിക്കുന്നതായാണ് കാണുന്നത്. 'ലെനിൻ ഒരു ഭീകരനായിരുന്നു. അത്തരത്തിലൊരാളുടെ പ്രതിമ ഇന്ത്യയിൽ എന്തിന് സ്ഥാപിച്ചു' എന്നാണ് സ്വാമിയുടെ ഫാസിസ്റ്റ് ചോദ്യം! ഏതൊക്കെ പ്രതിമകൾ സ്ഥാപിക്കാമെന്നും ഏതൊക്കെ സ്ഥാപിച്ചുകൂടെന്നും ബിജെപി വക്താവ് സുബ്രതചക്രവർത്തി ഉത്തരവിറക്കുകയും ചെയ്തിരിക്കുന്നു.

ഫാസിസ്റ്റുകൾ ജയിച്ചാൽ മരിച്ചവർക്കുപോലും രക്ഷയുണ്ടാവില്ലെന്നുള്ളത് നൂറുശതമാനവും സത്യമായിത്തീർന്നിരിക്കുന്നു. ലെനിന്റെ പ്രതിമ തകർക്കുന്നതുകൊണ്ടും ത്രിപുരയ്ക്ക് തീകൊടുക്കുന്നതുകൊണ്ടും ഫാസിസ്റ്റ് രക്തദാഹം തീരുകയില്ല. അത് പെരിയാറിനെയും ഗാന്ധിജിയെയും നെഹ്റുവിനെയും ശ്രീനാരായണഗുരുവിനെയും നമ്മളെയൊക്കെയും ഒരുനാൾ തേടിവരും. പക്ഷേ ഇന്ന് വൈകാരിക അപസ്മാരത്തിനടിമപ്പെട്ട്, ഫാസിസ്റ്റ് കൊലക്കത്തിയായി ചുരുങ്ങുന്നവർ നാളെ ചിന്തിക്കാൻ തുടങ്ങുമ്പോൾ ചരിത്രം മാറും. കൊലക്കയർപോലും അന്ന് ഊഞ്ഞാലുകളാകും. ബ്രെഹ്ത് എഴുതിയതാണ് ശരി. 'ഹേ ജനറൽ, നിങ്ങളുടെ 'ബുൾഡോസർ' അത്യുഗ്രൻതന്നെ, അതിന് 'ലെനിൻ പ്രതിമ' പൊളിക്കാനും പരശ്ശതം മനുഷ്യരെയും വീടുകളെയും തട്ടിനിരപ്പാക്കാനും കഴിയും. പക്ഷേ ജനറൽ, അതിനൊരു കുഴപ്പമുണ്ട്. അതോടിക്കാൻ ഒരു ഡ്രൈവർ വേണം. ഹേ ജനറൽ, മനുഷ്യൻ വളരെ ഉപകാരമുള്ളൊരു ജീവിയാണ്. അവന് 'പൊളിക്കാനും' കൊല്ലാനും കഴിയും. പക്ഷേ ജനറൽ, ഒരു കുഴപ്പമുണ്ട്. അവന് ചിന്തിക്കാനും കഴിയും.

'ചിന്തകളെ' കൊന്ന് കുഴിച്ചുമൂടാനാണ് ഫാസിസം  'വികാരഭീകരതകളുടെ' അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുന്നത്. പക്ഷേ അവരെങ്ങനെ തലകുത്തിമറിഞ്ഞാലും, അവർക്ക് അവരുടെതന്നെ പ്രവർത്തനങ്ങളെ നിർണയിക്കുന്ന വസ്തുനിഷ്ഠസാഹചര്യങ്ങളെ മറിച്ചിടാനാകില്ല. ലെനിനെയും ത്രിപുരയിലെ പൊരുതുന്ന മനുഷ്യരെയും!

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top