03 August Tuesday

പ്രതീക്ഷയോടെ പുതിയ 
അധ്യയനവർഷത്തിലേക്ക്

വി ശിവൻകുട്ടി (വിദ്യാഭ്യാസ മന്ത്രി)Updated: Tuesday Jun 1, 2021


ജൂൺ ഒന്ന് കുട്ടികൾക്ക് സന്തോഷത്തിന്റെ ദിനമാണ്. സാധാരണനിലയിൽ സ്‌കൂൾ വർഷത്തിന്റെ ആരംഭ ദിനം. വേനലവധി കഴിഞ്ഞ് വീണ്ടും കൂട്ടുകാരോടൊപ്പം ചേരുന്ന ദിനം. പുതിയ കൂട്ടുകാരെ കിട്ടുന്ന ദിനം. ആദ്യമായി സ്‌കൂളിൽ ചേർന്ന ഒന്നാം ക്ലാസുകാർക്ക് ആശങ്കയും ആകാംക്ഷയും പ്രതീക്ഷയും പകരുന്ന ദിനം. ഇങ്ങനെ പല സവിശേഷതയും ജൂൺ ഒന്നിന് ഉണ്ട്.

എന്നാൽ, ലോകം അസാധാരണമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. കോവിഡ്–-19  മഹാമാരി മാനവരാശിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂട്ടംകൂടാതിരിക്കാനും അതുവഴി രോഗവ്യാപനം തടയാനും ലോക്‌ഡൗൺ പോലുള്ള സമ്പൂർണ അടച്ചിടലുകളടക്കം നടപ്പാക്കുകയാണ്.  ലോകത്ത്‌ എല്ലായിടത്തും സ്‌കൂൾ വിദ്യാഭ്യാസം പ്രതിസന്ധിയിലാണ്. സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയുന്നില്ല. മറ്റ്‌ എല്ലായിടത്തെയുംപോലെ കഴിഞ്ഞ അക്കാദമികവർഷം കേരളത്തിൽ ജൂൺ ഒന്നിന് സാധാരണപോലെ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.  കുട്ടികൾ ഏറെ പ്രതീക്ഷിച്ച അധ്യയനവർഷത്തിന്റെ തുടക്കം ജൂൺ ഒന്നിനു നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. 

കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ലോകം മുഴുവൻ പകച്ചുനിൽക്കുമ്പോൾ നാം പുതുവഴി തേടുകയായിരുന്നു.   2020 ജൂൺ ഒന്നിനുതന്നെ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള വിക്‌ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചു. ഡിജിറ്റൽ പഠനം ചർച്ച ചെയ്യുമ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യുന്ന കാര്യമാണ് ഡിജിറ്റൽ വിടവ് ഉയർത്തുന്ന പ്രശ്‌നങ്ങൾ. കേരളത്തിലെ 45 ലക്ഷം കുട്ടികളിൽ 2.6 ലക്ഷത്തിന് ഡിജിറ്റൽ പ്രാപ്യതാ പ്രശ്‌നങ്ങളുണ്ടെന്ന് സമഗ്രശിക്ഷാ പഠനങ്ങൾ വഴി മനസ്സിലാക്കി. ഈ കുട്ടികൾക്ക് ഡിജിറ്റൽ പ്രാപ്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചപ്പോൾ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കേരളീയ സമൂഹം ഉണർന്നുപ്രവർത്തിക്കുകയും ചുരുങ്ങിയ ദിവസത്തിനകം മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പ്രാപ്യത സാധ്യമാക്കുകയും ചെയ്തു.


 

അഞ്ചുവർഷമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വളരെ വലിയ മാറ്റങ്ങളാണ് സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് ഉണ്ടായത്. ഭൗതികസൗകര്യങ്ങൾ വലിയതോതിൽ മെച്ചപ്പെട്ടു. മുഴുവൻ സ്‌കൂളിലും സാങ്കേതികവിദ്യാ ഉപകരണങ്ങൾ വിന്യസിച്ചു. ലോകത്ത് പലയിടത്തും ഡിജിറ്റൽ വിന്യാസം നടക്കുമ്പോൾ പ്രകടമായ അസമത്വം കാണാറുണ്ട്. ഉള്ളവനും ഇല്ലാത്തവനുമെന്ന വേർതിരിവ് ഈ രംഗത്തും പ്രകടമാണ്. അത്തരമൊരു  സാഹചര്യത്തിലാണ്  പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന മുഴുവൻ കുട്ടികൾക്കും ഒരു വേർതിരിവുമില്ലാതെ ഡിജിറ്റൽ സൗകര്യം ഉറപ്പാക്കിയത്. ഭൗതിക പരിസരങ്ങളെല്ലാം മെച്ചപ്പെടുന്നതോടൊപ്പംതന്നെ പ്രധാനമാണ് അക്കാദമിക ഗുണത കൂടുതൽ വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ കേവലം ഭൗതിക സൗകര്യങ്ങൾ വികസിച്ചതു കൊണ്ടുമാത്രം പൊതുവിദ്യാലയങ്ങൾ ആകർഷകമാകില്ല.

പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യാ സൗകര്യങ്ങൾ ഉറപ്പാക്കിയും ഗുണമേന്മാ വിദ്യാഭ്യാസത്തിലേക്കുള്ള സർക്കാർ ശ്രമത്തെ വിശ്വാസത്തിലെടുക്കാൻ  കേരളസമൂഹം പ്രത്യേകിച്ചും രക്ഷാകർതൃ സമൂഹം സജ്ജമായി. ഇതിന്റെ  പ്രത്യക്ഷ തെളിവാണ് കഴിഞ്ഞ നാല് അക്കാദമിക വർഷത്തിലായി 6.8 ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിൽ എത്തിയത്.  ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള വൈവിധ്യമാർന്ന പ്രവർത്തനപദ്ധതികൾ ആവിഷ്‌കരിച്ചുവന്നിരുന്ന നിർണായകഘട്ടത്തിലാണ് കോവിഡ് –-19 മഹാമാരി പൊട്ടിപ്പുറപ്പെടുന്നതും ഒരു വർഷത്തിലേറെയായി കുട്ടികൾ വീട്ടിൽത്തന്നെ കഴിയാൻ നിർബന്ധിതരാകുകയും ചെയ്തത്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും നമ്മുടേതായ തനതുരീതിയിൽ അവയെ അതിജീവിക്കുക എന്നതാകണം ഈവർഷം നാം ലക്ഷ്യമിടേണ്ടത്.

വീടുകളിൽ ആണെങ്കിലും  നമുക്ക് പ്രവേശനോത്സവം നടത്തണം. അകലങ്ങളിൽ ഇരുന്നുകൊണ്ട് മനസ്സുകൊണ്ട് കൂട്ടംകൂടി ഈ ദിനത്തെ ആനന്ദകരമായ ഒരു ദിനമാക്കി മാറ്റാം. ഈ അക്കാദമികവർഷത്തെ കോവിഡ് വഴി സംജാതമായ പരിമിതികൾക്കുള്ളിലും മികച്ച പ്രവർത്തനങ്ങളിലൂടെ അർഥവത്താക്കാം. സാധാരണ ക്ലാസ് മുറിയിൽ കൂട്ടുകാരുമായി ഒരുമിച്ചിരുന്ന്‌ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന പഠനാനുഭവക്കൈമാറ്റങ്ങൾ വഴിയാണ് പഠനം നടക്കുന്നത്. കൂടാതെ സ്‌കൂൾ ക്യാമ്പസ് തരുന്ന ആത്മവിശ്വാസവും മറ്റും പ്രധാനമാണ്. ഇവയെല്ലാം ലഭിക്കുന്നതിന് കോവിഡ് കാലം ഒട്ടേറെ പരിമിതി ഉയർത്തുന്നുണ്ട്.   യഥാർഥ സ്‌കൂൾ പഠനത്തിന് ബദലായി ഡിജിറ്റൽ പഠനത്തെ നാം കാണുന്നില്ല. എന്നാൽ, ഈ ഘട്ടത്തിൽ കുട്ടികളെ കർമനിരതരാക്കാനും  പഠന പാതയിൽ നിലനിർത്താനും അവർക്ക് ആത്മവിശ്വാസം പകരാനും നമുക്ക് കഴിയണം. അധ്യാപകർക്ക് ഇക്കാര്യത്തിൽ നിർണായകമായ പങ്കുണ്ട്. കഴിഞ്ഞ അക്കാദമികവർഷം ഡിജിറ്റൽ ക്ലാസുകളുടെ  തുടർപ്രവർത്തനങ്ങൾ നല്ല നിലയിൽ അധ്യാപകർ നടത്തുകയുണ്ടായി.


 

സാങ്കേതികവിദ്യയെ ഏറ്റവും മികച്ച നിലയിൽ പ്രയോജനപ്പെടുത്തുന്നതിന്റെ നിരവധി പുതിയ അനുഭവവും ഉണ്ടായിട്ടുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്തി   കൂടുതൽ മികവാർന്ന രീതിയിൽ ഡിജിറ്റൽ ക്ലാസുകൾ നടത്താൻ നമുക്ക് ഈ വർഷവും കഴിയണം. അനുയോജ്യമാകുന്ന സാഹചര്യമുണ്ടാകുന്ന മുറയ്‌ക്ക് സാധാരണപോലെ സ്‌കൂളുകളിൽ ക്ലാസ് മുറികളിൽ പഠനം നടത്താം. അതുവരെ ഡിജിറ്റൽ ക്ലാസുകളെ  ആശ്രയിക്കാം. പൊതുവായി നടക്കുന്ന ഡിജിറ്റൽ ക്ലാസുകൾ കാണാനും ഉൾക്കൊള്ളാനും കുട്ടികളെ സജ്ജമാക്കുന്ന  പ്രവർത്തനങ്ങൾ  മുൻകൂട്ടി അതത് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തണം. കേന്ദ്രീകൃത ക്ലാസുകൾക്ക് മുമ്പേ നടക്കുന്ന ഈ മുന്നൊരുക്ക ക്ലാസുകളും ഡിജിറ്റൽ  ക്ലാസിനുശേഷം നടത്തേണ്ട തുടർപ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യമാണ്‌ ഉള്ളത്.  ഇതിനുള്ള നേതൃത്വം ഓരോ സ്‌കൂൾ തലത്തിലും ഉണ്ടാകണം. 

