21 March Thursday

മതസൗഹാർദത്തിന്റെ കാലിക പ്രസക്തി

ഡോ. കെ എൻ പണിക്കർUpdated: Thursday Dec 6, 2018

വ്യത്യസ‌്തമായ സാമ്പത്തിക -സാമൂഹ്യശ്രേണികളിൽ ജീവിക്കുന്ന ഭിന്നമതാനുയായികളുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിൽ മതസൗഹാർദം അടിസ്ഥാനപരമായ സാമൂഹ്യ- രാഷ്ട്രീയ തത്വമായിരിക്കണമെന്നത‌് പൊതുവെ അംഗീകരിക്കുന്നതാണ്‌. മതസൗഹാർദമില്ലാത്ത സങ്കരസമൂഹങ്ങൾ അധികകാലം രാഷ്ട്രരൂപത്തിൽ നിലനിന്നിട്ടില്ലെന്നാണ‌് ചരിത്രം രേഖപ്പെടുത്തുന്നത്‌. ഈ തിരിച്ചറിവായിരിക്കും നമ്മുടെ രാഷ്ട്രനിർമാതാക്കളെ മതസൗഹാർദത്തിന്‌ ഊന്നൽകൊടുക്കാൻ പ്രേരിപ്പിച്ചത്‌.

പക്ഷേ, മതസൗഹാർദം മതസഹിഷ്‌ണുതയിൽ ഒതുങ്ങിനിൽക്കുന്ന ഒരു സാമുദായിക ഒത്തുതീർപ്പായി പരിഗണിച്ചുകൂടാ. സഹിഷ്‌ണുത പലപ്പോഴും സ്വാഭാവികമായ തെരഞ്ഞെടുപ്പുമല്ല. സാഹചര്യങ്ങളുടെ സൃഷ്ടിയാണ്‌. മറ്റ്‌ പോംവഴികളില്ലാത്തപ്പോൾ സ്വീകരിക്കുന്ന ആഗ്രഹിക്കാത്ത ഒരു രക്ഷാമാർഗമാണ്‌. ഒരു മതസങ്കരസമൂഹത്തിൽ ആദർശാത്മകമായ മാർഗം സഹിഷ്‌ണുതയുടേതല്ല. മതസമത്വത്തിന്റെയും അന്യമത ബഹുമാനത്തിന്റെയും ആണ്‌. അത്തരമൊരു മതബോധമാണ്‌ സ്വതന്ത്ര ഇന്ത്യ ഭരണഘടനയിലൂടെ സ്ഥാപിച്ചെടുക്കാൻ പരിശ്രമിച്ചത്‌.

ഈ പരിശ്രമത്തിന്‌ ചരിത്രപരമായ പശ്ചാത്തലമുണ്ട്‌. പതിറ്റാണ്ടുകളായി ഉരുത്തിരിഞ്ഞ ഇന്ത്യൻ വിചാരധാരയുടെയും സാംസ്‌കാരിക -സാമൂഹ്യ ജീവിതത്തിന്റെയും അന്തഃസത്തയാണ്‌ ഈ പശ്ചാത്തലം. അത‌് വേദങ്ങളിലും പുരാണങ്ങളിലും ശ്രീബുദ്ധന്റെ സൂക്തങ്ങളിലും മുഹമ്മദ്‌ നബിയുടെ വചനങ്ങളിലും യേശുക്രിസ്‌തുവിന്റെ ഉദ്‌ബോധനങ്ങളിലുംമാത്രം ഒതുങ്ങിനിൽക്കുന്നില്ല. അവയെല്ലാം ഉൾക്കൊള്ളുന്ന, നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന വിവിധ ജീവിതരീതിയുടെ സന്ദർഭത്തിലാണ്‌ സമുദായങ്ങൾ തമ്മിലുള്ള ബന്ധം രൂപംകൊള്ളുന്നത‌്. മതങ്ങൾ സാമൂഹ്യ പ്രതിഭാസങ്ങളാണ്‌. മതാചാരങ്ങൾ മനുഷ്യനിർമിതിയാണ്‌. അതുകൊണ്ടുതന്നെ മതാനുയായികൾ തമ്മിലുള്ള ബന്ധങ്ങൾ ക്രമീകരിക്കേണ്ടത്‌ സാമൂഹ്യയാഥാർഥ്യങ്ങളാണ്‌.

