24 September Friday

വികസനത്തിന്റെ പുതുപാതകൾ

എം വി പ്രദീപ്‌Updated: Monday Jul 19, 2021

ജനങ്ങളെ കേൾക്കുമ്പോഴാണ് നാടിനുവേണ്ട കാര്യം ഭംഗിയായി ചെയ്യാനാവുക. 
നല്ല നിർദേശങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകും. പരാതികൾക്ക് തത്സമയം മറുപടി നൽകാനായതും പെട്ടെന്ന് അവ പരിഹരിക്കാനായതും ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. റോഡുകളുടെ ഡിജിറ്റലൈസേഷൻ പുരോഗമിക്കുകയാണ്. എല്ലാ റോഡിനെയും മികച്ച രീതിയിലാക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ടൂറിസംമേഖലയിലെ ലക്ഷക്കണക്കിനു തൊഴിലാളികളെ നേരിട്ട് ബാധിച്ചതാണ് 
കോവിഡ് മഹാമാരി. കോവിഡാനന്തര ടൂറിസം അതിജീവനത്തിന്റേതുകൂടിയായിരിക്കും. ഘട്ടംഘട്ടമായി കേരളത്തിന്റെ ടൂറിസംമേഖലയ്ക്ക് പുത്തനുണർവ്‌ നൽകാനുള്ള 
പ്രവർത്തനങ്ങളാണ് നടപ്പാക്കുക. 
പൊതുമരാമത്ത്‌–- -ടൂറിസം മന്ത്രി 
പി എ മുഹമ്മദ്‌ റിയാസ്‌ 
ദേശാഭിമാനിയുമായി സംസാരിക്കുന്നു
തയ്യാറാക്കിയത്‌: എം വി പ്രദീപ്‌

▶ രണ്ടുമാസത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആവിഷ്‌കരിക്കുന്ന പ്രധാന പദ്ധതികൾ ഏതൊക്കെ?

●  ജനങ്ങളുടെ അഭിപ്രായങ്ങൾ പരമാവധി കേൾക്കാനാണ് ശ്രമിക്കുന്നത്. പൊതുജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന നയത്തിലൂന്നിയാണ്‌ മുന്നോട്ട് പോകുക. ചുമതലയേറ്റശേഷം എല്ലാ ജില്ലയും സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. ഏറ്റവും വേഗം പരിഹരിക്കേണ്ടതും ജനങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായവ പ്രത്യേകം കണ്ട് തുടർനടപടി സ്വീകരിച്ചുവരികയാണ്. ഒപ്പം ജനങ്ങളിൽനിന്ന്‌ നേരിട്ട് പരാതി സ്വീകരിക്കുന്നുമുണ്ട്. ‘റിങ്‌ റോഡ്’ തത്സമയ ഫോൺ ഇൻ പരിപാടി സംഘടിപ്പിച്ചുവരുന്നു. കൺട്രോൾ റൂമിന്റെ പ്രവർത്തനം ശക്തിപ്പെടുത്തി. ടോൾ ഫ്രീ നമ്പരിൽ പരാതി പറയാനും സംവിധാനമുണ്ടാക്കി.
പിഡബ്ല്യുഡി സ്ഥലം പരസ്യക്കമ്പനികൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് ഗുരുതര പ്രശ്നമാണ്. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ റിപ്പോർട്ട് തേടി. പിഡബ്ല്യുഡി സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ നടപടി ആരംഭിച്ചു. വകുപ്പിന് ജനങ്ങളുമായി അടുക്കുന്നതിന് PWD 4 U ആപ്‌ വിപുലപ്പെടുത്തി. റോഡിന്റെ ഫോട്ടോ എടുത്ത് പരാതി അറിയിക്കാനാകുന്ന സംവിധാനമാണ് ഇത്. ആപ്‌ വഴി ഇതുവരെ ലഭിച്ച പരാതികളിൽ 90 ശതമാനവും തുടർ നടപടിക്ക് നൽകിയിട്ടുണ്ട്. വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നവ പൂർത്തിയാക്കുകയും ചെയ്തു.
സ്ത്രീകൾ, കുട്ടികൾ, വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, സഞ്ചാരികൾ എന്നിങ്ങനെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ആശ്രയിക്കാൻ പറ്റുന്ന ഇടമായി റെസ്റ്റുഹൗസുകളെ മാറ്റുകയാണ് ലക്ഷ്യം. പൊതുമരാമത്തുവകുപ്പിന്റെ നിർമാണങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും.

▶ റോഡുകളുടെയും പാതയോരങ്ങളുടെയും സംരക്ഷണത്തിനും പുതിയ പദ്ധതികൾ ?

