06 June Saturday

ടി കെ: കേരളത്തെ മാറ്റിത്തീർത്ത ജനനായകൻ

കോടിയേരി ബാലകൃഷ്ണൻUpdated: Sunday Apr 21, 2019


പ്രാകൃതാവസ്ഥയിൽനിന്ന് മനുഷ്യത്വപൂർണമായ സ്ഥിതിയിലേക്ക് കേരളത്തെ മാറ്റിത്തീർത്ത വിപ്ലവകാരികളിൽ പ്രമുഖനാണ് ടി കെ രാമകൃഷ്ണൻ. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ച കിസാൻസഭയുടെ ദേശീയ നേതാവുകൂടിയായിരുന്ന സഖാവിന്റെ 13–ാം ചരമവാർഷികദിനമാണിന്ന്.
ഒരു വിപ്ലവപ്രസ്ഥാനത്തിന് വ്യത്യസ്ത കാലഘട്ടങ്ങളെ അഭിമുഖീകരിക്കുന്നതിന് എന്നും ആശ്രയിക്കാവുന്ന ഒരുപാട് അനുഭവങ്ങളുള്ള ജീവിതപാഠപുസ്തകമാണ് ടി കെ.
സ്വാതന്ത്ര്യസമരത്തിനു മുമ്പും പിമ്പും രാഷ്ട്രീയപ്രവർത്തനം നടത്തിയ അനുഭവത്തിന് ഉടമയാണ്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലെത്തിയത്. തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ പഠിക്കുമ്പോഴാണ് 1940ൽ സ്റ്റുഡൻസ് ഫെഡറേഷന്റെ നേതാവാകുന്നത്. ക്വിറ്റ് ഇന്ത്യാസമര നോട്ടീസ് ഇറക്കിയതിന് 1942ൽ ടി കെയെ കോളേജിൽനിന്ന് പുറത്താക്കി. ഇതിനും ഒരുവർഷംമുമ്പേ ടി കെ കമ്യൂണിസ്റ്റ് പാർടി അംഗമായി. കലാലയത്തിൽനിന്ന് പുറത്താക്കപ്പെട്ട സഖാവ് കരിങ്കൽത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിതരാക്കാൻ ഇറങ്ങി. അവരെ ആകർഷിക്കാനായി നാടകം രചിച്ച് അത് അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ "വാഴക്കുല'യും പി ഭാസ്കരന്റെ "വയലാർ ഗർജിക്കുന്നു' എന്നതും കഥാപ്രസംഗരൂപത്തിലാക്കി കഥ പറഞ്ഞും പാട്ട് പാടിയും ജനങ്ങളെ കൂട്ടി.

രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടിണിയും പരിവട്ടവും കൊടുമ്പിരിക്കൊണ്ടപ്പോൾ ജനങ്ങളെ യുദ്ധവിരുദ്ധവികാരത്തിൽ കോർത്തിണക്കാൻ "ഗ്രാമത്തകർച്ച' എന്ന നാടകം രചിച്ച് അവതരിപ്പിച്ചു. അത് നിരോധനം വന്നപ്പോൾ പൊലീസിനെ കബളിപ്പിച്ച് ഇരുമ്പനത്ത് പുഴയുടെ നടുക്ക് വള്ളങ്ങൾ കൂട്ടിക്കെട്ടി സ്റ്റേജുണ്ടാക്കി നാടകം കളിച്ചു. ത്യാഗഭവനം, ആരാധന, അഗതിമന്ദിരം, സഹോദരൻ, കല്ലിലെ തീപ്പൊരികൾ തുടങ്ങിയ നാടകങ്ങളും ടി കെ എഴുതി. കാലായ്ക്കൽ കുമാരൻ, കെടാമംഗലം സദാനന്ദൻ തുടങ്ങിയ പ്രഗത്ഭരൊക്കെ ഈ നാടകങ്ങളിൽ അഭിനയിച്ചു. "കല്ലിലെ തീപ്പൊരികൾ' പിന്നീട് നോവലാക്കുകയും അത് പുസ്തകമായി പുറത്തിറക്കുകയും ചെയ്തു. പക്ഷേ, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ച ടി കെയുടെ നാടകങ്ങൾ വീണ്ടെടുത്ത് പുസ്തകരൂപത്തിലാക്കാൻ കഴിയുമോ എന്ന അന്വേഷണം ആവശ്യമാണ്. അക്കാര്യത്തിൽ സാംസ്കാരിക രംഗത്തുള്ളവരും സാംസ്കാരിക സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ടതാണ്. സ്നേഹത്തിന്റെ മറുനാമമായാണ് ടി കെയെ രാഷ്ട്രീയ എതിരാളികൾപോലും കണ്ടത്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. സിപിഐ എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവർത്തിച്ചു. മികച്ച പാർലമെന്റേറിയനായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയ്ക്കുശേഷം പാർടി ജനറൽ സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്നതുമായി ഇ എം എസ് ഡൽഹിയിലായതിനെത്തുടർന്ന് നിയമസഭയിൽ പ്രതിപക്ഷനേതാവായി പോരാടിയത് ടി കെയായിരുന്നു. അന്നത്തെ ഇടപെടലുകളും പ്രസംഗങ്ങളും ചരിത്രമായി മാറി. 1969 മുതൽ കേരളത്തിൽ നിലനിന്ന കമ്യൂണിസ്റ്റുവിരുദ്ധ മുന്നണിയുടെ തകർച്ചയ്ക്ക് വലിയ സംഭാവനയാണ് പ്രതിപക്ഷനേതാവ് എന്ന നിലയിൽ ടി കെ നൽകിയത്. 1980 മുതലുള്ള നായനാർ മന്ത്രിസഭകളിൽ മന്ത്രിയായി. ആഭ്യന്തരം, ഫിഷറീസ്, സഹകരണം, എക്സൈസ്, സാംസ്കാരികം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുകയും ഭരണമികവ് കാട്ടുകയും ചെയ്തു.

