20 October Wednesday

സവർക്കർ : രാജ്‌നാഥ് സിങ്ങിന്റെ പുതുവെളിപാടുകൾ

എ എം ഷിനാസ്Updated: Thursday Oct 14, 2021

അങ്ങനെ മഹാശൂന്യതയിൽനിന്ന് ആധികാരിക രേഖകളുടെയോ വിശ്വസനീയമായ വാമൊഴി തെളിവുകളുടെ അണുമാത്ര പിന്തുണപോലും ഇല്ലാതെ ഒരു ‘അതിഗംഭീര ഹിന്ദുത്വ കള്ളക്കഥ’ കൂടി. അത്ാട്ടെ ചരിത്രമെന്ന പേരിൽ കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്‌ ഒരു കൂസലുമില്ലാതെ എഴുന്നള്ളിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ കമീഷണറായ ഉദയ് മഹുർക്കറും ചിരായ്‌ പണ്ഡിറ്റും ചേർന്ന് രചിച്ച ‘വീര സവർക്കർ: ദ മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തവെയാണ് രാജ്നാഥ് സിങ്ങിന് വി ഡി സവർക്കറെപ്പറ്റി അതിവിചിത്രവും അസംഭവ്യവുമായ ഒരു വെളിപാടുണ്ടായത്. ആൻഡമാൻ ജയിലിൽനിന്നുള്ള മോചനത്തിനായി സവർക്കർ ബ്രിട്ടീഷ് അധികാരികളോട് പലപാട് മാപ്പ് ഇരന്നത് മഹാത്മാ ഗാന്ധിയുടെ നിർദേശാനുസരണമായിരുന്നു എന്ന കൽപ്പിത കഥ രാജ്‌നാഥ് സിങ് പറയുമ്പോൾ ഈ പുസ്തകത്തിന്റെ പ്രകാശനം ചെയ്യാനായി എത്തിയ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വേദിയിലുണ്ടായിരുന്നു. ‘തങ്ങൾ സമാധാനപൂർവം അഹിംസാത്മകമായി സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുന്നതുപോലെ ഇനിമേലിൽ സവർക്കറും സമാധാന പന്ഥാവിലൂടെ പ്രവർത്തിക്കുമെന്ന് ഗാന്ധിജിയും ഉറപ്പുനൽകിയിരുന്നു’ എന്ന് ചരിത്രരേഖകളിൽ ഒരിടത്തും മഷിയിട്ടുനോക്കിയാൽ കാണാത്ത ഒരു മറിമായ ഉറപ്പും രാജ്നാഥ് സിങ് അവതരിപ്പിച്ചു. 

പിന്നെ മോഹൻ ഭാഗവതിന്റെയും രാജ്‌നാഥ്‌ സിങ്ങിന്റെയും ഭൂതോദയ ഘോഷയാത്രയായിരുന്നു. ഇന്ത്യാചരിത്രത്തിലെ യഥാർഥ വിഗ്രഹമാണ് സവർക്കറെന്ന് ഇരുവരും അടിവരയിട്ടു പറയുകമാത്രമല്ല, സവർക്കർക്ക് ചരിത്രം ഇന്നേവരെ രേഖപ്പെടുത്താത്ത ധാരാളം രത്നകിരീടങ്ങൾ ചാർത്തിക്കൊടുക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും വിദഗ്‌ധനായ സൈനിക യുദ്ധതന്ത്രജ്ഞൻ, ദീർഘവീക്ഷണമുണ്ടായിരുന്ന വിദേശകാര്യ നിപുണൻ, മുസ്ലിങ്ങളെ സ്വൽപ്പംപോലും വെറുക്കാതിരുന്ന, ഉറുദുഭാഷയെ സ്നേഹിക്കുകയും ആ ഭാഷയിൽ നിരവധി ഗസൽ രചിക്കുകയും ചെയ്ത സമന്വയ സംസ്കാര പ്രഘോഷകൻ, ഗാന്ധിജി ഇന്ത്യക്ക് ഒഴിച്ചുകൂടാനാകാത്ത ആവശ്യകതയാണെന്നും അതിനാൽ ഗാന്ധിജിയുടെ ആരോഗ്യം നല്ലനിലയിൽ നിലനിർത്തണമെന്നും നിർവ്യാജമായി കാംക്ഷിച്ച ഗാന്ധി പ്രിയൻ... ആർഎസ്എസ് അധ്യക്ഷനും പ്രതിരോധമന്ത്രിയും ഗ്രന്ഥകർത്താവായ ഇൻഫർമേഷൻ കമീഷണറും പുസ്തക പ്രകാശനവേളയിൽ കൽപ്പിത കഥകൾ മത്സരിച്ച്‌ പറഞ്ഞുതകർത്തു. ഗാന്ധിവധത്തിനു പിന്നിൽ പ്രവർത്തിച്ച മുഖ്യ ഗൂഢാലോചനക്കാരിൽ ഒരാളും തെളിവുകളുടെ അപര്യാപ്തതമൂലം കോടതി വെറുതെ വിടുകയും ചെയ്ത സവർക്കറെപ്പറ്റിയാണ് ഈവക നട്ടാൽമുളയ്‌ക്കാത്ത നുണകളത്രയും ഇരുവരും തട്ടിവിടുന്നത്.

