18 February Tuesday

പൊതുഗതാഗതത്തെ സംരക്ഷിക്കുക

സി കെ ഹരികൃഷ്‌ണൻUpdated: Sunday Sep 22, 2019


ഇന്ത്യയുടെ സമ്പദ്ഘടന നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയും അനിയന്ത്രിതമായ എണ്ണവില വർധനയും തളർത്തിയിരിക്കുന്ന മോട്ടോർ മേഖലയ്ക്ക് പാർലമെന്റ് പാസാക്കിയ മോട്ടോർ വാഹന ഭേദഗതി നിയമം ഇരുട്ടടിയായിരിക്കയാണ്. അപകടനിരക്ക് കുറയ്ക്കാനെന്നപേരിലാണ് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നതെങ്കിലും മോട്ടോർ മേഖലയുടെ കുത്തകവൽക്കരണമാണ് ലക്ഷ്യമിടുന്നത്. സെപ്തംബർ ഒന്നുമുതൽ നിയമം നടപ്പാക്കിയയിടത്തെല്ലാം ഈടാക്കുന്ന ഭീമമായ പിഴയ്ക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് ഉയർന്നുവന്നത്.

യഥാർഥത്തിൽ പിഴ മാത്രമല്ല പ്രശ്നം. മോട്ടോർ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതം വഴിമുട്ടുന്നു എന്നതാണ് വരാനിരിക്കുന്ന അപകടം. പൊതുഗതാഗത സംവിധാനവും പാടേ തകരും. ആർടിസികളുടെ സാന്നിധ്യമാണ് പൊതുഗതാഗതത്തെ സംരക്ഷിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ പിന്തുണകൊണ്ടുമാത്രമാണ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ നിലനിൽക്കുന്നത്. ഗതാഗതമേഖലയിൽ നിയമനിർമാണം നടത്തുന്നതിന് സംസ്ഥാന സർക്കാരുകൾക്കുള്ള പരിമിതമായ അവകാശവും ആർടിസികൾക്ക് അനുവദിച്ചിട്ടുള്ള ചില സംവരണങ്ങളും പ്രയോജനപ്പെടുത്തിയാണ് ആർടിസികളെ സംരക്ഷിച്ചുനിർത്തിയിട്ടുള്ളത്. ഗതാഗതമേഖലയിലെ നിയമനിർമാണം പുതിയൊരു അതോറിറ്റിക്ക് കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്.

റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കായി സംവരണം ചെയ്തിട്ടുള്ള ദേശസാൽക്കൃത റൂട്ടുകൾ, ദേശസാൽക്കൃതമേഖല, പെർമിറ്റുകൾക്കുള്ള ഇളവുകൾ എന്നിവ പൂർണമായും നിഷേധിക്കപ്പെടും. ഇപ്പോഴുള്ള സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് എന്നീ രണ്ടുതരം പെർമിറ്റ് വ്യവസ്ഥകളെ ട്രാൻസ്പോർട്ട് പെർമിറ്റ് എന്നപേരിൽ ഒറ്റ പെർമിറ്റാക്കി മാറ്റും. ഒരേസമയം ആർടിസികളെയും സ്റ്റേജ് കാര്യേജ് പെർമിറ്റെടുത്ത് സർവീസ് നടത്തുന്ന ചെറുകിട സ്വകാര്യ ബസുകളെയും ഇല്ലാതാക്കാൻ ഈ ഒരൊറ്റ നടപടിമാത്രം മതിയാകും. ഇപ്പോൾ നടത്തുന്ന സമാന്തര സർവീസുകൾക്ക് നിയമപരമായ പരിരക്ഷയാണ് ലഭിക്കുക. ലാഭമുള്ള സമയത്ത്, ലാഭകരമായ സ്ഥലത്തേക്കുമാത്രം യഥേഷ്ടം വണ്ടിയോടിക്കുന്ന സ്ഥിതിയാകും സംജാതമാകുന്നത്. പാസഞ്ചർ സർവീസ് നടത്താനോ, ചരക്കുവാഹനങ്ങൾ ഓടിക്കാനോ ആർക്കുവേണമെങ്കിലും പെർമിറ്റ് കൊടുക്കാം.

ഓട്ടോറിക്ഷ മുതൽ ബസ് സർവീസ് വരെയുള്ളവയുടെ കോർപറേറ്റുവൽക്കരണംവഴി സാധാരണക്കാരുടെ യാത്രാവകാശത്തെയാണ് കേന്ദ്ര സർക്കാർ ലാഭക്കൊതിയന്മാർക്ക് എറിഞ്ഞുകൊടുക്കുന്നത്.

