24 April Wednesday

ആലിംഗന നയതന്ത്രം

കോടിയേരി ബാലകൃഷ്ണൻUpdated: Friday Jul 27, 2018


ആലിംഗനത്തിൽ രചിക്കപ്പെടുന്ന രാഷ്ട്രീയവും നയതന്ത്രവുമുണ്ട്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയും പലസ്തീൻ വിമോചന പോരാളി യാസർ അറഫാത്തും ആലിംഗനം ചെയ്തപ്പോഴും ഹോച്ചിമിനും ജവാഹർലാൽ നെഹ്റുവും പരസ്പരം കണ്ടുമുട്ടിയപ്പോഴും തെളിഞ്ഞത് സാമ്രാജ്യത്വത്തിന് എതിരായ രാഷ്ട്രീയമാണ്.  ഫിദൽ കാസ്ട്രോയും ഇന്ദിര ഗാന്ധിയും ഡൽഹിയിൽ കണ്ടപ്പോൾ പരസ്പരം ആലിംഗനം ചെയ്തത് സാർവദേശീയ വാർത്തയായി. അതിൽ പ്രകടമായത് സാമ്രാജ്യത്വവിരുദ്ധ ചേരിചേരാ നയമാണ്. ഫിദൽ കാസ്ട്രോയും ജോൺ പോൾ മാർപാപ്പയും കെട്ടിപ്പുണർന്നപ്പോൾ വിളംബരം ചെയ്യപ്പെട്ടത് കമ്യൂണിസവും ക്രൈസ്തവ ചിന്തയും തമ്മിലുള്ള സഹകരണമാണ്. എന്നാൽ, ഇന്ത്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽഗാന്ധി ആലിംഗനം ചെയ്തപ്പോൾ തെളിഞ്ഞത് എന്ത് രാഷ്ട്രീയവും നയതന്ത്രവുമാണ്?

മോഡി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെ ചർച്ചയ്ക്കൊടുവിലാണ് നാടകീയ മുഹൂർത്തങ്ങൾക്ക് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രിക്കെതിരെ വിമർശവും അഴിമതി ആക്ഷേപവും ഉന്നയിച്ചു. വ്യക്തിവിരോധമില്ലെന്നു പറഞ്ഞ്‌, അതിനു പിന്നാലെ മോഡിയെ കെട്ടിപ്പിടിച്ചത് നല്ല രാഷ്ട്രീയ നയതന്ത്രത്തിന്റെ സൂചനയല്ല. വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലുംപെട്ട നേതാക്കളും പ്രവർത്തകരും വ്യക്തിപരമായ സൗഹൃദം പുലർത്തുന്നതിന് ആരും എതിരല്ല. ആദ്യ പാർലമെന്റിൽ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റുവും പ്രതിപക്ഷ നേതാവായിരുന്ന എ കെ ജിയും പരസ്പര ബഹുമാനവും സൗഹൃദവും പുലർത്തിയിരുന്നു. ചില സന്ദർഭങ്ങളിൽ എ കെ ജിയെ ജയിലിൽ അടയ്ക്കുകയും വിചാരണകൂടാതെ തടങ്കലിൽ വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ജനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽനിന്ന‌് എ കെ ജി അണുവിട മാറിയില്ല. സർക്കാരിനെ വിമർശിച്ചതിനു പിന്നാലെ പാർലമെന്റിലെ പ്രതിപക്ഷഭാഗത്തുനിന്ന‌് ഭരണപക്ഷ ഇരിപ്പിടത്തിലേക്ക് ചെന്ന് പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കാൻ പ്രതിപക്ഷത്തെ ഒരു നേതാവും ലോകത്തിലെ ഒരു പാർലമെന്റിലും തയ്യാറായിട്ടില്ല. ഇത്തരം നാടകം ആടാൻ പാർലമെന്റോ നിയമസഭയോ ഒരു അംഗത്തെയും അനുവദിക്കുന്നില്ല. ചട്ടവും പാരമ്പര്യവും അതിന് സമ്മതിക്കുന്നുമില്ല.