വിശ്വാസവും സംസ‌്കാരവും
ഓരോ മതവും ജീവിതയാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നതും സാമൂഹ്യമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണ്‌. മതബോധത്തിന്റെ രൂപീകരണത്തിൽ പല ഘടകങ്ങളും ഉൾച്ചേർന്നിരിക്കുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം സാർവലൗകികതയാണ്‌. എല്ലാ മതങ്ങളും ഉദ്ഭവിക്കുന്നത്‌ മനുഷ്യസ‌്നേഹമെന്ന ഉറവിടത്തിൽനിന്നാണെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ സാർവലൗകികത്വം രൂപംകൊള്ളുന്നത്‌. ഭാരതീയചിന്തയിൽ ആവർത്തിച്ചാവർത്തിച്ച‌് പ്രത്യക്ഷപ്പെടുന്ന  ഈ ആശയത്തിന്‌ സ്വാമി വിവേകാനന്ദൻ തത്വചിന്താപരവും ആധുനികവുമായ വിശദീകരണം നൽകി. ഹിന്ദുമതത്തെ സാർവലൗകിക മതമായി വിശദീകരിച്ചുകൊണ്ട്‌ മതസമത്വത്തിന്‌ അദ്ദേഹം പുതിയ ഭാഷ്യം രചിച്ചു. ഒരു ജാതി ഒരു മതം എന്ന്‌ പറഞ്ഞ്‌ നാരായണഗുരു അത്‌ കേരളത്തിന്റെ പൊതുബോധമാക്കാൻ ശ്രമിക്കുകയും ചെയ‌്തു.

മതസമത്വത്തിലധിഷ്‌ഠിതമായ മതസൗഹാർദത്തെ ഇന്ത്യൻ നാഗരികതയുമായി ബന്ധപ്പെടുത്തി വിശദീകരിക്കുകയാണ്‌ ഗാന്ധിജി ചെയ്‌തത്‌. ചരിത്രപരമായി വളർന്നുവന്ന ഇന്ത്യൻ നാഗരികതയ‌്ക്ക‌് പല മുഖങ്ങളുണ്ടെന്ന്‌ ഗാന്ധിജി തിരിച്ചറിഞ്ഞു. അതിൽ പ്രധാനപ്പെട്ട രണ്ടു വശങ്ങളാണ്‌ വിശ്വാസവും സംസ്‌കാരവും. വിശ്വാസം ഒരു പ്രത്യയശാസ‌്ത്രമായി സ്വാധീനം ചെലുത്തുമ്പോൾ സംസ്‌കാരം നിത്യജീവിതത്തെ ക്രമീകരിക്കുന്നു. പക്ഷേ, വിശ്വാസവും സംസ്‌കാരവും പരസ്‌പര പൂരകങ്ങളാണ്‌. വിശ്വാസം സംസ്‌കാരത്തെയും സംസ്‌കാരം വിശ്വാസത്തെയും  സ്വാധീനിക്കുന്നു. അന്യോന്യം  ബന്ധിതമായാണ്‌ ഇവ രണ്ടും വളർന്നുവരുന്നത്‌. അതുകൊണ്ടുതന്നെ ആചാരങ്ങൾ വിശ്വാസമായി പരിണമിക്കുന്നു.

