23 April Tuesday

പുഷ്പമിത്ര ഭാര്‍ഗവ - ശാസ്ത്രരംഗത്തെ ജനകീയ മുഖം

ദിനേഷ് സി ശര്‍മUpdated: Friday Aug 4, 2017

പുഷ്പമിത്ര ഭാര്‍ഗവയുടെ മരണത്തോടെ ഇന്ത്യക്ക് നഷ്ടമായത് ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ഏറ്റവും വലിയ പ്രചാരകനെയാണ്.  ഇന്ത്യയിലെ ആധുനിക ജീവശാസ്ത്രത്തിന്റെ പിതാവായാണ് പി എം ഭാര്‍ഗവ അറിയപ്പെടുന്നത്.  ശാസ്ത്രീയ മൂല്യങ്ങള്‍ക്കുവേണ്ടി അടിയുറച്ചുനിന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം.  നിരവധി ശാസ്ത്രസ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും ശാസ്ത്രസാങ്കേതിക നയങ്ങള്‍ രൂപീകരിക്കുന്നതിലും കഴിഞ്ഞ നാല് ദശാബ്ദക്കാലം അക്ഷീണം പ്രയത്നിച്ച വ്യക്തി. 

സാമ്പ്രദായിക ശാസ്ത്രജ്ഞനായിരുന്നില്ല പുഷ്പമിത്ര ഭാര്‍ഗവ. ലോകത്തെമ്പാടുമുള്ള ജീവശാസ്ത്ര-ജൈവസാങ്കേതിക ഗവേഷണം ഇന്ത്യയിലും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.  എന്നാല്‍, വാണിജ്യാവശ്യങ്ങള്‍ക്ക് ജൈവസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനെ (ജനിതകമാറ്റം ഉള്‍പ്പെടെ) അദ്ദേഹം എതിര്‍ത്തു. സാങ്കേതികവകുപ്പിന്റെ രൂപീകരണത്തിനു വേണ്ടി ഏറ്റവും വലിയ പങ്ക് വഹിച്ചത് ഭാര്‍ഗവയായിരുന്നു.  എന്നാല്‍, ഇതേ വകുപ്പ് പിന്നീട് ജൈവസാങ്കേതികനിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി പ്രവര്‍ത്തിക്കാനാരംഭിച്ചപ്പോള്‍ അതിനെ രൂക്ഷമായി വിമര്‍ശിക്കാനും ഭാര്‍ഗവ മടിച്ചില്ല.  ഭോപാല്‍ വാതകദുരന്തമുണ്ടായപ്പോള്‍ ദുരിതബാധിതര്‍ക്കൊപ്പം അചഞ്ചലനായി നിലയുറപ്പിക്കാനും അദ്ദേഹം തയ്യാറായി.  വിഷവാതകം ഭോപാല്‍നിവാസികളില്‍ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതില്‍നിന്ന് പല ശാസ്ത്രസ്ഥാപനങ്ങളും മടിച്ചുനിന്നപ്പോഴായിരുന്നു ഇത്.

ശാസ്ത്രജ്ഞനും ചിന്തകനുമായ ഭാര്‍ഗവ സര്‍ക്കാരുകളെ സേവിക്കാന്‍ എപ്പോഴും സന്നദ്ധനായിരുന്നു.  എന്നാല്‍, തന്റെ സിദ്ധാന്തങ്ങള്‍ക്കനുസരിച്ചല്ല കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത് എന്ന് കണ്ട വേളയിലൊക്കെ അതില്‍നിന്ന് പിന്‍വാങ്ങാനും അദ്ദേഹം മടിച്ചില്ല. ഏത് സര്‍ക്കാര്‍ അധികാരത്തിലിരുന്നാലുംശരി താന്‍ ഉയര്‍ത്തിപ്പിടിച്ച ശാസ്ത്രമൂല്യങ്ങളുമായി സന്ധിചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 'മെതേഡ് ഓഫ് സയന്‍സ്' എന്ന പ്രദര്‍ശനത്തില്‍നിന്ന് ജനതാസര്‍ക്കാര്‍ പിന്‍വാങ്ങിയപ്പോള്‍ അദ്ദേഹം ആ സര്‍ക്കാരുമായി കലഹിച്ചു.  യുപിഎ സര്‍ക്കാരുമായി അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ നാഷണല്‍ നോളജ് കമീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. എന്‍ഡിഎ ഭരണകാലത്ത് പദ്മ അവാര്‍ഡുകള്‍ അദ്ദേഹം തിരിച്ചേല്‍പ്പിച്ചു (എം എം കലബുര്‍ഗിയും അഖ്ലാഖും കൊല്ലപ്പെട്ട വേളയില്‍).  രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതി അംഗമായിരുന്നു. 

