28 September Wednesday

ആരാണ് ഗവർണർ: ഭരണഘടന പറയുന്നതെന്ത്‌?.. പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌ Updated: Thursday Sep 22, 2022

ദൈനംദിന ഭരണനിർവഹണത്തിൽ ഗവർണർക്ക് പ്രത്യേക അവകാശങ്ങൾ ഒന്നും ഭരണഘടന നൽകുന്നില്ല. വിവരങ്ങൾ തേടുന്ന കാര്യത്തിലും ഗവർണറുടെ തുടർ ഇടപെടലുകൾ ഒന്നും ഭരണഘടന അനുവദിക്കുന്നില്ല.

“അതു  ഞാൻ വ്യക്തമാക്കാം. ഗവർണർ എന്നത് അങ്ങേയറ്റം ആലങ്കാരികമായ പദവി മാത്രമാണ്…ഗവർണർക്ക് നിർവഹിക്കേണ്ട ഒരു ചുമതലയും ഇല്ലെന്ന് ഈ ഭരണഘടനാ അസംബ്ലിയിലെ എല്ലാവർക്കും അറിയാമെന്നാണ്‌ ഞങ്ങൾ കരട് തയ്യാറാക്കിയ കമ്മിറ്റി കരുതുന്നത്. ഒരു പ്രശസ്‌തമായ പ്രയോഗം കടമെടുക്കുകയാണെങ്കിൽ ഗവർണർക്ക് വിവേചന അധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിർവഹിക്കേണ്ട ഒരു ചുമതലയും ഇല്ലയെന്നതാണ്. പുതിയ ഭരണഘടനയുടെ തത്വമനുസരിച്ച് എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശത്തെ പിന്തുടരേണ്ടതുണ്ട്.’’  ഭരണഘടനാ അസംബ്ലിയിൽ ഗവർണറെ എങ്ങനെ നിശ്ചയിക്കണമെന്ന ചർച്ചകളിൽ ഇടപെട്ടുകൊണ്ടാണ് അംബേദ്കർ ഈ വിശദീകരണം നടത്തുന്നത്. മൂന്നു നിലപാടുകൾ ചർച്ചകളിൽ അംഗങ്ങൾ സ്വീകരിച്ചിരുന്നു. ചിലർ ഗവർണർ എന്ന പദവി തന്നെ വേണ്ടെന്ന നിലപാടുകാരായിരുന്നു. ഭരണഘടനാ ജനാധിപത്യത്തിലേക്ക് രാജ്യം പ്രവേശിക്കുമ്പോൾ കോളനിയായിരുന്ന കാലത്തെ കാഴ്ചപ്പാടുകളിൽനിന്നും വിമുക്തി നേടണമെന്ന് അവർ അഭിപ്രായപ്പെട്ടു.

നിശ്ചിത യോഗ്യതയുള്ള വ്യക്തിയെ പ്രസിഡന്റ്‌ നാമനിർദേശം ചെയ്യണമെന്നതായിരുന്നു  ഭരണഘടനാ കമ്മിറ്റിക്കുവേണ്ടി മുന്നോട്ടുവച്ച നിർദേശം. ബ്രജേശ്വർ പ്രസാദ് മറ്റൊരു ഭേദഗതി നിർദേശിച്ചു. പ്രവിശ്യകളിലെ (സംസ്ഥാനങ്ങളിലെ) നിയമസഭകൾ നിർദേശിക്കുന്ന പാനലിൽനിന്നും വേണം നാമനിർദേശം നടത്താനെന്നതായിരുന്നു അദ്ദേഹത്തിന്റെ ഭേദഗതി. മറ്റു ചില അംഗങ്ങളും സമാനമായ നിർദേശങ്ങൾ അവതരിപ്പിക്കുന്നുണ്ട്‌. ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു തന്നെയായിരിക്കണം ഗവർണറെ നിയമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സവിശേഷമായ മുൻകൈ ഉണ്ടാകേണ്ടതെന്നതായിരുന്നു ഈ നിലപാട്. ചിലർ നോമിനേഷൻ സംവിധാനത്തിലൂടെ ഗവർണറെ നിയമിക്കാൻ പാടില്ലെന്ന നിലപാടുകാരായിരുന്നു. ഗവർണർ വേണമെന്നാണ് തീരുമാനമെങ്കിൽ അത് വോട്ടെടുപ്പിലൂടെ ആകാമെന്നും അവർ അഭിപ്രായപ്പെട്ടു. അങ്ങനെ പണം ചെലവഴിച്ച്‌ തെരഞ്ഞെടുപ്പ് നടത്തി ഗവർണറെ നിശ്ചയിക്കുന്നതു പാഴ്‌ച്ചെലവല്ലേ എന്ന മറുവാദം മറ്റു ചില അംഗങ്ങളും ഉന്നയിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട് അംബേദ്കർ നടത്തിയ പരാമർശം നർമം കലർന്നതായിരുന്നു. അങ്ങേയറ്റം ആലങ്കാരികമായ ഈ പദവിയിലേക്ക് മത്സരിക്കാൻ അപൂർവം  വ്യക്തികളല്ലേ തയ്യാറാവുകയുള്ളു എന്നാണ് അദ്ദേഹം ചോദിച്ചത്. ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കി. “പ്രധാനമന്ത്രി തെരഞ്ഞെടുക്കുന്നത് ഒരു നയത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, ഗവർണർ അങ്ങനെയല്ല ; അദ്ദേഹത്തിന്‌ ഒരു നയവുമില്ല, അധികാരവുമില്ല… നമുക്ക് എല്ലാവർക്കും അറിയാം ഗവർണറുടെ അധികാരങ്ങൾ വളരെ പരിമിതവും നാമമാത്രവുമാണ്. അത് ആലങ്കാരികമാണ്.” വിശാലമായ ചർച്ചകൾക്ക് ശേഷം പ്രസിഡന്റിന്‌ ഗവർണറെ നാമനിർദേശം ചെയ്യാമെന്ന നിർദേശം തന്നെ അംഗീകരിച്ചു.


