17 June Monday

ഭരണഘടനാപരമായ ധാർമികത

സുനിൽ പി ഇളയിടംUpdated: Tuesday Jan 15, 2019

ശബരിമലയിലെ യുവതീപ്രവേശനം മുൻനിർത്തിയുള്ള സുപ്രീംകോടതി വിധി ഉയർത്തിക്കൊണ്ടുവന്ന ഏറെ ശ്രദ്ധേയമായ ഒരു ചർച്ചാവിഷയം ഭരണഘടനയും ഭരണഘടനാ ധാർമികത എന്ന ആശയവുമാണ്.  പതിറ്റാണ്ടുകൾക്കുശേഷമാണ്, ഭരണഘടന ഇത്ര വിപുലമായ തോതിൽ പൊതുസമൂഹത്തിൽ ചർച്ചാവിഷയമാകുന്നത്. അഭിഭാഷകരുടെയും നിയമ വിദ്യാർഥികളുടെയും ലോകത്തുമാത്രം ചർച്ചാവിഷയമായിരുന്ന ഭരണഘടനാതത്വങ്ങൾ തെരുവോരങ്ങളിൽ വ്യാപകമായി വിശകലനംചെയ്യപ്പെട്ടു. ഇന്ത്യ എന്ന ആധുനിക രാഷ്ട്രത്തിന്റെ അസ്തിവാരമെന്നനിലയിൽ ഭരണഘടന നിലകൊള്ളുന്നതെങ്ങനെ എന്നതിന്റെ വിശദീകരണങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടു. ഒപ്പംതന്നെ ഭരണഘടനാതത്വങ്ങളെ അമിതമായി ആശ്രയിക്കുന്നുവെന്ന വിമർശനവും ഉയർന്നുവന്നു.

സുപ്രീംകോടതി വിധിയെക്കുറിച്ച് ഉയർന്നുവന്ന പ്രധാന വിമർശനം അത് നിയമനടപടികളിലൂടെനവോത്ഥാനം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ്. ദീർഘകാലത്തെ സാമൂഹ്യ ഇടപെടലുകളുടെയും പ്രക്ഷോഭങ്ങളുടെയും ഉൽപ്പന്നമായിരുന്നു നവോത്ഥാനം എന്നും പൊടുന്നനെ ഉണ്ടാകുന്ന ഒരു കോടതിവിധി വഴിയല്ല നവോത്ഥാനപരമായ പരിഷ‌്കാരങ്ങൾ ഉണ്ടാകേണ്ടതെന്നും വാദിക്കപ്പെടുകയുണ്ടായി. കോടതിവിധിയെ മുൻനിർത്തി ശബരിമലയിൽ യുവതീപ്രവേശനം നടപ്പാക്കാനുള്ള ശ്രമങ്ങളെ സാങ്കേതികവും ഭരണഘടനാപരവുമായ നടപടി എന്നല്ലാതെ നവോത്ഥാനപരമായ ഒന്നായി കാണാനാകില്ലെന്നും ഈ വാദഗതിയുടെ വക്താക്കൾഅഭിപ്രായപ്പെടുന്നുണ്ട്.