സർദാർ വല്ലഭായി പട്ടേലിനെ ഇപ്പോൾ ഹിന്ദുത്വവാദികൾ നർമദാതീരത്ത് വിഗ്രഹവൽക്കരിച്ച് കറകളഞ്ഞ ഹിന്ദുത്വവാദിയായി പരിവർത്തിപ്പിക്കാൻ അഹോരാത്രം ശ്രമിക്കുന്ന കാലമാണ് ഇത്. ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ പട്ടേൽ 1948 ഫെബ്രുവരി 27ന് പ്രധാനമന്ത്രി നെഹ്റുവിന് എഴുതി. ‘‘ഈ കൃത്യം നടത്തിയത് സവർക്കറുടെ പ്രത്യക്ഷ നിയന്ത്രണത്തിലുള്ള ഹിന്ദുമഹാസഭയുടെ മതഭ്രാന്ത് പിടിച്ച ഒരു വിഭാഗമാണ്. അവരാണ് ഗൂഢാലോചന നടത്തിയതും അത് ഫലപ്രാപ്തിയിലെത്താൻ യത്‌നിച്ചതും. ഗാന്ധിവധം സംബന്ധിച്ച ദൈനംദിന റിപ്പോർട്ട് നെഹ്‌റുവിന്‌ കൈമാറിയിരുന്നു വല്ലഭായി പട്ടേൽ. ഗോഡ്‌സെയ്‌ക്ക്‌ 1944ൽ ‘അഗ്രണി’ എന്ന പത്രം തുടങ്ങാൻ പതിനയ്യായിരം രൂപ നൽകിയത് സവർക്കറാണ്‌.

ഗോഡ്സെ എഡിറ്ററും നാരായണൻ ആപ്തെ മാനേജരും ആയിരുന്ന പത്രത്തിന്റെ മുഖ്യ കാര്യപരിപാടി സവർക്കറുടെ ദുഷ്ടനിർഭരമായ ഗാന്ധി വിദ്വേഷ പ്രചാരണം ആയിരുന്നു. കടുത്ത മുസ്ലിംവിരുദ്ധനായിരുന്നു സവർക്കർ. മുസ്ലിംസ്ത്രീകളെ പ്രതികാര ലൈംഗികാക്രമണത്തിന് ഇരകളാക്കണം എന്നുപോലും ഒരു ഘട്ടത്തിൽ വാദിച്ചിരുന്നെന്ന് എഴുതിയത് വാജ്പേയിയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സഹായിയായിരുന്ന സുധീന്ദ്ര കുൽക്കർണിയാണ്‌.

അതൊക്കെ പോകട്ടെ, സവർക്കറിനെ ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക്‌ അയക്കുന്നത്‌ 1911 ജൂലൈ നാലിനാണ്‌. ആ വർഷംതന്നെ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ കൊടുത്തു. ഈ മാപ്പപേക്ഷയുടെ കാര്യം 1913-ലെ മറ്റൊരു മാപ്പപേക്ഷയിൽ സവർക്കർ പരാമർശിക്കുന്നുണ്ട്‌. അഞ്ച് മാപ്പപേക്ഷ സവർക്കർ സമർപ്പിക്കുന്നുണ്ട്. ഏറ്റവും സമഗ്രമെന്ന്‌ വിശേഷിപ്പിക്കുന്നത്‌ 1920ൽ കൊടുത്ത, ബ്രിട്ടീഷ് ഭരണത്തിന് സമ്പൂർണ സമർപ്പണം വാഗ്ദാനം ചെയ്തുള്ളതായിരുന്നു. 1915 ജനുവരിയിലാണ്‌ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്ന്‌ ഇന്ത്യയിൽ എത്തുന്നത്‌. ദേശീയ പ്രസ്ഥാനത്തിന്റെ സുപ്രധാന നായകനായി ഗാന്ധിജി മാറുന്നത്‌ ബാലഗംഗാധര തിലകന്റെ മരണത്തോടെയാണ്‌. ഇക്കാലയളവിലൊന്നും സവർക്കർക്ക്‌ ഗാന്ധിജി എന്തെങ്കിലുമൊന്ന്‌ എഴുതിയതായി തെളിവില്ല. തെളിവുകളെ തള്ളി ചരിത്രം കെട്ടുകഥയായി അവതരിപ്പിക്കുന്നത് സംഘപരിവാർ എഴുത്തുകാരുടെ ഭാവനാത്മക വിനോദങ്ങളിൽ ഒന്നാണ്. അത്തരം സാങ്കൽപ്പിക കത്തുകൾ ഗാന്ധിജി എഴുതിയിട്ടുണ്ടെന്നു പറയുമ്പോൾ എപ്പോൾ, എന്ത് എഴുതി എന്ന്‌ (ആ കത്ത്‌) ഹാജരാക്കാനുള്ള സാമാന്യ മര്യാദ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന രാജ്‌നാഥ്‌ സിങ്ങിനുണ്ട്‌.