 
ഗവർണറുടെ അധികാരങ്ങളെ സംബന്ധിച്ചും വ്യത്യസ്ത കാഴ്ചപ്പാടുകൾ തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകൾ അസംബ്ലിയിൽ ഉണ്ടായി. യഥാർഥത്തിൽ ഗവർണർക്ക് എന്താണ് അധികാരമെന്ന ചോദ്യത്തിനു നിർദേശത്തിൽ ഉപയോഗിച്ച വാക്കുകളെയും  വാചകഘടനയെയും കുറിച്ച് വരെ സംവാദങ്ങളുണ്ടായി. പ്രവിശ്യകളിലെ നേതാക്കൾക്ക് പക്വത ആകുന്നതേയുള്ളു. അതുകൊണ്ട് ഗവർണർക്ക് വിശാലമായ അധികാരങ്ങൾ നൽകേണ്ടതുണ്ടെന്ന് ചിലർ വാദിച്ചു. എല്ലാ അധികാരങ്ങളും ഇന്ത്യാ ഗവൺമെന്റിൽ കേന്ദ്രീകരിക്കണമെന്ന നിലപാടും സ്വീകരിച്ചു. യഥാർഥത്തിൽ ഇന്ത്യക്കാർക്ക് ഭരിക്കാൻ പക്വതയായിട്ടില്ലെന്നും അതുകൊണ്ട് പൂർണ സ്വരാജ് നൽകണ്ടേതില്ലെന്ന ബ്രിട്ടന്റെ വാദത്തിന്റെ തനിപ്പകർപ്പായിരുന്നു ഇത്‌. ഈ വാദം 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ വകുപ്പുകളുടെ തനിയാവർത്തനം വേണമെന്ന നിലപാടാണ്. അത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് അംബേദ്കർ വ്യക്തമാക്കി.