ഇവിടെ പരിഗണിക്കേണ്ട ഒന്നാമത്തെ കാര്യം ഭരണഘടനയും അത് വാഗ്ദാനംചെയ്യുന്ന തുല്യാവകാശവും മറ്റും എങ്ങനെയാണ് നിലവിൽവന്നത് എന്നാണ്. ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങൾചേർന്ന് നിർമിച്ചെടുത്തതാണോ ഭരണഘടന? അതോ ഡോ. അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിങ‌് കമ്മിറ്റിയുടെ സൃഷ്ടിയാണോ അത്? ഇത്തരം വാദഗതികൾ ഉന്നയിച്ച് തുടക്കംമുതലേ ഭരണഘടനയെ തള്ളിക്കളയാൻ ശ്രമിക്കുകയാണ് ഹൈന്ദവ വർഗീയവാദം ചെയ്തുപോന്നിട്ടുള്ളത്. ഭരണഘടന കത്തിച്ചുകളയണം എന്ന് സമീപകാലത്ത് ഹൈന്ദവ വർഗീയ പ്രസ്ഥാനങ്ങളിലൊന്നിന്റെ നേതാവ് ആഹ്വാനംചെയ്തിരുന്നല്ലോ. അതൊട്ടും പുതിയ കാര്യമല്ലതാനും. ഇന്ത്യ എന്ന പേര് സ്വീകരിക്കുന്നതു മുതൽ പ്രാചീനഭാരതത്തിന്റെ ഭരണഘടനയായ മനുസ്മൃതിയുടെ മൂല്യങ്ങൾ പ്രതിഫലിക്കാത്തതിന്റെപേരിൽവരെ ഇന്ത്യൻ ഭരണഘടനഹിന്ദുത്വത്തിന്റെ വക്താക്കളാൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഭരണഘടനാ നിർമാണ സഭ പ്രായപൂർത്തി വോട്ടവകാശത്തെ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പിലൂടെ നിലവിൽവന്നതല്ല എന്നതുകൊണ്ട് അത് യഥാർഥത്തിൽ ഇന്ത്യൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല എന്ന വിമർശനംവരെ ഭരണഘടനയ്ക്ക് എതിരെയുണ്ട‌്.

ആമുഖത്തിൽ ഊന്നിപ്പറയുന്ന കാര്യങ്ങളൊന്നും പുറമേനിന്ന് ഇന്ത്യൻ ജീവിതത്തിലേക്ക് കടമെടുത്തു കൊണ്ടുവന്നതല്ല. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി, സ്ഥിതിസമത്വം, അവസരസമത്വം, രാഷ്ട്രത്തിന്റെ ഐക്യം എന്നീ തത്ത്വങ്ങൾക്കും മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്ര ആശയങ്ങൾക്കും വ്യക്തിയുടെ അന്തസ്സ്, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾക്കും എത്രയോ പതിറ്റാണ്ടുകൾ പിന്നിട്ട ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമുണ്ട്.

ഭരണഘടന ജഡമായ പ്രമാണമല്ല
ഇവിടെ ആദ്യമായി നാം തിരിച്ചറിയേണ്ട ഒരു വസ്തുത ഭരണഘടന ജഡമായ പ്രമാണങ്ങളുടെയോ നിയമങ്ങളുടെയോ സമാഹാരമല്ല എന്ന കാര്യമാണ്. അതൊരു ജൈവപ്രമാണമാണ്. സവിശേഷമായ ഒരു ചരിത്രസന്ദർഭം ജന്മംനൽകിയ ജീവിതമൂല്യങ്ങളുടെയും സാമൂഹ്യ–-രാഷ്ട്രീയ ആദർശങ്ങളുടെയും സഞ്ചിതസ്ഥാനമാണത്. ലളിതമായി പറഞ്ഞാൽ ഒന്നര നൂറ്റാണ്ടോളം ദൈർഘ്യമുള്ള ചെറുതും വലുതുമായ നവോത്ഥാനശ്രമങ്ങളും  പിന്നാലെവന്ന ദേശീയപ്രസ്ഥാനവുംവഴി വികസിച്ചുവന്ന ആധുനികവും ജനാധിപത്യപരവും നൈതികവുമായ മൂല്യങ്ങളുടെയും സമൂഹ–-രാഷ്ട്രസങ്കല്പങ്ങളുടെയും സമാഹൃതരൂപം കൂടിയാണത്. അതല്ലാതെ ചുരുക്കം ചില പണ്ഡിതന്മാർ എഴുതിത്തയ്യാറാക്കിയ നിയമാവലികളുടെ ആകത്തുകയല്ല. നീതി, സ്വാതന്ത്ര്യം,സമത്വം, സാഹോദര്യം എന്നീ ആധുനികമൂല്യങ്ങളുടെ അടിത്തറയിൽ ഈ രാഷ്ട്രത്തെയും അതിലെ ജനജീവിതത്തെയും ഉറപ്പിച്ചുനിർത്താനാണ് ഭരണഘടന ശ്രമിക്കുന്നത്. സ്വാഭാവികമായും അത്തരമൊരു ശ്രമം ജാതിശ്രേണികളെ മുൻനിർത്തുന്നതും പലപല രൂപങ്ങളിൽ വിവേചനപരവുമായ പഴയ ജീവിതക്രമങ്ങളെ നിരസിക്കുന്ന ഒന്നാണ്. ഇന്ത്യൻ ഭരണഘടനയുടെ അതിപ്രസിദ്ധമായ ആമുഖം മേല്പറഞ്ഞ ആധുനിക–-നവോത്ഥാന–-ദേശീയമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ചരിത്രപരമായ പ്രസ്താവനയാണ്:

ആമുഖത്തിൽ ഊന്നിപ്പറയുന്ന കാര്യങ്ങളൊന്നും പുറമേനിന്ന് ഇന്ത്യൻ ജീവിതത്തിലേക്ക് കടമെടുത്തു കൊണ്ടുവന്നതല്ല. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി, സ്ഥിതിസമത്വം, അവസരസമത്വം, രാഷ്ട്രത്തിന്റെ ഐക്യം എന്നീ തത്ത്വങ്ങൾക്കും മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്ര ആശയങ്ങൾക്കും വ്യക്തിയുടെ അന്തസ്സ്, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾക്കും എത്രയോ പതിറ്റാണ്ടുകൾ പിന്നിട്ട ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമുണ്ട്. സാങ്കേതികമായ നിലയിൽ ഈ ആമുഖത്തിന്റെ പ്രാധാന്യം പരിമിതമാണെന്ന് തോന്നാം.

എന്നാൽ, ഇന്ത്യൻ ഭണഘടനയുടെ അടിസ്ഥാനതാൽപ്പര്യമെന്താണ് എന്നതിന്റെ, അതിന്റെ ചരിത്രപരമായ രൂപപ്പെടലിന്റെയും നിലനിൽപ്പിന്റെയും ഉള്ളടക്കം ഏറ്റവും ആഴത്തിൽ സംഗ്രഹിച്ചിരിക്കുന്ന ഭാഗമാണത്. ‘നിയമനിർമാതാക്കളുടെ മനസ്സിലുണ്ടായിരുന്നത് എന്താണെന്നും ഏതെല്ലാം പ്രശ്നങ്ങളാണ് അവർ പരിഹരിക്കാൻ ഉദ്ദേശിച്ചിരുന്നത് എന്നും തുറന്നുനോക്കാനുള്ള താക്കോലാണ്' ഭരണഘടനയുടെ ആമുഖം.  വിശാലമായ ഒരർഥത്തിൽ നിയമ നിർമാണസഭകൾ, ഭരണനിർവഹണവിഭാഗങ്ങൾ, സുപ്രീംകോടതി എന്നിവയ്ക്കെല്ലാം നിയാമകമായി നിലകൊള്ളുന്ന ഭരണഘടനാ തത്വങ്ങളുടെ സംഗ്രഹസ്ഥാനമാണത്. ഇത്രയും ചെറിയ ഒരാമുഖത്തെക്കുറിച്ച് ജസ്റ്റിസ് ലഹോട്ടി ഒരു പുസ്തകംതന്നെ രചിച്ചത് അതുകൊണ്ടാണെന്ന് പ്രമുഖ നിയമവിദഗ്ധനായ കാളീശ്വരം രാജ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഒരർഥത്തിൽ, വ്യാഖ്യാനാത്മകമായ ഇത്തരമൊരു സ്വയം നവീകരണശേഷിയാണ് ഇന്ത്യൻ ഭരണഘടനയെ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണസ്ഥാനമായി മാറാൻ പ്രാപ്തമാക്കുന്നത് എന്നുപറയാം. ശബരിമല വിധിന്യായത്തിൽ പരിവർത്തനോന്മുഖമായ ഭരണഘടനാവാദം എന്ന് ജസ്റ്റിസ്  ചന്ദ്രചൂഡ് നിരീക്ഷിക്കുന്നത് ഇത്തരമൊരു സാധ്യതയിലേക്ക് വിരൽചൂണ്ടിക്കൊണ്ടാണ്