മേന്മയേറിയ ശാസ്ത്രഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അതിന്റെ ഗുണം ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ഭാര്‍ഗവയുടെ നിരന്തരമുള്ള സമ്മര്‍ദത്തിന്റെ ഫലമായാണ് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി അഥവാ സിസിഎംബിക്ക് രൂപംനല്‍കുന്നത്.  കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി(സിഎസ്ഐആര്‍)ന്റെ ഭാഗമായാണ് തുടക്കം.  ശാസ്ത്രവിഷയങ്ങളിലെ മെച്ചപ്പെട്ട പരീക്ഷണശാലയായി ഈ സ്ഥാപനത്തെ വളര്‍ത്തിക്കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.  ജര്‍മനിയിലെ മാക്സ് പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ വ്യക്തിഗത ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ പ്രത്യേകവിഭാഗമായി ശാസ്ത്രമേഖലയില്‍ ഗവേഷണം പരിപോഷിപ്പിക്കുന്ന സ്ഥാപനമായി സിസിഎംബിയെ വളര്‍ത്തണമെന്ന് സ്വകാര്യസംഭാഷണങ്ങളില്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 

വ്യക്തിപരമായിത്തന്നെ ഭാര്‍ഗവ വളര്‍ത്തിയെടുത്ത  സ്ഥാപനമാണ് ഹൈദരാബാദിലെ സിസിഎംബി. അദ്ദേഹത്തിന്റെ വ്യക്തിമുദ്ര ഈ സ്ഥാപനത്തില്‍ ഓരോമൂലയിലും പതിഞ്ഞുകാണാം. ആധുനിക ശില്‍പ്പചാരുത ഈ കെട്ടിടത്തിന് നല്‍കാന്‍ കഴിയാത്തതില്‍ അദ്ദേഹം ദുഃഖിതനായിരുന്നു. സിപിഡബ്ളുഡിയുടെ ഡിസൈനാണ് അന്തിമമായി സ്വീകരിച്ചത്.  എന്നാല്‍, ആ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് ഒരുപാട് മാറ്റങ്ങള്‍ അദ്ദേഹം വരുത്തി.  എംഎഫ് ഹുസൈനെക്കൊണ്ട് ചുവര്‍ചിത്രങ്ങള്‍ വരപ്പിച്ചത് അതിലൊന്നാണ്. പെയിന്ററായിരുന്ന എ സൂര്യപ്രകാശിനെ 'ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സായി' നിയമിച്ചു. ഇന്ത്യയില്‍ ആദ്യമായിരിക്കണം ഇത്തരമൊരു പോസ്റ്റ് ഒരു ലാബില്‍ സൃഷ്ടിക്കപ്പെടുന്നത്.  1980 കളില്‍ ചിത്രപ്രദര്‍ശനങ്ങളും മറ്റും സിസിഎംബിയില്‍ നടത്താറുണ്ടായിരുന്നു.  ശാസ്ത്രഗവേഷണത്തിനുള്ള എല്ലാ സൌകര്യങ്ങളും ലാബില്‍ ഉറപ്പ് വരുത്തിയ ഭാര്‍ഗവ ക്യാന്റീന്‍, ഗസ്റ്റ്ഹൌസ്, റിസപ്ഷന്‍ എന്തിനധികം പറയുന്നു ജനല്‍ കര്‍ട്ടനില്‍ പോലും ശ്രദ്ധിച്ചിരുന്നു. പോച്ചംപള്ളിയിലെ കൈത്തറിയായിരുന്നു സിസിഎംബിയില്‍ ഉപയോഗിച്ചിരുന്നത്.

പി32 (ഫോസ്ഫറസ് ഐസോടോപ്പ്) സജ്ജമാകുന്നതിനായി ആണവോര്‍ജവിഭാഗം സിസിഎംബിയില്‍ ലാബ് സ്ഥാപിച്ചപ്പോള്‍ അതിന് ജോനകി(മിന്നാമിനുങ്ങ്) എന്ന പേര് നല്‍കിയതും ഭാര്‍ഗവയായിരുന്നു. തുടര്‍ന്ന് സിസിഎംബി സെന്റര്‍ ഫോര്‍ ഫിംഗര്‍പ്രിന്റിങ് ആന്‍ഡ് ഡയഗനോസ്റ്റിക്സ് ഉള്‍പ്പെടെയുള്ള പല ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും തുടക്കമിടുകയും ഹൈദരാബാദ് രാജ്യത്തെ ജൈവസാങ്കേതികവിദ്യാകേന്ദ്രമായി തീരുകയുംചെയ്തു.

വിരമിച്ചശേഷവും വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ അദ്ദേഹം തയ്യാറായില്ല. സജീവ ശാസ്ത്രപ്രവര്‍ത്തകനായി തനിക്ക് ശരിയെന് തോന്നുന്ന കാര്യങ്ങള്‍ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു.  ആരോഗ്യസേവന മേഖലയിലെ വൃത്തികെട്ട പ്രവണതകള്‍ക്കെതിരെ അദ്ദേഹം നിലകൊണ്ടു.  ഭോപാലിലെ ദുരിതബാധിതര്‍ക്കായി പൊതു ക്ളിനിക്കുകള്‍ നടത്തുന സദ്ഭാവന ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം

(കടപ്പാട്: ഇന്ത്യ സയന്‍സ് വൈയര്‍)

പ്രധാന വാർത്തകൾ
 Top