16 July Thursday

സ്മരണകളിൽ ജ്വലിക്കുന്ന ഒഞ്ചിയം - പി മോഹനന്‍ എഴുതുന്നു

പി മോഹനന്‍Updated: Thursday Apr 30, 2020

ലോകം കോവിഡ്–- 19 എന്ന മഹാമാരിയെ അതിജീവിക്കാനുള്ള അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 72ാം വാർഷികദിനം ആചരിക്കുന്നത്. കേരളം ലോകത്തിന്റെമുമ്പിൽ കൊറോണ പ്രതിരോധ രംഗത്ത് അഭിമാനകരമായ മാതൃകയാകുന്നു. 1940കളിൽ കോളറ, വസൂരി, തുടങ്ങിയ പകർച്ചവ്യാധികളെ നേരിട്ട ചരിത്രാനുഭവങ്ങളെക്കൂടിയാണ് ഒഞ്ചിയം രക്തസാക്ഷിസ്മരണ നമ്മുടെ മുമ്പിലേക്ക് കൊണ്ടുവരുന്നത്.

ബൂർഷ്വാ ഭൂപ്രഭുവർഗങ്ങൾക്കെതിരായി സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഇന്ത്യൻ ജനത നടത്തിയ ഐതിഹാസികമായ പോരാട്ടചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് ഒഞ്ചിയം വെടിവയ്‌പും ധീരസഖാക്കളുടെ രക്തസാക്ഷിത്വവും. 1948 ഏപ്രിൽ 30ന് ജന്മി നാടുവാഴിത്തവും കോൺഗ്രസ് മർദകവാഴ്ചയുമാണ് ഒഞ്ചിയത്തെ ചോരക്കളമാക്കിയത്. കോൺഗ്രസ് ചെറുപയർപട്ടാളത്തിന്റെയും എംഎസ്‌പിക്കാരുടെയും വെടിയുണ്ടകൾക്കിരയായി 8 കമ്യൂണിസ്റ്റ് വിപ്ലവകാരികളാണ് ഒഞ്ചിയത്തിന്റെ മണ്ണിൽ പിടഞ്ഞുവീണത്. പഴയ കുറുമ്പ്രനാട് താലൂക്കിന്റെ വിപ്ലവചരിത്രത്തെ ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച ഒഞ്ചിയം രക്തസാക്ഷികൾ എന്നും കമ്യൂണിസ്റ്റ് വിപ്ലവകാരികൾക്ക് വഴികാട്ടുന്നവരാണ്. 1940കളിലെ നിഷ്‌ഠുരമായ കമ്യൂണിസ്റ്റ് വേട്ടയുടെ തുടർച്ചയിലാണ് വടക്കൻ കേരളത്തിലെ കമ്യൂണിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളെ ലക്ഷ്യംവച്ച് ബ്രിട്ടീഷ് പൊലീസും 1947നുശേഷം മലബാറിലെ കോൺഗ്രസ് പൊലീസും മർദനങ്ങൾ അഴിച്ചുവിട്ടത്. കമ്യൂണിസ്റ്റ് ഉന്മൂലനമായിരുന്നു അവരുടെ ലക്ഷ്യം. അതിന് സമാനമായ കമ്യൂണിസ്റ്റ് വേട്ടയുടെ അജൻഡയും നുണപ്രചാരണങ്ങളുമായിട്ടാണ് ഹിന്ദുത്വവാദികളും കോൺഗ്രസുകാരും ഇന്ന് യോജിച്ച് നീങ്ങുന്നത് .കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവകാലംമുതൽ വിപ്ലവപ്രവർത്തനങ്ങൾ തുടങ്ങിയ പ്രദേശമാണ് വടകരയും ഒഞ്ചിയവും. ഹെർമൻ ഗുണ്ടർട്ടിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെയും വാഗ്ഭടാനന്ദന്റെ നവോത്ഥാനപ്രവർത്തനങ്ങളുടെയും പ്രധാന കേന്ദ്രമായിരുന്നു ഒഞ്ചിയം ഉൾപ്പെടുന്ന കാരക്കാട് പ്രദേശം. 