ഭരണഘടനയുടെ അടിസ്ഥാനഘടന
ഭരണഘടനയിൽ സഞ്ചിതമായിരിക്കുന്ന മേല്പറഞ്ഞ മൂല്യമണ്ഡലമാണ് അതിനെ ജഡപ്രമാണങ്ങളുടെ ശേഖരം എന്നതിൽനിന്ന് ജീവിക്കുന്ന ഒരു രേഖയായി ഉയർത്തുന്നത്. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്ന ആമുഖവാക്യംതന്നെ അനന്തമായ വ്യാഖ്യാനശേഷിയുള്ളതാണ്.

പ്രസിദ്ധമായ കേശവാനന്ദഭാരതി കേസിൽ (1973) സുപ്രീംകോടതി തന്നെ ഭരണഘടനയുടെ അടിസ്ഥാനഘടന എന്ന ആശയം ഉയർത്തിപ്പിടിക്കുകയും ഈ അടിസ്ഥാനഘടനയുടെ പ്രകാശനമാണ് ഭരണഘടനയുടെ ആമുഖം എന്ന് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. വാസ്തവത്തിൽ ഭരണഘടനയിൽ എവിടെയും സൂചിപ്പിക്കപ്പെട്ടിട്ടില്ലാത്ത ഒന്നാണത്.

എന്നാൽ, ഭരണഘടനയെത്തന്നെ അട്ടിമറിക്കാൻപോന്ന നിയമനിർമാണങ്ങൾ അരങ്ങേറിയ സമയത്ത് അവയെ റദ്ദാക്കാൻ പോന്നവിധത്തിൽ സുപ്രീംകോടതി ഉയർത്തിക്കൊണ്ടുവന്ന തത്വമാണത്. വ്യക്തിയുടെ മൗലികാവകാശങ്ങളെ മറികടക്കാനോ അതിൽ കടന്നുകയറാനോ ഭരണകൂടങ്ങൾ മുതിരുന്നതിനെ ചെറുക്കാനുള്ള അടിസ്ഥാനമായി ആമുഖത്തിലെ ആശയങ്ങളെ ഭരണഘടനയുടെ അടിസ്ഥാനഘടനയായി ഉയർത്തുകയാണ് സുപ്രീംകോടതി ചെയ്തത്.

ഒരർഥത്തിൽ, വ്യാഖ്യാനാത്മകമായ ഇത്തരമൊരു സ്വയം നവീകരണശേഷിയാണ് ഇന്ത്യൻ ഭരണഘടനയെ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണസ്ഥാനമായി മാറാൻ പ്രാപ്തമാക്കുന്നത് എന്നുപറയാം. ശബരിമല വിധിന്യായത്തിൽ പരിവർത്തനോന്മുഖമായ ഭരണഘടനാവാദം എന്ന് ജസ്റ്റിസ്  ചന്ദ്രചൂഡ് നിരീക്ഷിക്കുന്നത് ഇത്തരമൊരു സാധ്യതയിലേക്ക് വിരൽചൂണ്ടിക്കൊണ്ടാണ്. കെട്ടുപോയ പ്രമാണങ്ങളായല്ല, സജീവവും ചലനാത്മകവുമായ മൂല്യങ്ങളായി ഭരണഘടനയെ നോക്കിക്കാണുമ്പോൾമാത്രം കൈവരുന്ന ഒന്നാണത്.

തുല്യതയ്ക്കും മാനുഷികമായ അന്തസ്സിനും സാമ്പത്തിക–-സാമൂഹിക–-രാഷ്ട്രീയ നീതിക്കുമുള്ള വ്യക്തിയുടെ അവകാശം നിശ്ചലമായി നിലകൊള്ളുന്ന നിയമങ്ങളാലല്ല, അവയുടെ ചലനാത്മക വ്യാഖ്യാനംവഴിയാണ് സാധ്യമാകുക. ഭരണഘടനയെ നിർമിച്ച ചരിത്രപരമായ ചൈതന്യത്തിന്റെ പ്രകാശനമായിഭരണഘടനതന്നെ മാറിത്തീരുന്നത് അപ്പോഴാണ്.