മതബോധത്തിന്റെ ഭാഗമായും തീരുന്നു. ഭിന്നമത വിശ്വാസങ്ങളും ആചാരങ്ങളും തമ്മിലുള്ള ലൗകികബന്ധം അവയുടെ നൂതനമായ രൂപങ്ങൾക്കും വഴിവയ‌്ക്കുന്നു. എല്ലാ സമൂഹങ്ങളിലും പ്രത്യക്ഷമാകുന്ന Syncreticism(സന്നിവേശം) തൽഫലമായി ഉണ്ടാകുന്നതാണ്‌. ഒരർഥത്തിൽ സിംക്രറ്റിക‌് ഇന്ത്യൻ മതജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ്‌. മതസൗഹാർദത്തിന്റെ പ്രേരകശക്തിയും അതുതന്നെ. കേരളത്തിൽത്തന്നെ ഈ സിംക്രറ്റിക‌് പാരമ്പര്യത്തിന്റെ മികച്ച ഉദാഹരണമാണ്‌ ശബരിമല. ഗോത്ര –- ബൗദ്ധ–- വൈഷ്‌ണവ–- മുസ്ലിം പാരമ്പര്യങ്ങൾ അവിടെ ഒത്തുചേർന്നിരിക്കുന്നു. ഈ പാരമ്പര്യത്തെ  തമസ‌്കരിച്ചുകൊണ്ട്‌ ശബരിമലയെ ഹിന്ദുക്കൾക്കുമാത്രമായി സംരക്ഷിക്കാൻ, അഹിന്ദുക്കളുടെ പ്രവേശനം തടയാൻ ചിലർ  ആവശ്യം ഉന്നയിച്ചതായി കാണുന്നു. ഒരുപക്ഷേ, അന്യമതസ്ഥർക്ക്‌ പ്രവേശനം നിഷേധിക്കുന്ന ഏക മതം ഹിന്ദുമതംമാത്രമാണെന്നുതോന്നുന്നു.
ഇന്ത്യൻ സമൂഹത്തിന്റെ മതസൗഹാർദ സ്വഭാവത്തിൽ പലപ്പോഴും വിള്ളലുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ജനജീവിതത്തെ അവ കാര്യമായി സ്വാധീനിക്കുകയുണ്ടായില്ല. മതസ‌്പർധയും വർഗീയകലാപങ്ങളും പല സന്ദർഭങ്ങളിലും, അവയുടെ കാരണങ്ങൾ പലപ്പോഴും രാഷ്ട്രീയവും സാമ്പത്തികവുമായിരുന്നുവെങ്കിൽക്കൂടി സമാധാനപൂർണമായ സാമൂഹ്യജീവിതത്തിന്‌ വിഘാതമായി തീർന്നിട്ടുണ്ട്‌. പക്ഷേ, സമൂഹം അത്‌ അതിജീവിക്കുകയും സാമൂഹ്യബന്ധങ്ങൾ ശിഥിലമാകാതെ നിലനിൽക്കുകയും ചെയ്‌തു.

മതസൗഹാർദത്തിന്‌ ഏറ്റവും വലിയ പ്രഹരമായി ഡിസംബർ ആറ‌് വിശേഷിപ്പിക്കാമെങ്കിലും അതിന്റെ സ്വാധീനം
ദൂരവ്യാപകമായിരുന്നുവെന്ന‌് ഇന്ന്‌ തിരിച്ചറിയാൻ കഴിയും. ഒരു മതസമുദായത്തെ ആകെ വർഗീയവൽക്കരിക്കുന്നതിന്‌ പ്രാപ്‌തമായ ഒരു പ്രതീകമായി അതുമാറി. വർഷങ്ങൾക്കുശേഷം അയോധ്യ വീണ്ടും ജനമധ്യത്തിലെത്തിയിരിക്കുന്നു. ക്ഷേത്രനിർമാണമല്ല ലക്ഷ്യം, ക്ഷേത്രത്തിന്റെ രാഷ്ട്രീയമൂല്യമാണ്‌ തേടിക്കൊണ്ടിരിക്കുന്നത‌്