 

നവോത്ഥാനത്തിന്റെ ഉണർവും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശങ്ങളും ഒഞ്ചിയം മണ്ണിനെ പുരോഗമനപ്രസ്ഥാനങ്ങൾക്ക് അനുകൂലമാക്കിമാറ്റിയിരുന്നു. നവോത്ഥാനനേതാക്കൾ ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് ആശയങ്ങൾ കിളിർത്തുവന്നത്. വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ, ആത്മവിദ്യാസംഘത്തിന്റെ നവീനാശയങ്ങളെ മനസ്സിലേക്ക് ആവാഹിച്ച ഒരു തലമുറയായിരുന്നു ഒഞ്ചിയത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത്. അയിത്തത്തിനും സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കുമെതിരെ അവർ ചിന്തിച്ചു. അയിത്തത്തിന്റെയും അന്ധവിശ്വാസത്തിന്റെയും സാമൂഹ്യമായ അടിസ്ഥാനം ജന്മിനാടുവാഴിത്തമാണെന്ന് അവർ തിരിച്ചറിഞ്ഞു. 1939ൽത്തന്നെ സ. മണ്ടോടി കണ്ണൻ ഉൾപ്പെടെയുള്ള സഖാക്കളുടെ നേതൃത്വത്തിൽ ഒഞ്ചിയത്ത് പാർടിയുടെ ആദ്യസെൽ രൂപംകൊള്ളുന്നുണ്ട്. അധികാരിവർഗങ്ങൾക്കെതിരെ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ജനങ്ങളെയാകെ സമരസജ്ജരാക്കുന്ന പ്രവർത്തനമാണ് മണ്ടോടിയുടെ നേതൃത്വത്തിൽ പാർടി നടത്തിയത്. പൂഴ്ത്തിവച്ച ധാന്യങ്ങൾ പിടിച്ചെടുത്ത് പട്ടിണിപ്പാവങ്ങൾക്ക് വിതരണംചെയ്തു. വസൂരിയും കോളറയുംപോലുള്ള പകർച്ചവ്യാധികൾ ബാധിച്ച് ഒറ്റപ്പെട്ടുകഴിയുന്നവരെ കമ്യൂണിസ്റ്റുകാർ ശുശ്രൂഷിച്ചു.

1947നുശേഷം ഭരണാധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ ജന്മിമാരുടെയും കുത്തകബൂർഷ്വാ വർഗങ്ങളുടെയും താല്പര്യങ്ങളാണ് സംരക്ഷിച്ചത്. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. ജന്മിത്തത്തിനും പ്രമാണിവർഗ ആധിപത്യത്തിനുമെതിരെ ഗ്രാമഗ്രാമാന്തരങ്ങളിൽ കമ്യൂണിസ്റ്റുകാർ പ്രതിരോധം തീർത്തു. ഒഞ്ചിയത്തെ പ്രമാണിവർഗങ്ങളെയും അവരുടെ സംരക്ഷകരായ കോൺഗ്രസുകാരെയും കമ്യൂണിസ്റ്റുപാർടി പ്രവർത്തനങ്ങൾ അങ്ങേയറ്റം പ്രകോപിതരാക്കി. അവർ കോഴിപ്പുറത്ത് മാധവമേനോന്റെ പൊലീസിനെ ഇറക്കിയും ദേശരക്ഷാസംഘം എന്ന പേരിൽ കുപ്രസിദ്ധമായ ചെറുപയർ പട്ടാളത്തെ ഇളക്കിവിട്ടും കമ്യൂണിസ്റ്റുകാരെ അടിച്ചമർത്തുകയാണ് ചെയ്തത്. ഭരണകൂടഭീകരതയെയും കോൺഗ്രസ് ഗുണ്ടായിസത്തെയും നേരിട്ടുകൊണ്ടാണ് കമ്യൂണിസ്റ്റുപാർടി ജനങ്ങളോടൊപ്പം നിന്ന് അവകാശപോരാട്ടങ്ങൾ നടത്തിയത്. ജന്മിബൂർഷ്വാ വർഗങ്ങൾക്കും അവരുടെ രാഷ്ട്രീയപ്രതിനിധിയായ കോൺഗ്രസിനുമെതിരെ ജനങ്ങളെയാകെ അണിനിരത്താനാണ് മണ്ടോടി കണ്ണനെപോലുള്ള സഖാക്കൾ മുൻകൈയെടുത്തത്. പ്രതികൂലസാഹചര്യങ്ങളെ നേരിട്ടുകൊണ്ട് അർപ്പണബോധത്തോടെ കമ്യൂണിസ്റ്റുകാർ നടത്തിയ പ്രവർത്തനങ്ങളാണ് ഒഞ്ചിയം ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിന്റെ മണ്ണിൽ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന് സ്വീകാര്യത ഉണ്ടാക്കിയത്.