അറിവിന് ഏറെ പ്രാധാന്യമുള്ള ഒരു ലോക സമൂഹത്തിലാണ് നാം അധിവസിക്കുന്നത്. അതുകൊണ്ടുതന്നെ പാഠപുസ്തകത്തിലെ വിവരങ്ങൾ കാണാപാഠം പഠിച്ചുകൊണ്ടു മാത്രം ഭാവിസമൂഹത്തിൽ ജീവിക്കാൻ കഴിയില്ല. ചുറ്റുപാടുനിന്നും ലഭ്യമാകുന്ന വിവരങ്ങളെ വിശകലനം ചെയ്തുകൊണ്ട് അറിവ് നിർമിക്കാൻ കഴിയുന്നവർക്കേ ഭാവിസമൂഹത്തിൽ നിലനിൽക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ സ്‌കൂൾ ഘട്ടത്തിൽ കുട്ടികൾക്ക് അറിവ് നിർമാണപ്രക്രിയാനുഭവങ്ങളിലൂടെ കടന്നുപോകാൻ അവസരം നൽകണം.  നമ്മുടെ ക്ലാസ് മുറികൾ കൂടുതൽ പ്രക്രിയാബന്ധിതമാകണം. സാങ്കേതികവിദ്യാ സാധ്യതകളെ ഇതിനെല്ലാം പ്രയോജനപ്പെടുത്തണം. ഇക്കാര്യങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കാനുള്ള അറിവും കഴിവും നൈപുണിയും ഉള്ളവരായി അധ്യാപകർ മാറണം. അധ്യാപകരുടെ പ്രൊഫഷണലിസം ഇനിയുമിനിയും വർധിക്കേണ്ടതുണ്ട്. ശക്തവും സുസംഘടിതവുമായ അധ്യാപക പരിവർത്തനപദ്ധതി ഇതിനായി വേണ്ടിവരും.  അധ്യാപകപരിശീലന പരിപാടി കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാക്കി ഇത് സാധ്യമാക്കാം. കോവിഡ് കാലത്തിനുശേഷം സ്‌കൂളുകൾ പുതുതായി ആരംഭിക്കുന്ന ഘട്ടത്തിൽ കുട്ടികൾക്ക് ആകർഷകമായ സ്‌കൂൾ ക്യാമ്പസ് ഒരുക്കേണ്ടതുണ്ട്. കേരളത്തിലെ ഒട്ടനവധി  സ്‌കൂളുകൾ കിഫ്ബി ധനസഹായത്തോടെയും പ്ലാൻ ഫണ്ട് ഉപയോഗിച്ചും ആകർഷകമാക്കിയിട്ടുണ്ട്.

വിദ്യാലയങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് നാം തുടങ്ങിവച്ച പ്രവർത്തനങ്ങൾ ചടുലമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ വിജയത്തിലെത്തിക്കേണ്ടതുണ്ട്‌. കോവിഡിനുശേഷം മുഴുവൻ കുട്ടികളെയും നമ്മുടെ വിദ്യാലയങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ പ്രവർത്തനപദ്ധതി നമുക്ക് ആവിഷ്‌കരിക്കാം. കഴിഞ്ഞ ഒരുവർഷം സ്‌കൂളിൽ സ്വാഭാവികപഠനം നടക്കാത്തതുകൊണ്ട് കുട്ടികൾക്ക്‌ ഉണ്ടായിട്ടുള്ള പഠന നഷ്ടം പരിഹരിക്കാനുള്ള പ്രവർത്തനവും അക്കാദമികമായി ആലോചിക്കേണ്ടതുണ്ട്.

മതനിരപേക്ഷതയും ജനാധിപത്യവും പുലരുന്നതും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായ പൊതു ഇടങ്ങളായി പൊതുവിദ്യാലയങ്ങളെ പരിവർത്തിപ്പിക്കാനുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യസാക്ഷാൽക്കാരത്തിനുള്ള പരിശ്രമത്തിൽ എല്ലാവരും അണിചേരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top