ഇന്ത്യയിലെ 10 ലക്ഷത്തിലധികം വരുന്ന ട്രാൻസ്പോർട്ട് തൊഴിലാളികളുടെ മാത്രം പ്രശ്നമല്ലിത്. സ്വയംതൊഴിലായി ഓട്ടോ, ടാക്സി മേഖലയിൽ ഉപജീവനം കണ്ടെത്തുന്ന കോടിക്കണക്കിനാളുകളുടെ ഭാവി ഇരുളടയും.  ഊബർ, ഒല കമ്പനികളെപ്പോലുള്ള അഗ്രഗേറ്റർ പ്ലാറ്റ്ഫോമുകളുടെ മുമ്പിലാകും പുതിയ നിയമംവഴി അവർക്ക് കീഴടങ്ങേണ്ടിവരിക. ഓട്ടോറിക്ഷ മുതൽ ബസ് സർവീസ് വരെയുള്ളവയുടെ കോർപറേറ്റുവൽക്കരണംവഴി സാധാരണക്കാരുടെ യാത്രാവകാശത്തെയാണ് കേന്ദ്ര സർക്കാർ ലാഭക്കൊതിയന്മാർക്ക് എറിഞ്ഞുകൊടുക്കുന്നത്.

ഓരോ മാസവും ഉണ്ടായിക്കൊണ്ടിരുന്ന 140 കോടി രൂപയുടെ നഷ്ടം കടമെടുത്ത് നികത്തിപ്പോന്നിരുന്നതുമൂലം കെഎസ്ആർടിസി കടക്കെണിയിലായി. വിവിധ ധനസ്ഥാപനങ്ങളിൽനിന്ന് എടുത്ത കടം 3100 കോടി രൂപയായി ഉയർന്നതോടെ പ്രതിദിന വരുമാനത്തിന്റെ മുഖ്യപങ്കും കടം തിരിച്ചടവിനായി നീക്കിവയ്ക്കേണ്ടിവന്നു. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 5.40 കോടി രൂപയായിരുന്നു പ്രതിദിന വരുമാനം. അതിൽ മൂന്നു കോടി രൂപയും എടുത്ത കടത്തിന്റെ തിരിച്ചടവായി വിവിധ ധനസ്ഥാപനങ്ങളിലേക്കായിരുന്നു പോയിരുന്നത്. അവശേഷിക്കുന്ന തുക ഡീസലടിക്കാൻപോലും തികയുമായിരുന്നില്ല. ഏതു നിമിഷവും പ്രവർത്തനം നിലയ്ക്കുമായിരുന്ന സാഹചര്യത്തിൽനിന്ന് കെഎസ്ആർടിസിയെ രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കരുതലോടെയുള്ള നടപടികൾക്കാണ് കഴിഞ്ഞ മൂന്നുവർഷക്കാലം എൽഡിഎഫ്സർക്കാർ നേതൃത്വം നൽകിയത്.

നിലവിലുണ്ടായിരുന്ന 3100 കോടി രൂപയുടെ വായ്പ, പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പലിശ കുറഞ്ഞ ദീർഘകാല വായ്പയാക്കിയതുമൂലം ഒരു ദിവസത്തെ കടം തിരിച്ചടവ് മൂന്നു കോടി രൂപയിൽനിന്ന് 86 ലക്ഷമായി കുറച്ചു. ഇതിലൂടെ പ്രതിമാസ ചെലവിനത്തിൽ 65 കോടി രൂപ കുറഞ്ഞു. തുടർച്ചയായ ചർച്ചകളുടെയും സർക്കാർ നേതൃത്വത്തിലുള്ള ശ്രമത്തിന്റെയും ഫലമായാണ് 2018 മാർച്ച് 31ന് ബാങ്ക് കൺസോർഷ്യം യാഥാർഥ്യമാക്കിയത്.

ഇനി എവിടെനിന്നും കടമെടുക്കേണ്ടതില്ല എന്ന് പ്രഖ്യാപിച്ചും പ്രതിവർഷം 1000 കോടി രൂപ വീതം സഹായം അനുവദിച്ചും 2013 നവംബർ മുതൽ തുടർച്ചയായി മുടങ്ങിയിരുന്ന പെൻഷൻ പ്രശ്നത്തിന് സഹകരണമേഖലയുടെ സഹായത്തോടെ പൂർണവിരാമംകുറിച്ചും സർക്കാർ നടപ്പാക്കുന്ന പുനരുദ്ധാരണനടപടികൾ ഫലപ്രാപ്തിയിലെത്തുകയാണ്. സർക്കാർ സഹായത്തിനു പുറമെയുള്ള പ്രതിമാസ അന്തരം 15 കോടി രൂപയായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കി വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞതുമൂലമാണ് ഈ നേട്ടം കൈവരിക്കാനായത്.

സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ അതിജീവനത്തിന്റെ പാതയിലെത്തിയിട്ടുള്ള കെഎസ്ആർടിസിയുടെ അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാനേജ്മെന്റും തൊഴിലാളികളും യോജിച്ച ശ്രമമുണ്ടാകേണ്ട സന്ദർഭത്തിലാണ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം മൂവാറ്റുപുഴയിൽ ചേരുന്നത്.

(കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറിയാണ് ലേഖകൻ )
 


പ്രധാന വാർത്തകൾ
 Top