●  സുരക്ഷിതമായ യാത്ര ഒരുക്കുക എന്നതാണ് ലക്ഷ്യം. വാഹനങ്ങളിലായാലും കാൽനടയായാലും സുരക്ഷിതമായി യാത്രചെയ്യാനാകണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പ്രധാനപ്പെട്ട റോഡുകളെ മികച്ച നിലവാരത്തിലേക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

നൂതന സാങ്കേതിക വിദ്യയും പ്രകൃതി സൗഹൃദ നിർമാണരീതിയും ഉപയോഗിച്ചുള്ള റോഡ് നിർമാണമാണ്‌. വേസ്റ്റ് പ്ലാസ്റ്റിക്, നാച്വറൽ റബർ മോഡിഫൈഡ് ബിറ്റുമിൻ, ഭൂവസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കും. റോഡ് നിർമാണം കഴിഞ്ഞുള്ള വെട്ടിപ്പൊളിക്കൽ പ്രധാന വെല്ലുവിളിയാണ്. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടാണ് ഇത്തരം പ്രശ്നം കൂടുതലായി വന്നിട്ടുള്ളത്. കുടിവെള്ളവും പ്രധാന പ്രശ്നമാണ്. അതുകൊണ്ട് വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് റോഡ് നിർമാണത്തിനുമുമ്പ്‌ വേണ്ട പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കും. കൂടാതെ, റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ സമഗ്രമായ ഒരു വെബ് പോർട്ടൽ വികസിപ്പിക്കും.

▶ ജനങ്ങളുടെ പരാതി കേൾക്കാൻ ആവിഷ്കരിച്ച സംവിധാനം പകർന്ന അനുഭവം?

●  ഓവുചാലുകളും കലുങ്കുകളും ബ്ലോക്കായി കിടക്കുന്നതും, വെള്ളക്കെട്ടും കുണ്ടും കുഴിയും–- അങ്ങനെ ഒട്ടേറെ പരാതിയുമായാണ് ജനങ്ങൾ വിളിക്കുന്നത്. റോഡരികിൽ കൊണ്ടിട്ട വാഹനങ്ങൾ കാരണമുണ്ടായ ബുദ്ധിമുട്ട്‌ സംബന്ധിച്ചും പരാതി ലഭിച്ചു. ഉദ്യോഗസ്ഥനെ വിളിച്ച് സംസാരിച്ചു. വാഹനം മാറ്റുന്നതിന് തടസ്സം ഉണ്ടായില്ല. റോഡരികിൽ ഇത്തരത്തിൽ കൂട്ടിയിട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക പദ്ധതി രൂപീകരിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചതിന്റെ ഭാഗമായി ഡിജിപിയും പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. ഫെയ്‌സ്ബുക്കിലും ജനങ്ങളുടെ പരാതി വരുന്നുണ്ട്. പരാതിക്കാരനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പരുള്ള എല്ലാ കമന്റും മെസേജും പിഡബ്ല്യുഡി സെല്ലിലേക്ക് കൈമാറി. കൺട്രോൾ റൂം മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചുവരുന്നത്.

▶ ദേശീയപാതാ പദ്ധതികൾ ആശാവഹമായി മുന്നോട്ടുപോകുന്നുണ്ടോ?

●  ദേശീയപാതാ വികസനം സംസ്ഥാനത്തിന്റെ സ്വപ്നമാണ്. നാലുവരി പാതയായും ആറുവരി പാതയായും പ്രധാന റോഡുകളെയെല്ലാം മാറ്റുന്ന പ്രവൃത്തി ദ്രുതഗതിയിൽ നടക്കുന്നുണ്ട്. തലപ്പാടിമുതൽ കഴക്കൂട്ടംവരെയുള്ള എൻഎച്ച് 66ന്റെ പ്രവർത്തനം ഏഴ് ഘട്ടമായാണ് നടത്തുന്നത്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരുപരിധിവരെ തീർത്തിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും.

▶ അഴിമതി പൂർണമായും തുടച്ചുനീക്കാൻ നടപടി ഉണ്ടാകുമോ?

●  എല്ലാ വകുപ്പിലെയും മുകൾത്തട്ടിലുള്ള അഴിമതി കുറയ്ക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന് സാധിച്ചിട്ടുണ്ട്. താഴെത്തട്ടിലുള്ള അഴിമതിക്കും അറുതിവരുത്താനാണ് ഈ സർക്കാരിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതാണ്. പൊതുമരാമത്തുവകുപ്പിനെ സംബന്ധിച്ച് പഴയകാലത്തെപ്പോലെ വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും ഇന്നുള്ളതായി വിശ്വസിക്കുന്നില്ല. ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും കഠിനാധ്വാനികളാണ്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. കാലഘട്ടത്തിന് അനുസൃതമായി ഇന്റേണൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. ആവശ്യമായ അഴിച്ചുപണി ഉണ്ടാകും.

അതിജീവിക്കാൻ ടൂറിസംമേഖല

▶ കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ ടൂറിസംമേഖലയിൽ എന്തെല്ലാം പദ്ധതി നടപ്പാക്കും?

