23 September Wednesday

കുട്ടികൾ ശാന്തരായി പഠിക്കട്ടെ - ഡോ. ജയപ്രകാശ്‌ ആർ എഴുതുന്നു

ഡോ. ജയപ്രകാശ്‌ ആർUpdated: Friday Aug 7, 2020


കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന് നേരിട്ട സ്തംഭനാവസ്ഥ ഒഴിവാക്കുന്നതിന്  ഓൺലൈൻ ക്ലാസുകൾ വിജയകരമായി നടന്നുവരികയാണല്ലോ. നിരവധി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്ലാസുകളെക്കുറിച്ച് നിരവധി ആശങ്കകളും പരാതികളും ഉയരുകയുണ്ടായി. കുട്ടികൾക്ക് കഴുത്ത് വേദന, കണ്ണ് വേദന, താങ്ങാൻ കഴിയാത്ത പഠന സമ്മർദം.... എന്നിങ്ങനെ നീളുന്നു പരാതികൾ. ഇതിന്റെ അടിസ്ഥാനത്തിൽ  ലേഖകൻ  വിവിധ ജില്ലകളിൽ നിന്നായി വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ഫോൺവഴി വിശദമായി അഭിമുഖ പഠനം നടത്തി അവരുടെ ആശങ്കകളും വ്യാകുലതകളും വിലയിരുത്തുകയുണ്ടായി.

ഒന്നാം ക്ലാസ്‌ മുതൽ ഏഴാം ക്ലാസ് വരെയുള്ളവർക്ക് അര മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു സെഷനാണ് നടന്നുവരുന്നത്. എട്ടിലും ഒമ്പതിലും അരമണിക്കൂർ വീതമുള്ള രണ്ട് സെഷനും പത്താം ക്ലാസിൽ ഇത്തരത്തിൽ മൂന്ന് സെഷനും ഹയർ സെക്കൻഡറിയിൽ ഇത്തരത്തിൽ നാല് സെഷനും ആണ് നടന്നുവരുന്നത്. അതായത്, ഒരു ദിവസമുള്ള ഓൺലൈൻ ക്ലാസിന്റെ ആകെ ദൈർഘ്യം രണ്ട്‌ മണിക്കൂർ ആണ്. സർക്കാർ സ്കൂളുകളിൽനിന്ന് നെറ്റ് കണക്‌ഷൻ പ്രശ്നം ഒഴികെ വേറെ പരാതികൾ ഒന്നും ഉണ്ടായിരുന്നില്ല.

കേന്ദ്രീയ വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസുകളുടെ ആകെ ദൈർഘ്യം ഒരു ദിവസം മൂന്ന് മണിക്കൂർമുതൽ അഞ്ച് മണിക്കൂർവരെ വരുന്നുണ്ട്. ഒരു സെഷന്റെ ദൈർഘ്യം മുക്കാൽ മണിക്കൂർമുതൽ ഒരു മണിക്കൂർവരെയാണ്. സ്വകാര്യ സ്കൂളുകളിലെ ഒരു സെഷൻ ദൈർഘ്യം ഒരു മണിക്കൂർവരെ നീളും. സ്വകാര്യ, കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിപക്ഷം പേരും രക്ഷിതാക്കളും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഓൺലൈൻ പഠനത്തെക്കുറിച്ച് നിരവധി പരാതികൾ പ്രകടിപ്പിക്കുകയുണ്ടായി.


 

ഒരു സിബിഎസ്‌ഇ വിദ്യാലയത്തിലെ ടൈംടേബിൾ ഇങ്ങനെയാണ് . രാവിലെ 9 മുതൽ 9. 45 വരെ ക്ലാസ്. പിന്നീട് 15 മിനിറ്റ് വിശ്രമം. വീണ്ടും 10 മുതൽ 10.45 വരെ അടുത്ത സെഷൻ. വീണ്ടും 15 മിനിറ്റ് വിശ്രമം. ഇത്തരത്തിൽ മൊത്തം മൂന്ന് സെഷൻ. എന്നാൽ, നിർദേശിക്കപ്പെട്ട ഇടവേള കുട്ടികൾക്ക് ലഭിക്കുന്നില്ല. ഒന്നുകിൽ സെഷനുകൾ നീണ്ടുപോകും. മിടുക്കിയായ ഒരു പന്ത്രണ്ടാം ക്ലാസുകാരി പറഞ്ഞത് ശ്രദ്ധിക്കുക, ""അര മണിക്കൂർ കഴിയുമ്പോൾ ശ്രദ്ധാശേഷി നഷ്ടപ്പെടും... പിന്നെ വെറുതെ ഇരിക്കും.... എണീറ്റ് പോകാൻ പറ്റില്ല, ലൈവ് വീഡിയോ ഉണ്ട്..... '' കുട്ടികൾ നിസ്സഹായരായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്ലാസുകൾ പങ്കെടുക്കേണ്ടി വരുന്നു. ഇത് കുട്ടികളിൽ മാനസിക സമ്മർദം സൃഷ്ടിക്കുന്നുണ്ട്.

