26 May Tuesday

കള്ളിനും ചക്കരയ്‌ക്കും ചെത്തുന്നവർ

പച്ചപ്പരമാര്‍ഥം/ ഗൗതമന്‍Updated: Monday Mar 30, 2020

പണ്ട്‌ ലോകത്തുള്ള ഗണപതി വിഗ്രഹങ്ങളെല്ലാം ഒരു പ്രഭാതത്തിൽ പാൽ കുടിച്ചതിനുപിന്നിൽ നടന്നപോലായിപ്പോയി ഞായറാഴ്‌ചത്തെ ‘ഓപ്പറേഷൻ പായിപ്പാട്‌’. വീടിന്റെ പടിയായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്മണരേഖ, ആളുകൾ എവിടെയാണോ കഴിയുന്നത്‌ അവിടെത്തന്നെ കഴിയണം തുടങ്ങിയ മോഡിജിയുടെ ഉപദേശങ്ങളെല്ലാം കാറ്റിൽ പറത്തി അതിഥിത്തൊഴിലാളികൾ തെരുവിലിറങ്ങിയപ്പോൾ ചില ആപൽബാന്ധുക്കളുടെ കണ്ണുകൾവരെ ഈറനണിഞ്ഞു. ധീരപുത്രൻമാരുണ്ടോ കരഞ്ഞിട്ടുള്ളൂ!
വടക്കേ ഇന്ത്യയിലെ പലായനം ചിലരുടെയൊക്കെ നെഞ്ചളവിന്റെ വലിപ്പം കുറച്ചിട്ടുണ്ട്‌. പിന്നെ ലോകം മുഴുവൻ കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളെ വാഴ്‌ത്തുന്നു, കേന്ദ്രം കേരളമാതൃക പകർത്താനൊരുങ്ങുന്നു, ക്യൂബയിൽനിന്ന്‌ മരുന്നുവരുന്നു, എന്നുവേണ്ട  എന്തെല്ലാം സംഭവങ്ങൾ.  അങ്ങനെ കേരളമങ്ങ്‌ തിളങ്ങേണ്ടെന്ന്‌ കൊതിക്കെറുവുള്ളവർക്ക്‌ തീരുമാനിക്കാൻ ഇതിൽക്കൂടുതൽ എന്തുവേണം. ആരോഗ്യമന്ത്രിയുടെ ഇമേജ്‌ വർധിക്കുന്നതുമൂലം നെഞ്ചുവേദനയുള്ളവർ, ഗോമൂത്ര ചികിൽസയുടെ ആരാധകർ തുടങ്ങി കൈവെട്ടുപാർടിക്കാർവരെ വേണമെങ്കിൽ ഇക്കാര്യത്തിൽ ഐക്യമുന്നണിയാകും.

വടക്കേ ഇന്ത്യയിലെ പലായനത്തെ വിമർശിക്കുന്ന നിങ്ങൾ പായിപ്പാട്ടാറ്റിലെ വള്ളംകളി കാണൂ എന്നുപറഞ്ഞാണ്‌ ഇക്കൂട്ടരെല്ലാം നിമിഷങ്ങൾക്കകം അരങ്ങുതകർത്തത്‌. പായിപ്പാട്ടുനിന്നുമാത്രമല്ല, പത്തനംതിട്ടയിൽനിന്നുപോലും വള്ളങ്ങൾ പായിപ്പാട്ടാറ്റിലെ വള്ളംകളിക്ക് വന്നുവെന്നറിയുമ്പോഴാണ്‌ എത്ര നല്ല മുന്നൊരുക്കം വള്ളംകളിക്കുണ്ടായി എന്ന്‌ മനസ്സിലാകുക.സത്യത്തിൽ ഇവരൊക്കെ എത്ര കരുണാമയൻമാരും വിശാലമനസ്‌കരുമാണ്‌. വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ്‌ അവർ ഉയർത്തിയതെന്ന കാര്യത്തിൽ ഇരുകൂട്ടർക്കും സംശയമില്ല. എല്ലാവർക്കുംഅവർ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും കാണണമെന്ന്‌ ആഗ്രഹിക്കുന്നത്‌ തെറ്റാണോ?  പിന്നെ അവർക്ക്‌ ഇഷ്ടമുള്ള ഭക്ഷണം കൊടുക്കണം. എന്തു തിന്നണം, എന്തുടുക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അതിഥിത്തൊഴിലാളികളുടെ അവകാശത്തിൻമേലുള്ള കടന്നുകയറ്റത്തെ പ്രത്യേകിച്ച്‌ ‘ചിലർ’ക്ക്‌ ഒരിക്കലും അംഗീകരിക്കാനാകില്ല.