പ്രതിരോധ ആവശ്യത്തിന് ഫ്രാൻസിൽനിന്ന‌് റാഫേൽ വിമാനം വാങ്ങിയതിൽ അഴിമതി ആരോപിച്ചതിനു പിന്നാലെ രാഹുൽ എന്തിനാണ് മോഡിയെ കെട്ടിപ്പിടിച്ചത്. യുപിഎ ഭരണത്തിലെ അഴിമതി പേടിച്ചാണോ ഈ കോപ്രായം കാട്ടിയതെന്ന സാമൂഹ്യമാധ്യമങ്ങളിലെ ചോദ്യം അത്രപെട്ടെന്ന് തള്ളിക്കളയാനാകില്ല. ഫ്രാൻസുമായുള്ള കരാറിൽ രഹസ്യ സ്വഭാവമുള്ളതിനാൽ പോർവിമാനത്തിന്റെ വില പാർലമെന്റിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രി നിർമല സീതാരാമനും പറഞ്ഞത്. വില പരസ്യപ്പെടുത്തുന്നതിൽ ഫ്രാൻസിന് പ്രശ്നമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ കരാർ നടപടി തുടങ്ങിയത് കോൺഗ്രസ് നയിച്ച യുപിഎ ഭരണകാലത്താണെന്നാണ് മോഡിയും കൂട്ടരും പറഞ്ഞത്. അഴിമതിരഹിത ഭരണമെന്ന ബിജെപിയുടെ അവകാശവാദം ഒന്നൊന്നായി പൊളിയുകയാണ്. അതിനൊപ്പം അഴിമതികാര്യത്തിൽ ബിജെപിയോട് മത്സരിക്കുന്ന പാർടിയാണ് കോൺഗ്രസെന്നത് ഓർമപ്പെടുത്തുകയും ചെയ്യുന്നു. 2ജി സ്പെക്ട്രം, കോമൺവെൽത്ത്, ആദർശ് ഫ്ലാറ്റ് തുടങ്ങി അഴിമതിയുടെ ഭീമൻ ഭാണ്ഡംപേറുന്ന പാർടിയാണല്ലോ കോൺഗ്രസ‌്.

അവിശ്വാസപ്രമേയ ചർച്ചയിൽ 'ഘോരഘോരം' പ്രസംഗിച്ച രാഹുൽ, മോഡിയുടെ കാലുപിടിക്കുന്നതിനു തുല്യമായിരുന്നു ആ ആലിംഗനം. എതിർവശത്ത് ചെന്ന് ഇരിപ്പിടത്തിൽ ഇരുന്ന ആളെ കുനിഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കുകയായിരുന്നു. തിരിഞ്ഞ് നടന്നപ്പോൾ മോഡി മാടിവിളിച്ചു. തിരിച്ചു ചെന്ന് കൈ കൊടുത്തു. ഇത്രയും ചെയ്ത ആൾ സ്വന്തം സീറ്റിൽ നിന്നിട്ട് സ്വപക്ഷത്തെ എംപിയെ നോക്കി കണ്ണിറുക്കി കാണിക്കുകയും ചെയ്തു. ഇത്തരം കോപ്രായങ്ങൾകൊണ്ടാണോ ബിജെപിയെ രാഷ്ട്രീയമായി നേരിടേണ്ടത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുന്നതിന് മോഡിയെ വിമർശിക്കുന്നതിനൊപ്പം കെട്ടിപ്പിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയനയം നടപ്പാക്കാനാണോ ഉദ്ദേശിക്കുന്നത്. കോൺഗ്രസ് സ്വീകരിച്ചുവരുന്ന മൃദു ഹിന്ദുത്വനയമാണ് ഇതിലെല്ലാം തെളിയുന്നത്. ഇത് വിവിധ വിഷയങ്ങളിൽ പ്രകടമാണ്. ഭരണകൂട പിന്തുണയോടെ അരങ്ങു തകർക്കുന്ന ആൾക്കൂട്ടക്കൊലപാതക രാഷ്ട്രീയത്തെ ഉള്ളുതുറന്ന് ആക്രമിക്കുന്നതിനും കോൺഗ്രസിന് കഴിയുന്നില്ല. അതിനു കാരണം കോൺഗ്രസിന്റെ 'പശുപക്ഷ' രാഷ്ട്രീയമാണ്.

