03 December Friday

വിൽപ്പനഭീഷണിയിൽ തപാൽ വകുപ്പും

പി കെ മുരളീധരൻUpdated: Monday Oct 11, 2021

ഇന്ത്യൻ ജനജീവിതത്തിന്റെ വിനിമയങ്ങളുടെ ജീവനാഡിയാണ് തപാൽ വകുപ്പ്. രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനപ്രക്രിയയുടെ ചരിത്രത്തിൽ സുപ്രധാന സ്ഥാനം തപാൽ വകുപ്പിനുണ്ട്. വിവരവിനിമയത്തിന്റെയും സാങ്കേതികവിദ്യയുടെയും മുന്നേറ്റത്തിനൊപ്പം നിന്നുകൊണ്ട് രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ തപാൽ വിനിമയങ്ങൾക്കും സേവിങ്‌സ്‌ ബാങ്ക്, ഇൻഷുറൻസ് മുതലായ സേവനങ്ങൾക്കുമെല്ലാം ഗ്രാമഗ്രാമാന്തരങ്ങളിൽപ്പോലും സേവനം ഉറപ്പുവരുത്തിയാണ് തപാൽ വകുപ്പ്  മുന്നോട്ട് പോകുന്നത്. ഒന്നര നൂറ്റാണ്ടിലധികം പ്രവർത്തനപാരമ്പര്യമുള്ള ഇന്ത്യൻ തപാൽ സംവിധാനം പ്രവർത്തിക്കുന്നത് ഒന്നര ലക്ഷത്തിലധികം തപാൽ ഓഫീസ് ശാഖയിലൂടെയാണ്. രണ്ടര ലക്ഷത്തിലധികം ഗ്രാമീണ ഡാക് സേവക് ജീവനക്കാർ ഉൾപ്പെടെ നാല് ലക്ഷത്തിലധികം ജീവനക്കാരാണ് വകുപ്പിന്റെ പ്രവർത്തനശക്തി.

പ്രതിലോമസാഹചര്യങ്ങളിലും ഈ ജീവനക്കാരുടെ കാര്യക്ഷമതയിൽ മുന്നോട്ടുപോകുന്ന വകുപ്പിന്റെ പ്രവർത്തനങ്ങളെ തുരങ്കംവയ്ക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുന്നുണ്ട്. അതിനെ പ്രതിരോധിച്ച് വകുപ്പിനെ പൊതുമേഖലയിൽ നിലനിർത്തി സാധാരണക്കാർക്ക് സേവനം ഉറപ്പുവരുത്തുക എന്ന ചുമതലകൂടി ജീവനക്കാർക്കും പൊതുസമൂഹത്തിനുമുണ്ട്. രാജ്യത്തെ മുച്ചൂടും വിറ്റുതുലയ്ക്കുന്ന പ്രഖ്യാപിതനയവുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസർക്കാർ. ഓരോ ദിവസം കഴിയുമ്പോഴും വിൽപ്പനപ്പട്ടികയിൽ സേവനങ്ങളും വകുപ്പുകളും രാജ്യത്തിന്റെ പൊതുസ്വത്തുവകകളും ഓരോന്നായി പ്രത്യക്ഷപ്പെടുന്നു.

കോർപറേറ്റുകളുടെ പരോക്ഷനിയന്ത്രണങ്ങളും നിർദേശങ്ങളുമനുസരിച്ച് ഒരു തത്വദീക്ഷയുമില്ലാതെയാണ് വിൽപ്പന പൊടിപൊടിക്കുന്നത്. പൊതുമേഖലയിലെ സ്ഥാപനങ്ങളുടെ അന്യാധീനപ്പെടൽ വഴിവയ്ക്കുന്നത് ന്യായമായ സർക്കാർ സേവനങ്ങളുടെ നിഷേധത്തിന് മാത്രമല്ല. അത്തരം സ്ഥാപനങ്ങളിലെ തൊഴിൽ നഷ്ടം, അതേത്തുടർന്നുള്ള സാമൂഹ്യനീതിയുടെ ലംഘനം എന്നിവയുൾപ്പെടെയുള്ള വലിയ മാനവിക പ്രശ്നങ്ങളിലേക്കുകൂടിയാണ്.

തൊഴിൽ നിയമഭേദഗതികളും ഓർഡനൻസ് ഫാക്ടറിയുമായി ബന്ധപ്പെട്ട അതിക്രമങ്ങളുമെല്ലാം ലക്ഷ്യമിടുന്നത് തൊഴിലവകാശങ്ങളുടെയും സംഘടനാ സ്വാതന്ത്ര്യത്തിന്റെയും പരിപൂർണമായ നിഷേധവും അതുവഴിയുള്ള നിർബാധമായ സ്വകാര്യവൽക്കരണവുമാണ്. ഇത്തരം ശ്രമങ്ങളുടെ ഉത്തമ ഉദാഹരണമാണ് തപാൽ വകുപ്പിൽ സംഘടനയുടെ പ്രതിരോധം ദുർബലപ്പെടുത്തി സ്വകാര്യവൽക്കരണ നീക്കം ശക്തമാക്കാൻ  കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ വിചിത്രമായ ഉത്തരവ്.