മതവിദ്വേഷവും അസഹിഷ‌്ണുതയും
ഇതിൽനിന്ന‌് വ്യത്യസ‌്തമായ ഒരു സ്ഥിതിവിശേഷം ഇന്ന്‌ സംജാതമായിക്കൊണ്ടിരിക്കുകയാണെന്ന‌് പലരും സംശയിക്കാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ നാലഞ്ചു കൊല്ലമായി ഭൂരിപക്ഷ മതവിശ്വാസികളെ  മതവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നടന്നുകൊണ്ടിരിക്കുന്നു. മതവിദ്വേഷത്തിന്റെയും അസഹിഷ‌്ണുതയുടെയും വ്യവഹാരങ്ങൾ സാമൂഹ്യമനസ്സിനെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്‌. ഈ പ്രക്രിയയെ തടയുകയല്ല, മറിച്ച്‌ പ്രോത്സാഹിപ്പിക്കുകയാണ‌് ഭാരതീയ ജനതാ പാർടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ചെയ്യുന്നത്‌. അഹിന്ദുവെന്നത്‌ ദേശദ്രോഹിയെ വിശേഷിപ്പിക്കാനുള്ള പദമാക്കി പരിവർത്തനംചെയ്യാനുള്ള പ്രവണത വർധിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദു ദേശീയതയുടെ സംശയരഹിതമായ പ്രകടനങ്ങളാണ്‌ നരേന്ദ്ര മോഡിയിലൂടെയും യോഗി ആദിത്യനാഥിലൂടെയും ഉമാഭാരതിയിലൂടെയും പ്രത്യക്ഷമാകുന്നത്‌. 1992 ഡിസംബർ ആറിന്‌ അയോധ്യയിൽ അരങ്ങേറിയത്‌ അതിന്റെ തിരനോട്ടമായിരുന്നു. രാമക്ഷേത്രം നിർമിക്കാനുള്ള ഇപ്പോഴത്തെ നീക്കം മതസൗഹാർദത്തെ സാരമായി ബാധിക്കുമെന്നത്‌ നിസ്സംശയമാണ്‌. അത്‌ വിനാശകരമായ സാമൂഹ്യകലാപങ്ങൾക്ക്‌ വഴി ഒരുക്കുകയും ചെയ്യും.

മതസൗഹാർദത്തിന്‌ ഏറ്റവും വലിയ പ്രഹരമായി ഡിസംബർ ആറ‌് വിശേഷിപ്പിക്കാമെങ്കിലും അതിന്റെ സ്വാധീനം ദൂരവ്യാപകമായിരുന്നുവെന്ന‌് ഇന്ന്‌ തിരിച്ചറിയാൻ കഴിയും. ഒരു മതസമുദായത്തെ ആകെ വർഗീയവൽക്കരിക്കുന്നതിന്‌ പ്രാപ്‌തമായ ഒരു പ്രതീകമായി അതുമാറി. വർഷങ്ങൾക്കുശേഷം അയോധ്യ വീണ്ടും ജനമധ്യത്തിലെത്തിയിരിക്കുന്നു. ക്ഷേത്രനിർമാണമല്ല ലക്ഷ്യം, ക്ഷേത്രത്തിന്റെ രാഷ്ട്രീയമൂല്യമാണ്‌ തേടിക്കൊണ്ടിരിക്കുന്നത‌്.  ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി സൃഷ്ടിക്കുന്നതിന്റെ ആദ്യ വഴികളാണ്‌ ഇന്ന്‌ ആവിഷ‌്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളിലും ദൃശ്യമായിക്കൊണ്ടിരിക്കുന്നത്‌. ഇതൊരു ദ്വിമുഖ പരിപാടിയണ്‌. ഹിന്ദുഭൂതകാലത്തെ പുനഃസ്ഥാപിക്കലും ഭാവിയെ ഹിന്ദുവൽക്കരിക്കലുമാണ്‌. ചരിത്രം പുനരാഖ്യാനം ചെയ്യുകയല്ല, ചരിത്രത്തെ വീണ്ടെടുക്കുകയാണ്‌ ആവശ്യമെന്ന്‌ ഒരു സംഘപരിവാർ ബുദ്ധിജീവി ഈയിടെ അഭിപ്രായപ്പെട്ടതായി കാണുന്നു. വീണ്ടെടുക്കാനില്ലാത്ത ചരിത്രത്തെ, തെളിവുകളില്ലാത്ത ചരിത്രത്തെ കെട്ടിച്ചമയ‌്ക്കുക എന്നതായി സംഘപരിവാറിന്റെ ചരിത്രവീക്ഷണം തരംതാണുപോയിരിക്കുകയാണ്. ഹിന്ദു ഐക്യം സ്ഥാപിച്ചെടുക്കുക എന്നുമാത്രമല്ല ന്യൂനപക്ഷത്തെ പുറംതള്ളുക എന്ന ലക്ഷ്യംകൂടി ഇതിന്റെ പിന്നിലുണ്ട്‌. നഗര പുനർനാമകരണം ചെയ്യുന്നതും ചരിത്രസ‌്മാരകങ്ങളെ ഹിന്ദുമന്ദിരങ്ങളായി അവകാശപ്പെടുന്നതും പ്രതീകാത്മകങ്ങളായ നീക്കങ്ങളാണ്‌. ഒരു ഹിന്ദുരാഷ്ട്ര നിർമിതിയുടെ പ്രാരംഭ ക്രിയകളാണിത്‌.

