26 May Tuesday

മഹാമാരിയുടെ രാഷ്ട്രീയം - പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

പ്രകാശ്‌ കാരാട്ട്‌Updated: Saturday Apr 4, 2020

ഓരോ ആഗോള മഹാമാരിയെയും അതിന്റെ ചരിത്രപരവും രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തികവുമായ പശ്‌ചാത്തലത്തിൽ വേണം നോക്കിക്കാണാൻ. ജനനന്മയ്‌ക്കുവേണ്ടി അത്യന്താപേക്ഷിതമായിരുന്ന എല്ലാ അടിസ്ഥാനസേവനങ്ങളെയും നവഉദാര മുതലാളിത്തം അപ്പാടെ ഇല്ലാതാക്കിയ ഒരു കാലഘട്ടത്തിലാണ്‌ കോവിഡ്‌–-19 പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. പല രാജ്യങ്ങളിലെയും പൊതുആരോഗ്യ സംവിധാനത്തെയാകെ സ്വകാര്യവൽക്കരണത്തിലൂടെ ഇല്ലാതാക്കുകയോ തകർക്കുകയോ ചെയ്‌തിട്ടുണ്ട്‌. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, പൊതുഗതാഗതം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ ലഭ്യമാക്കുക എന്ന ഉത്തരവാദിത്തം സർക്കാരുകൾ ഉപേക്ഷിച്ചിരിക്കുകയാണ്‌. സമൂഹം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ, അത്‌ സാമൂഹ്യമോ സാമ്പത്തികമോ ആകട്ടെ, ദേശീയസർക്കാരുകൾ തൊഴിലെടുക്കുന്ന ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാറില്ല. ധനമൂലധനത്തിന്റെയും കോർപറേറ്റുകളുടെയും ബാങ്കുകളുടെയും ശതകോടിശ്വരന്മാരുടെയും താൽപ്പര്യം സംരക്ഷിക്കാനുള്ള നയങ്ങൾക്കാണ്‌ ഊന്നൽ നൽകുന്നത്‌. കൊറോണ വൈറസ്‌ പടർന്നുപിടിക്കുമ്പോൾ പല സർക്കാരുകളിൽനിന്നും ഭരണവർഗത്തിൽനിന്നും വിവിധ പ്രതികരണങ്ങൾ കാണാനായി. ശക്തിചോർന്ന നവ ഉദാരവൽക്കരണത്തിന്റെ വൈരുധ്യം ഇതിൽ കാണാം

ക്രൂരസമീപനം തുടരുന്നു
തങ്ങളുടെ തീട്ടൂരങ്ങൾ അനുസരിക്കാത്തവരെ വിരട്ടിയും ഭയപ്പെടുത്തിയും ബലംപ്രയോഗിച്ചും വരുതിയിൽ നിർത്തുക എന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സ്വഭാവം ഈ മഹാമാരി കാലത്തും തുടരുകയാണ്‌. വൈറസ്‌ ബാധ സാരമായി ബാധിച്ച്‌ ഇറാന്റെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴും ആ രാജ്യത്തിനെതിരായ ഉപരോധം പിൻവലിക്കാൻ അമേരിക്ക തയ്യാറാകുന്നില്ല. നിയമവിരുദ്ധമായ ഉപരോധം നേരിടുന്ന ഇറാന്‌ അവശ്യമരുന്നുകളും വൈദ്യോപകരണങ്ങളും മറ്റ്‌ രാജ്യങ്ങളിൽനിന്ന്‌ വാങ്ങാൻ സാധിക്കുന്നില്ല. ഇറാനുമായി വാണിജ്യബന്ധങ്ങളിൽ ഏർപ്പെടുന്ന മറ്റ്‌ രാജ്യങ്ങളിലെ കമ്പനികൾക്കും അമേരിക്കയുടെ വ്യാപാര, യാത്രാനിരോധനം നേരിടേണ്ടിവരുന്നു.

