03 June Wednesday

വയനാടിൽ കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് ഒരു ദേശീയ ദുരന്തമോ ?

ശറഫുദ്ധീൻ മുല്ലപ്പള്ളിUpdated: Thursday Apr 18, 2019

രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വണ്ടി കേറുന്നതിന് മുൻപ് ഓർത്തെടുക്കേണ്ട ഒരു പേരായിരുന്നു രാജ് നരേയ്ന്റേത്. 1971ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ സാക്ഷാൽ ഇന്ദിരാഗാന്ധിയോട് മത്സരിച്ച് പരാജയം ഏറ്റു വാങ്ങിയ ജനതാ പാർട്ടി നേതാവായിരുന്നു രാജ് നരേയ്ൻ. എന്നാൽ തെരെഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി സംശയം പ്രകടിപ്പിച്ച് അദ്ദേഹം കോടതിയെ സമീപിച്ചു. കോടതി ആ വാദം അംഗീകരിച്ചു. രാജ് നരേനെ വിജയിയായി പ്രഖ്യാപിച്ചു. വിധി വരാൻ പക്ഷെ നാല് വർഷമെടുത്തു. എന്നാൽ ഇന്ദിരാഗാന്ധി രാജി വെക്കുന്നതിന് പകരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥാനന്തരം വീണ്ടും നടന്ന തെരെഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ ഇന്ദിരാഗാന്ധിയെന്ന ഉരുക്കു വനിതയെ ദുർബല സ്ഥാനാർത്ഥിയെന്ന് എതിരാളികൾ വിളിച്ച രാജ് നരേയ്ൻ അവരെ പരാജയപ്പെടുത്തി. അതും വ്യക്തമായ ഭൂരിപക്ഷത്തിൽ. കൃത്യമായി പറഞ്ഞാൽ 55200 വോട്ടുകൾക്ക്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ്  ചരിത്രത്തിൽ പ്രശസ്തനായ എതിരാളിക്ക് മേൽ താരതമ്യേന അപ്രശസ്തനായ ഒരാൾ നേടുന്ന വിജയമായിരുന്നു റയ്ബറേലിയിലേത്. ഇന്ദിരാഗാന്ധിയുടെ പരാജയം കോൺഗ്രസ് കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇന്ത്യയെന്ന രാജ്യത്തിന്റെ അധികാരക്കസേരയും ആ അധികാരക്കസേരയിലേക്കുള്ള കോടിയേറ്റ ഭൂമിയാണ് റായ്ബറേലിയെന്നുമുള്ള കോൺഗ്രസിന്റെ വിശ്വാസത്തെ തകർത്ത് തരിപ്പണമാക്കിക്കൊണ്ടാണ് രാജ്നരേയ്ൻ ഇന്ത്യൻ പാർലമെന്റിലേക്ക് പടികേറിയത്.

അന്നത്തേതിന് സമാനമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ത്യയെന്ന ജനാധിപത്യരാജ്യം ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു വ്യത്യാസം മാത്രം, അന്ന് കോൺഗ്രസ്സായിരുന്നു ജനാധിപത്യത്തിന്റെ അന്തകരെങ്കിൽ ഇന്നത് ചെയ്യുന്നത് ബിജെപിയാണെന്ന് മാത്രം. അതിനെതിരെ ഉത്തരവാദിത്തപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരൊറ്റ തട്ടിൽ അണിനിരക്കുമ്പോൾ അതിന് വിരുദ്ധമായ നിലപാടാണ് കോൺഗ്രസ്സ് സ്വീകരിച്ചു പോരുന്നത്. കോൺഗ്രസ്സ് പാർട്ടി ഫാസിസ്റ്റ് കരങ്ങൾക്ക് ശക്തി പകരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം. ഏതൊരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും നിഷ്പ്രയാസം ജയിച്ചു കേറാവുന്ന ഒരു മണ്ഡലമായ വയനാട്ടിൽ രാഹുൽ ഗാന്ധിയെപ്പോലൊരു നേതാവിനെ നിർത്തി മതേതര കേരളത്തിന്റെ ഹൃദയത്തിലേക്കാണ് കോൺഗ്രസ്സ് മൂർച്ചയുള്ള ആയുധം കുത്തിയിറക്കിയത്. വികലമായ സന്ദേശമാണ് ഈ സ്ഥാനാർത്ഥിത്വത്തിലൂടെ കേരള ജനതക്ക് കോൺഗ്രസ്സ് സമ്മാനിച്ചത്.
 
