18 February Tuesday

പൂന്തോട്ടത്തിലെത്തുന്ന ഈച്ചകൾ

അനിൽകുമാർ എ വിUpdated: Wednesday Aug 21, 2019


വഴിയിൽനിന്ന് കിട്ടുന്നതെന്തും അതേപടി വാരിവലിച്ചിട്ട് വാർത്തയാക്കാനാണെങ്കിൽ ഇപ്പോഴത്തെ ഈ  മാധ്യമ പ്രവർത്തനം അധികം കൊണ്ടുനടക്കാൻ നാട്ടുകാർ സമ്മതിക്കുമെന്ന് തോന്നുന്നില്ലെന്ന  മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബിന്റെ ആത്മവിമർശനം സഹപ്രവർത്തകർക്കുള്ള മുന്നറിയിപ്പുകൂടിയാണ്. രാജ്യം അപകടത്തിലായ ഫാസിസ്റ്റ് ഉന്മാദഘട്ടത്തിലും  കേരളത്തിലെ ചാനലുകളും പത്രങ്ങളും പൈങ്കിളി നിലവാരത്തിലാണ്. "ദരിദ്ര ജനാധിപത്യം, സമ്പന്ന മാധ്യമം' എന്ന കോർപറേറ്റ് നിർവചനത്തിലേക്ക് അവയും ചേക്കേറിക്കഴിഞ്ഞു. കശ്മീരിന് പ്രത്യേകപദവി നൽകുന്ന 370–ാം അനുച്ഛേദം റദ്ദാക്കൽ, മോഡിയുടെ ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ സൈനിക മേധാവി പ്രഖ്യാപനം, പെഹ്ലൂഖാനെ വധിച്ച പശുഭീകരർക്ക് കുറ്റവിമുക്തി, ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ പേരു മാറ്റണമെന്ന ബിജെപി എംപിയുടെ ആവശ്യം, മനുസ്മൃതി നിയമമായുള്ള ആദ്യ ഹിന്ദു കോടതി മീററ്റിൽ സ്ഥാപിച്ചത്,  സംവരണത്തിനെതിരായ മോഹൻ ഭാഗവതിന്റെ അസഹിഷ്ണുത‐ തുടങ്ങിയ ജീവൻമരണ പ്രശ്നങ്ങൾ ഉയർന്ന ദിവസങ്ങളിലും മലയാളത്തിൽ സിപിഐ എം വിരുദ്ധനിർമിത വാർത്തകളുടെ കുത്തൊഴുക്കായിരുന്നു.

ഒരു ദിവസത്തെ ചാനലുകളുടെ ചർച്ചയിൽ  സിപിഐ എം പ്രാദേശിക നേതാവ് ഓമനക്കുട്ടൻ ദുരിതാശ്വാസ ക്യാമ്പിൽ  പണപ്പിരിവ് നടത്തിയെന്നും നിർബന്ധിച്ചാണ് കാശ്  വാങ്ങിയതെന്നും  ഉറപ്പിച്ചു.  അപ്പോഴും  ഓമനക്കുട്ടൻ   നിരപരാധിയാണെന്ന് കേരളം തിരിച്ചറിഞ്ഞു. ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങളുമായെത്തിയ ഓട്ടോക്കാരനുള്ള 70 രൂപയായിരുന്നു ആ കൂലിപ്പണിക്കാരൻ പിരിച്ചത്. രണ്ടാംദിവസം അതേ അവതാരകർ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഓമനക്കുട്ടനോട് ആരൊക്കെ മാപ്പുപറയണം എന്ന വിഷയത്തിലായിരുന്നു  ചർച്ച. അത് ശ്രദ്ധിച്ച ഏവർക്കും ഉറപ്പായ കാര്യം  മാധ്യമങ്ങളാണ്  ക്ഷമ ചോദിക്കേണ്ടതെന്നാണ്. നിരപരാധിയും നിഷ്കളങ്കനും അതിലേറെ ദരിദ്രനുമായ ഓമനക്കുട്ടനെ "അഴിമതിക്കാരൻ' എന്ന് മുദ്രകുത്തി ആനന്ദത്തിലാറാടിയ "ജനാധിപത്യത്തിന്റെ നാലാംതൂണുകൾ' വാർത്ത തിരുത്തുന്നതിനുപകരം ദുരൂഹതകൾ മുളപ്പിക്കുകയായിരുന്നു. പത്രധർമം മുൻനിർത്തി അമേരിക്കയിൽനിന്ന് വന്ന ഒരു ഫലിതം മലയാള മാധ്യമങ്ങളെക്കൂടി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. യുവതിയെ സിംഹം അക്രമിക്കുന്നതുകണ്ട ധീരനായ സിറിയൻ യുവാവ് അതിനെ സാഹസികമായി  കീഴടക്കി‐ പിറ്റേന്ന് പത്രങ്ങളിൽ  പേജ് നിറഞ്ഞ വാർത്ത: അമേരിക്കക്കാരനായ  ധീര യുവാവ് സിംഹത്തെ കീഴ്പ്പെടുത്തി യുവതിയെ  രക്ഷിച്ചു. അത് ശ്രദ്ധയിൽപ്പെട്ട  അയാൾ  പത്രാധിപർക്ക് മെയിൽ അയച്ചു:  താൻ അമേരിക്കക്കാരനല്ല; സിറിയൻ അഭയാർഥിയാണ്. പിറ്റേന്ന് പത്രത്തിൽ തിരുത്ത്: സിറിയക്കാരൻ മുസ്ലിം തീവ്രവാദി, പാർക്കിൽ യുവതിയുമായി വിനോദത്തിലേർപ്പെട്ട സിംഹത്തെ അകാരണമായി അക്രമിച്ചു; വന സംരക്ഷണ നിയമപ്രകാരം നടപടിയുണ്ടാകുമെന്ന് സൂചന.

