09 May Sunday

കോവിഡ്‌ മരുന്നുകൊള്ള കേന്ദ്രം തടയണം

പി കെ സന്തോഷ്‌ Updated: Wednesday Jul 29, 2020


കോവിഡ് മഹാമാരി ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പ്രതിരോധത്തിനുള്ള ഔഷധങ്ങളെയും വാക്സിനുകളെയും കുറിച്ചുള്ള വാർത്തകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. റംഡിസിവിയർ എന്ന മരുന്ന് കോവിഡിനെതിരെ ഫലപ്രദമാണെന്ന വാർത്ത അത്തരത്തിലുള്ള ഒന്നാണ്. ലോകത്തിന്റെ നാനാഭാഗത്തും ഔഷധങ്ങൾക്കും പ്രതിരോധവാക്സിനുകൾക്കുംവേണ്ടിയുള്ള ഗവേഷണം നടക്കുമ്പോൾ പൊതുജനാരോഗ്യ താൽപ്പര്യത്തോടെ ചിന്തിക്കുന്നവരിൽ ആശങ്ക ഉടലെടുക്കുന്നത് കൊള്ളലാഭം കൊയ്യാനുള്ള ഔഷധ ഭീമന്മാരുടെ കച്ചവട കുതന്ത്രങ്ങൾ അറിയാവുന്നതുകൊണ്ടാണ്. സമ്പന്നർക്കുമാത്രം പ്രാപ്യമാകുന്ന ഉയർന്ന വില നിശ്ചയിച്ച് മരുന്നുകൾ വിറ്റ് കോടികൾ കൊയ്യാനാണ് കമ്പനികൾ കോപ്പ് കൂട്ടുന്നത്.

അമേരിക്ക ആസ്ഥാനമായ ഗിലേയ്ഡ് എന്ന കമ്പനിയാണ് റംഡിസിവിയർ മരുന്ന് ഉൽപ്പാദിപ്പിക്കുന്നത്. ഓക്സിജൻ സഹായം വേണ്ടിവരുന്ന രോഗികളിൽ വളരെ ഫലപ്രദമാണ് ഈ മരുന്ന് എന്നാണ് കണ്ടെത്തൽ. ഇന്ത്യയിൽ റംഡിസിവിയർ എന്ന മരുന്നിന് പേറ്റന്റ് നേടിയിട്ടുണ്ട്. പേറ്റന്റ് നേടിയ കമ്പനിയുടെ ലൈസൻസ് കരാർ പ്രകാരം ജനറിക് പതിപ്പ് ഉൽപ്പാദിപ്പിച്ച്‌ വിതരണം നടത്താൻ ഇന്ത്യയിലെ ഏഴ്‌ കമ്പനികൾക്ക് ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നൽകിയിട്ടുണ്ട്. അമേരിക്കയിൽ ഈ മരുന്നിന് വില 100 മില്ലിയുടെ ഒരു കുപ്പി  2340 യുഎസ് ഡോളറാണ്. 1,75,000 ഇന്ത്യൻ രൂപ. ഒരു രോഗിക്ക് ചുരുങ്ങിയത് ആറു കുപ്പി മരുന്ന് ആവശ്യമാണ്. അതായത്, 10.5 ലക്ഷം രൂപ ചെലവ് വരും. ഇന്ത്യയിൽ ജനറിക് പതിപ്പിന് നിശ്ചയിച്ച വില 4000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിൽ ആണെന്ന് പുറത്തുവന്നിട്ടുണ്ട്. 30,000 രൂപയോളം ചെലവഴിക്കേണ്ടിവരും. 