കർഷക സ്വയംഹത്യകൾ കൊണ്ടും, ആൾക്കൂട്ട കൊലപാതകങ്ങൾ കൊണ്ടും കലാപശാലകളായി മാറിയ ഉത്തരേന്ത്യൻ തെരുവുകളിൽ, ജനാധിപത്യത്തിന്റെയും മൗലികാവകാശങ്ങളുടേയും വിത്ത് മുളപ്പിക്കുന്നതിന് പകരം മാനവികതക്ക് ഊന്നൽ നൽകുന്ന ഒരു ജനതയുടെ നേർക്ക് വോട്ടിനായി കൈകൂപ്പാൻ രാഹുൽ ഗാന്ധിയുടെ മനസ്സ് പാകപ്പെടുത്തിയത് കേരളത്തിലെ ദുഷിച്ചുനാറിയ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയവും, ആ മാലിന്യം തങ്കവിഗ്രഹം പോലെ തലയിലേറ്റി നടക്കുന്ന കോൺഗ്രസ് നേതാക്കളുമാണ്.
 
ഒന്നാം യു പി എ സർക്കാർ രൂപീകരിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് കേരളത്തിൽ നിന്നുള്ള 18 ഇടത് എം പിമാരടക്കം 40 ൽ കൂടുതൽ എം പിമാരുണ്ടായിരുന്ന ഇടതുപക്ഷമായിരുന്നു. ഫാസിസത്തിനെതിരേയുള്ള പോരാട്ടം പാർലമെന്ററിരാഷ്ട്രീയത്തിലുള്ള ലാഭനഷ്ടക്കണക്കുകൾ നോക്കിയിട്ടല്ല എടുക്കേണ്ടതെന്ന് ഇന്ത്യൻ  ജനതയെ പഠിപ്പിച്ചതും അന്നത്തെ ഇടതു പാർട്ടികളാണ്. ആ കറകളഞ്ഞ നിലപാടിനെ ചവിട്ടിമെതിച്ചാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ചിത്രം കേരള ജനതയെ പരിഹാസരൂപേണെ ചിരിക്കുന്നത്. വയനാടിനെ പാകിസ്ഥാനായി പ്രഖ്യാപിച്ചത് ബി ജെ പിയുടെ ദേശീയ അധ്യക്ഷനാണ്. അതിനെതിരെ രൂക്ഷമായി പ്രതികരിച്ചത് പിണറായി വിജയനാണ്. കോൺഗ്രസ്സിൽ നിന്ന് പ്രതികരണം പ്രതീക്ഷിച്ച വയനാട് ജനതക്ക് നിരാശയായിരുന്നു ഫലം. കോൺഗ്രസ്സിന്റെ ഗുരുതരമായ നിശബ്ദത ജനാധിപത്യ മതേതര വിശ്വാസികളെ ഞെട്ടിച്ചിട്ടുണ്ട്. പ്രധാനമായും ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്. പല മേഖലയിലും അവരത് പരസ്യമായി പ്രകടിപ്പിക്കുകയും, കോൺഗ്രസ്സിൽ ന്യൂനപക്ഷങ്ങൾക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
 
മാറ്റത്തിന്റെ കാറ്റ് വയനാട്ടിലും വീശിത്തുടങ്ങിയെന്ന റിപ്പോർട്ടാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യമുണ്ടാക്കുന്ന ആൾക്കൂട്ടത്തിനപ്പുറം ഒരു യുഡിഫ് തരംഗം ഇപ്പോഴും വയനാട്ടിലില്ല എന്നതാണ് വാസ്തവം. ചുറ്റും കൂടുന്ന ആളുകൾ കേവലം ദേശീയ നേതാവിനെ കാണാനുള്ള ജനങ്ങളുടെ കൗതുകം മാത്രമാണ്. കുറച്ചു കൂടി ആഴത്തിൽ വയനാടിന്റെ ഹൃദയത്തിലേക്കിറങ്ങിയാൽ കാണാവുന്നത് ഇടത്തോട്ട് തിരിയുന്ന ജനമനസ്സുകളേയാണ്. കുറച്ച് വർഷങ്ങളായി വയനാട് കാണിക്കുന്നത് ഇടത് മനസ്സാണ്. ഈയൊരു മാറ്റത്തിന്റെ പ്രധാന കാരണം കോൺഗ്രസ്സ് സംഘപരിവാറിനോട് കാണിക്കുന്ന മൃദുസമീപനത്തോടുള്ള ന്യൂനപക്ഷത്തിന്റെ പ്രതിഷേധമായിട്ട് വേണം വിലയിരുത്താൻ.
 