വളരെ കൗതുകമുള്ള ശവമടക്കൽ ആചാരരീതിയാണ് പാർസികൾക്കിടയിൽ. അവർ ജഡം ദഹിപ്പിക്കുകയോ അടക്കുകയോ ഇല്ല. പകരം ശവം അലങ്കരിച്ച മഞ്ചലിൽ കൊണ്ടുവന്ന്  തുറന്നുവച്ച് പക്ഷികൾക്ക്,  പ്രത്യേകിച്ച് കഴുകന്മാർക്ക് ഭക്ഷണമായി നൽകും. "ദോക്ക് മെനാഷിനി' എന്നറിയപ്പെടുന്ന ചടങ്ങിൽ "ടവർ ഓഫ് സൈലൻസ്' എന്ന  കൂറ്റൻ  കിടങ്ങിൽ അലങ്കരിച്ച മൃതദേഹം വച്ചശേഷം മറ്റുള്ളവർ  കൈകൊട്ടി കഴുകന്മാരെ വിളിക്കും. ഇരച്ചെത്തുന്ന അവ മൃതദേഹം തിന്നും. അവശേഷിക്കുന്ന എല്ലിൻകഷണങ്ങൾ ശേഖരിച്ച് തുണിയിൽ പൊതിഞ്ഞ് കിടങ്ങിന് നടുവിലെ  കിണറിൽ നിക്ഷേപിക്കുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും.

പച്ച മനുഷ്യരെ കഴുകന്മാരെക്കൊണ്ട് കൊത്തിവലിപ്പിക്കുകയാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ. ഇന്ത്യയിൽ  ടെലിവിഷൻ മാധ്യമപ്രവർത്തനത്തിന്റെ എല്ലാ ഉള്ളടക്കങ്ങളും കൈമോശം വന്നുവെന്ന  മാഗ്സസെ പുരസ്കാര  ജേതാവ്  രവീഷ് കുമാറിന്റെ അഭിപ്രായം വിട്ടുകളയാനാകില്ല.  ചാനലുകൾ ചർച്ചകളാൽ  നിറഞ്ഞിരിക്കുന്നു. ഒരു തരത്തിലുള്ള വിവരവും ജനങ്ങളിലെത്തിക്കാതെ ചർച്ചനടത്തിയാൽ ഒരു കാര്യവുമില്ല. ഡൽഹിക്കും മുംബൈക്കും പുറത്ത് എന്തുനടക്കുന്നുവെന്ന് ഒരു ധാരണയുമില്ല. കാഴ്ചപ്പാടുകൾ ആധാരമാക്കിയ ചർച്ചകളാണ് മുന്നോട്ടുപോകുന്നത്. വസ്തുത പുറത്തുകൊണ്ടുവരാൻ കഴിയാത്തതിനാൽ  മാധ്യമപ്രവർത്തകരുടെ അധ്വാനം നിഷ്ഫലമാകുകയാണ്. അന്വേഷണമില്ല, വാർത്തകൾ പുറത്തുകൊണ്ടുവരുന്നുമില്ല, ശരിയായ ഷോർട്ടുകളോ എഡിറ്റിങ്ങോ  നടക്കുന്നില്ല. ടെലിവിഷന്റെ എല്ലാ ഉള്ളടക്കങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.  വാർത്താ മുറികളിൽ  അവതാരകരെയും അതിഥികളെയും ഗുസ്തിക്കാരെയും നിറച്ചാണ് ചർച്ചകളെന്ന രവീഷ് കുമാറിന്റെ  നേർത്ത പരിഹാസം നമ്മുടെ ചില സുഹൃത്തുക്കളുടെ മുഖങ്ങളാണ് തെളിച്ചുകൊണ്ടുവരുന്നത്. പൂന്തോട്ടത്തിൽ ഈച്ചകൾ പറന്നെത്താറില്ല, ശലഭങ്ങളേ വരാറുള്ളൂ. അതുപോലെ നാറിയ അവശിഷ്ടങ്ങൾ കുന്നുകൂടിയയിടങ്ങൾ ഈച്ചകളെക്കൊണ്ട് നിറയാറുണ്ട്;  തേനീച്ചകൾ ഉണ്ടാകാറുമില്ലെന്ന പ്രയോഗം ശരിവയ്ക്കുകയാണ് അവരുടെ കുറ്റകരങ്ങളായ നടപടികൾ. 