ഉപരോധത്തെത്തുടർന്ന്‌ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടുന്ന വെനസ്വേലയോടാണെങ്കിൽ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ട്രംപ്‌ ഭരണകൂടം ക്രൂരമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. പ്രസിഡന്റ്‌ മഡൂറോയ്‌ക്കും സർക്കാരിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കുമെതിരെ അമേരിക്ക മയക്കുമരുന്ന്‌ ഭീകരവാദക്കുറ്റം ചുമത്തിയിരിക്കുകയാണ്‌. മഡൂറോയുടെ അറസ്‌റ്റിലേക്ക്‌ നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക്‌ ഒന്നരകോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഒരു സ്വതന്ത്രരാഷ്ട്രത്തിന്റെ തലവനെ വധിക്കാനുള്ള പരസ്യമായ ആഹ്വാനമാണിത്‌.

കൊറോണയുടെ പേരിൽ ചൈനയെ കുറ്റപ്പെടുത്തുന്ന പ്രചാരണത്തിന്‌ പ്രസിഡന്റ്‌ ട്രംപ്‌തന്നെ നേതൃത്വം നൽകുകയാണ്‌. കൊറോണ വൈറസിനെ ‘ചൈനീസ്‌ വൈറസ്‌’ എന്നാണ്‌ ട്രംപ്‌ വിളിക്കുന്നത്‌. വൈറസ്‌ ഭീഷണിയെപ്പറ്റി ചൈന യഥാസമയം അറിയിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു. മഹാമാരിയെപ്പോലും ഉപയോഗിച്ച്‌ ചൈനയെ ഒറ്റപ്പെടുത്താനാണ്‌ ട്രംപ്‌ ശ്രമിക്കുന്നത്‌. 

എന്നാൽ, കോവിഡ്‌ ദുരന്തത്തെ അതിജീവിച്ച്‌ ചൈന പൂർവസ്ഥിതിയിലേക്ക്‌ നീങ്ങുന്നു. ചൈനയിൽനിന്ന്‌ വൈദ്യോപകരണങ്ങളും മറ്റും ഇറക്കുമതിചെയ്യാൻ ട്രംപ്‌ ഭരണകൂടം അനുമതി നൽകിയിരിക്കുകയാണ്‌. മാസ്‌ക്‌, പരിശോധന കിറ്റ്‌ എന്നിവ വഹിച്ച്‌ ചൈനയിൽ നിന്നുള്ള ആദ്യവിമാനം മാർച്ച്‌ 29ന്‌ ന്യൂയോർക്കിൽ ഇറങ്ങി. യുഎസിലെ പല നഗരങ്ങളിലേക്കുമായി 21 വിമാനംകൂടി സജ്ജമായിരിക്കുകയാണ്‌.


 

അമേരിക്കയ്‌ക്കുപുറത്തുള്ള ജനങ്ങളുടെ നന്മയിൽ ട്രംപ്‌ ഭരണകൂടത്തിന്‌ താൽപ്പര്യമില്ല. വൈറസിനെതിരെയുള്ള യുദ്ധത്തിൽ ക്യൂബയുടെ മെഡിക്കൽസഹായം സ്വീകരിക്കുന്നതിൽനിന്ന്‌ മറ്റ്‌ രാജ്യങ്ങളെ തടയുകയാണ്‌ യുഎസ്‌. അമേരിക്കൻ സാമ്രാജ്യത്വത്തെ സംബന്ധിച്ച്‌ ജനങ്ങളുടെ ആരോഗ്യവും നന്മയുമല്ല പ്രധാനം, മറിച്ച്‌ അവരുടെ ആധിപത്യം ഉറപ്പിക്കലാണ്‌.

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും അമേരിക്കൻ ഭരണവർഗവും വികസിത മുതലാളിത്തരാഷ്ട്രങ്ങളും സംരക്ഷിച്ചത്‌ കോർപറേറ്റുകളെയും ബാങ്കുകളെയും വൻകിട ധനനിക്ഷേപ കമ്പനികളെയുമാണ്‌. തൊഴിലെടുക്കുന്ന വർഗം ഇവരുടെ മുൻഗണനാ പട്ടികയിലില്ല. ഉദാഹരണത്തിന്‌ രണ്ടുലക്ഷം കോടി ഡോളറിന്റെ കോവിഡ്‌ പാക്കേജ്‌ പ്രഖ്യാപിച്ചപ്പോൾ കോർപറേറ്റുകൾക്കാണ്‌ ശതകോടിക്കണക്കിന്‌ ഡോളർ ലഭിക്കുന്നത്‌. ആളോഹരി 1200 ഡോളർ കൈമാറുമെന്ന്‌ പറയുന്നുണ്ടെങ്കിലും തൊഴിൽ നഷ്ടപ്പെടുന്നവർക്കും സാമൂഹ്യസുരക്ഷാ പദ്ധതികൾ ഇല്ലാത്തവർക്കും ഈ തുക നാമമാത്രമാണ്‌. കഴിഞ്ഞ ആഴ്‌ചമാത്രം 33 ലക്ഷം പേർ തൊഴൽരഹിത വേതനത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്‌. ഇത്‌ ഒരു റെക്കോഡാണ്‌.

സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലും യൂറോപ്പിലെ ചുരുക്കം ചില രാജ്യങ്ങളിലുമാണ്‌ സോഷ്യൽ ഡെമോക്രാറ്റിക്  പാരമ്പര്യം നിലനിൽക്കുന്നത്‌. ഇതിൽ ഏറെ വെള്ളം ചേർക്കപ്പെട്ടെങ്കിലും അടച്ചുപൂട്ടലിൽനിന്ന്‌ തൊഴിലാളികളെ സംരക്ഷിക്കുന്നുണ്ട്‌. ഖജനാവിൽ നിന്നുള്ള സഹായം ഉപയോഗിച്ച്‌ അവർക്ക്‌ ശമ്പളവും നൽകുന്നു. ഉദാഹരണത്തിന്‌ ഡെൻമാർക്കിൽ തൊഴിലാളികളുടെ ശമ്പളത്തിന്റെ 75 ശതമാനം സർക്കാരും 25 ശതമാനം കമ്പനികളുമാണ്‌ നൽകുന്നത്‌. ബ്രിട്ടനിലെ കൺസർവേറ്റീവ്‌ സർക്കാരും വ്യത്യസ്‌ത നിലപാട്‌ സ്വീകരിക്കുന്നുണ്ട്‌. കൊറോണമൂലം പ്രതിസന്ധിയിലായ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ 80 ശതമാനം സർക്കാർ ഗ്രാന്റായി നൽകുന്നുണ്ട്‌. എന്നാൽ, സ്ഥിരം തൊഴിലാളികളല്ലാത്തവർക്ക്‌ ഒന്നും ലഭിക്കുന്നില്ല. ഇതൊരു പ്രശ്‌നമാണ്‌.

വൈറസ്‌ വ്യാപിക്കാൻ അവസരമൊരുക്കി
വൈറസ്‌ പടർന്നപ്പോൾ സമ്പദ്‌ മേഖലയെയും സാമ്പത്തിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കരുതെന്ന്‌ ഉറപ്പുവരുത്തണമെന്നായിരുന്നു ഭൂരിഭാഗം വലതുപക്ഷ സർക്കാരുകളുടെയും ആദ്യപ്രതികരണങ്ങൾ. ഇതിലൂടെ അർഥമാക്കിയത്‌ കർശനനടപടികൾ സ്വീകരിക്കുന്നതിനുപകരം വൈറസ്‌ വ്യാപിക്കാൻ അവസരമുണ്ടാക്കുകയായിരുന്നു. ഒരു വിഭാഗത്തിന്‌, അതായത്‌ ജനസംഖ്യയുടെ 80 ശതമാനത്തിന്‌ വൈറസ്‌ ബാധിച്ചാലും പ്രതിരോധശേഷി വികസിപ്പിച്ചുകൊണ്ട്‌ അവർ മോചിതരാകുമെന്നും വാദിച്ചു. ഇതിലൂടെ സമൂഹത്തിന്‌ വൈറസിനെതിരായ പ്രതിരോധശേഷി ലഭിക്കും. ഈ സമീപനം സ്വീകരിച്ചതിലൂടെ അടച്ചുപൂട്ടലൂം വ്യാപകമായ സമ്പർക്കവിലക്കും സാമൂഹ്യഅകലവും ആവശ്യമില്ലെന്നും സാധാരണപോലെ തുടർന്നുപോകാൻ സാധിക്കുമെന്നുമാണ്‌ ഇവർ വാദിച്ചത്‌. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ, നെതർലൻഡ്‌സിലെ വലതുപക്ഷ പ്രധാനമന്ത്രി, അമേരിക്കൻ പ്രസിഡന്റ്‌ ട്രംപ്‌ തുടങ്ങിയവരെല്ലാം ഈ ആശയമാണ്‌ ഉയർത്തിപ്പിടിച്ചത്‌. എന്നാൽ, അവിടങ്ങളിൽ വൈറസ്‌ ബാധ കുതിച്ചുയർന്നതോടെ ഈ ആശയം ഉപേക്ഷിക്കാൻ നിർബന്ധിതരായി. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമായി അമേരിക്ക മാറിയതോടെയാണ്‌ ജനങ്ങളുടെ ജീവൻ രക്ഷിക്കലിനാണ്‌ മുൻഗണനയെന്നും അതിനുശേഷം മാത്രമാണ്‌ സമ്പദ്‌മേഖലയെന്നും ട്രംപിന്‌ തിരിച്ചറിവുണ്ടായത്‌.


