18 August Sunday

ഇല്ലാത്ത തരംഗം

വി ബി പരമേശ്വരൻUpdated: Tuesday Apr 23, 2019


രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിക്കാൻ തീരുമാനിച്ചപ്പോൾ എ കെ ആന്റണി പറഞ്ഞു ‘രാഹുൽതരംഗം കേരളത്തിൽ വിശിയടിക്കുമെന്ന‌്’. അതായത് രാഹുൽ കേരളത്തിൽനിന്ന‌് മത്സരിക്കുന്നതോടെ 20 ൽ 20 സീറ്റും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് ലഭിക്കുമെന്ന്. എന്നാൽ, ആന്റണിയുടെ ഈ വീൺവാക്കിനുള്ള മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികളിൽ ഒരാൾ മാത്രമായിരിക്കും രാഹുൽ എന്നായിരുന്നു ആ മറുപടി. ഒരു തരംഗവും വീശിയടിക്കില്ലെന്നർഥം.

ഇനി രാഹുൽ തരംഗത്തിന്റെ യഥാർഥസ്ഥിതി അറിയണമെങ്കിൽ ഉത്തർപ്രദേശ‌് വരെ പോകണം. കാരണം, രാഹുൽ ഗാന്ധി ആദ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 2004 ൽ അമേഠിയിലാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയതട്ടകം ഉത്തർപ്രദേശാണ‌്. 1988 ലാണ് ഉത്തർപ്രദേശിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. തുടർന്നുള്ള വർഷങ്ങളിൽ കോൺഗ്രസിന്റെ ഗ്രാഫ് കുത്തനെ താഴോട്ടായിരുന്നു. 1989 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 425 സീറ്റിൽ 94 ഉം 27.90 ശതമാനം വോട്ടും നേടിയ കോൺഗ്രസിന് 2017 ൽ ലഭിച്ചത് 403 ൽ ഏഴ് സീറ്റും 6.2 ശതമാനം വോട്ടുമാണ്. കഴിഞ്ഞ 15 വർഷമായി ഉത്തർപ്രദേശിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു രാഹുൽ. കോൺഗ്രസിന് ജീവൻ വച്ചില്ലെന്ന് മാത്രമല്ല അത് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയുമാണ്.

രാഹുൽകാലത്തെ ഉത്തർപ്രദേശ‌് കോൺഗ്രസ‌്
ഓഫീസ് ഓഫ് പ്രോഫിറ്റ് വിവാദത്തെത്തുർന്ന് എംപി സ്ഥാനം രാജിവച്ച സോണിയ ഗാന്ധി 2006ൽ റായ്ബറേലിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസിന്റെ ചുക്കാൻ പിടിച്ചത‌് രാഹുലായിരുന്നു. ആ മത്സരത്തിൽ സോണിയ വിജയിച്ചു. രാഹുൽ ‘ഇഫക‌്ടി’നെക്കുറിച്ചായി പിന്നിടുള്ള ചർച്ച. എന്നാൽ, രാഹുലിന്റെ യഥാർഥ പരീക്ഷ 2007 ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. കോൺഗ്രസിനെ യുപിയുടെ രാഷ്ട്രീയചിത്രത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു രാഹുൽ ഇറങ്ങിപ്പുറപ്പെട്ടത്. എന്നാൽ, 2002 ൽ ഉണ്ടായിരുന്ന 25 സീറ്റിൽനിന്ന് മൂന്ന് സീറ്റ് കുറവാണ് കോൺഗ്രസിന് ലഭിച്ചത്. 2002 ൽ കോൺഗ്രസിന് 25 സീറ്റും 8.96 ശതമാനം വോട്ടും ലഭിച്ചിരുന്നു. സംഘടനാപരമായ ദൗർബല്യമാണ് പരാജയത്തിന് കാരണമെന്ന് രാഹുൽ ഗാന്ധിതന്നെ വിലയിരുത്തി. രാഹുൽ ഗാന്ധി കഴിഞ്ഞ മൂന്നുവർഷമായി സംഘടനയുണ്ടാക്കാൻ നടത്തിയ ശ്രമം പരാജയമായിരുന്നുവെന്ന് സാരം.