 

1948 ഫെബ്രുവരി‐മാർച്ചിൽ കൊൽക്കത്തയിൽ നടന്ന അവിഭക്തപാർടിയുടെ രണ്ടാം കോൺഗ്രസിന്റെ തീരുമാനം വിശദീകരിക്കാനാണ് പാർടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാൻ നിശ്ചയിച്ചത്. ഈ വിവരം മണത്തറിഞ്ഞ എംഎസ്‌‌പി സംഘം യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന പാർടി നേതാക്കളെ പിടികൂടാനായി കോൺഗ്രസിന്റെ ദേശരക്ഷാസംഘവുമായി ചേർന്ന് കെണിയൊരുക്കുകയായിരുന്നു. മുക്കാളിയിലെത്തിയ എംഎ‌സ്‌‌പി സംഘം ചെറുപയർ പട്ടാളത്തിന്റെ സഹായത്തോടെ ഒഞ്ചിയത്തേക്ക് നീങ്ങുകയായിരുന്നു. ഏപ്രിൽ 30ന് പുലർച്ചെ നാലിന്‌ അവർ മണ്ടോടി കണ്ണന്റെ വീട്ടിൽ പാഞ്ഞുകയറി. പക്ഷേ അവിടെ അദ്ദേഹം ഉണ്ടായിരുന്നില്ല. കണ്ണനെ കിട്ടാത്ത രോഷം തീർക്കാനായി പാർടി പ്രവർത്തകരുടെയും സാധാരണജനങ്ങളുടെയും വീടുകളിലെല്ലാം ഓടിക്കയറി ഭീകരത സൃഷ്ടിച്ചു. ഒഞ്ചിയത്തെ കർഷകകാരണവർ പുളിയുള്ളതിൽ ചോയിയെയും മകൻ കണാരനെയും പിടികൂടി കൈയാമം വച്ച് പൊലീസ് കിഴക്കോട്ട് നീങ്ങി. ഈ സമയത്താണ് മെഗാഫോൺ വിളി ഉയർന്നത്. അതിങ്ങനെയായിരുന്നു: “പ്രിയമുള്ളവരേ, ഒഞ്ചിയത്ത് എംഎസ്‌പിക്കാർ എത്തിയിരിക്കുന്നു. നമ്മുടെ സഖാക്കളെ അവർ പിടിച്ചുകൊണ്ടുപോകുന്നു. എല്ലാവരും ഓടിവരിൻ...” മെഗാഫോൺ വിളികേട്ട് ചെറ്റക്കുടിലുകളിൽ ഓലച്ചൂട്ടുകൾ മിന്നി. നാട്ടുകാർ കൂട്ടംകൂട്ടമായി ഒന്നിച്ചുകൂടി.

