25 March Monday

പ്രതിസന്ധികളെല്ലാം അതിജീവിച്ച‌് മുന്നേറി

ആർ പി അമുദൻUpdated: Saturday Feb 23, 2019


ശബരിമല വിധിയുണ്ടായപ്പോൾ കേരളത്തിലെന്താണ് സംഭവിക്കുന്നത‌് എന്ന‌് തൊട്ടടുത്ത സംസ്ഥാനത്തുനിന്ന് ഞങ്ങൾ സാകൂതം വീക്ഷിക്കുകയായിരുന്നു. വീക്ഷിക്കുക മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാരും പുരോഗമന മനസ്‌കരും എടുത്ത നടപടികളും ആശയപ്രചാരണങ്ങളും ഞങ്ങളും ഏറ്റെടുത്തു

ഇന്ത്യയിലെ ഇന്നത്തെ കലുഷിതാന്തരീക്ഷത്തിൽ ഏറ്റവും ആശ്വാസം ലഭിക്കുന്നത് കേരളത്തിൽ വരുമ്പോഴാണ്. കേരളത്തിലെ ഇടതുസർക്കാർ ആയിരം ദിനം പിന്നിടുന്നതിനിടെ അഭിമുഖീകരിച്ച രണ്ടു പ്രധാനപ്പെട്ട പ്രതിസന്ധികളും നല്ല രീതിയിൽ അതിജീവിക്കാൻ സർക്കാരിനും കേരള ജനതയ‌്ക്കും സാധ്യമായി. കേരളത്തെ നടുക്കിയ പ്രളയമുണ്ടായപ്പോൾ, ലേഖകനടക്കം ചെന്നൈയിലെ മറുപക്കത്തിന്റെ പ്രവർത്തകർ ഉറക്കമിളച്ച് മൂന്നാഴ്ച റിലീഫ് മെറ്റീരിയലുകൾ ശേഖരിക്കുകയും നിരവധി ട്രക്കുകൾ നിറച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുകയും ചെയ‌്തു. ഫിലിം സൊസൈറ്റി പ്രവർത്തകരും മറ്റ് കലാസ്‌നേഹികളുമാണ് ഇവിടത്തെ കാര്യങ്ങൾ ഏകോപിപ്പിച്ചത‌്.

അതുപോലെ, ശബരിമല വിധിയുണ്ടായപ്പോൾ കേരളത്തിലെന്താണ് സംഭവിക്കുന്നത‌് എന്ന‌് തൊട്ടടുത്ത സംസ്ഥാനത്തുനിന്ന് ഞങ്ങൾ സാകൂതം വീക്ഷിക്കുകയായിരുന്നു. വീക്ഷിക്കുകമാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാരും പുരോഗമന മനസ്‌കരും എടുത്ത നടപടികളും ആശയപ്രചാരണങ്ങളും ഞങ്ങളും ഏറ്റെടുത്തു. കാരണം, ഞങ്ങൾ തമിഴ് മക്കൾ തന്തൈ പെരിയാറിന്റെ അനുയായികളാണ്. വൈക്കം ക്ഷേത്രപ്രവേശന സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത‌് പെരിയാർ കേരളത്തിലെത്തിയതും സമരം വിജയിച്ചതും ത്രസിപ്പിക്കുന്ന ചരിത്രമാണ്. 

പുരോഗമനപ്രസ്ഥാനങ്ങളും നവോത്ഥാനവും
എന്നാൽ, തമിഴ്നാട്ടുകാരെന്നത‌ുപോലെ കേരളീയരും ചരിത്രം മറന്നുപോയിരുന്നു. 2000 വർഷമായി തങ്ങൾ ധനികരും രാജാക്കന്മാരും ക്ഷത്രിയരുമാണെന്നാണ് തമിഴ്‌നാട്ടിലെ ഒബിസി വിഭാഗക്കാർ അഹങ്കരിക്കുന്നത്. ദ്രാവിഡ കഴകം സാമൂഹ്യമുന്നേറ്റം നടത്തിയാണ് ഇന്നത്തെ തമിഴ്‌നാട്ടിനെ പുരോഗമിപ്പിച്ചതെന്നത‌ുപോലെ ഭൂപരിഷ്‌കരണമാണ് കേരളത്തെ മാറ്റിയത്. അതിവിടെയും ബഹുഭൂരിപക്ഷം പേർ മറന്നുപോയി. അതിന്റെ തിക്തഫലമാണ് നമ്മൾ അനുഭവിച്ചത്. യാഥാസ്ഥിതിക ശക്തികളും പിന്തിരിപ്പന്മാരും സമൂഹം പിടിച്ചടക്കാൻ തുനിഞ്ഞു. ചെരുപ്പിടാൻ പാടില്ലാത്തവർ, വഴി നടക്കാൻ പാടില്ലാത്തവർ, നല്ല പേരിടാൻ പാടില്ലാത്തവർ, മാറു മറയ‌്ക്കാൻ പാടില്ലാത്തവർ ഇവരായിരുന്നു കീഴാള ജനത. നമുക്ക് ദൃശ്യതയും പൗരാവകാശങ്ങളും മനുഷ്യത്വവും സമ്മാനിച്ചത് പുരോഗമനപ്രസ്ഥാനങ്ങളും നവോത്ഥാനവുമാണ്. അതിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ.

(പ്രമുഖ ഡോക്യുമെന്ററി സംവിധായകനാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top