ഗവർണർക്ക് അധികാരങ്ങൾ ഒന്നും തന്നെയില്ലെന്നും കടമകളാണ് ഉള്ളതെന്നും അംബേദ്കർ വ്യക്തമാക്കി. എന്നാൽ, ഏറ്റവും കൂടുതൽ തർക്കങ്ങൾ ഉയർന്നത് കരട് ഭരണഘടനയിലെ 143 –-ാം  ആർട്ടിക്കിളിനെ (ഭരണഘടനയിലെ 163) വിവേചനപരമായി കടമകൾ നിർവഹിക്കുന്നതു സംബന്ധിച്ചായിരുന്നു. പണ്ഡിറ്റ് കുൻസ്രു അതിനോട് വിയോജിച്ചു. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വാക്കുകൾ ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം വാദിച്ചു. അംബേദ്കറുടെ അന്നത്തെ മറുപടി ഇന്നും ഏറെ പ്രസക്തമാണ്. ‘ഗവർണറെ അദ്ദേഹത്തിന്റെ ചുമതലകളുടെ നിർവഹണത്തിൽ ഉപദേശിക്കുന്നതിനും സഹായിക്കുന്നതിനും മൂഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാകും ; ഈ ഭരണഘടന നിഷ്‌കർഷിക്കുന്ന വിവേചന അധികാരത്തോടെ ഗവർണർ നിർവഹിക്കേണ്ട ചുമതലകൾ ഒഴികെ.’ എന്ന വാചകം തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്. എന്നാൽ, അതിനു പകരം മന്ത്രിമാരുടെ ഉപദേശത്തിനും ആഗ്രഹത്തിനും [wish]  എതിരായി എപ്പോഴൊക്കെ പ്രവർത്തിക്കണമെന്ന് അദ്ദേഹത്തിനു തോന്നുന്നുവോ അപ്പോഴൊക്കെ വിവേചനാധികാരത്തോടെ പ്രവർത്തിക്കാമെന്നായിരുന്നു വ്യവസ്ഥയെങ്കിൽ പണ്ഡിറ്റ് കുൻസ്രുവിന്റെ വിമർശനം ശരിയാകുമായിരുന്നു. ഈ വിവേചനാധികാരം വളരെ പരിമിതമാണെന്നും അതുകൊണ്ടുതന്നെ ഗവർണറെ സംബന്ധിച്ച് വിശദീകരിക്കുന്ന മറ്റു ആർട്ടിക്കിളുകളുമായി ചേർത്തുവച്ചുകൊണ്ടു മാത്രമേ ആർട്ടിക്കിൾ 143 (ഇപ്പോഴത്തെ ആർട്ടിക്കിൾ 163) വ്യാഖ്യാനിക്കാനെന്നും പറഞ്ഞു. ഏതെല്ലാം കാര്യങ്ങളിൽ ഗവർണർക്ക് വിവേചനപരമായി തീരുമാനമെടുക്കാമെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. അതാണ് ഭരണഘടനാപരമായ പരിമിതി.

ഗവർണർക്ക് വിവരങ്ങൾ നൽകുന്നതു സംബന്ധിച്ച് 147–-ാം ആർട്ടിക്കിൾ (ഭരണഘടനയിലെ 167) ഭരണഘടനാ ജനാധിപത്യ സങ്കൽപ്പത്തിന്‌ എതിരാണെന്നതായിരുന്നു എച്ച് വി കമ്മത്തിന്റെ നിലപാട്. മന്ത്രിസഭ തീരുമാനിക്കുന്ന കാര്യങ്ങളിൽ ഇടപെടുന്നതിന്‌ ഗവർണർക്ക് അധികാരമില്ലെന്നും ആ സാഹചര്യത്തിൽ കാര്യങ്ങൾ മുൻകൂട്ടി അറിയിക്കുന്നത് വണ്ടിയെ കുതിരയ്‌ക്കു മുമ്പിൽ കെട്ടുന്നതുപോലെയാണെന്ന പരിഹാസ്യം നിറഞ്ഞ വിമർശനം ഉയരുകയുണ്ടായി. ഒരു ചാണകത്തരി ഒരു പാത്രത്തിലെ പാലിനെ മുഴുവൻ നശിപ്പിക്കുന്നതുപോലെ ആർട്ടിക്കിൾ 147 ഭരണഘടനയെ തന്നെ നശിപ്പിക്കുമെന്ന് റോഹിൻകുമാർ ചൗധരി അഭിപ്രായപ്പെട്ടു.


 

ഭരണനിർവഹണത്തിലും നിയമനിർമാണത്തിലും മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങളും മുഖ്യമന്ത്രി ഗവർണറെ അറിയിക്കേണ്ടതുണ്ട്. ഉത്തരവുകൾ ഗവർണറുടെ പേരിലായതുകൊണ്ട് അത് ആവശ്യമാണെന്ന നിലപാടാണ് ഒടുവിൽ അസംബ്ലി സ്വീകരിച്ചത്. സംസ്ഥാന ഭരണ നിർവഹണത്തെയും നിയമനിർമാണ നിർദേശങ്ങളെ സംബന്ധിച്ചും ഗവർണർ ആവശ്യപ്പെട്ടാൽ വിവരങ്ങൾ നൽകാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ, ദൈനംദിന ഭരണനിർവഹണത്തിൽ ഗവർണർക്ക് പ്രത്യേക അവകാശങ്ങൾ ഒന്നും ഭരണഘടന നൽകുന്നില്ല. വിവരങ്ങൾ തേടുന്ന കാര്യത്തിലും ഗവർണറുടെ തുടർ ഇടപെടലുകൾ ഒന്നും ഭരണഘടന അനുവദിക്കുന്നില്ല.