രാജ്യത്ത് ആൾക്കൂട്ട ആക്രമണം അടിക്കടി സംഭവിക്കുന്നതിനെപ്പറ്റി ശക്തമായി പ്രതിപാദിക്കാൻ അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുലിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുകയും, ആൾക്കൂട്ട ആക്രമണം തടയാൻ നിയമനിർമാണത്തിന് കേന്ദ്രസർക്കാരിന് നിർദേശം നൽകിയിരിക്കുകയുമാണ്. മോഡി സർക്കാർ അധികാരത്തിൽ വന്നശേഷമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഗോരക്ഷയുടെ പേരിൽ ആൾക്കൂട്ടക്കൊലപാതകം ദിവസേന ഉണ്ടാകുന്നത്. നിയമലംഘകർക്ക് പൊലീസും ഭരണസംവിധാനവും കൂട്ടുനിൽക്കുന്നു. ഗോവധ നിരോധന നിയമം ലംഘിച്ചവരെന്നു ചിത്രീകരിച്ച് അക്രമത്തെ ലഘൂകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിനു പിന്നാലെയാണ്, ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ആൽവാറിൽ ഗോരക്ഷാ അക്രമികളും പൊലീസും ചേർന്ന് അക്ബർഖാൻ എന്ന ഇരുപത്തെട്ടുകാരനെ കൊലചെയ്തത്. വീട്ടിൽ വളർത്താൻ പശുവിനെ വാങ്ങി വരുമ്പോഴായിരുന്നു ഈ ഭീകരത.

മോഡി സർക്കാരും ബിജെപിയുടെ സംസ്ഥാന സർക്കാരുകളും ഗോരക്ഷാ അക്രമികൾക്കൊപ്പമാണ്. ഇത് തിരിച്ചറിഞ്ഞാകണം സുപ്രീംകോടതിയുടെ ഇടപെടൽ. നിയമനിർമാണം സംബന്ധിച്ച കാര്യങ്ങൾക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ‌് അധ്യക്ഷനായി ഉന്നതതല സമിതിയെയും ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെയും കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്. ഈ സമിതികളുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നിയമനിർമാണം നടത്താനാണ് ഉദ്ദേശ്യമെന്ന് കേന്ദ്രസർക്കാർ കോടതിയെ ധരിപ്പിക്കുമെന്നാണ് വാർത്തകൾ. പക്ഷേ, ഇത് കോടതിയുടെ കണ്ണിൽ പൊടിയിടാനുള്ള ഉപായംമാത്രമാണ്. ആൾക്കൂട്ടക്കൊലപാതകങ്ങളിലെ ഭരണപങ്കാളിത്തത്തിന് മോഡി സർക്കാരിനെ പ്രതികൂട്ടിലാക്കിയുള്ള രൂക്ഷ വിമർശനമോ ആക്രമണമോ രാഹുലിൽനിന്നോ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽനിന്നോ ഉണ്ടാകുന്നില്ല. അതിനു കാരണം കോൺഗ്രസിന്റെ ഗോനയത്തിൽ സ്വീകരിക്കുന്ന മൃദുഹിന്ദുത്വമാണ്. 

കോൺഗ്രസിന്റെ പുതിയ വർക്കിങ‌് കമ്മിറ്റിയോഗം ചേർന്നെടുത്ത തീരുമാനങ്ങളും ജനാധിപത്യശക്തികളെ ആവേശംകൊള്ളിക്കുന്നതല്ല. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായപ്പോൾ ആ പാർടിക്ക് പുതിയ വർക്കിങ‌് കമ്മിറ്റിയുണ്ടായി. ഏറ്റവും വലിയ ജനാധിപത്യ കക്ഷിയെന്ന് പെരുമ്പറ മുഴുക്കുന്നുണ്ടെങ്കിലും ആ പാർടിയുടെ ഒരു കമ്മിറ്റിയെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്നില്ല. വർക്കിങ‌് കമ്മിറ്റി അംഗത്വം രാഹുലിന്റെ കൃപാകടാക്ഷമാണ്.  41  അംഗ സമിതിയിൽ കേരളത്തിൽനിന്ന‌് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒഴിവാക്കി എ കെ ആന്റണി, ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, പി സി ചാക്കോ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.

