13 June Sunday

വിശുദ്ധിയുടെ വഴിയിൽ

പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർUpdated: Thursday May 13, 2021

ആത്മനിയന്ത്രണത്തിന്റെ ജീവിതവഴിയിൽ വിശുദ്ധിയുടെ ദിനരാത്രികൾ പിന്നിട്ട വിശ്വാസി സമൂഹം ആത്മഹർഷത്തിന്റെ നിറവിൽ ഈദുൽ ഫിത്തർ ആഘോഷിക്കുകയാണ്. മഹാമാരിയുടെ ഭീതികൾ ലോകത്തെ മുഴുവൻ ഗ്രസിച്ചിരിക്കുകയാണ്.കോവിഡ് കാലത്തെ ഈദാഘോഷം മാനവമൂല്യം കൂടുതൽ ദൃഢമാക്കാൻ ഉതകുന്നതാകണം. വിഷമതകൾ അനുഭവിക്കുന്ന ധാരാളം ആളുകൾ നമുക്ക് മുന്നിലുണ്ട്. അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ആശ്വാസമേകാനും നമുക്ക് കഴിയണം. റമദാൻ വ്രതത്തിന്റെ പൂർത്തീകരണമായി നിശ്ചയിച്ച ഫിത്തർ സക്കാത്തിൽത്തന്നെ ഈ യുക്തിയുണ്ട്. പെരുന്നാൾ ദിനത്തിൽ പട്ടിണി കിടക്കുന്ന ഒറ്റ വീടും ഉണ്ടാകരുതെന്നാണ് മതം അനുശാസിക്കുന്നത്. നിർബന്ധമായ സക്കാത്തിൽ മാത്രം ഒതുങ്ങാതെ ഐച്ഛിക ദാനത്തിലും റിലീഫ് പ്രവർത്തനങ്ങളിലും ആതുരസേവനരംഗത്തും നാം വ്യാപൃതരാകണം.


 

ഈ സമയത്തും സാമ്രാജ്യത്വ ഭീകരർ പലസ്തീനിൽ നടത്തുന്ന നരനായാട്ട് നടുക്കുന്നതാണ്. ലോക മനഃസാക്ഷി ഇതിനെതിരെ ഉണരണം. കൊവിഡ് പ്രോട്ടോകോൾ പരിപൂർണമായും പാലിച്ചാകണം പെരുന്നാളാഘോഷം. കുടുംബ വീടുകളിൽ സന്ദർശനം നടത്താൻ ലോക്‌ഡൗൺ കാരണം സാധ്യമല്ലാത്തതിനാൽ അവരെ ഫോണിലും മറ്റും ബന്ധപ്പെട്ട് കുടുംബ ബന്ധങ്ങൾ ദൃഢമാക്കാനും സ്‌നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ശ്രമിക്കണം.

ആഘോഷങ്ങളെ അർഥപൂർണമാക്കുന്ന ഈ ഐക്യബോധത്തിലേക്ക് കൂടെക്കൂട്ടേണ്ട ഒരുപാട് പേരുണ്ട് നമുക്കു ചുറ്റും.
മാറാരോഗങ്ങളും തീരാവേദനകളുമായി നമ്മോടൊപ്പം ചേരാൻ കഴിയാതെ പോയ സഹജീവികൾ, രോഗക്കിടക്കകളിലും ആശുപത്രി വരാന്തകളിലുമായി അവർക്ക് കൂട്ടിരിക്കേണ്ടിവന്നവർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വട്ടമിട്ടു പറക്കുന്ന വർഗീയതയ്‌ക്ക്‌ താഴെ നെഞ്ചിടിപ്പുമായി കഴിയുന്നവർ, അതിനും അപ്പുറത്ത് ഇതര രാജ്യങ്ങളിൽ യുദ്ധഭീതിയിൽ കഴിയുന്ന നിസ്സഹായരായ സാധാരണക്കാർ, ഈ മഹാമാരിക്ക് മുമ്പിൽ ജന്മനാട് സ്വപ്നംകണ്ട് ഭീതിയോടെ കഴിയുന്ന പ്രവാസികൾ എല്ലാവരെയും ചേർത്തുപിടിക്കാനും നന്മ പ്രചരിപ്പിക്കാനും നമുക്ക് കഴിയണം. സഹജീവി സ്‌നേഹത്തിന്റെ സന്ദേശം പരത്തുന്ന കർമങ്ങളിൽ നിരതരായിക്കൊണ്ടാകട്ടെ നമ്മുടെ പെരുന്നാൾ ആഘോഷം. എല്ലാവർക്കും ഈദുൽ ഫിത്തർ ആശംസ നേരുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 
ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top