09 May Sunday

ജമ്മുകശ്‌മീരിനായി ജനകീയസഖ്യം - പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

പ്രകാശ്‌ കാരാട്ട്‌Updated: Thursday Nov 5, 2020


ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക്‌ ഭരണഘടന ഉറപ്പുനൽകുന്ന  ജനാധിപത്യപരവുമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്കായി ‘പീപ്പിൾസ്‌ അലയൻസ്‌ ഫോർ ഗുപ്‌കാർ ഡിക്ലറേഷൻ’ (പിഎജിഡി) നിലവിൽ വന്നിരിക്കയാണ്‌. ജനാധിപത്യരീതിയിലുള്ള രാഷ്ട്രീയപ്രവർത്തനം തിരിച്ചുകൊണ്ടുവരാനുള്ള ജനകീയ സഖ്യമാണിത്‌. 2019 ആഗസ്‌ത്‌ നാലിനായിരുന്നു ആദ്യത്തെ ഗുപ്‌കാർ പ്രഖ്യാപനം. ആറ്‌ മുഖ്യധാരാ രാഷ്ട്രീയപാർടികൾ ഫറൂഖ്‌ അബ്ദുള്ളയുടെ ഗുപ്‌കാർ റോഡിലെ വസതിയിൽ യോഗം ചേർന്ന്‌ നടത്തിയ പ്രഖ്യാപനമാണിത്‌. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവിയും അനുച്ഛേദം 370ഉം 35എയും സംരക്ഷിക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം മോഡി സർക്കാർ അനുച്ഛേദം 370ഉം 35എയും പാർലമെന്റിൽ റദ്ദാക്കി. ഒപ്പം സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചു.

ജമ്മു കശ്‌മീരിന്റെ ഭരണഘടനാ പദവിയെ നിർലജ്ജമായി കടന്നാക്രമിച്ചതിനു പിന്നാലെ ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർടി നേതാക്കളെയും സാമൂഹ്യപ്രവർത്തകരെയും അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. ലോക്‌ഡൗണിന്റെ മറവിൽ ജനങ്ങളെയാകെ തടങ്കലിലാക്കി, അവരുടെ അടിസ്ഥാന അവകാശങ്ങൾവരെ നിഷേധിച്ചു. മെഹ്‌ബൂബ മുഫ്‌തി ഒഴികെയുള്ള പ്രധാനപ്പെട്ട നേതാക്കളെ മോചിതരാക്കിയശേഷം കഴിഞ്ഞ ആഗസ്‌ത്‌ 22ന്‌ ഗുപ്‌കാർ ഗ്രൂപ്പിന്റെ രണ്ടാമത്തെ യോഗം ചേർന്നു. നാഷണൽ കോൺഫറൻസ്‌, പിഡിപി, സിപിഐ എം, ജമ്മു കശ്‌മീർ പീപ്പിൾസ്‌ കോൺഫറൻസ്‌, അവാമി നാഷണൽ കോൺഫറൻസ്‌, കോൺഗ്രസ്‌ എന്നീ പാർടികൾ 2019ലെ ഗുപ്‌കാർ പ്രഖ്യാപനത്തോടൊപ്പം ഉറച്ചുനിൽക്കാൻ യോഗത്തിൽ തീരുമാനിച്ചു. ‘‘ഭരണഘടനയിലും വിവിധ ഘട്ടങ്ങളിൽ കേന്ദ്രസർക്കാരും ഉറപ്പുനൽകിയ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി യോജിച്ചുപോരാടുമെന്ന പ്രഖ്യാപനം ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു. സംസ്ഥാനത്തിന്റെ ഏത്‌ തരത്തിലുള്ള വിഭജനവും അംഗീകരിക്കാൻ കഴിയില്ല’’–- യോഗത്തിനുശേഷം പ്രസ്‌താവനയിൽ വ്യക്തമാക്കി.