സംഘടനയെ ശക്തിപ്പെടുത്തുക ലക്ഷ്യമാക്കി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 2005 ആദ്യം ചിത്രകൂടിലും ഗൊരഖ്പുരിലും ചിന്തൻ ശിവിർ നടത്തിയിരുന്നു. ഉത്തർപ്രദേശിനെ മൊത്തമായി എട്ട് മേഖലയായി തിരിക്കുകയും ഓരോ മേഖലയ‌്ക്കും കോ ഓർഡിനേറ്റർമാരെ നിയമിക്കുകയും ചെയ്തു.രാഹുലിന്റെയും ഇവരുടെയും നേതൃത്വത്തിലാണ് സ്ഥാനാർഥികളെ കണ്ടെത്തിയത്. പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും രാഹുൽതന്നെ. “ബദ‌്‌ലാവ‌് ആപ‌്കേ ഹാഥ് മേ ഹേൻ’ (മാറ്റം നിങ്ങളുടെ കൈകളിലാണെന്ന്) എന്നായിരുന്നു പ്രധാന മുദ്രാവാക്യം. ഏഴ് ഘട്ടത്തിലായി നടന്ന തെരഞ്ഞെടുപ്പിൽ രാഹുൽ ഏഴ് റോഡ് ഷോ നടത്തി. ഡൽഹിക്കടുത്ത ഗാസിയാബാദിൽനിന്ന‌് 2007 മാർച്ച്18 ന് പ്രചാരണം ആരംഭിച്ച രാഹുൽ ഗാന്ധി 29 ദിവസം ദിനംപ്രതി ആറ് പൊതുയോഗത്തിൽ സംസാരിച്ചു. “ഞാൻ ഇവിടെ വന്നത് തെരഞ്ഞെടുപ്പിന് മാത്രമല്ലെന്നും മാറ്റത്തിനും വികസനത്തിനും വേണ്ടിയാണന്നും’ രാഹുൽ പറഞ്ഞെങ്കിലും അത് വിശ്വാസത്തിലെടുത്തവർ ചുരുക്കമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പശ്ചിമ യുപിയിലെ ദേവ്ബന്ധിൽ ഇത്രയുംകൂടി രാഹുൽ തട്ടിവിട്ടു. ഗാന്ധി കുടുംബത്തിൽനിന്ന് ആരെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ സജീവമായിരുന്നുവെങ്കിൽ (1992ൽ) ബാബ‌്‌രി മസ‌്ജിദ‌് തകർക്കപ്പെടില്ലായിരുന്നു എന്ന്. പക്ഷേ, കോൺഗ്രസിന് വോട്ടും സീറ്റും കുറഞ്ഞു. 206 സീറ്റ് നേടി മായാവതി തനിച്ച് അധികാരത്തിൽ വന്നു. കോൺഗ്രസിന് ലഭിച്ചത് 22 സീറ്റ്. 8.61 ശതമാനം വോട്ടും. യുപി കോൺഗ്രസിനെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയ രാഹുൽ അതിൽ പൂർണമായും പരാജയപ്പെട്ടു. കോൺഗ്രസ് പ്രശ്നപരിഹാരത്തിനുള്ള ഒറ്റമൂലിയല്ല രാഹുൽ എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു.

ടൊയോട്ട പാതയും രക്ഷിച്ചില്ല
പരാജയപ്പെട്ട ഈ കപ്പിത്താനെയാണ് അതേവർഷം സെപ്തംബർ 24ന് ഒരു പത്രക്കുറിപ്പിലൂടെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാക്കിയത്. എൻഎസ്‌യുഐയുടെയും യൂത്ത് കോൺഗ്രസിന്റെയും ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമനം. തുടർന്നാണ് ‘പ്രോജക്ട് വിസ്താര’യ‌്ക്ക‌് രൂപംനൽകുന്നത്. സംഘടനാ ദൗർബല്യം മാനേജ്മെന്റ് പാതയിലൂടെ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികളിലൊന്നായി ടൊയോട്ടയെ മാറ്റിയപോലെ വിദ്യാർഥി, യൂത്ത് കോൺഗ്രസിനെ മാറ്റുന്നതിനുള്ള “ടൊയോട്ട പാത’യും രാഹുൽവെട്ടി. സമവായത്തിലൂടെ പതുക്കെ പതുക്കെ ശരിയായ തീരുമാനങ്ങളിലെത്തുക എന്നതായിരുന്നു ഈ ടൊയോട്ട പാത. ഇവർക്ക് പരിശീലനം നൽകാൻ ജവാഹർലാൽ നെഹ്റു ലീഡർഷിപ് ഇൻസ്റ്റിറ്റ്യുട്ടിനും രാഹുൽ രൂപം നൽകി. ‘ഇന്ത്യ കണ്ടെത്താൻ’ രാഹുൽ ഗാന്ധി പര്യടനവും ആരംഭിച്ചു. യുപി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ ഡൽഹി–-ആഗ്ര എക‌്സ‌്‌‌പ്രസ‌്‌വേക്കെതിരെ പൊരുതിയ കർഷകരുടെ ഗ്രാമമായ ഭട്ട പർസൂലിൽ സത്യഗ്രഹമിരുന്നു. പശ്ചിമ യുപിയിൽ 75 കിലോമീറ്റർ പദയാത്രയും നടത്തി.