 

ഇന്ത്യയിൽ 100 മില്ലിയുടെ ഒരു ഡോസ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള ചെലവ് 100 രൂപയിൽ താഴെയാണ്. ഉൽപ്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോൾ കമ്പനികൾ ഈടാക്കുന്ന വില ഒരു ന്യായീകരണവും ഇല്ലാത്ത കൊള്ളയാണ്‌. 100 മില്ലിയുടെ ഒരു ഡോസ് 4000 രൂപ വിലയിട്ട് വിപണനം നടത്തുന്നത് പേറ്റന്റ്  കമ്പനിയുമായുള്ള കരാർ  പ്രകാരമാണ്. ഇന്ത്യയിൽ നിലവിലുള്ള പേറ്റന്റ് നിയമത്തിലെ 92–-ാം വകുപ്പ് പ്രകാരം കമ്പനിയുടെ ലൈസൻസ് കരാർ ഇല്ലാതെതന്നെ ഇന്ത്യൻ കമ്പനികൾക്ക് നിർബന്ധിത ലൈസൻസ് നൽകി ഉൽപ്പാദനത്തിന് ഉത്തരവ് ഇറക്കാൻ ഡ്രഗ് കൺട്രോളർ ജനറലിന് അധികാരമുണ്ട്. കരാർവ്യവസ്ഥ ഇല്ലാതെ ഉൽപ്പാദനം നടത്തുമ്പോൾ കുറഞ്ഞവിലയിൽ മരുന്ന് എത്തിക്കാൻ കഴിയും.

ഉൽപ്പാദനത്തിൽ ലോകത്തിൽ മൂന്നാംസ്ഥാനവും വിറ്റുവരവിൽ പത്താംസ്ഥാനവും ഔഷധ കയറ്റുമതിയുടെ 20 ശതമാനവും കൈയാളുന്നതാണ് ഇന്ത്യൻ ഔഷധമേഖല. നാം സ്വയംപര്യാപ്തമാണെന്നുമാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങൾ നമ്മെ ആശ്രയിക്കുകയും ചെയ്യുന്നു. 1970ലെ ഇന്ത്യൻ പേറ്റന്റ് നിയമത്തിന്റെയും ഡ്രഗ് പ്രൈസ് കൺട്രോൾ ഓർഡറിന്റെയും വിദേശനിക്ഷേപ നിയന്ത്രണ നിയമത്തിന്റെയും പിൻബലത്തിലാണ് രാജ്യത്ത് ഔഷധവ്യവസായം ഈ നിലയിലെത്തിയത്.

ജനങ്ങളുടെ ആവശ്യം മുൻനിർത്തി മരുന്നുവില നിയന്ത്രിക്കുന്നതിനും ഔഷധലഭ്യത ഉറപ്പാക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്രസർക്കാർ ഔഷധമേഖല ബഹുരാഷ്ട്രകമ്പനികൾക്ക് വിഹരിക്കാനുള്ള വിപണിയാക്കി മാറ്റുകയാണ്. 1970ലെ ഇന്ത്യൻ പേറ്റന്റ് നിയമം ഒന്നാം യുപിഎ സർക്കാർ ഭേദഗതി ചെയ്തപ്പോൾ ഇടതുപക്ഷ കക്ഷികളുടെ സമ്മർദത്താൽ സെക്‌ഷൻ 3(ഡി), നിർബന്ധിത ലൈസൻസിങ് തുടങ്ങിയ ചില വകുപ്പുകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തി. പേറ്റന്റ് തർക്കത്തിൽ  ബഹുരാഷ്ട്ര കമ്പനികളുടെ ലാഭതാൽപ്പര്യത്തിന് തടസ്സമായ സുപ്രീംകോടതി വിധി നേടിയെടുക്കാനായത് ഈ വകുപ്പുകൾ ഉപയോഗപ്പെടുത്തിയാണ്. കുറുക്കുവഴികളിലൂടെയും മറ്റും പേറ്റന്റ് നേടിയെടുത്ത് രോഗികളെ കൊള്ളയടിക്കുന്ന ഔഷധക്കമ്പനികളെ നിയന്ത്രിച്ച് ജനങ്ങൾക്ക് ആശ്വാസം പകരാൻ ഉതകുന്നതാണ് ഈ വകുപ്പുകളെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് രണ്ട്‌ പേറ്റന്റ് കേസുകളിലും നമുക്കുണ്ടായ വിജയം.