സവർക്കറുടെ ഹിന്ദുത്വം ഇന്ത്യയിലെ ജനങ്ങളെ വേർതിരിക്കുന്നതോ വിവേചിക്കുന്നതോ ആയിരുന്നില്ലെന്നും അത് എല്ലാ ഇന്ത്യക്കാരും ഉൾക്കൊള്ളുന്ന മഹത്വദർശനം ആണെന്നും ആ ചടങ്ങിൽ മോഹൻ ഭാഗവത്‌ പറയുകയുണ്ടായി. ഇന്ത്യ ‘പുണ്യഭൂമി’യും ‘പിതൃഭൂമിയും’ ആയവരുടേത്‌ മാത്രമാണെന്ന്‌ 1923ൽ പ്രസിദ്ധീകരിച്ച എസൻഷ്യൽ ഓഫ്‌ ഹിന്ദുത്വ എന്ന ചെറുപുസ്തകത്തിൽ സവർക്കർ എഴുതിവച്ചിട്ടുണ്ട്. ഈ വർഗീയ വിഭാഗീയ യുക്തി അനുസരിച്ച് മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും രാജ്യമല്ല ഇന്ത്യ. 1940ൽ മുസ്ലിംലീഗ് ലാഹോർ സെഷനിൽവച്ച് മതാടിസ്ഥാനത്തിലുള്ള പാകിസ്ഥാൻ തീരുമാനം പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ 1937ൽ ഹിന്ദുമഹാസഭയും അതിന്റെ നേതാവായിരുന്ന സവർക്കറും ഹിന്ദുക്കളും മുസ്ലിങ്ങളും വേറെ രാഷ്ട്രങ്ങളാണെന്ന്‌ പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. അപ്പോൾ സവർക്കറാണ്‌ ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്‌.

ജിന്നയല്ല. ‘വിഭജനം തടയാൻ കഴിയുമായിരുന്നു ആൾ’ എന്നാണ്‌ പുസ്തകത്തിന്റെ ശീർഷകത്തിലൂടെ ഇൻഫർമേഷൻ കമീഷണായ ഉദയ്‌ മഹുർക്കറും ഹിന്ദുത്വ അക്കാദമിക്കായ ചിരായ്‌ പണ്ഡിറ്റും ഉദ്ഘോഷിക്കുന്നത്. ഇൻഫർമേഷൻ കമീഷണറായാൽ ഇങ്ങനെയുള്ള ‘ഇൻഫർമേഷനുമായി’ രംഗത്തുവന്ന്‌ തന്നെ നിയമിച്ച അധികാരികളെ പ്രീതിപ്പെടുത്തണം. പാർലമെന്റ്‌ സെൻട്രൽ ഹാളിൽ മുഖാമുഖം നിൽക്കുന്ന ഗാന്ധിജിയുടെയും സവർക്കറുടെയും ഛായാചിത്രങ്ങളുടെ മുഖത്ത് ഇപ്പോൾ ‘പരസ്പര ബഹുമാനം’ ഉള്ള ഒരു ചിരി പടർന്നിട്ടുണ്ടാകും. ഗാന്ധിജിയും സവർക്കറും സ്വാതന്ത്ര്യസമര പോരാളികൾമാത്രമല്ല അഗാധമായി പരസ്പരം ബഹുമാനിച്ചവരുമായിരുന്നു എന്നാണല്ലോ മോഹൻ ഭാഗവത് ചടങ്ങിൽ പറഞ്ഞത്.

(എറണാകുളം മഹാരാജാസ്‌ കോളേജിലെ ചരിത്രവിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top