30 May Saturday

കേരള മാതൃകയുടെ പുതുരൂപം

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Thursday Feb 13, 2020

കേരള ബജറ്റിന്‌ പ്രധാനമായും നാലു ലക്ഷ്യമുണ്ട്‌. ക്ഷേമപ്രവർത്തനങ്ങളുടെ തുകയും വ്യാപ്‌തിയും വിപുലപ്പെടുത്തുകയാണ്‌ ഒരെണ്ണം അഥവാ ഒന്നാമത്തേത്‌. സംസ്ഥാനത്തിന്റെ സാമ്പത്തികാടിത്തറ ദൃഢീകരിക്കുകയാണ്‌ രണ്ടാമത്തേത്‌. കേന്ദ്രം രാഷ്‌ട്രീയ ലാക്കോടെ അടിച്ചേൽപ്പിക്കുന്ന വിഭവ പരിമിതി മറികടക്കുകയാണ്‌ മൂന്നാമത്തേത്‌. അതിനുള്ള ശ്രമത്തിൽ ജനങ്ങൾക്ക്‌ ഭാരമുണ്ടാക്കാതിരിക്കുകയാണ്‌ നാലാമത്തേത്‌.

നാലു ലക്ഷ്യവും സമന്വയിപ്പിക്കുന്നതിൽ സംസ്ഥാന ബജറ്റ്‌ വിജയിച്ചിരിക്കുന്നു. റവന്യൂ വരുമാനത്തേക്കാൾ റവന്യൂ ചെലവ്‌ അധികരിക്കുന്നതിനാൽ കേന്ദ്രമായാലും സംസ്ഥാനങ്ങളായാലും വായ്‌പകളെ ആശ്രയിക്കുന്നു. എന്നാൽ, അത്തരം വായ്‌പകൾക്ക്‌ പരിധി നിശ്ചയിച്ചിട്ടുണ്ട്‌. ദേശീയ വരുമാനത്തിന്റെ അല്ലെങ്കിൽ സംസ്ഥാന  വരുമാനത്തിന്റെ മൂന്നു ശതമാനത്തിൽ കൂടാൻ പാടില്ല വായ്‌പ. അത്തരം വായ്‌പകൾക്ക്‌ കേരളത്തിനും അവകാശമുണ്ട്‌. എന്നാൽ, രാഷ്‌ട്രീയ കാരണങ്ങളാൽ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി വായ്‌പയുടെ തോത്‌ നിരന്തരമായി വെട്ടിക്കുറയ്‌ക്കുന്നു.  ഇതാണ്‌ കേരളം നേരിടുന്ന ധനപ്രതിസന്ധിക്കു കാരണം. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പകപോക്കലിനെ മറികടക്കുകയാണ്‌ സംസ്ഥാന ബജറ്റ്‌ നേരിടുന്ന മുഖ്യ വെല്ലുവിളി.

മൂന്നു രീതിയിലാണ്‌ മേൽസ്ഥിതിയെ സംസ്ഥാന ബജറ്റ്‌ പ്രതിരോധിക്കുന്നത്‌. ഒന്ന്‌, അനിവാര്യമല്ലാത്ത ചെലവുകൾ ഒഴിവാക്കുക. രണ്ട്‌, ദുർവഹമായ ഭാരമേൽപ്പിക്കാത്തവിധം നികുതി, ഫീസ്‌ നിരക്കുകൾ ക്രമീകരിക്കുക. മൂന്ന്‌, കിഫ്‌ബി മുഖേന വായ്‌പ സമാഹരിച്ച്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മൂലധന നിക്ഷേപം ആകർഷിക്കുക.

വിഭവ വിപുലീകരണത്തിന്‌ ശ്രദ്ധേയങ്ങളായ നിരവധി നിർദേശങ്ങൾ ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. വയോജന ക്ഷേമ പെൻഷനിൽനിന്ന്‌ അഞ്ചു ലക്ഷത്തോളം അനർഹർ ഒഴിവാകുന്നതുമൂലം 700 കോടി രൂപ അധികവരുമാനം ലഭിക്കും. അത്രയും തുക സംസ്ഥാന ഖജനാവിലേക്ക്‌ മുതൽക്കൂട്ടാനല്ല ബജറ്റ്‌ നിർദേശം. മറിച്ച്‌ അത്രയും തുക ഉപയോഗിച്ച്‌ അർഹരായ പെൻഷൻകാർക്ക്‌ അധികമായി 100 രൂപ വീതം നൽകുകയാണ്‌. അതോടെ പെൻഷൻ തുക 1300 രൂപയായി ഉയർത്തുകയും ചെയ്യുന്നു. മാത്രമല്ല, 13 ലക്ഷം വയോജനങ്ങളെ ക്ഷേമ പെൻഷൻ പരിധിയിൽ ഉൾപ്പെടുത്തുകയും ആശാ വർക്കർമാരുടെ ഓണറേറിയം 500 രൂപ വീതം ഉയർത്തുകയും ചെയ്യുന്നു.

