24 November Tuesday

ജനകീയ വിദ്യാഭ്യാസത്തിന്‌ പ്രഥമ പരിഗണന - ഡോ. മുബാറക്‌ പാഷ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വിസി ആയി ചുമതലയേറ്റ ഡോ. മുബാറക്‌ പാഷ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു. കോവിഡാനന്തര കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നാട്‌ ആഗ്രഹിക്കുന്ന  മാറ്റം സാധ്യമാക്കുകയാണ്‌ സർവകലാശാലയുടെ ദൗത്യം. എല്ലാവർക്കും ഉന്നത വിദ്യാഭ്യാസമാണ്‌ ലക്ഷ്യം.


ഓപ്പൺ സർവകലാശാലയുടെ പ്രഥമ വിസി എന്ന നിലയിൽ പ്രധാന പരിഗണന നൽകുക എന്തിനായിരിക്കും
വിദ്യകൊണ്ട്‌ പ്രബുദ്ധരാകാൻ ലോകത്തെ ഉപദേശിച്ച ശ്രീനാരായണഗുരുവിന്റെ നാമത്തിലുള്ള ഓപ്പൺ സർവകലാശാല ഉയർത്തിപ്പിടിക്കുക കേരളത്തിന്റെ നേട്ടമായ വിദ്യാഭ്യാസത്തിന്റെ ജനകീയതതന്നെയാകും. ലോകത്തെവിടെയുമുള്ള, ഏത്‌ പ്രായത്തിലുമുള്ള മലയാളികൾക്കും ഉന്നതവിദ്യാഭ്യാസം സാധ്യമാക്കാനുള്ള വാതായനമാണ്‌ ഓപ്പൺ സർവകലാശാല തുറന്നിടുക.

സർവകലാശാലയുടെ ആരംഭ പ്രവർത്തനം എങ്ങനെയായിരിക്കും
പ്രാരംഭ പ്രവർത്തനം ഗൃഹപാഠമാണ്‌. ആറുമാസം ഇതിനായി മാറ്റിവയ്‌ക്കും. ഒറ്റയടിക്ക്‌ കോഴ്‌സുകൾ ആരംഭിക്കില്ല. വിദ്യാഭ്യാസമേഖലയിലുള്ള എല്ലാവരുമായി കൂടിയാലോചന നടത്തി ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ള മുന്നൊരുക്കത്തിലായിരിക്കും ആദ്യ ശ്രദ്ധ.

ഈ അധ്യയനവർഷം കോഴ്‌സുകൾ ആരംഭിക്കുമോ
ഈ ചോദ്യം പല കോണിൽനിന്നും ഉയരുന്നുണ്ട്‌. ഓപ്പൺ സർവകലാശാലയിൽ 2020–- 21 അധ്യയനവർഷം കോഴ്‌സുകൾ ആരംഭിക്കില്ല. സർവകലാശാലയുടെ പഠനവകുപ്പുകൾ, യുജിസി മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളൊരുക്കൽ, ഓൺലൈൻ പഠനത്തിന്‌ ആവശ്യമായ സ്റ്റുഡിയോകളുടെ നിർമാണം, റീജ്യണൽ പഠനകേന്ദ്രങ്ങൾ, സ്റ്റഡി സെന്ററുകൾ, സർവകലാശാലയുടെ ആക്ട്‌, സ്റ്റാറ്റ്യൂട്ട്‌ തുടങ്ങിയവ തയ്യാറാക്കൽ എന്നിവയിലായിരിക്കും വിസി, പിവിസി, രജിസ്‌ട്രാർ എന്നിവരുടെ കൂട്ടായ പരിശ്രമം ഉൗന്നൽ നൽകുക.

സർവകലാശാല പൂർണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിലായിരിക്കുമോ
അല്ല. ഓൺലൈൻ വിദ്യാഭ്യാസത്തെ അങ്ങനെ കെട്ടിപ്പുണരേണ്ട ഒന്നല്ല. ഒട്ടേറെ പരിമിതികൾ അതിനുണ്ട്‌. വിദ്യാഭ്യാസം എന്നത്‌  അധ്യാപകനും വിദ്യാർഥിയും അടുത്തിരുന്നുള്ള പഠനമാകണം. എന്നാൽ, ഡിജിറ്റൽ പഠനരീതിയുടെ  സാധ്യതകൾ ലോകം അംഗീകരിച്ച നാളുകളാണ്‌ മുന്നിലുള്ളത്‌. രണ്ടുവർഷംമുമ്പായിരുന്നെങ്കിൽ ഓൺലൈൻ സർവകലാശാല എന്ന്‌ കേട്ടാൽ  ജനം ഗൗരവത്തിലെടുക്കുമായിരുന്നില്ല. പക്ഷേ, മഹാമാരിക്കാലത്ത്‌ ഡിജിറ്റൽ വിദ്യാഭ്യാസം നമുക്കു മുന്നിൽ അനിവാര്യമായി. അതിന്റെ പരിമിതികളും സാധ്യതകളും എന്തെന്ന്‌ സാധാരണ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്‌. ഓപ്പൺ സർവകലാശാല സമ്മിശ്രിത പഠനരീതിയാണ്‌ സ്വീകരിക്കുക. ക്ലാസ്‌ റൂം, ഓൺലൈൻ, പാഠപുസ്‌തക പഠനങ്ങളെ സമഞ്‌ജസം സമന്വയിപ്പിച്ചുള്ള പഠനരീതിതന്നെയാണ്‌ പിന്തുടരുക.

