10 August Monday

സംവരണ അട്ടിമറി

കോടിയേരി ബാലകൃഷ്ണൻUpdated: Friday Aug 23, 2019പിന്നോട്ടടിക്കപ്പെടുന്ന ഒരു ഇന്ത്യയിലേക്ക് വളരെ വേഗം രാജ്യത്തെ എത്തിക്കാനാണ് മോഡി സർക്കാരും ആർഎസ്എസും രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുന്നത്. കശ്മീരിൽ മുഴങ്ങുന്ന ജനാധിപത്യത്തിന്റെ മരണമണി ആ വിഷയത്തിലും അവിടെയും മാത്രമായി പരിമിതപ്പെടുന്നില്ല. നൂറ്റാണ്ടുകളിലെ പോരാട്ടങ്ങളിലൂടെ സ്വതന്ത്ര ഇന്ത്യയിൽ നിലനിൽക്കുന്ന സംവരണം എന്ന സാമൂഹ്യ പരിരക്ഷാ സംവിധാനത്തെ തകിടംമറിക്കാൻ കാവിക്കണ്ണുകൾ നോട്ടമിട്ടിരിക്കുന്നു. അതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സംവരണവിരുദ്ധ പരാമർശത്തിലൂടെ ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് നിലനിൽക്കുന്ന സംവരണത്തെക്കുറിച്ച് ചർച്ച വേണമെന്ന് ആർഎസ്എസ് സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിച്ചപ്പോൾ ഭാഗവത് നിർദേശിച്ചു. ശിക്ഷാസംസ്കൃതി ഉത്ഥൻ ന്യാസ് എന്ന സംഘപരിവാർ സംഘടന ഇഗ്നോ കേന്ദ്രത്തിൽ സംഘടിപ്പിച്ച ജ്ഞാനോത്സവത്തിലായിരുന്നു ഈ പ്രസംഗം. സംവരണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സൗഹാർദപരമായ അന്തരീക്ഷത്തിൽ ഇതേക്കുറിച്ച് ചർച്ച ചെയ്യണമെന്നാണ് ഭാഗവത് പറഞ്ഞത്. രാജ്യം കശ്മീരിന് അനുവദിച്ച പ്രത്യേക അവകാശാധികാരങ്ങൾ ഒരു ദിനം ഇരുട്ടിവെളുക്കുംമുമ്പ് ഇല്ലാതാക്കാൻ, സ്വന്തം മുന്നണിക്ക് ഭൂരിപക്ഷം ഇല്ലാത്ത രാജ്യസഭയിൽ "സൗഹാർദപരമായ വിലയ്ക്കെടുക്കൽ അന്തരീക്ഷം' സൃഷ്ടിച്ചത് എല്ലാവരും കണ്ടതാണ്. സംവരണം അട്ടിമറിക്കാനുള്ള നിയമനിർമാണത്തിനും ഇത്തരം സൗഹാർദാന്തരീക്ഷം നിർബന്ധപൂർവം വാർത്തെടുക്കാൻ കഴിയും എന്ന ഹുങ്കിലാണ് സംഘപരിവാർ.

ആർഎസ്എസ് പണ്ടേ എതിരാണ്
പട്ടികജാതി‐വർഗ, പിന്നോക്കവിഭാഗങ്ങൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുമാണ് ഇന്ന് രാജ്യത്ത് സംവരണമുള്ളത്. ഇതിന് ആർഎസ്എസ് പണ്ടേ എതിരാണ്. ഭാഗവതാകട്ടെ ആർഎസ്എസ് നിലപാട് മയമില്ലാതെ പല ഘട്ടങ്ങളിലും പറയുന്നുണ്ട്. 2015ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ അദ്ദേഹം നടത്തിയ സംവരണവിരുദ്ധ പരാമർശം വലിയ തെരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നു. അന്ന് പല ബിജെപി നേതാക്കളും ഞാണിന്മേൽ കളി നടത്തിയിരുന്നു. എന്നാൽ, 2017 ജനുവരി 20ന് ആർഎസ്എസ് താത്വികാചാര്യൻ മൻമോഹൻ വൈദ്യസംവരണം തുല്യനീതി നിഷേധിക്കലാണെന്നും സാമൂഹ്യ സംഘർഷം ഉണ്ടാക്കുന്നതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് പറഞ്ഞത് ജയ്പുർ സാഹിത്യോത്സവത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു. ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഏകാത്മക മാനവദർശനം സംവരണത്തിന് അനുകൂലമല്ല. അതിനനുസരിച്ച നിലപാട് ആർഎസ്എസ് മേധാവിയിൽനിന്നുമുണ്ടാകുന്നു എന്നുമാത്രം. അതായത്, ഇതൊരു നാവുപിഴ അല്ല.

