10 July Friday

കൊറോണ നൽകുന്ന പാഠം

എളമരം കരീംUpdated: Friday Apr 17, 2020

കൊറോണബാധയെ നേരിടുന്നതിൽ കേരളം കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ച്‌ ‘വാഷിംഗ്ടൺ പോസ്റ്റ്’  ഒരു വാർത്ത പ്രസിദ്ധീകരിച്ചു. ലോകമാകെ; അത്ഭുതത്തോടെയാണ് കേരളത്തെ വീക്ഷിക്കുന്നത്‌. സമ്പത്തിലും ശാസ്ത്രസാങ്കേതികരംഗത്തും  മുൻപന്തിയിൽ നിൽക്കുന്ന  രാഷ്ട്രങ്ങളെല്ലാം കൊറോണ വൈറസ് ബാധയെത്തുടർന്ന് ഗുരുതരമായ ഭീഷണി നേരിടുമ്പോഴാണ്‌ വികസ്വര രാജ്യമായ ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം വേറിട്ടുനിൽക്കുന്നത്‌.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയങ്ങളാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ അവസരം നൽകിയത്‌. 1956ൽ സംസ്ഥാനം രൂപംകൊണ്ടതിനുശേഷം,1957 മുതൽ കമ്യൂണിസ്റ്റ് പാർടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണികളും  ദീർഘകാലം അധികാരത്തിൽ വരികയുണ്ടായി. 1957ലെ ഇ എം എസ് സർക്കാർമുതൽ, 2016ൽ അധികാരത്തിൽ വന്ന  പിണറായി വിജയൻ സർക്കാർവരെ കൈവരിച്ച നേട്ടങ്ങൾ  എടുത്തുപറയത്തക്കതാണ്‌. 1957 മുതൽ  വികസിച്ചുവന്ന പൊതു ആരോഗ്യമേഖല, ആർദ്രം പദ്ധതിയിലൂടെ കൂടുതൽ ഉയർച്ച നേടി.

എല്ലാ മേഖലയും സ്വകാര്യവൽക്കരിക്കുന്ന, ആഗോളവൽക്കരണ–-ഉദാരവൽക്കരണ നയങ്ങൾ, 1991 മുതൽ നടപ്പാക്കാൻ കേന്ദ്ര സർക്കാരുകൾ ശ്രമിച്ചുവരുന്നതിനിടെയാണ് കേരളത്തിലെ പൊതുമേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും നമുക്ക് സാധിച്ചത്‌. യുഡിഎഫ് സർക്കാരും കേന്ദ്രനയം നടപ്പാക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. 2001ൽ എ കെ ആന്റണി സർക്കാർ എഡിബി വായ്പയുടെ നിബന്ധനകളുടെ ഭാഗമായി, സംസ്ഥാനത്തെ പൊതുമേഖലയെ തകർക്കാൻ വലിയ ശ്രമം നടത്തുകയുണ്ടായി.


 

സോവിയറ്റ് യൂണിയന്റെ  തകർച്ചയ്ക്കുശേഷം സാമ്രാജ്യത്വശക്തികൾ  ആഗോളവൽക്കരണ–-സ്വകാര്യവൽക്കരണ നയങ്ങളിലൂടെ ലോകത്തിനുമേൽ കുത്തകമുതലാളി വർഗാധിപത്യം അടിച്ചേൽപ്പിച്ചു. സ്വകാര്യവൽക്കരണത്തിലൂടെ ഉൽപ്പാദന–-സേവന മേഖലകളിലൊന്നും സർക്കാർ ഇടപെടേണ്ടതില്ലെന്നും  സ്വകാര്യമൂലധനത്തിനും കമ്പോളത്തിനും അനിയന്ത്രിതമായ സ്വാതന്ത്ര്യം നൽകണമെന്നും സാമ്രാജ്യത്വം വാദിച്ചു. ലോകബാങ്ക്–-ഐഎംഎഫ്–-ലോകവ്യാപാരസംഘടനഎന്നീ അന്തർദേശീയ സ്ഥാപനങ്ങളെ  ഉപയോഗിച്ച് ഭൂരിപക്ഷം രാഷ്ട്രങ്ങളെയും ഈ നയത്തിന് കീഴിലാക്കി. ഇതിന്റെ ഭാഗമായി പൊതുജനാരോഗ്യമേഖലയും  മൂലധനശക്തികൾ നിയന്ത്രണത്തിലാക്കി.