"ഗോമാതാ'വിന്റെ മറവിൽ കാവിപ്പട നടത്തിയ ആൾക്കൂട്ട ഭീകരതയുടെ  ഇരയാണ് പെഹ്ലൂഖാൻ. രാജസ്ഥാനിലെ ബിജെപി സർക്കാർ  കേസ് അട്ടിമറിക്കാൻ തുനിഞ്ഞതിനാൽ  ആറു പ്രതികളെയും കോടതി വെറുതെവിട്ടു. നീതി നിഷേധിക്കപ്പെട്ടുവെന്നും ഉയർന്ന നീതിപീഠത്തിൽ  അപ്പീൽ നൽകുമെന്നും കുടുംബം പ്രതികരിച്ചത് വാർത്താവിഭവമായി തോന്നിയതേയില്ല മാധ്യമ സിംഹങ്ങൾക്ക്. ലോകപ്രശസ്തമായ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ പേര് എംഎൻയു എന്നാക്കണമെന്ന ബിജെപി എംപി ഹാൻസ് രാജ് ഹാൻസിന്റെ ആവശ്യം നിസ്സാരമാക്കി. ആ സർവകലാശാലയെ നശിപ്പിക്കാൻ കേന്ദ്രം നീക്കംതുടരുന്നുവെന്ന വിമർശനം  നിലവിലുണ്ട്. ഗവേഷണങ്ങൾക്കും മറ്റുമുള്ള ഫണ്ട് കുത്തനെ വെട്ടിക്കുറച്ചു. സംഘപരിവാറുകാരെ  പ്രധാനസ്ഥാനങ്ങളിൽ തിരുകിക്കയറ്റുകയും ചെയ്തു. പൂർവികരുടെ തെറ്റിന് വില നൽകിക്കൊണ്ടിരിക്കുകയാണ് നമ്മൾ. ജെഎൻയുവിനെ എംഎൻയു എന്ന് പുനർനാമകരണം ചെയ്യണം. മോഡിജിയുടെ പേരിൽ എന്തെങ്കിലും വേണ്ടേ. 1969ലാണ്  ജവാഹർലാൽ നെഹ്റുവിന്റെ പേരിൽ  ജെഎൻയു സ്ഥാപിതമായത്. കാലുമാറ്റത്തിന്റെ രാജാവാണ് ഹാൻസ് രാജ് എന്നതുപോലും മാധ്യമങ്ങൾ ഒരുവേള മറന്നു. അദ്ദേഹം പ്രവർത്തിക്കുന്ന  മൂന്നാമത്തെ പാർടിയാണ് ബിജെപി. 2009ൽ ആദ്യം ചേർന്നത് ശിരോമണി അകാലിദളിൽ. 2016 ഫെബ്രുവരിയിൽ കോൺഗ്രസിലെത്തി. ഒരു വർഷം തികയുംമുമ്പ് ഡിസംബറിൽ  ബിജെപിയിലെത്തി.

കർണാടകയിലെ നെറികെട്ട "ആയാറാം ഗയാറാം' രാഷ്ട്രീയത്തിന് "നേരോടെ, നിർഭയം, നിരന്തരം' ആകാശവാഹനങ്ങൾ ഒരുക്കിയത് കേരളത്തിലെ ഒരു ചാനൽ മേധാവിയാണ്. ആ കാലുമാറ്റക്കളിയിലെ പ്രധാനിയായ ഹൊസ്കോട്ട എംഎൽഎഎംടി ബി നാഗരാജ് കോഴപ്പണംകൊണ്ട് 11 കോടിരൂപ വിലയുള്ള റോൾസ് റോയ്സ് ഫാന്റം 8 കാർ വാങ്ങിയത് മറച്ചുപിടിച്ചാണ് ഓമനക്കുട്ടന്റെ  70 രൂപയുടെ "അഴിമതി' അവർ മുറിച്ചുകീറി രക്തംവീഴ്ത്തിയത്. ഏറ്റവും കൂടുതൽ വിലയുള്ള വാഹനത്തിന്റെ ഉടമ എന്ന തലക്കുറി ആ കോൺഗ്രസ് വിമതനാണ്.  ഒരു പത്രപ്രവർത്തകന്  തൊഴിലെടുക്കാൻ  ജേണലിസം ബിരുദം മതിയാകും. എന്നാൽ,  സാമൂഹ്യബോധവും പ്രതിബദ്ധതയും  സത്യസന്ധതയും മുറുകെപ്പിടിക്കാൻ ആത്മപരിശോധനയുടെ പുതുക്കിപ്പണിയലുകൾ അനിവാര്യമാണെന്ന് പറയേണ്ടതുണ്ട്.