കോൺഗ്രസ‌് പാർടിയുടെ വർക്കിങ‌് കമ്മിറ്റിയിൽ ആര് വരണമെന്നത് ആ പാർടിയുടെ ആഭ്യന്തരകാര്യമാണ്. പക്ഷേ, ഇപ്പോൾ അത് ആ പാർടിയുടെ ആഭ്യന്തരകാര്യംപോലുമല്ല, രാഹുലിന്റെ ചുറ്റുവട്ടത്തെ കാര്യമായി അധഃപതിച്ചിരിക്കുകയാണ്. രാഹുൽ നോമിനേറ്റ് ചെയ്ത വർക്കിങ‌് കമ്മിറ്റിയുടെ ആദ്യയോഗം ചേർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് സഖ്യരൂപീകരണം നടത്താൻ തീരുമാനിച്ചു. അതിനുള്ള അധികാരമാകട്ടെ രാഹുലിന് വിട്ടുകൊടുക്കുകയും ചെയ്തു. കോൺഗ്രസ് പ്രചാരണം നയിക്കുന്നത് രാഹുലായിരിക്കുമെന്നും പ്രഖ്യാപിച്ചു. പാർലമെന്റിൽ കാട്ടിയതുപോലുള്ള കുട്ടിക്കളിയും പൊറാട്ട് നാടകവുമാണ് രാഹുൽ ആവർത്തിക്കുന്നതെങ്കിൽ കോൺഗ്രസ‌് കൂടുതൽ പ്രതിസന്ധിയിലാകും.

ഭരണം എങ്ങനെയായിരിക്കണമെന്നതിന് പിണറായി വിജയൻ സർക്കാർ ദേശീയ മാതൃകയായിരിക്കുകയാണ്. ഈ വസ്തുതയ്ക്ക് മാറ്റുകൂട്ടുന്നതാണ് ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന തിങ്ക്ടാങ്ക് പബ്ലിക‌് അഫയേഴസ് സെന്റർ കേരളത്തിന് നൽകിയിരിക്കുന്ന ബഹുമതി. ഭരണമികവിൽ നമ്പർ വണ്ണായി കേരളത്തെ തെരഞ്ഞെടുത്തു. രാജ്യത്തെ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാമതായത്. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന ഏറ്റവും മികച്ച ബാലസൗഹൃദ സംസ്ഥാനവും കേരളമാണ്. മികച്ച ഭരണനിർവഹണത്തിൽ ഇന്ത്യയിൽ കേരളം മുന്നിലാണെന്ന പഠന റിപ്പോർട്ട് കേരളീയർ അനുഭവത്തിലൂടെ തിരിച്ചറിയുന്നതാണ്.

നിപാമുതൽ മഴക്കെടുതിവരെയുള്ള വിഷയങ്ങളിലെ ഭരണ ഇടപെടലുകൾതന്നെ ഇത് വിളിച്ചറിയിക്കുന്നു. സാമൂഹ്യസുരക്ഷ, വികസനം, വനിത ശിശുക്ഷേമം, നീതിനിർവഹണം, സുതാര്യത, അടിസ്ഥാന സൗകര്യവികസനം, സാമ്പത്തിക അച്ചടക്കം, വൈദ്യുതി, കുടിവെള്ളം, റോഡ്, പാർപ്പിടം, വാർത്താവിനിമയം, പ്രകൃതി സംരക്ഷണം തുടങ്ങിയ വിവിധ സൂചികകളുടെ അടിസ്ഥാനത്തിലെ പഠനത്തിലൂടെയാണ് കേരളത്തിന് ഈ റാങ്ക് ലഭിച്ചത്. മതനിരപേക്ഷതയുള്ള നാട് ആയതിനാലാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത്. ഹിന്ദുവർഗീയത രാജ്യത്തെ വിഴുങ്ങുന്ന വിപത്തായി വളരുമ്പോൾ മതനിരപേക്ഷതയുടെ തുരുത്തായി കേരളത്തെ സംരക്ഷിക്കുന്നത് എൽഡിഎഫ് സർക്കാരും ഇടതുപക്ഷവുമാണ്. ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണമികവ് ഇന്ത്യൻ രാഷ്ട്രീയത്തിൽത്തന്നെ വഴിത്തിരിവ് സൃഷ്ടിക്കുന്നതാണ്. ഇതിന്റെ പ്രാധാന്യം കോൺഗ്രസ‌് നേതൃത്വം  കാണുന്നില്ലെങ്കിലും ആ പാർടിയിലെ സാധാരണ പ്രവർത്തകരുൾപ്പെടെയുള്ളവർ അത് മനസ്സിലാക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top