ഉള്ളതുപറഞ്ഞാൽ ഈ അതിഥിത്തൊഴിലാളികൾക്കെതിരെ നിലപാടെടുത്ത ചില സംഘമിത്രങ്ങളുമുണ്ട്‌. അവരെ കള്ളിനും ചക്കരയ്‌ക്കും ചെത്തുന്നവരെന്നുപറഞ്ഞ്‌ ആക്ഷേപിക്കുന്നതിനോടൊന്നും ഗൗതമന്‌ യോജിപ്പില്ല. അവരുടെ നോട്ടത്തിൽ ഈ അതിഥിത്തൊഴിലാളികളെല്ലാം ബംഗ്ലാദേശികളാണ്‌. അവരെക്കേറി മുഖ്യമന്ത്രി അതിഥിത്തൊഴിലാളികൾ എന്നു വിളിച്ചതേ തെറ്റ്‌.  അവർക്ക്‌ ഭക്ഷണവും റേഷനുംവരെ കൊടുക്കാമെന്നുപറഞ്ഞത്‌ അതിലും വലിയ തെറ്റ്‌.  അതിഥിത്തൊഴിലാളികളൊക്കെ രാജ്യം ശിഥിലീകരിക്കാൻ വന്നവരാണെന്ന കാര്യത്തിൽ ഇക്കൂട്ടർക്ക്‌ സംശയമേതുമില്ല.ഇതൊക്കെയാണെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇക്കാര്യത്തിൽ കാണിച്ച ജാഗ്രതയോർക്കുമ്പോൾ ഗൗതമൻ കോൾമയിർ കൊള്ളുകയാണ്‌. നമ്മുടെ മൂന്നാറിലും ലോ അക്കാദമിയിലുമൊക്കെ സമരം സംഘടിപ്പിച്ചതുപോലുള്ള ഒരു ‘മാധ്യമധർമ’ത്തിന്റെ ഉദാത്ത മാതൃകയാണ്‌ ഞായറാഴ്‌ച കണ്ടത്‌. ചിലർ സംഘടിപ്പിച്ച നാടകം ആവശ്യമെങ്കിൽ സംസ്ഥാനത്തിന്റെ മറ്റ്‌ ഭാഗങ്ങളിലും അരങ്ങേറിക്കോട്ടെ. അങ്ങനെയെങ്കിലും അതിഥിത്തൊഴിലാളികൾ രക്ഷപ്പെട്ടോട്ടെ എന്ന ‘സദുദ്ദേശ്യ’ത്തിലാകണം അവർ തൽസമയംതന്നെ വാർത്ത നൽകിയത്‌.

കൂപ്പുകൈ, കിണ്ടി, വേപ്പ്‌


കൊറോണ വൈറസ്‌ വരുമെന്ന്‌ തങ്ങളുടെ പുസ്‌തകത്തിൽ ഉണ്ടെന്നുപറയുന്ന കൂട്ടരെയും താൻ ഇതു നേരത്തെ പ്രവചിച്ചതാണെന്നു പറയുന്ന കേരളത്തിന്റെ സ്വന്തം ആൾദൈവത്തെയുമൊക്കെ സഹിക്കാം. പക്ഷേ, കൈകൂപ്പുകയും കിണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന സനാതനധർമം പാലിക്കാത്തതുകൊണ്ടാണ്‌ കൊറോണ വന്നതെന്നു പറയുന്നവരുടെ മുന്നിൽ അന്തംവിട്ടിരുന്നുപോകാനേ കഴിയൂ. മൃതദേഹം കത്തിച്ചുകളയൽ, തുളസിത്തറ, അമ്പലക്കുളം എന്നിവയൊക്കെ സനാതന സംസ്‌കാരത്തിന്റെ ഭാഗമാണത്രെ. സനാതന സംസ്‌കാരത്തിൽനിന്ന്‌ അണുവിട വ്യതിചലിക്കാത്തുകൊണ്ട്‌ തമിഴ്‌നാട്ടിൽ എല്ലാം ജോറാണ്‌.. അവിടെ വേപ്പുമരം, മാരിയമ്മൻ, അഗർബത്തി, കുങ്കുമം, വെൺപൊങ്കലം, രസം ഇവയൊക്കെ സർവസാധാരണമായതിനാൽ കൊറോണ  വൈറസൊക്കെ കണ്ടംവഴി ഓടും. പിന്നെ  മാംസാഹാരം കഴിക്കുന്നവരെയാണെങ്കിൽ കൊറോണ വൈറസിന്‌ കണ്ണെടുത്താൽ കണ്ടുകൂടാ.

അപ്പോൾ സംഘപുത്രാ, കിണ്ടി അറബികൾ കൊണ്ടുവന്നതല്ലേ, ഇന്ത്യാക്കാരുടേത്‌ അല്ലല്ലോ എന്നൊന്നും ആരും ചോദിച്ചേക്കരുത്‌. മറ്റ്‌ രാജ്യങ്ങളിൽ ഉള്ളവരൊക്കെ ആലിംഗനം ചെയ്തും‌ ചുംബിച്ചും കാൽ കഴുകിയും തങ്ങളുടെ സ്‌നേഹപ്രകടനം നടത്തിയപ്പോൾ നിങ്ങൾ നടത്താതിരുന്നത്‌ ‘ദൃഷ്ടിയിൽപ്പെട്ടാലും ദോഷ’മുള്ളവരെ സ്‌പർശിക്കാനുള്ള മടികൊണ്ടല്ലേ എന്നു ചോദിച്ചും ആരും സനാതന സംസ്‌കാരത്തെ  മുറിപ്പെടുത്തരുത്‌.

വെടിക്കുഴൽ


കോവിഡ്‌ പ്രതിരോധത്തിന്‌ ട്രംപ്‌ ചൈനയുടെ സഹായം തേടി.ഒരു ലോഡ്‌ ഗോമൂത്രം ചോദിച്ചിട്ട്‌ കൂട്ടുകാരൻ മോഡിജി കൊടുത്തില്ല. ദുഷ്ടൻ

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top