മനുസ്മൃതി ചിന്തയും ചാതുർവർണ്യസിദ്ധാന്തവുമുള്ള വൈദികസംസ്കാരമാണ് ആർഎസ്എസ് മുറുകെപ്പിടിക്കുന്നത്. ഹിന്ദുത്വമെന്നാൽ അത് പുരാതന ഭാരതീയ സംസ്കാരമാണെന്നും അതിലെ ചാതുർവർണ്യത്തെ ചോദ്യംചെയ്യാൻ പാടില്ലെന്നുമുള്ള ആശയമാണ് ഏകാത്മക മാനവദർശനത്തിലുള്ളത്. ഇതേപ്പറ്റി ദീൻ ദയാൽ ഉപാധ്യായ ഉൾപ്പെടെയുള്ള ആർഎസ്എസ് നേതാക്കൾ ഒരുപാട് ഉപന്യസിച്ചിട്ടുണ്ട്. നമ്മുടെ വർണവ്യവസ്ഥയെ വിരാട് പുരുഷന്റെ നാല് അംഗങ്ങളായിട്ടാണ് ഇവർ കരുതുന്നത്. ശിരസ്സിൽനിന്ന് ബ്രാഹ്മണനും ബാഹുക്കളിൽനിന്ന് ക്ഷത്രിയനും ഊരുകളിൽനിന്ന് വൈശ്യനും പാദങ്ങളിൽനിന്ന് ശൂദ്രനും ഉത്ഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ദീൻദയാൽ ഉൾപ്പെടെയുള്ള ആർഎസ്എസ് സൈദ്ധാന്തികർ വർഗവൈരുധ്യം, വർഗസമരം തുടങ്ങിയ ആശയങ്ങളെ തള്ളിക്കളഞ്ഞു. വർണങ്ങൾ പരസ്പരപൂരകമായിരിക്കണമെന്നും വാദിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും, തൊഴിലാളിയും മുതലാളിയും– എന്ന വേർതിരിവോ അപ്രകാരമുള്ള സംഘട്ടനമോ പാടില്ല എന്നതാണ് ആർഎസ്എസ് സിദ്ധാന്തം. അതിനാലാണ്, നൂറ്റാണ്ടുകളായി സാമൂഹ്യ അവശത അനുഭവിച്ചതിന്റെ ഫലമായി സമൂഹത്തിന്റെ താഴെ കോണിപ്പടവുകളിൽ കഴിയേണ്ടിവരുന്നവരെ കൈപിടിച്ച് ഉയർത്താനുള്ള സംവരണമെന്ന ഭരണഘടനാദത്ത സംവിധാനത്തെ എതിർക്കുന്നത്.


 

ചാതുർവർണ്യവ്യവസ്ഥയ്ക്ക് ഊനംതട്ടുന്നതാണ് സംവരണം എന്ന വിലയിരുത്തലിന്റെ ഫലമായിട്ടാണ് സംഘപരിവാർ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
മതനിരപേക്ഷതയും സാമൂഹ്യസമത്വവും എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ കാഴ്ചപ്പാട്. അതിന് ഇണങ്ങുന്നതാണ് സംവരണ സംവിധാനം. സാമൂഹ്യയാഥാർഥ്യങ്ങളെ ശരിയായ അർഥത്തിൽ പരിഗണിച്ച് സംവരണകാര്യത്തിൽ സിപിഐ എം എല്ലാക്കാലത്തും സുവ്യക്തനിലപാട് സ്വീകരിച്ചിട്ടുണ്ട്. മണ്ഡൽ കമീഷൻ റിപ്പോർട്ടിനെത്തുടർന്നുണ്ടായ ദേശീയ അന്തരീക്ഷത്തിൽ അടക്കം അത്തരം നിലപാടാണ് സിപിഐ എം കൈക്കൊണ്ടത്. കേരളത്തിന്റെ അനുഭവംതന്നെ നോക്കുക.

പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായാണ് സംവരണ ആവശ്യം ഉയർന്നുവന്നത്. അതിന് പിന്തുണ നൽകാൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയും പിന്നീട് കമ്യൂണിസ്റ്റ് പാർടിയും തയ്യാറായി. മറ്റു പാർടികളിൽനിന്ന് വ്യത്യസ്തമായി സംവരണപ്രശ്നത്തെ വർഗസമരത്തിന്റെ ഭാഗമായാണ് കമ്യൂണിസ്റ്റ് പാർടി കണ്ടത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടിയാണ്. സംവരണം കൊണ്ടുമാത്രം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകില്ല. എന്നാൽ, പരമ്പരാഗതമായി സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ സംവരണം ആവശ്യമാണ്. പിന്നോക്ക‐ദളിത് വിഭാഗങ്ങളെയുൾപ്പെടെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് ഭൂപരിഷ്കരണം പ്രധാനമാണെന്നും പാർടി കണ്ടു. 1957ലെ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ഭൂപരിഷ്കരണം നടപ്പാക്കിയത് ഇതുകൂടി മനസ്സിലാക്കിയാണ്. അതോടൊപ്പം ഇത്തരം വിഭാഗങ്ങൾക്ക് സംവരണം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും പാർടി വിലയിരുത്തി.

ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് തട്ടാനുള്ള ദുഷ്ടലാക്ക്
കേരളത്തിലെപ്പോലെ കേന്ദ്ര സർവീസിലും മറ്റിതര മേഖലകളിലും പിന്നോക്കവിഭാഗത്തിനും ദളിത് വിഭാഗത്തിനും സംവരണം ആവശ്യമാണെന്ന നിലപാടിൽ കമ്യൂണിസ്റ്റുകാർ ഉറച്ചുനിൽക്കും. മഹാരാഷ്ട്രയിലും ഹരിയാനയിലും ജാർഖണ്ഡിലും അടുത്തു തന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംവരണവിരോധികളുടെ വോട്ട് തട്ടാനുള്ള ഉദ്ദേശ്യവും ആർഎസ്എസ് മേധാവിക്കുണ്ട്. ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് തട്ടാനുള്ള ആർഎസ്എസ് ദുഷ്ടലാക്കിനെ സാമൂഹ്യനീതി ആഗ്രഹിക്കുന്നവരും സമാധാനകാംക്ഷികളും ഒറ്റപ്പെടുത്തണം.

പിന്നോക്കവിഭാഗക്കാർ ഉൾപ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്ക് എല്ലാ ജാതിയിലുംപെട്ട പാവപ്പെട്ടവരുടെ ഐക്യം പ്രധാനമാണ്. അതിനാൽ, മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവരെ പിന്നോക്കവിഭാഗത്തോടൊപ്പം അണിനിരത്തണം. അതിനിണങ്ങുന്നതാണ് സിപിഐ എമ്മിന്റെ സംവരണനയം. അതിൽ മൂന്ന് ഘടകമുണ്ട്. (1) പട്ടികജാതി‐വർഗക്കാർക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരണം. (2) പിന്നോക്ക വിഭാഗത്തിൽപ്പെട്ട പാവപ്പെട്ടവർക്ക് സംവരണം തുടരണം. ക്രീമിലെയർ വിഭാഗത്തെ ഒഴിവാക്കുമ്പോൾ അതത് സമുദായത്തിന് അനുവദിച്ച സംവരണക്കുറവ് വരാതിരിക്കാൻ ക്രീമിലെയർ വിഭാഗത്തെയും പരിഗണിച്ച് നിശ്ചിത ശതമാനം സംവരണം ഉറപ്പാക്കണം. (3) മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനത്തിൽ കവിയാത്ത സംവരണം നൽകണം. ഇതിന് ഭരണഘടന ഭേദഗതി ചെയ്യണം.

സിപിഐ എമ്മിന്റെ ഈ അഭിപ്രായഗതിക്ക് രാജ്യത്തുതന്നെ ശക്തിയുണ്ട്. ഇതിന് ചെവികൊടുക്കാതെ സംവരണംതന്നെ ഇല്ലാതാക്കാനാണ് ആർഎസ്എസ് നീങ്ങുന്നത്. കമ്യൂണിസ്റ്റുകാരുടെ പ്രഖ്യാപിത സംവരണനയം ലഭ്യമായ നിയമപരിരക്ഷയനുസരിച്ച് നടപ്പാക്കുന്നതിൽ മുന്നോട്ടുവന്ന പിണറായി വിജയൻ സർക്കാരിന്റെ മാതൃകാപരമായ നടപടി ഈ ഘട്ടത്തിലോർക്കണം

സിപിഐ എമ്മിന്റെ ഈ അഭിപ്രായഗതിക്ക് രാജ്യത്തുതന്നെ ശക്തിയുണ്ട്. ഇതിന് ചെവികൊടുക്കാതെ സംവരണംതന്നെ ഇല്ലാതാക്കാനാണ് ആർഎസ്എസ് നീങ്ങുന്നത്. കമ്യൂണിസ്റ്റുകാരുടെ പ്രഖ്യാപിത സംവരണനയം ലഭ്യമായ നിയമപരിരക്ഷയനുസരിച്ച് നടപ്പാക്കുന്നതിൽ മുന്നോട്ടുവന്ന പിണറായി വിജയൻ സർക്കാരിന്റെ മാതൃകാപരമായ നടപടി ഈ ഘട്ടത്തിലോർക്കണം. കേരളത്തിൽ ദേവസ്വംബോർഡുകളിൽ പട്ടികജാതി‐ വർഗ പിന്നോക്ക സമുദായങ്ങൾക്ക് പുതുതായി സംവരണമേർപ്പെടുത്തുകയും ഒപ്പം മുന്നോക്കസമുദായത്തിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം കൊണ്ടുവരികയും ചെയ്തു എൽഡിഎഫ് സർക്കാർ. സാമൂഹ്യപുരോഗതിക്ക് ഗതിവേഗം പകരുന്ന ഇത്തരം സംവരണ നടപടികളാണ് രാജ്യത്തിനാവശ്യം. സംവരണം ഇല്ലാതാക്കാനുള്ള ആർഎസ്എസ് പുറപ്പാടിനെതിരെ രാജ്യം ജാഗ്രത പുലർത്തണം.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top