ഈ തയ്യാറെടുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ രാഹുൽ സമീപിച്ചത്. ശരിയും തെറ്റും തമ്മിലുള്ള മത്സരമായാണ് ഇതിനെ രാഹുൽ വിശേഷിപ്പിച്ചത്. 211 റാലിയെ രാഹുൽ അഭിസംബോധന ചെയ്തു. 2011 ഫെബ്രുവരി 29 ന് നെഹ്റുവിന്റെ മണ്ഡലമായിരുന്ന ഫുൽപൂരിൽനിന്ന‌് പ്രചാരണം ആരംഭിച്ച രാഹുൽ 48 ദിവസമാണ് യുപിയിൽ പ്രചാരണം നടത്തിയത്. 18 റോഡ് ഷോ നടത്തി. 35 യൂത്ത് കോൺഗ്രസുകാർക്ക് സീറ്റ് നൽകി. ഗാന്ധി കുടുംബത്തിന്റെ തട്ടകമായ അമേഠി–-റായ്ബറേലി–-സുൽത്താൻപൂരിലെ 15 അസംബ്ലി മണ്ഡലത്തിൽ രണ്ടെണ്ണം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. 403 ൽ കിട്ടിയത് 28 സീറ്റ‌്. കേവലം ആറ് സീറ്റിന്റെ വർധന. വോട്ട് ശതമാനം മൂന്നുശതമാനം വർധിച്ച് 11.63 ലെത്തിയത് മിച്ചം. സീറ്റും വോട്ടും വർധിക്കാൻ കാരണം മറ്റൊന്നുമല്ല. അജിത് സിങ്ങിന്റെ ആർഎൽഡിയുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് മത്സരിച്ചത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റും വോട്ടും കുത്തനെ കുറഞ്ഞു. സമാജ‌്‌വാദി പാർടിയുമായി സഖ്യത്തിലാണ് 105 സീറ്റിൽ മത്സരിച്ചത്. കിട്ടിയതാകട്ടെ വെറും ഏഴ് സീറ്റ്. രാഹുലിന്റെ മണ്ഡലമായ അമേഠിയിലെ അഞ്ച് നിയമസഭാ സീറ്റിലും തോൽവി. 6.2 ശതമാനം വോട്ട് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. വോട്ടിങ് ശതമാനം നേർ പകുതിയായാണ് കുറഞ്ഞത്. രാഹുൽ തരംഗത്തിന്റെ യഥാർഥ ചിത്രം ഇതാണ്. ഗാന്ധി കുടുംബത്തോട് ഏറെ ബന്ധമുള്ള യുപിയിൽ ഇതാണ് സ്ഥിതിയെങ്കിൽ കേരളത്തിൽ പറയാനുണ്ടോ. ബിഎസ‌്പി നേതാവ് മായാവതി 2012ൽ അൽ ജസീറ ടിവിയോട് പറഞ്ഞതാണ് ശരി. ‘ഗാന്ധി കുടുംബത്തിന് യുപി തെരഞ്ഞെടുപ്പ് എന്നുവച്ചാൽ വൻ പിക‌്ന‌ിക്കാണ‌്. അതിലപ്പുറം ഒന്നുമല്ല’.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top