22 October Thursday

മധ്യതിരുവിതാംകൂറിൽ യുഡിഎഫ്‌ ഇല്ലാതാകും - പാർടി എടുത്ത നിർണായക തീരുമാനത്തെ കുറിച്ച്‌ ജോസ്‌ കെ മാണി

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


നാലുപതിറ്റാണ്ടിനടുത്ത്‌ യുഡിഎഫിനൊപ്പം നിന്ന പ്രധാന പാർടിയായ കേരളാകോൺഗ്രസിന്റെ പുതിയ പ്രഖ്യാപനം കേരള രാഷ്ട്രീയത്തിൽ വലിയ ചലനമാണ്‌ സൃഷ്ടിച്ചത്‌.  തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ പാർടി എടുത്ത നിർണായക തീരുമാനത്തെ കുറിച്ച്‌ വിശദീകരിക്കുകയാണ്‌ ജോസ്‌ കെ മാണി:

സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിനിർണയിക്കുന്നതാണ്‌ പാർടി തീരുമാനമെന്ന്‌ പറയാൻ എന്താണ്‌ കാരണം?
മറ്റ്‌ മേഖലകളിൽ യുഡിഎഫിന്‌ പരാജയം ഉണ്ടാകുമ്പോഴും മധ്യതിരുവിതാംകൂറിലെ സീറ്റുകളാണ്‌ സഹായിക്കാറ്‌. കേരള കോൺഗ്രസിന്‌ മേൽക്കൈയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിന്‌ അനായാസ ജയം നേടാനായിട്ടുണ്ട്‌. കേരളാ കോൺഗ്രസ്‌ മുന്നണിമാറുമ്പോൾ യുഡിഎഫിനെ സാരമായി ബാധിക്കുമെന്നത്‌ അവർക്കുതന്നെ ബോധ്യമുള്ള കാര്യമാണ്‌‌.

മുന്നണിയെ  വഞ്ചിച്ചെന്ന ആരോപണം
യുഡിഎഫ്‌ കെട്ടിപ്പടുക്കാൻ നേതൃപരമായ പങ്കുവഹിച്ച പാർടിയെ ജൂൺ 29ന്‌ പടിയടച്ച് പുറത്താക്കിയതിനുപിന്നിൽ കോൺഗ്രസിലെ ചില നേതാക്കളുടെ ഗൂഢതാൽപര്യമുണ്ട്‌. ഇല്ലാത്ത കരാറിന്റെ പേരിൽ പി ജെ ജോസഫിന്‌ എല്ലാ പിന്തുണയും നൽകി പാർടി പിടിച്ചെടുക്കാൻ സഹായം ചെയ്‌തു. തങ്ങൾ നൽകിയ പരാതികൾ കണ്ടില്ലെന്ന്‌ നടിച്ച്‌ പുറത്താക്കിയവർ കെ എം  മാണിയുടെ ആത്മാവിനെയും ഒപ്പംനിന്ന ജനവിഭാഗത്തെയുമാണ് അപമാനിച്ചത്.

കോൺഗ്രസിലെ ചിലർ പിന്നിൽനിന്നും കുത്തിയെന്ന്‌ കെ എം മാണി പറഞ്ഞിട്ടുണ്ടല്ലോ
കേരള കോൺഗ്രസിനെ തകർക്കാനുള്ള  ശ്രമങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ യുഡിഎഫ് വിടാനുള്ള തീരുമാനം 2016 ൽ ചരൽക്കുന്നിൽ പ്രഖ്യാപിച്ചത്‌. ക്യാമ്പിൽ കെ എം മാണി പറഞ്ഞകാര്യം വീണ്ടും പ്രസക്തമായപ്പോഴാണ്‌ മുന്നണിവിട്ടത്‌.

മുന്നണി മാറുമ്പോൾ
കർഷക–-ജനകീയ പ്രശ്‌നങ്ങളിൽ മുമ്പും എൽഡിഎഫുമായി കൈകോർത്ത്‌ നിന്നിട്ടുണ്ട്‌. കെ എം മാണി യുഡിഎഫിലും എൽഡിഎഫിലുമായി 13 ബജറ്റുകളവതരിപ്പിച്ചു. ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ കെ എം മാണി നല്ല പങ്കുവഹിച്ചു. 1980ലെ എൽഡിഎഫ്‌ മന്ത്രിസഭയിൽ അംഗമായിരിക്കെയാണ്‌ കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെയുള്ളവ ആവിഷ്‌കരിക്കാനായത്‌.  പ്രത്യേക യോജിപ്പിന്റെ രാഷ്‌ട്രീയ നിലപാട്‌ ആസിയൻ കരാറിനെതിരായ സമരത്തിലുണ്ടായി. കുടിയേറ്റ കർഷകരുടെ പ്രശ്‌നങ്ങളിലും പട്ടയ പ്രശ്‌നങ്ങളിലുമെല്ലാം എൽഡിഎഫിനോട്‌  യോജിച്ചിട്ടുണ്ട്‌.

തയ്യാറാക്കിയത്‌ :- കെ ടി രാജീവ്‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top