ഭരണഘടനയിലെ വ്യത്യസ്‌ത ആർട്ടിക്കിളുകളെ ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളും സുപ്രീംകോടതിയുടെ വിവിധ വിധികളുമായി ചേർത്തുവച്ച് വായിക്കുമ്പോൾ നല്ല വ്യക്തത ലഭിക്കും. അല്ലെങ്കിൽ അബദ്ധ ധാരണകളിലേക്ക് എത്തുകയും സ്വയം കുരുക്കുകളിൽ ചെന്നുപെടുകയും ചെയ്യും. ഉദാഹരണത്തിന് മന്ത്രിസഭ അധികാരത്തിൽ തുടരുന്നത് ഗവർണറുടെ ഇച്ഛയ്‌ക്ക് [pleasure]   അനുസരിച്ചാണെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുകൊണ്ട് തനിക്ക് ഇഷ്ടമില്ലെന്ന് തോന്നിയാൽ മന്ത്രിസഭയെയോ മന്ത്രിമാരെയോ പുറത്താക്കാൻ അധികാരമുണ്ടെന്ന് ഏതെങ്കിലും ഗവർണർ വാദിച്ചാലോ? ഇങ്ങനെയൊക്ക  വ്യാഖ്യാനിക്കാൻ ഇടയുണ്ടെന്നു കണ്ട് അംബേദ്കർ കൃത്യമായ വിശദീകരണം നൽകുന്നുണ്ട്. ഗവർണറുടെ ഇച്ഛയ്‌ക്ക്‌ അനുസരിച്ച് എന്നതിന്റെ അർഥം നിയമസഭയിലെ ഭൂരിപക്ഷമെന്നല്ലാതെ മറ്റൊന്നുമല്ല. എന്നാൽ, മന്ത്രിസഭകളുടെ രൂപീകരണ ഘട്ടത്തിലാണ് ഇത് പലപ്പോഴും വിവാദങ്ങളിലേക്ക് എത്തുന്നത്. പലപ്പോഴും പ്രയോഗത്തിൽ ഇത് ആത്മനിഷ്ഠമോ രാഷ്ട്രീയ നിലപാടോ ആയി മാറിയതുകൊണ്ട് പല ഘട്ടങ്ങളിലും സുപ്രീംകോടതിക്കുതന്നെ ഇടപെടേണ്ടി വന്നിട്ടുണ്ട്.


 
ഭരണഘടനാ അസംബ്ലി ചർച്ചകളിൽ കൂടുതൽ രൂക്ഷമായ വിമർശനം ഉയർന്നത് ആർട്ടിക്കിൾ 278 (ഭരണഘടനയിലെ 356) സംബന്ധിച്ചാണ്. സർക്കാരുകളെ പിരിച്ചുവിടുന്നതിനുള്ള അധികാരം ജനാധിപത്യത്തിൽ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പലരും അഭിപ്രായപ്പെട്ടു. “നമ്മൾ ഫെഡറൽ ഭരണഘടനയെയും സ്വയംഭരണസംസ്ഥാനങ്ങളെയും അംഗീകരിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ ആർട്ടിക്കിൾ 278 ഇതേ രൂപത്തിൽ നിലനിൽക്കില്ല.” എന്ന് ഷിബുലാൽ സക്‌സേന അഭിപ്രായപ്പെട്ടു.

ജനാധിപത്യക്കുരുതിക്ക് പിന്നീട് പലപ്പോഴും ഉപയോഗിച്ച ചരിത്രം അന്നത്തെ ചർച്ചകളെ വീണ്ടും പ്രസക്തമാക്കുന്നുണ്ട്. 1959ൽ കേരളസർക്കാരിനെ പിരിച്ചുവിട്ട കോൺഗ്രസാണ് ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളുടെ അന്തസ്സത്തയെ തകർക്കുന്ന ജനാധിപത്യക്കുരുതിക്ക് തുടക്കമിട്ടത്‌. ഗവർണറുടെ വിവേചനാധികാരം ജുഡീഷ്യൽ പരിശോധനയ്‌ക്ക് വിധേയമാക്കാമെന്ന ബൊമ്മെ കേസിലെ വിധി ഭരണഘടനാ സങ്കൽപ്പത്തെ സംരക്ഷിക്കുന്നതായിരുന്നു. ഇതാണ് സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി സർക്കാരുകളെ പിരിച്ചുവിടുന്നതിന് നിയന്ത്രണം വരുത്തിയത്. 1999 ഫെബ്രുവരിയിൽ ബിഹാറിലെ റാബ്റി ദേവി സർക്കാരിനെ പിരിച്ചുവിട്ട വാജ്പേയ് സർക്കാരിന് മാർച്ചിൽ അവരെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടി വന്നത് ബൊമ്മെ കേസിലെ വിധിയുടെ ഫലമാണ്.

(2020 ജനുവരി 28 ന്‌ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനം) 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top