 

ഔഷധങ്ങൾക്ക് ഘടനാപരമായ ചെറിയ മാറ്റങ്ങൾ വരുത്തി പുതിയ പേറ്റന്റ് നേടുന്നത് തടയുന്നതാണ് പേറ്റന്റ് നിയമത്തിലെ സെക്‌ഷൻ 3(ഡി). രക്താർബുദ ചികിത്സയ്ക്ക് ഉള്ള ഗ്ലീവാക് എന്ന മരുന്ന് പേറ്റന്റ് നിലനിർത്തി രോഗികളെ അമിതവിലയിലൂടെ കൊള്ളയടിക്കാനുള്ള നൊവാർട്ടീസ് കമ്പനിയുടെ ശ്രമത്തെ തടയിടാനായത് ഈ വകുപ്പ് പ്രകാരമാണ്.
രോഗശുശ്രൂഷയ്‌ക്കുള്ള ആവശ്യകത മുൻനിർത്തി ചില നിബന്ധനകൾക്ക് വിധേയമായി പേറ്റന്റ് മരുന്നുകളുടെ ജനറിക് പതിപ്പ് ആഭ്യന്തരമായി ഉല്പാദിപ്പിക്കാൻ സർക്കാരിന് അവകാശം നൽകുന്നതാണ് നിർബന്ധിത ലൈസൻസിങ് എന്ന പേറ്റന്റ് നിയമത്തിലെ 92–-ാം വകുപ്പ്. ജർമൻ ബഹുരാഷ്ട്ര കമ്പനി പേറ്റന്റ് നേടിയ നെക്സവിർ എന്ന ബ്രാൻഡ് നാമത്തിലുള്ള സൊറാഫെനിബ്‌ എന്ന ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്ന് ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യാൻ അനുമതി നൽകിയത് അന്താരാഷ്ട്ര ഔഷധലോബിയെ ഞെട്ടിച്ച തീരുമാനമായിരുന്നു. ഡ്രഗ് കൺട്രോളർ ജനറലായിരുന്ന മലയാളി പി എച്ച് കുര്യനാണ് 2012 മാർച്ച് ഒമ്പതിന് ആ ഉത്തരവ് ഇറക്കിയത്.   2,80,000 രൂപയുണ്ടായിരുന്ന മരുന്നിന്റെ ജനറിക് പതിപ്പ് 8000 രൂപയ്ക്ക് ലഭ്യമായി.

മൂലധനശക്തികളുടെ താൽപ്പര്യത്തിന് ഹാനികരമായ പേറ്റന്റ് നിയമത്തിലെ വകുപ്പുകൾ എടുത്തുമാറ്റാനുള്ള സമ്മർദം ഇന്ത്യക്കുമേൽ ഏറിവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ്‌ സന്ദർശനത്തിന്റെ പ്രധാന അജൻഡകളിലൊന്ന് ഔഷധവ്യാപാര ഉടമ്പടി  ആയിരുന്നു. പിന്നീടങ്ങോട്ട് പേറ്റന്റ് നിയമത്തിലെ ജനോപകാരപ്രദമായ വകുപ്പുകൾ മരവിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.

റംഡിസിവിയർ എന്ന മരുന്ന് കോവിഡിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയ ഉടൻതന്നെ മരുന്ന് മൊത്തമായി കൈയടക്കുകയാണ്  അമേരിക്ക ചെയ്തത്. ഇത് മരുന്നുലഭ്യത ഇല്ലാതാക്കുന്ന നടപടിയാണ്. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് പേറ്റന്റ് നിയമത്തിലെ നിർബന്ധിത ലൈസൻസിങ്‌ എന്ന വകുപ്പ് ഉപയോഗിച്ച് ഇന്ത്യയിൽ റംഡിസിവിയറിന്റെ  ജനറിക് പതിപ്പ് ഉൽപ്പാദിപ്പിക്കണം എന്ന ആവശ്യം ഉയരുന്നത്. ഔഷധ കുത്തകകൾക്ക് ലാഭം കൊയ്യുന്നതിനുള്ള അവസരമൊരുക്കാതെ പാർലമെന്റ് പാസാക്കിയ നിയമങ്ങൾ  പ്രയോജനപ്പെടുത്തി ജനതയ്‌ക്ക്‌ ആശ്വാസം പകരാൻ  കേന്ദ്രം തയ്യാറാകണം.

(കെഎംഎസ്‌ആർഎ സംസ്ഥാന ട്രഷററാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top