04 July Saturday

ജപ്പാന്റെ മോഹങ്ങള്‍ പൂവണിയുമോ

ഡോ. അജീഷ് പി ടിUpdated: Tuesday Mar 24, 2020

മൂവായിരത്തിലേറെ ചെറുദ്വീപുകളുടെ സംഗമമാണ് ഉദയസൂര്യന്റെ നാട് എന്ന അപരനാമത്തിലറിയപ്പെടുന്ന ജപ്പാൻ. വികസിതരാജ്യങ്ങളുടെ പട്ടികയിൽ ഏറെ മുന്നിൽ. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ എന്നീ മേഖലകളാണ് ജപ്പാന്റെ വികസനക്കുതിപ്പിന് കരുത്തേകുന്നത്. കായികമേഖലയിലും മികവ് പ്രകടമാക്കിയ രാജ്യമാണ് ജപ്പാൻ. 2016ൽ റിയോ ഡി ജനീറോയിൽ കഴിഞ്ഞ ഒളിമ്പിക്സിലും 12 സ്വർണമുൾപ്പെടെ  41 മെഡൽ കരസ്ഥമാക്കി ഏഷ്യൻ രാജ്യങ്ങൾക്ക്  മാതൃകയുമായി.
ആധുനിക ഒളിമ്പിക്സ് ആരംഭിച്ച് നൂറ്റിഇരുപത്തിനാല് വർഷം കടന്നുപോകുമ്പോൾ മൂന്നുതവണ മാത്രമാണ് ജപ്പാന് ഒളിമ്പിക്സ് മത്സരം സംഘടിപ്പിക്കാൻ ഒളിമ്പിക് കമ്മിറ്റി അവസരം നൽകിയത്. 1940, 1964, 2020 വർഷങ്ങളാണ് ജപ്പാന് നറുക്കുവീണത്. ആദ്യതവണ 1940 സെപ്തംബർ 21 മുതൽ ഒക്ടോബർ ആറുവരെ ടോക്യോവിൽ ഒളിമ്പിക്സ് നടത്താൻ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

1936ലെ  ബെർലിൻ ഒളിമ്പിക്സിനെക്കാളും മികച്ചതാക്കാൻ അവർ പ്രാപ്തരുമായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി എത്തിയ രണ്ടാം ലോകമഹായുദ്ധം ജപ്പാന്റെ ആദ്യസംഘാടനമോഹം അവസാനിപ്പിച്ചു. 1939 മുതൽ 1945 വരെ തുടർച്ചയായി ആറുവർഷം രണ്ടാം ലോകമഹായുദ്ധം നീണ്ടുനിന്നതിനാൽ 1940, 1944 വർഷങ്ങളിൽ ഒളിമ്പിക്സ് നടന്നില്ല. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ സംഘാടക രാജ്യങ്ങളായിരുന്ന ജപ്പാനും ബ്രിട്ടനും ഒരുക്കങ്ങൾ നടത്തിയെങ്കിലും കായികപ്രേമികൾക്ക് നിരാശയായിരുന്നു ഫലം. പിന്നീട്‌  1948ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ സാമ്പത്തിക പരാധീനത വളരെക്കൂടുതലായിരുന്നു. കായികതാരങ്ങൾ സ്വന്തം ചെലവിൽ ഭക്ഷണം കൊണ്ടുവന്ന്‌ കഴിക്കുന്ന സാഹചര്യമുണ്ടായി. പട്ടാളക്യാമ്പിലും കോളേജ് ക്ലാസ്റൂമുകളിലുമാണ്  താരങ്ങൾ താമസിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്
കാരണക്കാരായ അമേരിക്കയെയും ജപ്പാനെയും 1948 ഒളിമ്പിക്സിന് ക്ഷണിച്ചതുമില്ല.

യുദ്ധം തുടങ്ങിയശേഷം ജപ്പാന്റെ സാമ്പത്തികനില പരുങ്ങലിലായി. അമേരിക്ക 1945 ആഗസ്‌ത്‌ ആറിന് ജപ്പാനിലെ നാഗസാക്കി നഗരത്തിലും ഒമ്പതിന് ഹിരോഷിമയിലും ആറ്റംബോംബ് വർഷിച്ചു. യുദ്ധത്തിന്റെ ഭീകരത എത്രത്തോളമാണെന്നും അത് മാനവരാശിക്ക് എത്ര ദോഷകരമാണെന്നും വിളിച്ചുപറയുന്ന സാഹചര്യമായിരുന്നു അത്.രണ്ടു നഗരങ്ങൾ പൂർണമായും നശിപ്പിച്ച ആ വലിയ ദുരന്തത്തിൽനിന്ന്‌ ഉയിർത്തെഴുന്നേറ്റ ജപ്പാന്റെ വളർച്ചയാണ് 1950നുശേഷം ലോകം കണ്ടത്. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന ജപ്പാൻ കൃത്യം 20 വർഷങ്ങൾക്കുശേഷം 1964ൽ ലോകത്തിലെ ഏറ്റവും വലിയ കായികമേള നടത്താൻ പ്രാപ്തരായി എന്നത് ജപ്പാൻ ജനതയുടെ കരുത്തും മനോവീര്യവും തെളിയിച്ചതിന്റെ ഉത്തമോദാഹരണങ്ങളാണ്.