“ഇവരെ നിങ്ങൾ എന്തിനാണ് അറസ്റ്റുചെയ്തത്? ഇവരെ വിട്ടുതരണം...” ഒഞ്ചിയം ഗ്രാമത്തിന്റെ ഈ അഭ്യർഥന കേൾക്കാൻ കൂട്ടാക്കാതെ പൊലീസ് സേന മുന്നോട്ടുനീങ്ങി

കോൺഗ്രസ് ഭരണത്തിന്റെ വേട്ടപ്പട്ടികൾക്കുനേരെ വിരൽചൂണ്ടി ഒഞ്ചിയത്തെ ജനങ്ങൾ ഒന്നിച്ചുചോദിച്ചു: “ഇവരെ നിങ്ങൾ എന്തിനാണ് അറസ്റ്റുചെയ്തത്? ഇവരെ വിട്ടുതരണം...” ഒഞ്ചിയം ഗ്രാമത്തിന്റെ ഈ അഭ്യർഥന കേൾക്കാൻ കൂട്ടാക്കാതെ പൊലീസ് സേന മുന്നോട്ടുനീങ്ങി. ചെന്നാട്ടുതാഴെ വയലിനടുത്തെത്തുമ്പോഴേക്കും ഒരു ഗ്രാമമാകെ പൊലീസ് സേനയ്ക്ക് മുന്നോട്ടുപോകാനാകാത്തവിധം അവിടെ ഒന്നിച്ചുകൂടിയിരുന്നു. നിരപരാധികളായവരെ അറസ്റ്റുചെയ്തുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യമായിരുന്നു അവിടെ ജ്വലിച്ചുനിന്നത്. ഇതോടെ ഇൻസ്പെക്ടർ തലൈമ ജനങ്ങൾ പിരിഞ്ഞുപോകണമെന്ന് ആക്രോശിക്കാൻ തുടങ്ങി.

അറസ്റ്റുചെയ്തവരെ വിട്ടുകിട്ടാതെ പിരിഞ്ഞുപോകുന്ന പ്രശ്നമില്ലെന്ന് ജനങ്ങൾ വിളിച്ചുപറഞ്ഞു. നിർധനരും നിരായുധരുമായ നാട്ടിൻപുറത്തുകാരുടെ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് പൊലീസ്‌ മുതിർന്നത്. ജനക്കൂട്ടത്തിനുനേരെ അവർ പതിനേഴ് ചുറ്റ് വെടിയുതിർത്തു. എട്ട്‌ കമ്യൂണിസ്റ്റ് പോരാളികളും അവിടെ പിടഞ്ഞുവീണു. അളവക്കൻ കൃഷ്ണൻ, മേനോൻ കണാരൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ, കെ എം ശങ്കരൻ, സി കെ ചാത്തു, വി പി ഗോപാലൻ, വട്ടക്കണ്ടി രാഘൂട്ടി... ഈ രണധീരരുടെ മൃതദേഹം പൊടിമണലിൽ ചോരയിൽ കുതിർന്നുകിടന്നു. പ്രിയപ്പെട്ട സഖാക്കളുടെ മൃതദേഹങ്ങൾ പിസിസിയുടെ ലോറിയിൽ കയറ്റി വടകരയ്ക്ക് കൊണ്ടുപോകുകയായിരുന്നു. വൈകിട്ട് പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിവെട്ടി അട്ടിയിട്ട് മൂടി. പിന്നീട് നടന്നത് നരനായാട്ടായിരുന്നു. ഒഞ്ചിയം പ്രദേശത്താകെ ഭരണകൂട ഭീകരത അഴിച്ചുവിട്ടു. സഖാക്കൾ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയമായ മർദനത്തെ തുടർന്ന് രക്തസാക്ഷികളായി. അവരുടെ ധീരക്തസാക്ഷിത്വത്തിനുമുമ്പിൽ രക്തപുഷ്‌പങ്ങൾ അർപ്പിക്കാം.

ഒഞ്ചിയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 1940കളിൽ കമ്മ്യൂണിസ്റ്റ് പാർടി നടത്തിയ ധീരോദാത്തമായ സമരങ്ങളും പകർച്ചവ്യാധികളും, ഭക്ഷ്യ ക്ഷാമവുമൊക്കെ അനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാനായി നടത്തിയ പ്രവർത്തനങ്ങളും കൂടുതൽ ഉർജ്ജസ്വലമായി പുതിയ സാഹചര്യം ആവശ്യപ്പെടുന്ന രീതിയിൽ നമുക്ക് മുന്നോട്ടു കൊണ്ടുപോകാം.


പ്രധാന വാർത്തകൾ
 Top