നീണ്ടുനിൽക്കുന്ന ക്ലാസിനുശേഷം അധ്യാപകർ നോട്ട്സ് വാട്സാപ്പിൽ അയച്ചുകൊടുക്കും. ഇത് പകർത്തി നിശ്ചിത സമയത്തിനുള്ളിൽ തിരികെ അയച്ചുകൊടുക്കണം. കുട്ടി മൊബൈൽ ഫോണാണ് ഉപയോഗിക്കുന്നത്. എല്ലാം പഠിക്കുകയും അസൈൻമെന്റുകളും നോട്ട്സുകളും മുഴുവൻ നിശ്ചിത സമയത്തിൽ എഴുതി സമർപ്പിക്കുകയും വേണം. ഇതിനിടയിൽ ക്ലാസ് പരീക്ഷകളും ചില സ്കൂളുകളിൽ ആരംഭിക്കുകയുണ്ടായി. സ്വകാര്യ സ്കൂളുകൾ ഓൺലൈൻ ക്ലാസിനെ കേവലം സ്കൂൾ വിദ്യാഭ്യാസമായി കണ്ടുകൊണ്ട് മുഴുവൻ ഉള്ളടക്കവും അവരെ പഠിപ്പിക്കാൻ ശ്രമിക്കുകയാണ്. ഓണപ്പരീക്ഷയുടെ തയ്യാറെടുപ്പും ചില സ്കൂളുകളിൽ നടക്കുന്നു.

സ്കൂളുകളിലെ ഈ ഓൺലൈൻ പഠന സമ്മർദത്തിനൊപ്പം ഹൈസ്കൂൾ- ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഓൺലൈൻ ട്യൂഷനും ചെയ്യേണ്ടിവരുന്നുണ്ട്. ട്യൂഷൻ ക്ലാസുകൾ സാധാരണ 2-3 മണിക്കൂർവരെ നീളും. ഒരു കുട്ടിക്ക് എങ്ങനെയാണ് ഇത്തരത്തിൽ നീണ്ടുനിൽക്കുന്ന ക്ലാസുകൾ അറ്റെന്റ്‌ ചെയ്യാൻ കഴിയുക? ഭൂരിപക്ഷം കുട്ടികളും ശാരീരിക അസ്വസ്ഥതകൾക്ക് പുറമെ പഠന മാനസിക സമ്മർദവും ഉൽക്കണ്ഠയും അനുഭവിക്കുന്നുണ്ട്. ഇത് ശരിക്കും ബാലപീഡനമാണ്. ഇത് ഇത്തരത്തിൽ അനുവദിക്കുന്നത് വികസിത സമൂഹത്തിന് നന്നല്ല. ഭൂരിപക്ഷം കുട്ടികളും മൊബൈൽ ഫോണിലാണ് ക്ലാസിൽ പങ്കെടുക്കുന്നത്.


 

ദിവസവും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ മനസ്സിലാക്കാൻ പ്രയാസമാണ്. പരസ്പര സമ്പർക്കം ഓൺലൈൻ ക്ലാസിൽ സാധ്യമല്ല. ഇത് കുട്ടികളിൽ പഠന മാനസിക സമ്മർദം സൃഷ്ടിക്കുന്നുണ്ട്. സാധാരണ ക്ലാസ് റൂം അന്തരീക്ഷത്തിൽ അധ്യാപക–-വിദ്യാർഥികൾ തമ്മിലും വിദ്യാർഥികൾ തമ്മിലും പഠനവിഷയത്തെക്കുറിച്ച് ആശയവിനിമയവും ചർച്ചയും നടക്കുന്നുണ്ട്. 

സാധാരണ ക്ലാസ് റൂമിൽ പ്രയോഗിക്കുന്ന അക്കാദമിക ഉള്ളടക്കം മുഴുവനായി നീണ്ടുനിൽക്കുന്ന ഓൺലൈൻ വഴി കൈമാറ്റം ചെയ്യാൻ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണ്. ഇത് കുട്ടികൾക്ക് സ്വാംശീകരിക്കാൻ കഴിയില്ല. ക്ലാസുകൾ ഇത്തരത്തിൽ തുടർന്നാൽ അത് കുട്ടികളെ നിരാശരും ആത്മവിശ്വാസമില്ലാത്തവരും മാനസിക സമ്മർദമുള്ളവരും ആക്കും.

ചില നിർദേശങ്ങൾ
1)ഓൺലൈൻ ക്ലാസുകളെ സാധാരണ ക്ലാസ് റൂം അധ്യയനവുമായി ഒരേപോലെ കണ്ട് മുഴുവൻ അക്കാദമിക ഉള്ളടക്കവും കൈമാറ്റം ചെയ്യാമെന്ന ഉദ്യമം ഉപേക്ഷിക്കുക.

2)എല്ലാ ഓൺലൈൻ ക്ലാസുകളും ലൈവായിമാത്രം നടത്തുക.

3)ഒരു സെഷന്റെ സമയം പരമാവധി അരമണിക്കൂർ ആയി നിജപ്പെടുത്തുക.

4)ഓരോ സെഷനുശേഷവും കുറഞ്ഞത് അരമണിക്കൂർ വിശ്രമവേള ഉണ്ടായിരിക്കണം.

5) ഒരു ദിവസത്തെ പരമാവധി ഓൺലൈൻ ക്ലാസിന്റെ സമയം രണ്ടോ മൂന്നോ മണിക്കൂറാക്കുക.

6)ക്ലാസ് രാവിലെയും ഉച്ചയ്‌ക്കുമായി ക്രമപ്പെടുത്തുക.

7)ഗൃഹപാഠവും അസൈൻമെന്റുകളും കുറച്ചുമാത്രം നൽകുക.

8)കോവിഡ് മഹാമാരി നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ കരിക്കുലവും സിലബസും ഉള്ളടക്കം കുറച്ച് പുതുക്കി നിശ്ചയിക്കുക.


(തിരുവനന്തപുരം  ഗവ. മെഡി. കോളേജ്   എസ്‌ എടി ആശുപത്രിയിൽ ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റിൽ ചൈൽഡ് സൈക്യാട്രിസ്റ്റാണ്‌ ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top