1964 ഒക്ടോബർ 10 മുതൽ 24 വരെ ടോക്യോവിലെ നാഷണൽ സ്റ്റേഡിയത്തിൽ പ്രൗഢഗംഭീരമായി ഒളിമ്പിക്സ് സംഘടിപ്പിച്ചു. ഏഷ്യാ ഭൂഖണ്ഡത്തിൽ ആദ്യമായി അരങ്ങേറിയ ഒളിമ്പിക്സുംകൂടിയാണിത്. മത്സരഫലപ്രഖ്യാപനത്തിന് കംപ്യൂട്ടറിന്റെ സേവനം ഉപയോഗിച്ചുതുടങ്ങിയത് അന്നുമുതലാണ്. 93 രാജ്യം പങ്കെടുത്ത ഈ മത്സരത്തിൽ 5151 കായികതാരങ്ങൾ പങ്കെടുത്തു. കായികതാരങ്ങൾക്ക് പോകുന്നതിനും വിനോദ സഞ്ചാരത്തിനുമായി ബുള്ളറ്റ് ട്രെയിൻ ആദ്യമായി ഓടി. ഒളിമ്പിക്സ് വിജയകരമായി നടത്താൻ ഏകദേശം 282 മില്യൺ യുഎസ് ഡോളർ  ജപ്പാൻ ചെലവഴിച്ചു. ജപ്പാന്റെ പുരോഗതിയും ഉയിർത്തെഴുന്നേൽപ്പും ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ഒളിമ്പിക്സ് സംഘാടനത്തിലൂടെ അവർക്ക്‌ സാധിച്ചു. മാത്രമല്ല, കായികപ്രകടനത്തിലും മികവ്‌ പ്രകടിപ്പിച്ച ജപ്പാന്‌ 16 സ്വർണമെഡലോടെ മൂന്നാം സ്ഥാനം നേടാനും സാധിച്ചു.

56 വർഷത്തിനുശേഷമാണ് ജപ്പാന് വീണ്ടും അവസരം ലഭിക്കുന്നത്. അർജന്റീനയിൽ നടന്ന അന്തർദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ 125–-ാമത് സെഷനാണ് 2013 സെപ്തംബറിൽ ടോക്യോ നഗരത്തെ 2020 ഒളിമ്പിക്സ് വേദിയായി പ്രഖ്യാപിച്ചത്. തുടർന്നുള്ള ഏഴ്‌ വർഷം ജപ്പാന്റെ കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. ലോകം നാളിതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയം തീർക്കുന്ന മൽസരമാകും അരങ്ങേറുക എന്നാണ് ജപ്പാന്റെ വാഗ്ദാനം. 2020 ജൂലൈ 24 മുതൽ ആഗസ്‌ത്‌ ഒമ്പതുവരെയാണ് മത്സരങ്ങൾ. മാറ്റിവയ്‌ക്കാത്തപക്ഷം ഒരു ഏഷ്യൻ രാജ്യം രണ്ടുതവണ ഒളിമ്പിക്സ് നടത്തുക എന്ന റെക്കോഡ് ജപ്പാന്‌ സ്വന്തമാകും.
പതിനൊന്നായിരം കായികതാരങ്ങളെയും അവരുടെ ഒഫിഷ്യൽസിനെയും വരവേൽക്കാൻ ജപ്പാൻ തയ്യാറായി. എന്നാൽ, കൊറോണ ഭീതി  ഒളിമ്പിക്സ് നടത്തിപ്പിനെ സംബന്ധിച്ച് ആകുലത നിറയ്ക്കുകയാണ്. 1940ൽ ലഭിച്ച അവസരം രണ്ടാം ലോകമഹായുദ്ധം കവർന്നെങ്കിൽ ഇപ്രാവശ്യം കൊറോണയാകുമോ വില്ലൻ എന്നാണ് ഏവരുടെയും ഭയം. ഏകദേശം 90364 കോടി രൂപയുടെ ചെലവാണ് ജപ്പാൻ പ്രതീക്ഷിക്കുന്നത്. കൂടാതെ, സ്പോൺസർ, മീഡിയ, ഇൻഷുറൻസ്, ടൂറിസം തുടങ്ങിയ മേഖലയിലും വൻനിക്ഷേപസാധ്യതകൾ നിർവഹിക്കുന്നവർ ഏറെയാണ്. കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഒളിമ്പിക്സ് നടത്തിപ്പ് സാധ്യമാകുമോ എന്നത് വലിയൊരു വെല്ലുവിളിയാണ്.

