22 February Friday

കുറ്റകൃത്യങ്ങൾക്ക‌് കുടപിടിക്കുന്നവർ

പ്രകാശ്‌ കാരാട്ട്‌Updated: Thursday Jul 12, 2018


ഗോരക്ഷകർ ആരംഭിച്ച പശുസംരക്ഷണ വാദമാണ് ഇപ്പോൾ ‘കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർക്കെതിരെയുള്ള' കടുത്ത ആൾക്കൂട്ട ആക്രമണമായി വികസിച്ചിട്ടുള്ളത്. മെയ്, ജൂൺ മാസങ്ങളിലായി 30 പേരെയാണ് ‘കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ' എന്ന് മുദ്രകുത്തി ആൾക്കൂട്ടം മർദിച്ചുകൊന്നത്. ജാർഖണ്ഡിലുണ്ടായ ഇത്തരമൊരു സംഭവത്തിൽ നാലുപേരെയാണ് ആൾക്കൂട്ടം അടിച്ചുകൊന്നത്. പശുമോഷ്ടാക്കളാണെന്നു പറഞ്ഞായിരുന്നു ഈ ആക്രമണം.  

‘പശുമോഷ്ടാക്കൾ'ക്കെതിരായ ആക്രമണം ഇപ്പോൾ ‘കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ'ക്കെതിരെ മാറിയിരിക്കുന്നുവെന്നർഥം. ഈ നിഷ്ഠുരതയ‌്ക്കെതിരെ അതതിടത്തെ ജനങ്ങളുടെ തണുത്ത പ്രതികരണവും ശ്രദ്ധേയമാണ്.

ആൾക്കൂട്ടക്കൊലയ‌്ക്ക് ഇരയായവരിൽ ഭൂരിപക്ഷവും ദരിദ്രരും അരികുവൽക്കരിക്കപ്പെട്ടവരുമാണ്. യാചകർ, ദരിദ്ര ആദിവാസികൾ, മാനസിക വൈകല്യമുള്ളവർ, മുസ്ലിങ്ങളാണെന്ന് എളുപ്പം തിരിച്ചറിയപ്പെടുന്നവർ എന്നിവരാണ് ആൾക്കൂട്ട ആക്രമണത്തിന് വിധേയമാകുന്നത്. ഈ ‘അപരിചിതരെ'യാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രൂരമായി കൊലപ്പെടുത്തുന്നത്. ആൾക്കൂട്ടക്കൊലയുടെ പട്ടിക പരിശോധിച്ചാൽ വടക്ക് കിഴക്കൻ ഇന്ത്യയിൽ അസംമുതൽ ത്രിപുരവരെയും പശ്ചിമേന്ത്യയിൽ ഗുജറാത്തുമുതൽ മഹാരാഷ്ട്രവരെയും  ദക്ഷിണേന്ത്യയിൽ തെലങ്കാനമുതൽ കർണാടകംവരെയുമുള്ള 10 സംസ്ഥാനത്താണ് ഉണ്ടായതെന്നു കാണാം. 

ഈ വിദ്വേഷ വിസ്‌ഫോടനത്തിനും ആക്രമണത്തിനും എന്താണ് കാരണം? ആർക്കുവേണമെങ്കിലും നിയമം കൈയിലെടുക്കാമെന്ന ശിക്ഷാഭീതിയില്ലായ്മയുടെ ഈ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത് എങ്ങനെയാണ്?  കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതു സംബന്ധിച്ച കഥകൾ വാട‌്സാപ‌് ഗ്രൂപ്പിലൂടെയാണ് പ്രചരിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  നിരവധിയാളുകൾ ഈ പ്രചാരണത്തിൽ വിശ്വസിക്കുന്നതിന്റെ ഫലമായി സ്വന്തം ഗ്രാമത്തിലേക്കോ സമീപപ്രദേശങ്ങളിലേക്കോ അപരിചിതർ വരുമ്പോൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാനാണെന്ന് തെറ്റിദ്ധരിച്ച് അവർക്കെതിരെ ആക്രമണങ്ങൾ നടത്തുകയാണ്.

ഇതേ രീതിയിൽത്തന്നെയാണ് കന്നുകാലികളെ ഇറച്ചിക്കായി കൊല്ലുന്നതിനെതിരെയും ആൾക്കൂട്ടം സംഘടിപ്പിക്കപ്പെട്ടത്.  ഹിന്ദുത്വ ഗ്രൂപ്പുകൾ വ്യാജ വീഡിയോകളും മറ്റും വാട‌്സാപ്പിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു. ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക്കിനെതിരെയും തൊട്ടടുത്ത ആൾവാറിൽ പെഹലുഖാനെതിരെയും ആക്രമണങ്ങളുണ്ടായത് ഗോഹത്യയെക്കുറിച്ചും  ബീഫ് തിന്നുന്നതിനെക്കുറിച്ചും ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു. 

ഇത്തരം കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതി നിലവിലുള്ളതിനാലാണ് ശിക്ഷാഭീതിയില്ലായ്മയുടെ സംസ്‌കാരം വളർന്നത്.  ജനങ്ങളുടെ വികാരം വ്രണപ്പെട്ടതിനാലാണ് അഖ്‌ലാക്ക് സംഭവം ഉണ്ടായതെന്നാണ്  കേന്ദ്ര സാംസ്‌കാരികമന്ത്രി മഹേഷ് ശർമയുടെ പ്രതികരണം. ഈ കേസിലെ പ്രതി ജയിലിൽ സ്വാഭാവിക മരണം വരിച്ചപ്പോൾ ഇതേ മന്ത്രി ത്രിവർണ പതാകയാണ് ആ മൃതദേഹത്തിനുമേൽ പുതപ്പിച്ചത്. 