ഇത്തരമൊരു വ്യാഖ്യാനരൂപമെന്ന നിലയിലാണ് ഭരണഘടനാ ധാർമികത എന്ന ആശയം സമീപകാലത്തെ ചർച്ചകളിൽ വലിയ പ്രാധാന്യം കൈവരിച്ചിട്ടുള്ളത്. പല ഭരണഘടനാ പണ്ഡിതന്മാരും ചൂണ്ടിക്കാട്ടുന്നതുപോലെ, ഭരണഘടനയിൽ ചുരുക്കം സന്ദർഭങ്ങളിൽമാത്രം പരാമർശിക്കപ്പെടുന്ന ഒന്നാണത്. അപ്പോൾത്തന്നെ ജനാധിപത്യത്തിനും സാമൂഹ്യനീതിക്കും മതനിരപേക്ഷതയ്ക്കും വേണ്ടിയുയരുന്ന ഏറ്റവും പ്രബലമായ വാദങ്ങളിലൊന്നായി ഇപ്പോഴത് മാറിത്തീരുകയും ചെയ്തിട്ടുണ്ട്. വർഗീയ ഫാസിസം ഭരണഘടനയുടെ അടിസ്ഥാനഘടനയെ അട്ടിമറിക്കാനോ ഭരണഘടനയെത്തന്നെ മാറ്റിയെഴുതാനോ കോപ്പൂകൂട്ടുന്ന സന്ദർഭത്തിൽ അതിനെതിരായ ചെറുത്തുനിൽപ്പിന്റെ അടിസ്ഥാനമായി ഭരണഘടനാപരമായ ധാർമികത എന്ന തത്വം ഉയർന്നുവന്നിരിക്കുന്നു.

കരട് ഭരണഘടനയെക്കുറിച്ച് നടന്ന ചർച്ചകളുടെ സന്ദർഭത്തിൽ, 1948 നവംബർ നാലിന് നടത്തിയ ഇടപെടലിൽ അംബേദ്കർ ‘ഭരണഘടനാപരമായ ധാർമികത' എന്ന ആശയം ശക്തമായി ഉന്നയിച്ച കാര്യം പല ഭരണഘടനാ പണ്ഡിതന്മാരും ചൂണ്ടിക്കാണിക്കാറുണ്ട്. ഭരണഘടനാചിന്തയിലെ ക്ലാസിസ്റ്റ് ആയി പരിഗണിച്ചുവരുന്ന ജോർജ‌്ഗ്രോട്ടിനെ ഉദ്ധരിച്ചുകൊണ്ട്, ഭരണനിർവഹണ സ്ഥാപനങ്ങളെ ഭരണഘടനയുടെ ഭാഗമാക്കിയതിനെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ ആശയം ഉന്നയിക്കുന്നത്. സമൂഹത്തിലപ്പാടെ ഭരണഘടനാപരമായ ധാർമികത വ്യാപിക്കേണ്ടത് സ്വതന്ത്രവും ശാന്തവുമായ സർക്കാരിന്റെ അനിവാര്യമായ ഉപാധിയാണെന്ന് അംബേദ്കർ പറഞ്ഞു. കാരണം ശക്തവും നിർബന്ധബുദ്ധി നിറഞ്ഞതുമായ ഒരു ന്യൂനപക്ഷത്തിനുപോലും സ്വതന്ത്രമായ ഭരണഘടനാസ്ഥാപനങ്ങളെ അപ്രായോഗികമാക്കിത്തീർക്കാൻ കഴിഞ്ഞേക്കും എന്ന് അദ്ദേഹം അവിടെ ആശങ്കപ്പെടുകയുംചെയ്യുന്നുണ്ട്. ജോർജ‌്ഗ്രോട്ടിനെ ഉദ്ധരിച്ചുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാനരൂപങ്ങൾ തന്റെ ദൃഷ്ടിയിലെന്നപോലെ തന്റെ എതിരാളിയുടെ ദൃഷ്ടിയിലും പാവനമായിരിക്കും എന്ന ഏതൊരു പൗരന്റെയും അടിയുറച്ച ഉത്തമബോധ്യമാണ് ഭരണഘടനാപരമായ ധാർമികതയെ നിലനിർത്തുന്നതെന്നും ഡോ. അംബേദ്കർ വ്യക്തമാക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെയും ഭരണഘടനാ അസംബ്ലിയുടെയും ചരിത്രത്തിലേക്ക് നോക്കിയാൽ ഭരണഘടനാപരമായ ധാർമികത എന്ന ചരിത്രവിജ്ഞാനപരവും ദാർശനികവുമായ വലിയ വിവക്ഷകൾ കൈവരുമെന്നാണ് ഭരണഘടനാപഠിതാക്കൾ ചൂണ്ടിക്കാട്ടുന്നത്. വൈജാത്യങ്ങൾക്കും വ്യത്യസ്താഭിപ്രായങ്ങൾക്കും നടുവിൽത്തന്നെ ഒരുമിച്ച് പ്രവർത്തിക്കുക, എതിർഭാഗത്തിന്റെ ശരിയായ മൂല്യങ്ങളെ ആദരിക്കുക, സർഗാത്മകമായ ആത്മസംശയങ്ങൾ വച്ചുപുലർത്തുകയും ഇതര വീക്ഷണങ്ങളെ തുല്യമായ ആദരവോടെ പരിഗണിക്കുകയുംചെയ്യുക, സ്ഥാപനരൂപങ്ങൾ സമൂഹങ്ങൾ സ്വയം നവീകരണശേഷി പകരുന്നുവെന്ന് തിരിച്ചറിയുക, നൈതികമായ മൂല്യനിർണയശേഷി നിലനിർത്തുക എന്നിവയെല്ലാം മേല്പറഞ്ഞ ചരിത്ര ദാർശനിക വിവക്ഷകളിൽ ഉൾപ്പെട്ടിരിക്കുന്നവയായി കാണാനാകും.