ഇനി കണക്കുകൾ ഇഴകീറി പരിശോധിച്ചാൽ വയനാടിന്റെ ഇന്നത്തെ നില മനസ്സിലാകും. സംഘപരിവാറിനെ തീർത്തും കോൺഗ്രസ്സിനെ ഭാഗികമായും ഭയപ്പെട്ടു തുടങ്ങിയ വലിയൊരു വിഭാഗത്തിന്റെ ഏകീകരണം വയനാട്ടിൽ രൂപപ്പെട്ടിട്ടുണ്ട്. അത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭ തെരെഞ്ഞെടുപ്പിലും കണ്ടതാണ്.
 
നിലവിൽ വയനാട് ലോകസഭാ മണ്ഡലത്തിന്റെ കീഴിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലത്തിൽ നാലെണ്ണം എൽഡിഎഫിന്റെ കയ്യിലാണ്. അഞ്ച് നഗരസഭകളിൽ നാലെണ്ണവും എൽഡിഎഫിന് സ്വന്തം. അമ്പത് ഗ്രാമപഞ്ചായത്തുകളിൽ ഇരുപത്തൊൻപത് പഞ്ചായത്തുകൾ എൽഡിഎഫിന്റെ കയ്യിൽ ഭദ്രമാണ്. ഇതിൽ നിലമ്പൂരടക്കം പല നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ യുഡിഎഫിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതാണെന്നറിയുമ്പോഴാണ് കോൺഗ്രസ്സിന്റെ തകർച്ചയുടെ ആഴം മനസ്സിലാകൂ. ഇനി വീണ്ടും ലോക്സഭ മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഒരു ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് അവസാനം നടന്ന തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിക്ക് കിട്ടിയ ഭൂരിപക്ഷം കേവലം ഇരുപതിനായിരം വോട്ടാണ്. യുഡിഎഫ് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. വീരേന്ദ്രകുമാറിന്റെ എൽജെഡിക്ക് വ്യകതമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വയനാട്. വീരേന്ദ്രകുമാറിന്റെ അഭാവത്തിലാണ് എൽഡിഎഫ് ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയത്. എന്നാൽ ഇന്ന് എൽജെഡി എൽഡിഎഫിന്റെ കൂടെയാണ്. അതും എൽഡിഎഫിന്റെ വിജയ സാധ്യത കൂട്ടുന്ന ഘടകമാണ്. ഇതിനൊക്കെ പുറമേയാണ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ദുർഗന്ധം വമിക്കുന്ന അണിയറക്കഥകളുടെ ഫലമായി രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ദഹിക്കാത്ത കോൺഗ്രസ് നേതാക്കളുടെ രഹസ്യമായ വിമത പ്രവർത്തനം. എന്ത് വില കൊടുത്തും രാഹുൽ ഗാന്ധിയെ വയനാട്ടിൽ തോൽപ്പിച്ച് എതിർപക്ഷത്തിന് ശക്തമായ തിരിച്ചടി നൽകാനുള്ള പ്രവർത്തനം അണിയറയിൽ തകൃതിയായി നടക്കുന്നുണ്ട്. അതിലൂടെ രാഹുൽ ഗാന്ധിയെ വയനാട്ടിലെത്തിച്ച് അപമാനിച്ചു എന്ന് വരുത്തിത്തീർത്ത് പക വീട്ടുകയാണ് ഉദ്ദേശം. ആഴത്തിൽ നിരീക്ഷിച്ചാൽ വയനാട് മണ്ഡലത്തിലെ ചലനങ്ങള്‍  രാഹുൽ ഗാന്ധിയ്ക്ക്  എതിരാണ്. വയനാട്ടില്‍ കോൺഗ്രസ് ഒരു ദേശീയ ദുരന്തത്തിലേക്ക് നടന്നടുക്കുന്നതിന്റെ സൂചനകള്‍ ആണ് എങ്ങും.

പ്രധാന വാർത്തകൾ
 Top