കോൺഗ്രസിന്റെ‌ നിലപാട്‌ മാറ്റം
പ്രത്യേക പദവിയും സംസ്ഥാനപദവിയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി പോരാടുന്ന ശക്തികളെ വീണ്ടും ഏകീകരിക്കുന്നതിനുള്ള ആദ്യ നടപടിയായിരുന്നു ഗുപ്‌കാർ പ്രഖ്യാപനം. പിഡിപി പ്രസിഡന്റ്‌ മെഹ്‌ബൂബ മുഫ്‌തിയെ മോചിപ്പിച്ചശേഷം ഒക്‌ടോബർ 15ന്‌ ഗുപ്‌കാർ ഗ്രൂപ്പിന്റെ മറ്റൊരുയോഗം ചേർന്നു. ഈ യോഗത്തിലാണ്‌ പീപ്പിൾസ്‌ അലയൻസ്‌ ഫോർ ഗുപ്‌കാർ ഡിക്ലറേഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്‌. നാഷണൽ കോൺഫറൻസ്‌, പിഡിപി, സിപിഐ എം, ജമ്മു കശ്‌മീർ പീപ്പിൾസ്‌ കോൺഫറൻസ്‌, പീപ്പിൾസ്‌ മൂവ്‌മെന്റ്‌, അവാമി നാഷണൽ കോൺഫറൻസ്‌ എന്നീ പാർടികളായിരുന്നു‌ സഖ്യത്തിൽ‌. പിന്നീട്‌ സിപിഐയും സഖ്യത്തിൽ ചേർന്നു. മറ്റ്‌ ചില പാർടികളും പിന്തുണയ്‌ക്കാൻ തീരുമാനിച്ചു. 24ന്‌ ഏഴ്‌ പാർടി വീണ്ടും യോഗം ചേർന്ന്‌ ‌സഖ്യത്തിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു.


 

ആഗസ്‌ത്‌ 22ലെ യോഗത്തിൽ പിസിസി പ്രസിഡന്റ്‌ പങ്കെടുത്തിരുന്നു. എന്നാൽ, തുടർന്ന്‌ നടന്ന രണ്ട്‌ യോഗത്തിലും കോൺഗ്രസ്‌ പാർടി പ്രതിനിധികൾ പങ്കെടുത്തില്ല. അനുച്ഛേദം 370 റദ്ദാക്കിയ രീതിയെയാണ്‌ എതിർക്കുന്നതെന്നാണ്‌ കോൺഗ്രസ്‌ ദേശീയനേതൃത്വത്തിന്റെ നിലപാട്‌. ഫലത്തിൽ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പടുന്നില്ലെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഈ നിലപാട്‌ കോൺഗ്രസ്‌ വക്താവ്‌ ആവർത്തിക്കുകയും ചെയ്‌തു. ബിഹാർ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയിൽ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയർത്തുന്നതിനെതിരെ പ്രധാനമന്ത്രി മോഡി രൂക്ഷമായി വിമർശിച്ചതോടെയാണ്‌ കോൺഗ്രസിന്റെ‌ നിലപാട്‌ മാറ്റം. ഇത്‌ ജമ്മു കശ്‌മീർ ഘടകത്തെയും ബാധിച്ചു.

ജവാഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ എന്നിവർ ഷെയ്‌ഖ്‌ അബ്ദുള്ളയുമായും നാഷണൽ കോൺഫറൻസ്‌‌‌ നേതാക്കളുമായും നിരന്തരം നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണയിലൂടെയാണ്‌ ‌ ജമ്മു കശ്‌മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായതെന്ന കാര്യം കോൺഗ്രസ് മറക്കരുത്‌. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ്‌ അനുച്ഛേദം 370 ഭരണഘടനയിൽ ഉൾപ്പെടുത്തിയത്‌. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവവും സംസ്ഥാനത്തിനു ലഭിച്ച പ്രത്യേക പദവിയും കണക്കിലെടുത്താണ്‌‌ ജമ്മു ക്‌ശമീർ ഇന്ത്യൻ യൂണിയനിൽ ചേർന്നത്‌. ഈ മതനിരപേക്ഷ പാരമ്പര്യത്തിൽ കോൺഗ്രസ്‌ ഒരു തരത്തിലും വിട്ടുവീഴ്‌ച ചെയ്യരുത്‌.