കേന്ദ്ര ജീവനക്കാരുടെ സർവീസ് കൺഡക്റ്റ് നിയമത്തിനെ ദുർവ്യാഖ്യാനം ചെയ്തിറങ്ങിയ ഈ നിർദേശപ്രകാരം സംഘടനയുടെ ഏത് തലത്തിലായാലും ഒരു ജീവനക്കാരന് ‘ഭാരവാഹിത്വം വഹിക്കാനാകുക കേവലം രണ്ടു ടേം മാത്രമാണ്. പരിണിതപ്രജ്ഞരായ പ്രവർത്തകരെ സംഘടനയിൽ നിന്നൊഴിവാക്കാനുള്ള കുബുദ്ധിയാണ് ഈ നിർദേശത്തിനു പിന്നിൽ. മാത്രമല്ല, ‘ഭാരവാഹികളാകാൻ പോകുന്നവർ ഒരു മാസത്തിനു മുമ്പേതന്നെ അധികാരികളുടെ അനുമതിയും വാങ്ങിയിരിക്കണമത്രേ.

അനുദിനം ദുഷ്കരമാകുന്ന തൊഴിൽ സാഹചര്യങ്ങളിലാണ് തപാൽ ജീവനക്കാർ ജോലി ചെയ്യുന്നത്. മതിയായ ഓഫീസ് സൗകര്യങ്ങളോ സാങ്കേതികസൗകര്യങ്ങളോ ലഭിക്കാത്ത ജീവനക്കാർ തൊഴിലെടുക്കുന്നത് പലപ്പോഴും അവധിയോ സമയക്രമമോ കൂടാതെയാണ്. തപാൽ വകുപ്പ് നൽകിപ്പോന്ന പരമ്പരാഗതസേവനങ്ങളെ അവഗണിച്ച്‌ നിലവിൽ അധികാരികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ലാഭകേന്ദ്രിതമായതും സ്വകാര്യവൽക്കരണ സാധ്യതകളുള്ളതുമായ സംരംഭങ്ങളെയാണ്. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് എന്ന പേരിൽ സൃഷ്ടിക്കപ്പെട്ട സംവിധാനത്തെയാണ് സാമ്പ്രദായിക തപാൽ ബാങ്കിങ്‌ സംവിധാനങ്ങളെ ഒഴിവാക്കി വകുപ്പ് പ്രോത്സാഹിപ്പിക്കുന്നത്. പോസ്റ്റൽ/റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികളുടെ അടിസ്ഥാനസൗകര്യങ്ങൾ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കായി വിട്ടു നൽകാനും പദ്ധതിയുണ്ട്.  പാഴ്സൽ, ബാങ്കിങ്‌, ഇൻഷുറൻസ് തുടങ്ങി തപാൽ വകുപ്പിന്റെ വൈവിധ്യമാർന്ന സേവനമേഖലകളെ പലതായി മുറിച്ച് വിൽപ്പനയ്ക്ക് വയ്‌ക്കുകയാണ് നിലവിലെ ലക്ഷ്യം. പതിനഞ്ച് ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ആസ്തിയുടെ കച്ചവടസാധ്യതയാണ് ഈ മേഖലയിലെ അധിനിവേശത്തിന് കോർപറേറ്റുകളെ പ്രേരിപ്പിക്കുന്നതും ‘ഭരണകൂടത്തെ അതിന് വശംവദരാക്കുന്നതും.

കോവിഡ് രോഗവ്യാപനത്തിന്റെ തീവ്രഘട്ടങ്ങളിൽപ്പോലും അവശ്യ സർവീസ് എന്ന സങ്കൽപ്പനം ഉൾക്കൊണ്ടുകൊണ്ട് ഒഴിവില്ലാതെ ജോലി ചെയ്തവരാണ് തപാൽ ജീവനക്കാർ. നിരവധി ജീവനക്കാർക്ക് തൊഴിലിടങ്ങളിൽനിന്നുതന്നെ രോഗബാധയുണ്ടാകുകയും ജീവൻ വെടിയുകയും ചെയ്യേണ്ടിവന്നു.
തപാൽ വകുപ്പിന്റെ നട്ടെല്ലായ പകുതിയിലധികം വരുന്ന ഗ്രാമീൺ ഡാക് സേവക് ജീവനക്കാരോട് കാലങ്ങളായി കേന്ദ്രസർക്കാർ അനുവർത്തിച്ചു വന്ന നീതിരഹിതവും അധാർമികവുമായ സമീപനം കൂടുതൽ ക്രൂരമായി തുടരുന്നു. തപാൽമേഖലയുടെ അവിഭാജ്യഘടകമാണ് റെയിൽവേ മെയിൽ സർവീസ്. ട്രെയിനിനുള്ളിലെ സെഷനുകളും സോർട്ടിങ്ങും അവസാനിപ്പിക്കുക വഴി തപാൽ ഉരുപ്പടികളുടെ സമയബന്ധിതമായ വിതരണത്തിന് നിലവിൽ വലിയ തടസ്സങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

ഇത്തരമൊരു സാഹചര്യത്തിലാണ്‌ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് മുപ്പത്തൊമ്പതാമത്‌ സംസ്ഥാന സമ്മേളനം ചേരുന്നത്‌. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ സാമ്രാജ്യത്വ ശക്തികൾക്കെതിരെ സമരം ചെയ്ത് വളർന്നുവന്ന പ്രസ്ഥാനമാണ് എൻഎഫ്പിഇ. വരുംകാല വെല്ലുവിളികളെ അഭിമുഖീകരിച്ചും അതിജീവിച്ചും ചൂഷണങ്ങൾക്കെതിരെ ഏറ്റവും ശക്തമായി പോരാട്ടം നയിക്കത്തക്കവിധമുള്ള നയരൂപീകരണങ്ങൾ സമ്മേളനത്തിലുണ്ടാകും.

(നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് സംസ്ഥാന കൺവീനറാണ് ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top