എയ്‌ഡഡ്‌ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ടീച്ചിങ് ഗ്രാന്റ്‌ ഇനത്തിൽ ഇക്കൊല്ലത്തെ ചെലവ്‌ 9603 കോടി രൂപയാണെന്ന്‌ ഓർക്കുമ്പോൾ നിയമനത്തിൽ സർക്കാരിന്റെ മേലൊപ്പിന്റെ പ്രസക്തി ബോധ്യമാകും.

കഴിഞ്ഞ നാലു വർഷം 18,19 തസ്‌തികയാണ്‌ സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളിൽ സൃഷ്ടിച്ചത്‌. നിയമനം നടത്തുന്നത്‌ മാനേജ്‌മെന്റ്‌. അംഗീകാരം കൊടുക്കുന്നത്‌ എഇഒ. ശമ്പളം കൊടുക്കുന്നത്‌ സർക്കാർ. 30 കുട്ടികൾക്ക്‌ ഒരധ്യാപകൻ എന്നാണ്‌ കണക്ക്‌. 31 ആയാൽ രണ്ട്‌ അധ്യാപകർ. കണക്കെടുക്കുന്ന ദിവസം 31 കുട്ടികൾ ഉണ്ടായാൽ മതി. നിയമനങ്ങൾ സർക്കാർ അറിഞ്ഞേ നടത്താവൂ എന്ന്‌ ബജറ്റ്‌ വ്യവസ്ഥ ചെയ്യുന്നു. ഇത്‌ ന്യായ യുക്തമായ തീരുമാനമാണ്‌. മാനേജ്‌മെന്റിന്റെ സ്വാതന്ത്ര്യത്തിൻമേലുള്ള ഒരു കൈകടത്തലുമില്ല. 13,255 പ്രൊട്ടക്ടഡ്‌ അധ്യാപകർ തുടരുമ്പോഴാണ്‌ അധിക നിയമനമെന്ന്‌ ഓർക്കണം. ശമ്പള ചെലവിനെച്ചൊല്ലി രാപ്പകൽ വ്യാകുലപ്പെടുന്ന ‘വിദഗ്‌ധർ’ ഇക്കാര്യത്തിൽ നിശ്ശബ്ദരാകുന്നു. എയ്‌ഡഡ്‌ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ടീച്ചിങ് ഗ്രാന്റ്‌ ഇനത്തിൽ ഇക്കൊല്ലത്തെ ചെലവ്‌ 9603 കോടി രൂപയാണെന്ന്‌ ഓർക്കുമ്പോൾ നിയമനത്തിൽ സർക്കാരിന്റെ മേലൊപ്പിന്റെ പ്രസക്തി ബോധ്യമാകും.

കാര്യമായ ജോലിയില്ലാതെ ഡിആർഡിഎ, പെർഫോമൻസ്‌ ഓഡിറ്റ്‌ വിഭാഗത്തിൽ 700 ഉദ്യോഗസ്ഥർ തുടരുന്നുണ്ട്‌. അവരെ ജോലിക്കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ പുനർവിന്യസിക്കുന്നത്‌ ശരിയായ തീരുമാനമാണ്‌. അത്‌ തസ്‌തിക വെട്ടിക്കുറയ്‌ക്കലല്ല. ചെലവു ചുരുക്കണമെന്നു വാദിക്കുകയും ചെലവു ചുരുക്കുമ്പോൾ കുറ്റപ്പെടുത്തുകയും ചെയ്യുന്നത്‌ ഇരട്ടത്താപ്പാണ്‌.

മൂല്യവർധിത കേരള പൊതുവിൽപ്പന നികുതി കുടിശ്ശികയായി നല്ലൊരു സംഖ്യ പിരിച്ചെടുക്കാനുണ്ട്‌. വർഷങ്ങളായി തുടരുന്നതാണ്‌ കുടിശ്ശിക. പിരിച്ചെടുക്കാൻ ഒരു സാധ്യതയുമില്ലാത്തതും, കേസുകളിലും അപ്പീലുകളിലും കുടുങ്ങിക്കിടക്കുന്നതുമായ തുകകൾ ഒഴിവാക്കിയാൽ അവശേഷിക്കുന്ന 3100 കോടിയിൽ നല്ലൊരു തുക സമഗ്ര ഇളവുപദ്ധതിയിലൂടെ പിരിക്കാൻ ബജറ്റ്‌ ലക്ഷ്യമിടുന്നു.