കുറ്റാരോപിതരെ വിചാരണയ‌്ക്ക് വിധേയമാക്കുന്നതിനു പകരം ഇരകളുടെ കുടുംബത്തിനെതിരെയാണ് കേസുകൾ ഫയൽചെയ്യപ്പെട്ടത്.  അഖ്‌ലാക്കിന്റെ കേസിൽ പശുവിനെ കൊന്ന് ഇറച്ചി വീട്ടിൽ സൂക്ഷിച്ചുവെന്ന കേസാണ് കുടുംബാംഗങ്ങൾക്കെതിരെ ചുമത്തപ്പെട്ടത്. പെഹ്‌ലുഖാന്റെ കേസിലാണെങ്കിൽ അദ്ദേഹത്തിന്റെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെ അനധികൃതമായി പശുവിനെ കടത്തിയെന്ന കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

കന്നുകാലികളെ കൊന്നുവെന്ന സംശയത്തിന്റെ പേരിൽ മേൽപറഞ്ഞ രണ്ട് മുസ്ലിങ്ങളെയും മർദിച്ചുകൊല്ലുന്നതിന് ഔദ്യോഗികമായ പിന്തുണയുണ്ടായിരുന്നുവെന്ന് ഏറ്റവും അവസാനമായി കേന്ദ്രമന്ത്രി ജയന്ത് സിൻഹയുടെ പ്രവൃത്തി സാക്ഷ്യപ്പെടുത്തുന്നു. കുറ്റവാളിയാണെന്നു കണ്ടെത്തിയ എട്ടുപേരെ ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വസതിയിൽ മാലയിട്ട് സ്വീകരിക്കാൻ ജയന്ത് സിൻഹ തയ്യാറായി. രാംഗഡിലെ കൽക്കരിവ്യാപാരിയായ അലിമുദ്ദീൻ അൻസാരിയെ വധിച്ച കേസിൽ കീഴ്‌കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണ് മന്ത്രി സ്വീകരിച്ചത്. ഇവർക്കെതിരെ ശിക്ഷാ വിധി സസ്‌പെൻഡ് ചെയ്യുകയും പ്രതികൾക്ക് ജാമ്യം അനുവദിക്കുകയുമാണ് ഹൈക്കോടതി ചെയ്തത്. എന്നാലിതിനർഥം ഇവർ കുറ്റവിമുക്തരാക്കപ്പെട്ടുവെന്നല്ല.  എന്നിട്ടും ഈ പ്രതികളെ മന്ത്രി സ്വീകരിക്കുകയും മാലയണിയിക്കുകയും ചെയ്തു.  കുറ്റകൃത്യത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന‌് ഉണ്ടായിട്ടുള്ളത്. ഏതു നിലയിലും ഈ മന്ത്രി രാജിവയ‌്ക്കേണ്ടതാണ്.

എന്നാൽ, ബിജെപി ഇത്തരം നടപടികൾ നിരാകരിക്കുന്നില്ല. ജയന്ത് സിൻഹയുടെ നടപടിക്കുശേഷം മറ്റൊരു കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങ‌് ബിഹാറിലെ ജയിലിൽ ചെന്ന് വർഗീയകലാപത്തിൽ പ്രതികളായ ബിജെപി‐ബജ്‌രംഗ‌്ദൾ പ്രവർത്തകരെ  സന്ദർശിക്കുകയുണ്ടായി.  ഇതേ വർഗീയകാഴ്ചപ്പാടാണ് ജമ്മു കശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാരെ കഠ്‌വയിൽ ബലാത്സംഗം ചെയ്ത് എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ കൊന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചത്.  കുറ്റവാളി ഹിന്ദുവും ഇരയായ പെൺകുട്ടി  മുസ്ലിമുമായതിനാലാണ് മന്ത്രിമാർ ബലാത്സംഗം ചെയ്തവരെ പ്രതിരോധിക്കാനായി രംഗത്തുവന്നത്. 

ഭരണത്തിലിരിക്കുന്ന ബിജെപിയാണ് വിദ്വേഷരാഷ്ട്രീയവും ആൾക്കൂട്ടക്കൊലയും പ്രോത്സാഹിപ്പിക്കുന്നത്. ശിക്ഷാഭീതിയില്ലായ്മയുടെ ഈ സംസ്‌കാരമാണ‌് നിഷ്‌കളങ്കരായ സാധാരണ മനുഷ്യരെ ‘കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന‌്' ചിത്രീകരിച്ച് അടിച്ചുകൊല്ലാൻ വഴിയൊരുക്കുന്നത്. അസഹിഷ്ണുതയുടെ ഈ അന്തരീക്ഷവും വർഗീയവിഭാഗീയ ശക്തികൾ സൃഷ്ടിക്കുന്ന വിദ്വേഷ സംസ്‌കാരവുമാണ‌് ലക്ഷ്യമാക്കപ്പെടുന്നവർക്കെതിരെ ക്രൂരമായ ആക്രമണം നടത്താൻ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ കൊല്ലപ്പെടുന്നവർ മുസ്ലിങ്ങളും ദളിതരും ഗൗരി ലങ്കേഷിനെയും കലബുർഗിയെയുംപോലുള്ള ബുദ്ധിജീവികളുമാണ്.

വർഗീയ മതമൗലികവാദ പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിൽപെട്ട തീവ്രവാദികൾ മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ ക്രൂരമായി വധിച്ചതും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.  വിവിധ രൂപത്തിലുള്ള വർഗീയശക്തികൾക്കെതിരെയും അവരുടെ തീവ്രവാദ ആക്രമണങ്ങൾക്കെതിരെയും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തേണ്ടത് ഇന്നിന്റെ അടിയന്തര കടമയാണ്.

പ്രധാന വാർത്തകൾ
 Top