ഒളിമ്പിക്സ് ഒഴിവാക്കുന്ന സാഹചര്യമുണ്ടായാൽ ജപ്പാന്റെ സാമ്പത്തിക അടിത്തറയെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. ലോകത്തെ പ്രശസ്ത ടൂറിസം മേഖലയായ ജപ്പാനിൽ ധാരാളം സഞ്ചാരികളെ പ്രതീക്ഷിക്കുന്ന സമയമാണിത്. ഈ വരുമാനവും നഷ്ടമായിത്തീരാനുള്ള സാഹചര്യമാണ് സംജാതമാകുന്നത്. ഒരുപക്ഷേ, ഈ മഹാമേള കൊറോണ പശ്ചാത്തലത്തിൽ നടത്തേണ്ടിവരുകയാണെങ്കിൽ  അടച്ചിട്ട സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാനായിരിക്കും ശ്രമം. 2020ലെ ജേതാക്കൾക്ക് ലഭിക്കാൻ പോകുന്ന മെഡലുകൾ ഉപയോഗശൂന്യമായ മൊബൈൽ, ചെറുവൈദ്യുത വസ്തുക്കൾ എന്നിവയിൽനിന്ന്‌ പുനർനിർമിച്ചവയാണ്. ഇവയിൽ സ്വർണം, വെള്ളി, വെങ്കലം എന്നിവ നിശ്ചിത തോതിൽ പൂശിയിട്ടുണ്ട്‌. ഒളിമ്പിക്സ് ചരിത്രത്തിലെതന്നെ ഏറ്റവും ഭാരമേറിയ മെഡലുകളാണ് ഇവയെന്നാണ് സംഘാടകരുടെ അവകാശവാദം. കൂടാതെ, സഞ്ചാരികളായി എത്തുന്ന മുഴുവൻ ആളുകൾക്കും എല്ലാവിധ  അത്യാധുനിക സൗകര്യങ്ങളും ഒരുക്കി.
കൊറോണ വൈറസ്ബാധ  ജപ്പാനിൽനിന്ന്‌ ഉൻമൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. ജപ്പാൻ പ്രധാനമന്ത്രിതന്നെ

നേരിട്ട് നേതൃത്വവും നൽകുന്നു. ഒളിമ്പിക് വില്ലേജുകളിലും കുറ്റമറ്റ രീതിയുള്ള സംവിധാനങ്ങളും സുരക്ഷാമാർഗങ്ങളും ഒരുക്കി.  ഒരു രാജ്യത്തിന്റെ വർഷങ്ങളായുള്ള കാത്തിരിപ്പിനും പരിശ്രമത്തിനും ഒരു വൈറസ്ബാധ വിലങ്ങുതടിയാകുമോ എന്ന് കാത്തിരുന്നുകാണാം.
ഇതിനിടയിൽ ക്യാനഡ, ഓസ്‌ട്രേലിയ, നോർവേ,കൊളംബിയ, ബ്രസീൽ, സ്ലോവേനിയ എന്നീ രാജ്യങ്ങൾ ഒളിമ്പിക്‌സിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.എന്തായാലും ജനങ്ങളുടെ ജീവനാണ് പ്രഥമ പരിഗണന നൽകേണ്ടത്. ലോകാരോഗ്യ സംഘടനയും വിദഗ്ധരും ഉണർന്നുപ്രവർത്തിക്കേണ്ട ഗൗരവമേറിയ സമയമാണിത്. പകർച്ചവ്യാധി തടയാനും വൈറസ്ബാധയുടെ ആഘാതം കുറയ്ക്കാനും സാധിച്ചാൽ ജപ്പാനിലെ 13 കോടിയോളം വരുന്ന ജനങ്ങളുടെ ആഗ്രഹം സഫലമാകും. അതോടൊപ്പം ഒരു ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുത്ത് മെഡൽ കരസ്ഥമാക്കാൻ നാലുവർഷത്തോളം കഠിനമായ പരിശീലനത്തിൽ ഏർപ്പെടുന്ന കായിക താരങ്ങളുടെ സ്വപ്നവും പൂവണിയും.
 (എസ്‌സിഇആർടിയിൽ റിസർച്ച്
ഓഫീസറാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top