17 August Wednesday

വിമോചനത്തിന്റെ മഴവിൽ സ്വപ്നം

ഡോ. പി ജെ വിൻസെന്റ്Updated: Monday Dec 27, 2021

വർണവിവേചനത്തിനും വംശീയതയ്ക്കുമെതിരെ സമാധാന മാർഗത്തിൽ പോരാടിയ ഡസ്മണ്ട് ടുട്ടു ദക്ഷിണാഫ്രിക്ക ലോകത്തിനു സമ്മാനിച്ച മറ്റൊരു ഗാന്ധിയാണ്. അദ്ദേഹം മുന്നോട്ടുവച്ച മഴവിൽ രാഷ്ട്രസങ്കൽപ്പം സമാധാന പ്രേമികളിൽ പ്രചോദനമുണ്ടാക്കി. മണ്ടേലയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസും (എഎൻസി) കമ്യൂണിസ്റ്റ്പാർടിയുമായുള്ള സൗഹൃദമാണ് വർണവിവേചനത്തിനെതിരെ വ്യത്യസ്ത സമരരീതി പിന്തുടരാൻ പ്രേരണയായതും. ആംഗ്ലിക്കൻ ചർച്ച് ഓഫ് സതേൺ ആഫ്രിക്കയുടെ കറുത്തവർഗക്കാരനായ ആദ്യ ബിഷപ്പും കേപ്ടൗടൗണിലെ ആദ്യ കറുത്തവർഗക്കാരൻ ആർച്ച് ബിഷപ്പുമായ ടുട്ടു എഴുപതുകളുടെ അവസാനമാണ് വർണവെറിക്കെതിരായ പ്രക്ഷോഭത്തിൽ ശ്രദ്ധേയനായത്. എഎൻസിയിലെ ഒരു വിഭാഗത്തിന്റെ ഹിംസാത്മക രീതിയോട് കടുത്ത വിയോജിപ്പുപുലർത്തി. പ്രക്ഷോഭം വെള്ളക്കാർക്ക്എതിരാകാതിരിക്കാൻ ശ്രദ്ധിച്ചു. വർണവിവേചനത്തിനെതിരെ വെള്ളക്കാരും കറുത്തവരും യോജിച്ച പോരാട്ടം നയിക്കണമെന്ന നിലപാടായിരുന്നു. കമ്യൂണിസ്റ്റ്പാർടിയുമായും അടുത്തബന്ധം പുലർത്തി. മനുഷ്യരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി വിമോചന പ്രത്യയശാസ്ത്രത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. വിമോചന ദൈവശാസ്ത്രകാരനല്ലെങ്കിലും ആശയങ്ങളുമായി പ്രവർത്തനങ്ങൾക്ക് ബന്ധമുണ്ടായി.

കമ്യൂണിസ്റ്റ്നേതാവ് ക്രിസ് ഹാനി വർണവെറിക്ക്ഇരയായി വെടിയേറ്റു മരിച്ചപ്പോൾ വംശീയ യുദ്ധത്തിനുള്ള സാഹചര്യം വന്നു. ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ ടുട്ടുവിന്റെ ഇടപെടൽ നിർണായകമായി. ഹാനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ഒന്നേകാൽ ലക്ഷത്തിലധികം കറുത്തവർ അത്യന്തം രോഷാകുലർ. അവർക്കു മുമ്പിൽനിന്ന് ടുട്ടു മുഴക്കിയ മുദ്രാവാക്യം മാസ്മരിക പ്രഭാവം സൃഷ്ടിച്ചു. നമ്മൾ സ്വതന്ത്രരാകും നമ്മെളെല്ലാം സ്വതന്ത്രരാകും. കറുത്തവരും വെള്ളക്കാരും ഒരുമിച്ചു സ്വാതന്ത്ര്യം നേടും എന്നിങ്ങനെ ആവർത്തിച്ച അദ്ദേഹം അവരുടെ വികാരത്തെ ബോധത്തിലേക്ക് രൂപാന്തരപ്പെടുത്തി. വർണവിവേചനം അവസാനിച്ചശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ പുനർനിർമാണത്തിലും ടുട്ടു വലിയ പങ്കുവഹിച്ചു. വിവേചനാനന്തരമുള്ള രാജ്യം എങ്ങനെയായിരിക്കണമെന്ന ആലോചനയിലാണ് മഴവിൽ രാഷ്ട്രമെന്ന മനോഹര ആശയം മുന്നോട്ടുവച്ചത്. അവിടെ കറുത്തവർക്കു മാത്രമല്ല സ്വാതന്ത്ര്യം. കറുത്തവരും വെളുത്തവരും തവിട്ടുനിറക്കാരും മഞ്ഞനിറക്കാരുമെല്ലാം വൈവിധ്യം മാറ്റിവച്ച് ഒരുമയിൽ ജീവിക്കുന്ന രാജ്യം. ജനാധിപത്യ ദേശീയ കൂട്ടായ്മയായി മാറണം. എഎൻസിക്കും അത് സ്വീകാര്യമായി. ഇതിൽ പ്രചോദിതരായാണ് ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും മഴവിൽ കുടുംബമെന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ചത്. ലോകത്തിലെ വിവിധ ഭാഗത്തുനിന്നുള്ള ഭിന്നനിറക്കാരായ അനാഥക്കുട്ടികളെ ദത്തെടുത്ത് മഴവിൽ കുടുംബമുണ്ടാക്കിയ അവർ വംശീയതയ്ക്കെതിരായ യുഎൻ ബ്രാൻഡ് അംബാസഡർമാരായി.

സമാധാനത്തിൽ അധിഷ്ഠിതമായി വർണവിവേചനത്തിനെതിരെ സമരം നയിച്ച ടുട്ടുവിനെ "ശബ്ദമില്ലാത്തവരുടെ ശബ്ദം' എന്ന് മണ്ടേല വിളിച്ചത് അന്വർഥം. ’96 ആർച്ച് ബിഷപ് പദവിയിൽനിന്ന് വിരമിച്ച അദ്ദേഹത്തെ സഭ ആർച്ച് ബിഷപ് എമിരറ്റസ് പദവി നൽകി ആദരിച്ചു. വിശ്രമ ജീവിതകാലത്ത് എയ്ഡ്സ്, ക്ഷയം, ദാരിദ്ര്യം, വംശീയത എന്നിവയ്ക്കെതിരെ ആഗോള പ്രചാരകനായി. വംശീയതയ്ക്കും വർണവിവേചനത്തിനുമെതിരെ ലോകവ്യാപക അവബോധം വളർത്തിയതിന് ’84 സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തേടിയെത്തി. 2007ലെ ഗാന്ധി പീസ് പ്രൈസ് നൽകി ഇന്ത്യയും ആദരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top