●  മഹാമാരിക്കാലം കഴിഞ്ഞ് നാടിന് പെട്ടെന്നൊരു ഉണർവ്‌ നൽകാൻ സാധിക്കുന്നത് ടൂറിസത്തിലൂടെയാണ്. പ്രാദേശികമായി ടൂറിസംരംഗത്തെ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. മുൻവർഷം ടൂറിസംമേഖലയിലെ മാർക്കറ്റിങ്ങിന് നൂറ് കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചത്. ഇത്തവണ അത് 150 കോടിയാക്കി വർധിപ്പിച്ചു. ഇതിനു പുറമെ 30 കോടി രൂപയുടെ ടൂറിസം പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. അത് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

മുമ്പ്‌ കേരളം അഭിമുഖീകരിച്ചത് നിപായെയും ഓഖിയെയും രണ്ട് പ്രളയത്തെയുമാണ്. അന്ന് 11 ഇന പദ്ധതി നടപ്പാക്കി ടൂറിസംരംഗത്തെ സർക്കാർ കൈപിടിച്ചുയർത്തി. അതിന്റെ ഭാഗമായി റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. 2019ൽ 45,000 കോടി രൂപയുടെ വരുമാനം ഉണ്ടായി. 8.63 ശതമാനം വിദേശ ടൂറിസ്റ്റുകളുടെയും 13.84 ആഭ്യന്തര ടൂറിസ്റ്റുകളുടെയും വർധന ഉണ്ടായി. ഇതിനുശേഷമാണ് കോവിഡ് വരുന്നത്. 2020ൽ കേരളത്തിന്റെ ടൂറിസംമേഖലയുടെ നഷ്ടം 34,000 കോടിയാണ്. ഏകദേശം 72 ശതമാനം സഞ്ചാരികളുടെ കുറവ്.
സംരംഭകരെയും ജീവനക്കാരെയും സഹായിക്കുന്നതിന്‌ വായ്പാ പദ്ധതികൾ, ഒറ്റത്തവണ ഗ്രാന്റ് എന്നിവ നടപ്പാക്കി. ഹോംസ്‌റ്റേകൾക്കും വില്ലകൾക്കും ആയുർവേദ ടൂറിസംരംഗത്തെ സ്ഥാപനങ്ങൾക്കും ടൂർ ഓപ്പറേറ്റർമാർക്കും ക്ലാസിഫിക്കേഷനും അംഗീകാരവും പുതുക്കിനൽകി. വാക്സിനേഷൻ ശക്തിപ്പെടുത്തി. പ്രാദേശിക ടൂറിസംകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും സുരക്ഷിതമാക്കാനുമാണ് ഉദ്ദേശിക്കുന്നത്. സഞ്ചാരികളെ ആകർഷിക്കാനുള്ള മാർക്കറ്റിങ്‌ പ്രവർത്തനവും തുടങ്ങും. പ്രതിസന്ധി പൂർണമായി ഒഴിയാൻ കാത്തുനിൽക്കാതെ ഘട്ടംഘട്ടമായി ടൂറിസംരംഗത്തിലൂടെ കേരളത്തെ ഉണർവിലേക്ക് നയിക്കാനുതകുന്ന പദ്ധതികളാണ് നടപ്പാക്കുക. അറിയപ്പെടാത്ത പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകൾ കണ്ടെത്തി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ ഡെസ്റ്റിനേഷൻ മാപ്പ് രൂപീകരിക്കും. അവയെ കോർത്തിണക്കി ഒരു ആപ്‌ സജ്ജമാക്കും.

സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ സർക്യൂട്ട് ടൂറിസം മാതൃക സൃഷ്ടിക്കും. ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ സാധ്യതയുള്ളതും എന്നാൽ, അതിന് അനുസരിച്ച് ഉപയോഗിച്ചിട്ടില്ലാത്തതുമായ ടൂറിസംകേന്ദ്രങ്ങളിൽ ഒന്നാണ് മലബാർ. ലോൺലി പ്ലാനറ്റ്സ് എന്നാണ് മലബാറിനെ ലോകടൂറിസം വിശേഷിപ്പിക്കുന്നത്. പ്രകൃതി സന്തുലിതാവസ്ഥയെ നിലനിർത്തിക്കൊണ്ട് ജനകീയ പങ്കാളിത്തംകൂടി ഉറപ്പുവരുത്തി ഉത്തരവാദിത്ത ടൂറിസത്തിലൂടെയായിരിക്കും പ്രാദേശികകേന്ദ്രങ്ങളെ വിപുലപ്പെടുത്തുക. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസംമേഖല ഇന്ത്യയിൽത്തന്നെ മാതൃകയാണ്. ഉത്തരവാദിത്ത ടൂറിസം കൂടുതൽ സജീവമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top