ആകെ വിഭവ സമാഹരണം 1103 കോടിയാണ്‌. അതാകട്ടെ സാധാരണക്കാരെ തെല്ലും സ്‌പർശിക്കാതെ നിർവഹിക്കുന്നു എന്നിടത്താണ്‌ ബജറ്റിന്റെ വിജയം

ഭൂമിയുടെ ന്യായവില 10 ശതമാനവും വൻകിട പ്രോജക്ടുകൾക്കു സമീപമുള്ളവയ്‌ക്ക്‌ 30 ശതമാനവും വർധിപ്പിക്കുന്നതിലൂടെ 250 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു. കെട്ടിടങ്ങളുടെ വിസ്‌തീർണം അനുസരിച്ച്‌  ആഡംബരനികുതി പരിഷ്‌കരിക്കുന്നതിലൂടെ 16 കോടിയും പോക്കുവരവ്‌ ഫീസ്‌ പുനർനിർണയിക്കുന്നതിലൂടെ എട്ടു കോടിയും ലക്ഷ്യമിടുന്നു. ആകെ വിഭവ സമാഹരണം 1103 കോടിയാണ്‌. അതാകട്ടെ സാധാരണക്കാരെ തെല്ലും സ്‌പർശിക്കാതെ നിർവഹിക്കുന്നു എന്നിടത്താണ്‌ ബജറ്റിന്റെ വിജയം.

വികസനത്തിന്റെ ആണിക്കല്ലാണ്‌ മൂലധന നിക്ഷേപം. വിഭവപരിമിതി മൂലധന നിക്ഷേപത്തെ തടസ്സപ്പെടുത്താതിരിക്കാൻ ബജറ്റ്‌ ശ്രദ്ധിക്കുന്നുണ്ട്‌. 2019–-20ലെ മൂലധനച്ചെലവ്‌ 9126 കോടിയാണ്‌. പുതിയ ബജറ്റ്‌ 14,428 കോടി വകയിരുത്തുന്നു. കിഫ്‌ബി വഴിയുള്ള മൂലധന നിക്ഷേപം 20,000 കോടി വേറെയും. കേരള വികസനത്തിന്റെ മാതൃകയും ചാലകശക്തിയുമാണ്‌ കിഫ്‌ബി. കിഫ്‌ബി ഇല്ലായിരുന്നെങ്കിൽ കേരള വികസനം വഴിമുട്ടുമായിരുന്നെന്ന്‌ വിമർശകരും സമ്മതിക്കുന്നു. റോഡുകളിലും പാലങ്ങളിലും ഒതുങ്ങുന്നില്ല കിഫ്‌ബി വഴിയുള്ള മൂലധന നിക്ഷേപം. മലയോര–-തീരദേശ ഹൈവേകൾ, ബേക്കൽ–-കോവളം ജലപാത, ഗ്രീൻഫീൽഡ്‌ റെയിൽ പാത, കോളേജുകളിലും സർവകലാശാലകളിലും സാമ്പ്രദായിക വിഷയപഠനങ്ങളുടെ സ്ഥാനത്ത്‌ 60 ആധുനിക വിഷയങ്ങളുടെ പഠനവും ഗവേഷണവും ടെക്‌നോ–-ഇൻഫോ സൈബർ പാർക്കുകളുടെ വികസനം, പ്രതിവർഷം ഒരു കോടി വൃക്ഷത്തൈകൾ തുടങ്ങിയവ കേരള വികസനത്തിന്റെ ദിശാസൂചികയാണ്‌.

വിഭവപരിമിതി തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ബജറ്റ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ബജറ്റിന്റെ 25.93 ശതമാനം അഥവാ 12,074 കോടി തദ്ദേശസ്ഥാപനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു. ഏറ്റവും ജനകീയമായ പരിപാടിയാണ്‌ വിശപ്പുരഹിത പദ്ധതി. മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നമാണ്‌ വിശപ്പ്‌. ഏതു പദ്ധതിക്കും വിശപ്പ്‌ ശമിപ്പിക്കുന്നതിനു താഴെയാണ്‌ സ്ഥാനം. ഈ തിരിച്ചറിവാണ്‌ 25 രൂപയ്‌ക്ക്‌ ഭക്ഷണം നൽകുന്നതിനുള്ള പദ്ധതി. 100 രൂപയെങ്കിലും ഇല്ലാതെ ഭേദപ്പെട്ട ഭക്ഷണം കിട്ടാത്ത അവസ്ഥയിലാണ്‌ 25 രൂപയ്‌ക്ക്‌ ഭക്ഷണം കിട്ടുക. കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ഭക്ഷണശാലകളാണ്‌ തുറക്കുന്നത്‌. 62 കോടി രൂപയാണ്‌ സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ ഈ പദ്ധതി ഇനത്തിൽ നൽകുന്നത്‌. വ്യവസ്ഥകൾ പാലിക്കുന്ന സ്വകാര്യ സംരംഭകർക്കും പദ്ധതിയുടെ ഭാഗമാകാമെന്ന്‌ ബജറ്റ്‌ നിർദേശിക്കുന്നുണ്ട്‌.