ഇന്ത്യയുടെ ഭൂതകാലത്തിന്റെ സ്വഭാവമെന്നത്‌ സമുദായ മൈത്രിയോ സമുദായ സൗഹാർദമോ അല്ല സമുദായ സ്‌പർധയും സമുദായ ശത്രുതയുമാണ്‌ എന്നത്‌ വികലമായ ചരിത്രബോധത്തിന്റെ  സൃഷ്ടിയാണ്‌. ഈ കാഴ്‌ചപ്പാടിന്റെ പ്രണേതാവ്‌ ഹിന്ദുവർഗീയതയുടെ താത്വികനായ വിനായക്‌ ദാമോദർ സവർക്കർതന്നെ. സവർക്കറെ പിന്തുടർന്നുകൊണ്ട്‌ ആർഎസ്‌എസിന്റെ ആചാര്യന്മാർ ഹിന്ദുക്കളും അഹിന്ദുക്കളും തമ്മിലുള്ള ബന്ധത്തെ ശത്രുതാ സ്വഭാവമുള്ളതായി ചിത്രീകരിച്ച്‌, സമുദായങ്ങൾ തമ്മിൽ നിലനിന്ന കൊള്ളകൊടുക്കലുകളെയും സാംസ്‌കാരികവിനിമയത്തെയും കാണാപ്പുറത്ത്‌ നിർത്തി ഇന്ത്യൻ സാംസ്‌കാരിക രൂപീകരണത്തിന്‌ മതാധിഷ്‌ഠിതമായ വിശദീകരണം നൽകി. ഈ ആശയങ്ങൾക്ക്‌ സാധുതയും സ്വീകാര്യതയും ലഭിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ വരാൻപോകുന്ന തെരഞ്ഞെടുപ്പിന്റെ സന്ദർഭത്തിൽ ചർച്ച ചെയ്യേണ്ടതാണ്‌. അടുത്ത തെരഞ്ഞെടുപ്പിൽ ഉയർത്തുന്ന രാഷ്ട്രീയ പ്രമേയം ഏത്‌ കക്ഷിയാണ്‌ അധികാരത്തിൽ വരിക എന്നതല്ല, ഏത്‌ രാഷ്ട്രീയ സംഹിതയ‌്ക്കാണ്‌ മേൽക്കൈ ലഭിക്കുക എന്നതാണ്‌.  മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനിൽപ്പ്‌ അപകടത്തിലാകുമോ എന്നതാണ്. മതസൗഹാർദത്തിന്‌ ഏറ്റവും വലിയ ആഘാതമേറ്റ കരിദിനത്തിന്റെ വാർഷികവേളയിൽ ഈ പ്രശ്‌നം ഉന്നയിക്കാൻ പ്രസക്തമായ സന്ദർഭമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top