കമ്യൂണിസ്റ്റ് നേതൃഭരണം കേരളത്തിലുണ്ടായിരുന്നപ്പോഴെല്ലാം പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ക്രൂശിക്കാൻ ശത്രുവർഗവും പിന്തിരിപ്പൻ മാധ്യമങ്ങളും ഉത്സാഹം കാട്ടാറുണ്ട്. 1980ൽ നായനാർ മന്ത്രിസഭയിൽ ടി കെ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ ക്രമസമാധാനം തകർന്നു എന്ന പേരിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്ക് കൈയും കണക്കുമില്ല. പ്രതിപക്ഷ പ്രചാരണത്തിന് കാറ്റുപിടിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായിരുന്ന യോഗേന്ദ്ര മക്വാന കൂടെക്കൂടെ ഡൽഹിയിൽനിന്ന് ഇവിടെവന്ന് വിവാദപ്രസ്താവനകൾ നടത്തി.

ഏറ്റുമാനൂർ അമ്പലത്തിൽ വിഗ്രഹമോഷണം ഉണ്ടായപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ സൃഷ്ടിച്ച പുകപടലം ചെറുതായിരുന്നില്ല. വിഗ്രഹം കിട്ടിയാൽ നായനാർക്കും ടി കെയ്ക്കും പൂമാല കൊടുക്കാമെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് കെ കരുണാകരൻ പരിഹാസപൂർവം പറഞ്ഞു. എന്നാൽ, പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തുകയും ഓലത്താന്നി സ്റ്റീഫനെ വിഗ്രഹത്തോടൊപ്പം അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്തും പിന്നീട് നിയമസഭയിലും കരുണാകരന്റെ വെല്ലുവിളിയുടെ അർഥശൂന്യത വിവരിച്ച് നായനാരും ടി കെയും നടത്തിയ സരസമായ പ്രസംഗങ്ങൾ സ്മരിക്കപ്പെടുന്നവയാണ്.
മത്സ്യമേഖലയ്ക്ക് ഗുണകരമായ മാറ്റങ്ങൾ വരുത്തിയ ഭരണത്തിനാണ് ഫിഷറീസ് വകുപ്പിന്റെ ചുമതലക്കാരനായിരിക്കെ ടി കെ നേതൃത്വം നൽകിയത്. മൺസൂൺകാലത്തെ യന്ത്രവൽകൃത മത്സ്യബന്ധന നിരോധനം പതിവായതും മീൻ വിൽക്കുന്ന സ്ത്രീകൾക്കായി ബസ് ഏർപ്പെടുത്തിയതും ക്ഷേമനടപടികൾ തീവ്രമാക്കിയതും അന്നാണ്. ഭരണം പാവപ്പെട്ടവരുടെ ഉന്നമനത്തിനും അവരുടെ ജീവൻ രക്ഷിക്കാനുമാകണം എന്നതാണ് കമ്യൂണിസ്റ്റ് കാഴ്ചപ്പാട്. അത് മുറുകെപ്പിടിച്ചാണ് ഭരണയന്ത്രം തിരിച്ചത്.