വിശന്നുനടക്കുന്നവർ കേരളത്തിൽ കുറവാണ്‌. സാധാരണക്കാർക്ക്‌ താങ്ങാനാകാത്ത ഭക്ഷണവിലയാണ്‌ പ്രശ്‌നം. 25 രൂപയ്‌ക്ക്‌ ഭക്ഷണം സുലഭമായി ലഭ്യമാക്കുന്നതോടെ ഹോട്ടലുകളിലെ തിരക്കും ഭക്ഷണവിലയും ഒരുപോലെ കുറയും. വിശപ്പുരഹിത കേരളത്തിലേക്കുള്ള ഈ ചുവടുമാറ്റം അഭിനന്ദനീയമാണ്‌.
പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങളുടെ ജനസംഖ്യയേക്കാൾ ഉയർന്ന തോതിലുള്ള വിഹിതമാണ്‌ ബജറ്റ്‌ നീക്കിവയ്‌ക്കുന്നത്‌. രണ്ടു വിഭാഗവുംകൂടി സംസ്ഥാന ജനസംഖ്യയുടെ 10.24 ശതമാനം വരും. എന്നാൽ, മൊത്തം ബജറ്റ്‌ തുകയുടെ 12.64 ശതമാനം ആ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവയ്‌ക്കുന്നു. ഇത്‌ കേരളത്തിന്റെ മാതൃകയാണ്‌.

സംസ്ഥാന ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം ഒഴിവാക്കി അവശേഷിക്കുന്ന തുകയുടെ 18.4 ശതമാനം സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക പദ്ധതികൾക്കായി നീക്കിവയ്‌ക്കുന്നു

സ്‌ത്രീകളുടെ തൊഴിലും വരുമാനവും ഉയർത്തി അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത്‌ ഏതു പരിഷ്‌കൃത സമൂഹത്തിന്റെയും കടമയാണ്‌. സമൂഹത്തിലെ സ്‌ത്രീകളുടെ പദവിയാകണം വികസനത്തിന്റെ മാനദണ്ഡമെന്ന്‌ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. ആ ലക്ഷ്യത്തോടെയാണ്‌ ജൻഡർ ബജറ്റിങ്‌ രൂപകൽപ്പന ചെയ്‌തിട്ടുള്ളത്‌. സംസ്ഥാന ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം ഒഴിവാക്കി അവശേഷിക്കുന്ന തുകയുടെ 18.4 ശതമാനം സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക പദ്ധതികൾക്കായി നീക്കിവയ്‌ക്കുന്നു. 3809.87 കോടി രൂപ വരുമിത്‌. കഴിഞ്ഞ ബജറ്റിൽ അത്‌ 16.8 ശതമാനമായിരുന്നു.

സംസ്ഥാന ജനസംഖ്യയിലെ മാറിവരുന്ന വയോഘടനയുടെ പ്രത്യേകത വയോജനങ്ങളുടെ വർധനയാണ്‌. 1961ലെ സെൻസസ്‌ പ്രകാരം ആറുശതമാനമായിരുന്നു 60 വയസ്സിനുമേലുള്ള ജനസംഖ്യ. 2011ലെ സെൻസസ്‌ പ്രകാരം അത്‌ 13 ശതമാനമാണ്‌. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗമാണ്‌ വയോജനങ്ങളെന്ന്‌ ബജറ്റ്‌ അംഗീകരിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽനിന്ന്‌ 290 കോടി രൂപയെങ്കിലും വയോജനങ്ങൾക്കായി നീക്കിവയ്‌ക്കാൻ ബജറ്റ്‌ ബാധ്യതപ്പെടുത്തുന്നു. 2020–-21ലെ പ്രാദേശിക പദ്ധതിയിൽ ഇത്‌ ഉൾപ്പെടുത്തിയേ തീരൂവെന്നും ബജറ്റ്‌ നിർദേശിക്കുന്നു. വയോജനക്ഷേമത്തിനായുള്ള പരിപാടികൾ എല്ലാ വകുപ്പിലുമായി പരന്നുകിടക്കുന്നവ ആയതിനാൽ മേലിൽ ജൻഡർ ബജറ്റ്‌ രേഖകൾക്കൊപ്പം തയ്യാറാക്കി നൽകുമെന്ന്‌ ധനമന്ത്രി വാഗ്‌ദാനം ചെയ്യുന്നു.
 


പ്രധാന വാർത്തകൾ
 Top