"ഹിന്ദു' പത്രത്തിൽ  "കാൻ ജേണലിസ്സ്റ്തു ഹാവ് ഫാന്റം സ്പൈൻ' എന്ന ശീർഷകത്തിൽ പംക്തികാരനും "ഹൗ ടു മെയ്ക്ക് എനിമീസ് ആൻഡ് ഒഫൻഡ് പീപ്പിൾ' എന്ന പ്രശസ്ത കൃതിയുടെ കർത്താവുമായ  ജി സമ്പത്ത് എഴുതിയ    കുറിപ്പ് അസാമാന്യ ഉൾക്കാഴ്ച നിറഞ്ഞതായിരുന്നു. മൂന്നുമാസമായി പുറംവേദനയാൽ വലയുന്ന പത്രപ്രവർത്തകൻ  എല്ലുരോഗ വിദഗ്ധനെ സമീപിക്കുകയാണ്.  മാധ്യമപ്രവർത്തകർക്ക് പ്രത്യേക ഇളവ് കൊടുക്കാറുള്ള അദ്ദേഹം എക്റേയാ നോക്കി പൊട്ടിത്തെറിച്ചു.  അതിൽ  ഒരു നട്ടെല്ല് തെളിയുന്നുവെന്നും അതിനാൽ അയാൾ പത്രപ്രവർത്തകനാകാൻ ഒരു സാധ്യതയുമില്ലെന്നും  ഉറപ്പിച്ച ഡോക്ടർ,  ചേംബറിൽനിന്ന്  ഇറങ്ങിപ്പോകാൻ  ആക്രോശിക്കുകയാണ്.  പരിഭ്രാന്തനായ അയാൾ   പത്രപ്രവർത്തകനാണെന്ന് തെളിയിക്കാൻ  പ്രസ്കാർഡ് നീട്ടി. അത്  ഫോട്ടോഷോപ്പാണെന്നായിരുന്നു  ഡോക്ടറുടെ നിഗമനം. ഗൂഗിൾ തെരഞ്ഞ് താനെഴുതിയ വാർത്തകളും  റിപ്പോർട്ടുകൾക്ക് നൽകിയ പേരുകളും എടുത്തിടുകയായിരുന്നു അയാൾ.  അതിലും  വിശ്വാസംവരാത്ത  ഡോക്ടർക്കു മുന്നിൽ താൻ മാധ്യമപ്രവർത്തകനാണെന്നതിന്  കേന്ദ്ര മന്ത്രി നൽകിയ കത്തും അതിലെ ലോകത്തിൽത്തന്നെ  പ്രഗത്ഭനാണെന്ന     സാക്ഷ്യപത്രവും നിരത്തി.  അതു കഴിഞ്ഞും ഡോക്ടറുടെ സമീപനത്തിൽ മാറ്റമുണ്ടായില്ല.  ഇന്ത്യയിലെ ഒരു പത്രപ്രവർത്തകന്  ആദ്യ ജോലിയിലെ പകുതി വർഷത്തിൽത്തന്നെ നട്ടെല്ല് ഇല്ലാതാകുമെന്നും അതിനാൽ അയാളൊരു മാധ്യമപ്രവർത്തകനല്ലെന്നും പ്രത്യേക ഇളവ് ലക്ഷ്യമാക്കി കബളിപ്പിക്കാൻ വന്നയാളാണെന്നും വിശദീകരിച്ച്   ഇറക്കിവിട്ടു. അങ്ങനെ മുന്നേറുന്ന ലേഖനം  മാധ്യമപ്രവർത്തകരെ മാത്രമല്ല  "ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യ' മെന്ന് മേനിനടിക്കുന്ന ഇന്ത്യയിലെ അധികാര സംവിധാനത്തോട്  വിധേയരായി  നട്ടെല്ലില്ലാതെ ഇഴയുന്ന സെലിബ്രിറ്റികൾ, ബ്യൂറോക്രാറ്റുകൾ, പൊലീസുകാർ, വ്യവസായികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലെയും പ്രാതിനിധ്യങ്ങളെ തുറന്നുകാട്ടുകയാണ്.
 


പ്രധാന വാർത്തകൾ
 Top