പ്രധാനപ്പെട്ട രണ്ട്‌ രാഷ്ട്രീയ എതിരാളികളായ നാഷണൽ കോൺഫറൻസിനെയും പിഡിപിയെയും ഒന്നിച്ചുകൊണ്ടുവരാൻ സാധിച്ചു എന്നത്‌ പുതിയ രാഷ്ട്രീയസഖ്യത്തിന്റെ നേട്ടമാണ്‌. ഒറ്റ ദിവസംകൊണ്ട്‌ അല്ല ഇത്‌ സംഭവിച്ചത്‌, മറിച്ച്‌ ജനങ്ങളുടെ നഷ്ടപ്പെടുന്ന അവകാശവും സ്വത്വവും തിരിച്ചുപിടിക്കുന്നതിന്‌ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെ ഐക്യം അനിവാര്യമാണെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടാണ്‌ ഈ സഖ്യമുണ്ടായത്‌. കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്‌മീരിലെ ഭൂ നിയമത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയിരിക്കയാണ്‌. ഇതോടെ പുറത്തുനിന്നുള്ള ആർക്കും ഭൂമി വാങ്ങാനുള്ള അവകാശം ലഭിക്കുന്നു. മുമ്പ്‌ സംസ്ഥാനത്തെ സ്ഥിരതാമസക്കാർക്കുമാത്രമേ ഭൂമി വാങ്ങാൻ സാധിക്കുമായിരുന്നുള്ളൂ. ഭൂ നിയമത്തിലെ മാറ്റം ജനങ്ങളിൽ കടുത്ത അസംതൃപ്‌തി സൃഷ്ടിച്ചിട്ടുണ്ട്‌.

ഭരണഘടനയ്‌ക്കകത്തുനിന്നുകൊണ്ട്‌‌ സ്വയംഭരണം പുനഃസ്ഥാപിക്കുന്നതിനും‌ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടവുമായി മുന്നോട്ടുപോവുക എന്നത്‌ ജനകീയ സഖ്യത്തിനുമുന്നിലുള്ള കടുത്ത വെല്ലുവിളിയാണ്‌. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ട ജനാധിപത്യ രാഷ്ട്രീയവും ജനാധിപത്യ അവകാശവും ജമ്മു കശ്‌മീരിലെ ജനങ്ങൾക്കും ലഭിക്കുന്നതിനായുള്ള പോരാട്ടം ശക്തിപ്പെടുത്തുകയാണ്‌ ആദ്യം വേണ്ടത്‌. താഴ്‌വര കേന്ദ്രീകൃതമായ സഖ്യം എന്ന പ്രചാരണം മറികടക്കാൻ ജമ്മു, ലഡാക്ക്‌ മേഖലയിലെ ജനാധിപത്യശക്തികളിലേക്കുകൂടി ഇറങ്ങിച്ചെന്ന്‌ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഇതിലൂടെമാത്രമേ ബിജെപിയും ആർഎസ്‌എസും മുന്നോട്ടുവയ്‌ക്കുന്ന വിഭജനരാഷ്ട്രീയത്തെ നേരിടാനാകൂ.

ജനാധിപത്യ സംരക്ഷണം സുപ്രധാനം
രാജ്യത്തെ എല്ലാ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെയും പിന്തുണ ഈ ജനകീയ സഖ്യത്തിന്‌ ലഭിക്കണം. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കി രണ്ടായി വിഭജിച്ചത്‌ ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണത്തിന്റെ തുടക്കംമാത്രമാണ്‌. ഫെഡറൽ തത്വങ്ങൾ ലംഘിച്ചും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നും ബിജെപി സർക്കാർ അധികാരകേന്ദ്രീകരണത്തിനാണ്‌ ശ്രമിക്കുന്നത്‌. ഭരണഘടനയിൽ വ്യക്തമാക്കിയിരിക്കുന്ന സംസ്ഥാന വിഷയങ്ങളിലേക്ക്‌ കേന്ദ്രസർക്കാർ കടന്നുകയറുകയാണെന്നാണ്‌ സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്‌. കാർഷിക ബില്ലുകൾ, നിയമപ്രകാരം സംസ്ഥാനങ്ങൾക്ക്‌ ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നിഷേധിക്കൽ, ഗവർണമാരെ ഉപയോഗിച്ചുകൊണ്ടുള്ള സംസ്ഥാനഭരണത്തിലെ ഇടപെടൽ എന്നിവയെല്ലാം ഫെഡറൽ വിരുദ്ധ സമീപനങ്ങളാണ്‌.