അതിന് ദൃഷ്ടാന്തങ്ങളായ സംഭവങ്ങൾ എത്രയെത്ര. ഒരിക്കൽ മീൻപിടിക്കാൻപോയ ഏഴു മത്സ്യത്തൊഴിലാളികൾ ബോട്ട് തകർന്ന് ശ്രീലങ്കയിൽ അകപ്പെട്ടപ്പോൾ അവരെ വിമാനത്തിൽ നാട്ടിലെത്തിക്കാൻ ഫിഷറീസ് മന്ത്രിയായിരുന്ന ടി കെ നിർദേശിച്ചു. എന്നാൽ, വിമാനത്തിൽ മത്സ്യത്തൊഴിലാളികളെ കൊണ്ടുവന്നാൽ തനിക്ക് പെൻഷൻ വാങ്ങാൻ പറ്റില്ലെന്ന നിലപാട് ബന്ധപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ എടുക്കുകയും അതിനിണങ്ങുന്ന സാങ്കേതികന്യായം ഉന്നയിക്കുകയും ചെയ്തു. ആ ഐഎഎസ് ഉദ്യോഗസ്ഥനെ ആ കസേരയിൽനിന്നു മാറ്റി മത്സ്യത്തൊഴിലാളികളെ വിമാനത്തിൽ നാട്ടിലെത്തിക്കാൻ ടി കെയുടെ ഭരണമികവിന് കഴിഞ്ഞു.

ടി കെ ഉൾപ്പെടെയുള്ള നേതാക്കളുടെയും മുൻ എൽഡിഎഫ് സർക്കാരുകളുടെയും ഭരണാനുഭവങ്ങൾകൂടി ഉൾക്കൊണ്ടാണ് ഇന്നത്തെ എൽഡിഎഫ് സർക്കാർ കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കർമപദ്ധതികൾ നടപ്പാക്കുന്നത്. ഹിന്ദുത്വ വർഗീയതയുടെയും നവഉദാരവൽക്കരണത്തിന്റെയും വിപത്തിന്റെ വേലിയേറ്റത്തിൽ കേരളത്തിലെ പിണറായി വിജയൻ സർക്കാർ ജനക്ഷേമത്തിലും നാടിന്റെ രക്ഷയ്ക്കും ഇന്ത്യക്ക് ദിശാബോധം പകരുന്ന വിളക്കുമാടമാണ്. എന്നാൽ, ഇതിന് നേർവിപരീതമാണ് മോഡി ഭരണവും യുഡിഎഫിന്റെയും കോൺഗ്രസിന്റെയും മുൻ ഭരണങ്ങളും. ജനങ്ങളെ പറ്റിക്കുന്നതിൽ ബിജെപിയും കോൺഗ്രസും മത്സരത്തിലാണ്. ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം ഇടുമെന്ന വാഗ്ദാനം പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി മറന്നു. നോട്ട് നിരോധന പരിഷ്കാരത്തിലൂടെ കള്ളപ്പണം, ഭീകരത, അഴിമതി എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒഴുക്കിക്കളയുമെന്നാണ് മോഡി പറഞ്ഞത്. ഗുണഫലം 50 ദിവസത്തിനുള്ളിൽ കണ്ടില്ലെങ്കിൽ തന്നെ ജീവനോടെ ചുട്ടുകൊല്ലൂ എന്ന വായ്ത്താരിയും മുഴക്കി. പക്ഷേ, ഒരു ഗുണഫലവും രാജ്യത്തിനുണ്ടായില്ല. നോട്ടില്ലാ ക്രയവിക്രയ സമ്പദ്ഘടന എന്ന മോഡിയുടെ പിന്നീടുള്ള പ്രഖ്യാപനവും പാളി. രാജ്യത്ത് കർഷക ആത്മഹത്യ വർധിച്ചു. നിരവധി കർഷക പ്രക്ഷോഭങ്ങൾ നടന്നു. ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചു. വ്യവസായ– വാണിജ്യമേഖല തകർന്നു. രണ്ടുകോടി തൊഴിൽ ഓരോ വർഷവും പുതുതായി ഉണ്ടാക്കുമെന്നതും മോഡി മറന്നു. റഫേൽ വിമാന അഴിമതിയിലൂടെ പ്രധാനമന്ത്രിതന്നെ പ്രതിക്കൂട്ടിലായി.ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മനുഷ്യസ്നേഹികൾ മുന്നിട്ടിറങ്ങണം. എല്ലാ പ്രവർത്തനങ്ങൾക്കും ടി കെ സ്മരണ നമുക്ക് ഊർജമാകും. ടി കെയുടെ ഓർമയ്ക്കുമുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
 


പ്രധാന വാർത്തകൾ
 Top