സംസ്ഥാനത്തെ ഇതര സർവകലാശാലകളിൽനിന്ന്‌ വ്യത്യസ്‌തമാകുമോ
കേരളത്തിലെ പ്രധാന സർവകലാശാലകളുടെ അടിത്തറയുടെ ശക്തിതന്നെയാണ്‌ ഓപ്പൺ സർവകലാശാലയുടെയും ബലം. എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാൻ നമ്മുടെ സർവകലാശാലകൾ വിദൂര വിദ്യാഭ്യാസവിഭാഗത്തിലൂടെ നടത്തിയ ശ്രമങ്ങൾ ചെറുതല്ല. അവയെല്ലാം ഒരു കുടക്കീഴിലേക്ക്‌ കൊണ്ടുവന്ന്‌ ഏറ്റവും ആധുനികമായ ഉന്നത വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുക എന്നതാണ്‌ ഓപ്പൺ സർവകലാശാലയുടെ ദൗത്യം.
 
കോഴ്‌സുകളുടെ ഘടന എങ്ങനെയായിരിക്കും
കോഴ്‌സുകൾ സിലബസ്‌, പഠനവിഭാഗങ്ങൾ എന്നിവ കേരളത്തിന്റെ ഭാവിയെക്കൂടി മുന്നിൽ കണ്ടുകൊണ്ടുള്ളതായിരിക്കും. ഏത്‌ വിഷയത്തിൽ പഠനം ആഗ്രഹിക്കുന്നവർക്കും ആശ്രയിക്കാൻ കഴിയുന്ന കോഴ്‌സുകൾ ഉണ്ടാകും. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ വിഷയങ്ങൾക്കു പുറമെ ആധുനിക ലോകത്തിലെ തൊഴിൽമേഖല ആവശ്യപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, ബ്ലോക്ക്‌ ചെയിൻ സാങ്കേതികവിദ്യ തുടങ്ങിയ കോഴ്‌സുകളുടെ സാധ്യതകളും പരിശോധിക്കും.

ഓപ്പൺ സർവകലാശാലയുടെ അക്കാദമിക്‌ നിലവാരം എങ്ങനെ ഉറപ്പാക്കും
ഓപ്പൺ സർവകലാശാല എന്നാൽ തപാൽവഴി പഠനമാണെന്ന പഴയൊരു ധാരണ പലരിലും ഇന്നും അവശേഷിക്കുന്നുണ്ട്‌. കോഴ്‌സിന്‌ ചേർന്നാൽ മതി, സർട്ടിഫിക്കറ്റ്‌ കൈയിൽ കിട്ടും എന്ന മിഥ്യാധാരണ പുലർത്തുന്നവരുമുണ്ട്‌. പക്ഷേ, വർത്തമാനകാലത്ത്‌ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഓപ്പൺ സർവകലാശാലകൾ ലോകത്തുണ്ട്‌. ഗുരുനാമത്തിലുള്ള നമ്മുടെ സർവകലാശാല ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ജാഗ്രതപാലിക്കും. അക്കാദമിക്‌ നിലവാരം കാത്തുസൂക്ഷിക്കുന്നതിനൊപ്പം പരീക്ഷാ നടത്തിപ്പ്‌, ഫലപ്രഖ്യാപനം എന്നിവയിൽ സമയകൃത്യത ഉറപ്പാക്കും. ഓരോ വിഷയത്തിലും ആ വിഷയം കൈകാര്യം ചെയ്യാൻ പ്രഗത്ഭരായവരെയാകും അധ്യാപകരായി നിയമിക്കുക. ഓരോ കോഴ്‌സിന്റെയും കാലവധിക്കുള്ളിൽ വിദ്യാർഥിക്ക്‌ വാഗ്‌ദാനം ചെയ്‌ത അറിവ്‌ ലഭ്യമാകുന്നുവെന്ന്‌ ഉറപ്പാക്കും. ലഭ്യമാകുന്ന അറിവ്‌ വിദ്യാർഥിയുടെ ജീവിതമുന്നേറ്റത്തിന്‌ ഉപകരിക്കുന്ന ഫലപ്രാപ്‌തി വിദ്യാഭ്യാസം ഉറപ്പാക്കുന്ന അക്കാദമിക്‌ നിലവാരം എല്ലായ്‌പ്പോഴും കാത്തുസൂക്ഷിക്കാൻ പ്രരംഭത്തിൽത്തന്നെ നടപടി സ്വീകരിക്കും.

( തയ്യാറാക്കിയത്‌ എം വി പ്രദീപ്‌ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top