ഇത്രമേൽ വിപുലമായ അർഥസൂചനകൾ ഒരുഭാഗത്ത് നിലനിൽക്കെത്തന്നെ, ഭരണഘടനയുടെ അടിസ്ഥാനധാർമികത എന്ന പ്രത്യക്ഷവും പ്രകടവുമായ വിവക്ഷയിലും ഭരണഘടനാപരമായ ധാർമികത എന്നആശയം ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരർഥത്തിൽ ആദ്യം പറഞ്ഞ വിപുലമായ അർഥവിവക്ഷകളുടെ സംഗ്രഹമാണ് അതെന്നും പറയാം. തുല്യതയുടെയും വിവേചനരാഹിത്യത്തിന്റെയും അടിസ്ഥാനത്തിൽ മറ്റെല്ലാ സാമൂഹ്യമൂല്യങ്ങളും വിലയിരുത്തപ്പെടുമ്പോൾ ഭരണഘടനാപരമായ ധാർമികത പ്രവർത്തനക്ഷമമാകുന്നു എന്നുപറയാം. സുദീർഘമായ നമ്മുടെ ചരിത്രപരിണാമത്തിലെ ഒരു ദശയുടെ, ആധുനിക–-ജനാധിപത്യ–-മതനിരപേക്ഷ സമൂഹമായി പരിണമിക്കാൻ ഇന്ത്യൻ ജനത നടത്തിയ മഹാപരിശ്രമങ്ങളുടെ സഞ്ചിതസ്ഥാനമായി ഭരണഘടനയെയും അതിന്റെ മൂല്യവ്യവസ്ഥയെയും മനസ്സിലാക്കുമ്പോഴാണ് ഭരണഘടനാപരമായ ധാർമികത എന്ന ആശയം ഇന്ത്യൻ ഭരണഘടനയുടെ ഹൃദയതത്വങ്ങളിലൊന്നാണെന്ന് വ്യക്തമാകുക. അതിനെ ഉയർത്തിപ്പിടിക്കാൻ നാം എത്രമേൽ ബാധ്യസ്ഥരാണെന്നും.
 


പ്രധാന വാർത്തകൾ
 Top