ഇന്ത്യയിൽ ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗംതന്നെയാണ്‌ പിഎജിഡി. ബിജെപി അതിന്റെ പതിവുശൈലിയിൽ പാകിസ്ഥാന്റെ കല്പനപ്രകാരം പ്രവർത്തിക്കുന്ന രാജ്യവിരുദ്ധ സംഘടനയാണ്‌ പീപ്പിൾസ് അലയൻസ്‌ എന്ന്‌ ആരോപിച്ചിരിക്കയാണ്‌. എന്നാൽ, മോഡി സർക്കാർ അടിസ്ഥാന യാഥാർഥ്യം മനസ്സിലാക്കണം. ഒരു വർഷത്തിലേറെ നീണ്ട ക്രൂരമായ അടിച്ചമർത്തലുകൾക്കുശേഷം മുമ്പ്‌ ഒരിക്കലും ഉണ്ടാകാത്തവിധത്തിൽ അന്യവൽക്കരിക്കപ്പെട്ടെന്ന ചിന്തിയിലാണ് ജനങ്ങൾ‌. പ്രത്യേകിച്ച്‌ താഴ്‌വരയിലെ ജനങ്ങൾ. സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളുമായും കേന്ദ്രസർക്കാർ ചർച്ച നടത്താൻ താൽപ്പര്യം കാട്ടുന്നില്ലെങ്കിൽ, ജനാധിപത്യരീതിയിലുള്ള ഒരു മുന്നോട്ടുപോക്കുണ്ടാകില്ല. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട്‌ ക്രമസമാധാനം തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന മോഡി സർക്കാരിന്റെയും ബിജെപിയിലെ തീവ്രചിന്താഗതിക്കാരുടെയും സമീപനം യാഥാർഥ്യം തിരിച്ചറിയാത്തതുകൊണ്ടാണ്‌. ജമ്മു കശ്‌മീരിലെ പ്രശ്‌നം രാഷ്ട്രീയമായി കൈാര്യം ചെയ്യണമെന്ന അടിസ്ഥാന വസ്‌തുത കേന്ദ്രസർക്കാരിന്‌ അവഗണിക്കാനാകില്ല.

വാജ്‌പേയി സർക്കാരിന്റെ കാലത്ത്‌ രാഷ്ട്രീയമായി ചർച്ചകൾക്ക്‌ ശ്രമിച്ചിരുന്നു. ലാഹോറിലേക്ക്‌ പ്രധാനമന്ത്രി നടത്തിയ ബസ്‌ യാത്ര ഇതിന്റെ ഭാഗമായിരുന്നു. എൽ കെ അദ്വാനി ആഭ്യന്തരമന്ത്രിയായിരിക്കെ ഹിസ്‌ബുൾ മുജാഹിദ്ദീൻ പ്രതിനിധികൾ ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി നേരിട്ട്‌ ചർച്ച നടത്തിയിരുന്നു. ഇന്ത്യൻ യൂണിയനൊപ്പം നിലകൊള്ളുന്ന കശ്‌മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാർടികളുമായി ബന്ധപ്പെടാൻ മോഡി സർക്കാർ താൽപ്പര്യം കാട്ടുന്നില്ലെങ്കിൽ നിലവിലെ സ്ഥിതിയിൽ ഒരുവിധ പുരോഗതിയും കൈവരിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ, ഫെഡറൽ സംവിധാനത്തിന്‌ ഒരു പ്രശ്‌നമായി ഇത്‌ തുടർന്നുകൊണ്ടിരിക്കും. രാജ്യതാൽപ്പര്യം മുൻനിർത്തിയെങ്കിലും ജമ്മു കശ്‌മീരിലെ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കാൻ മോഡി സർക്കാർ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top