15 July Wednesday

എലിപ്പനിയെ പ്രതിരോധിക്കാം - ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഡോ. ബി ഇക്‌ബാൽUpdated: Monday Jun 29, 2020


മഴക്കാലം വന്നതോടെ ചില ജില്ലകളിൽ ഏതാനുംപേർ എലിപ്പനി ബാധിച്ച് മരിച്ചതായി  റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം 1200 പേരെയാണ് രോഗം ബാധിച്ചത്. 57 പേർ മരിച്ചു.  മഴക്കാലത്തും മഴവെള്ളം  ഇറങ്ങിക്കഴിഞ്ഞ് വീട് വൃത്തിയാക്കലും മറ്റും ആരംഭിക്കുമ്പോഴും  എലിപ്പനി വ്യാപിക്കാൻ സാധ്യതയുണ്ട്. പക്ഷേ, പരിഭ്രമിക്കേണ്ടതില്ല. ഇത് മുന്നിൽക്കണ്ട് കരുതൽനടപടികളും ആരോഗ്യ വിദ്യാഭ്യാസ പരിപാടികളും ആരോഗ്യവകുപ്പ് ഊർജിതമായി നടത്തിവരികയാണ്. എലിപ്പനി പ്രതിരോധിക്കാനും  പിടിപെട്ടാൽത്തന്നെ ചികിത്സിച്ച് ഭേദമാക്കാനുമുള്ള ഫലവത്തായ ചികിത്സ ലഭ്യമാണ്. 

എന്താണ് എലിപ്പനി
മഴക്കാലത്തും തുടർന്നുമുണ്ടാകുന്ന പകർച്ചവ്യാധികളിലൊന്നാണ്  ഇംഗ്ലീഷിൽ ലെപ്റ്റോസ്പൈറോസിസ്, വീൽസ് ഡിസീസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എലിപ്പനി. ലെപ്റ്റോസ്പൈറ ജനുസിൽപ്പെട്ട ഒരിനം സ്പൈറോഗീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ്. “എലിപ്പനി’ എന്നാണ് വിളിക്കുന്നതെങ്കിലും എലികൾക്കുപുറമെ  കന്നുകാലികൾ, നായ, പന്നി, കുറുക്കൻ, ചിലയിനം പക്ഷികൾ എന്നിവയുടെ മൂത്രത്തിലൂടെയും രോഗം വ്യാപിക്കുന്നുണ്ട്. 

കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി വ്യാപിക്കുന്നത്. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രംകലർന്ന ജലാശയങ്ങളിൽ  ലെപ്ടോസ്പൈറ അനേകം നാൾ ജീവിച്ചിരിക്കും. എലികൾ വരാറുള്ള ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ ജോലി ചെയ്യുകയോ കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യശരീരത്തിൽ എത്തുന്നു. കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയാണ് എലിപ്പനി ഏറ്റവും കൂടുതൽ പിടികൂടാൻ സാധ്യത.


 

രോഗാണു  ശരീരത്തിൽ കടന്നുകൂടുന്നതുമുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള  സാധാരണ 10 ദിവസമാണ്. ഇത് നാലുമുതൽ 20 ദിവസംവരെ ആകാം. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദ്ദി എന്നിവയാണ്‌ പ്രാരംഭലക്ഷണങ്ങൾ. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾകൂടി ഉണ്ടാകാറുണ്ട്. കാലുകളിലെ പേശീവേദന എലിപ്പനിയുടെ പ്രധാനരോഗലക്ഷണമാണ്. പനിയോടൊപ്പം കാലുകളിലെ പേശീവേദനയുള്ളവർ ഒട്ടും വൈകാതെ ആരോഗ്യസേവനം തേടേണ്ടതാണ്. കണ്ണിനു ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. തലവേദന, തലയുടെ പിൻഭാഗത്തുനിന്ന്‌ തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ചിലർക്ക് രോഗം പിടിപെട്ട്‌ ഒരാഴ്ചയ്‌ക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാകുകയും രക്തസ്രാവത്തിന്‌ ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണംവരെ സംഭവിക്കാം. ഏത് പനിയും എലിപ്പനി ആകാം. തുടക്കത്തിലേതന്നെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാനാകും.

എങ്ങനെ തടയാം
മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക.  കെട്ടിനിൽക്കുന്ന വെള്ളത്തിൽ  ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക. ഒഴിവാക്കാൻ പറ്റില്ലെങ്കിൽ  ബൂട്സ്, കൈയുറകൾ എന്നിവ ഉപയോഗിക്കുക. വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസർജ്യവും കലരാത്ത രീതിയിൽ മൂടിവയ്ക്കുക. വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം തിളപ്പിച്ചാറ്റി കുടിക്കുക. ചൂടുള്ള ഭക്ഷണം കഴിക്കുക. തൊഴുത്തുകളും പന്നിഫാമുകളും വൃത്തിയായി സൂക്ഷിക്കുകയും അവരെ പരിപാലിക്കുന്നവർ ബൂട്ടുകളും കൈയുറകളും ധരിച്ചിരിക്കേണ്ടതുമാണ്.  കന്നുകാലികളെ മഴക്കാലം കഴിഞ്ഞാൽ  ഉടനെ  വയലിൽ മേയാൻ വിടരുത്. തെരുവ് നായ്ക്കളെ അലഞ്ഞുനടക്കാൻ അനുവദിക്കരുത്.


പ്രധാന വാർത്തകൾ
 Top