 

ബ്രസീലിയൻ പ്രസിഡന്റ്‌ ബൊൾസൊനാരോ ട്രംപിന്റെ മറ്റൊരു രൂപമാണ്‌. വൈറസ്‌ ഭീഷണിയുടെ ഗുരുതരാവസ്ഥ അദ്ദേഹം നിഷേധിച്ചുകൊണ്ടേയിരുന്നു. ജോലിയിൽ വ്യാപൃതരായിരിക്കാനും സാമ്പത്തികപ്രവൃത്തികളിൽ ഏർപ്പെടാനും അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. സുപ്രീംകോടതിയോടും കോൺഗ്രസിനോടും ഏറ്റുമുട്ടിക്കൊണ്ടിരുന്ന ബൊൾസൊനാരോ ഇതിന്‌ രണ്ടിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ ആഹ്വാനം ചെയ്‌ത്‌. പ്രസിഡന്റിന്റെ ഈ നിലപാടിനെതിരെ ജനങ്ങൾ വീടുകൾക്കുമുന്നിൽ കുടങ്ങളും പാത്രങ്ങളും കൂട്ടിമുട്ടിച്ച്‌ ശബ്ദമുണ്ടാക്കിയും പാട്ടുപാടിയും പ്രതിഷേധിച്ചു.

റിപ്പബ്ലിക്‌ദിനത്തിൽ മുഖ്യാതിഥിയായി ബൊൾസൊനാരോയെ ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ വിചിത്രമായ കൊറോണ വൈറസ്‌ വീക്ഷണത്തെ അനുകരിച്ചില്ല. എന്നാൽ, ഇരുവർക്കും ചില സാമ്യതകളുണ്ട്‌. 130 കോടി ജനങ്ങളെ മൊത്തം ലോക്ക്‌ഡൗൺ ചെയ്യാനും അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ മുഴുവൻ നിശ്‌ചലമാക്കാനും മൂന്നരമണിക്കൂർ മുമ്പുമാത്രം ആഹ്വാനംചെയ്‌തത്‌ മോഡിയുടെ അധികാരകേന്ദ്രീകൃത മാനസികാവസ്ഥയാണ്‌ വെളിപ്പെടുത്തുന്നത്‌.

പൊതുആരോഗ്യസംവിധാനം അസ്ഥികൂടം മാത്രമായി എന്നതാണ്‌ നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയതിനുശേഷമുള്ള മൂന്ന്‌ പതിറ്റാണ്ടിലെ യാഥാർഥ്യം. (കേരളം ഇതിനൊരു അപവാദമാണ്‌). രാജ്യത്ത്‌ ഏകീകൃത പൊതുവിതരണ സംവിധാനമില്ല, അടിസ്ഥാനസേവനങ്ങൾ ലഭ്യമാക്കാൻ തയ്യാറാകുന്നില്ല. മഹാമാരി പടർന്നതിനുശേഷം നമ്മുടെ കടമ വർധിച്ചിരിക്കുകയാണ്‌. നവ ഉദാരവൽക്കരണവും ഹിന്ദുത്വവും സംയോജിച്ചുള്ള നയങ്ങൾക്കെതിരെ ബദൽനയങ്ങൾ ഉയർത്തിക്കൊണ്ടുവരണം. ഈ ബദൽ വഴികൾക്കായുള്ള പോരാട്ടത്തെ ഇടതുപക്ഷം മുന്നിൽനിന്ന്‌ നയിക്കണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top