1987ൽ ലോകബാങ്ക് “വികസ്വരരാജ്യങ്ങളിലെ ആരോഗ്യമേഖലയെ സഹായിക്കൽ” എന്ന ഒരു രേഖ തയ്യാറാക്കി. അതിൽ  നിർദേശിച്ചത്‌ രോഗികൾ ചികിത്സയ്ക്കായി ചെലവഴിക്കുന്ന തുക വർധിപ്പിക്കുക, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് വികസിപ്പിക്കുക എന്നിവയായിരുന്നു.  പൊതു ആരോഗ്യസംവിധാനം പടിപടിയായി ഇല്ലാതാക്കണമെന്നും നിർദേശിക്കപ്പെട്ടു. സർക്കാർചികിത്സ കിട്ടാതെ വന്നാലേ, ആരോഗ്യ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് വളരാൻ കഴിയൂ.  ഇതോടൊപ്പം സ്വകാര്യമൂലധനം ആരോഗ്യമേഖലയിൽ വർധിപ്പിക്കാനും നിർദേശിക്കപ്പെട്ടു. ആരോഗ്യ സംരക്ഷണത്തിനായുള്ള സർക്കാർ ചെലവ് കുറയ്ക്കാനും ഭാരം ജനങ്ങളുടെ ചുമലിലേക്ക് മാറ്റാനുമായിരുന്നു ലക്ഷ്യം. 1993ൽ ലോകബാങ്കിന്റെ പുതിയ റിപ്പോർട്ടിൽ, ആരോഗ്യമേഖലയിൽ  കൂടുതൽ സ്വകാര്യനിക്ഷേപം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു. ലോകാരോഗ്യസംഘടന, യുനിസെഫ് എന്നീ അന്തർദേശീയ ഏജൻസികളെ ദുർബലമാക്കി, ലോകബാങ്ക് നയരൂപീകരണത്തിന്റെ  നിയന്ത്രണം ഏറ്റെടുത്തു. 1991ൽ ഇന്ത്യയിൽ അധികാരത്തിൽ വന്ന നരസിംഹറാവു സർക്കാർ, ലോകബാങ്കിന്റെ നയം അംഗീകരിച്ചു. 1991 മുതൽ ആരോഗ്യമേഖലയ്ക്കുള്ള സർക്കാർ ചെലവ് കുറയ്ക്കാൻ തുടങ്ങി. 1990ൽ ജിഡിപിയുടെ 1.3 ശതമാനം ആയിരുന്ന ആരോഗ്യമേഖലയ്ക്കുള്ള ചെലവ്‌ 1999 ആകുമ്പോഴേക്ക് 0.9 ശതമാനമായി. ആരോഗ്യമേഖലയിൽനിന്ന്‌ സർക്കാർ പിന്മാറിയാൽ  ജനങ്ങൾക്ക് സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരും. 

2003ൽ വാജ്പേയി സർക്കാരാണ്  ഇന്ത്യയിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി നൽകിയത്‌. ഇപ്പോൾ 42 സ്വകാര്യ ഇൻഷുറൻസ് കമ്പനി പ്രവർത്തിക്കുന്നുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പ്രവർത്തിക്കുന്നത്‌. പകർച്ചവ്യാധികളും മറ്റും വ്യാപിക്കുമ്പോൾ, ജനങ്ങളെ സംരക്ഷിക്കാൻ കേരളത്തെപ്പോലെ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കോ ഇന്ത്യാ ഗവൺമെന്റിനോ അമേരിക്കപോലുള്ള  സമ്പന്ന മുതലാളിത്ത രാജ്യങ്ങൾക്കോ കഴിയാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമാണ് മുകളിൽ കൊടുത്തത്‌. 

ലാഭക്കൊതിയൻമാരായ മരുന്നുകമ്പനികൾ, വാങ്ങാൻ കഴിവുള്ളവരെ ലക്ഷ്യംവച്ചാണ് ഉൽപ്പാദനം നടത്തുന്നത്‌. പാവപ്പെട്ടവർക്ക് വേണ്ട മരുന്നുകൾ ആവശ്യത്തിന് ലഭ്യമല്ല. മലേറിയ, കോളറ, ഡെങ്കിപ്പനി, എയ്ഡ്സ് തുടങ്ങിയവയ്ക്കുള്ള മരുന്നുകളേക്കാൾ, ഗവേഷണം നടക്കുന്നതും പണം മുടക്കുന്നതും ഹൃദ്രോഗ, ക്യാൻസർ ചികിത്സ മുതലായവയ്ക്കാണ്.


 

വികസ്വര–-മൂന്നാംലോക രാജ്യങ്ങളിൽ, നേരത്തേ ചില എൻജിഒകൾ, ജീവകാരുണ്യപ്രവർത്തന ട്രസ്റ്റുകൾ തുടങ്ങിയവ ചികിത്സാരംഗത്ത് പ്രവർത്തിച്ചിരുന്നു. ഇവ ജനങ്ങൾക്ക് ചെറിയ ആശ്വാസമായിരുന്നു. വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനികളും അവരെ സഹായിക്കുന്ന അന്തർദേശീയ നിയമങ്ങളും (പേറ്റന്റ്നിയമം)ചെറുകിടക്കാരെ തുരത്തി. വികസ്വര രാജ്യങ്ങളിലും ചെലവഴിക്കാൻ കഴിവുള്ള ഒരു വിഭാഗം ഉണ്ടാകും. അവരെ ലക്ഷ്യംവച്ചാണ് കുത്തകസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്‌. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ സാഹചര്യം ഇതാണ്. കൊറോണ വ്യാപിച്ചപ്പോൾ, പരിശോധന നടത്താനോ ചികിത്സ നൽകാനോ പൊതു ആരോഗ്യസംവിധാനങ്ങൾ ഇല്ലാത്തതാണ്‌ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലും സ്ഥിതി വഷളാക്കിയത്‌.

ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണകൂടവും കേരളത്തിലെ എൽഡിഎഫ് സർക്കാരും ജനക്ഷേമത്തിലൂന്നിയ നയം  നടപ്പാക്കുന്നു. മനുഷ്യന്റെ ജീവിതപുരോഗതിയാണ് ഇവരുടെ നയങ്ങൾക്ക് ആധാരം. അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന മുതലാളിത്ത രാഷ്ട്രങ്ങളും ഇന്ത്യയും മുതലാളിത്ത നയങ്ങൾ നടപ്പാക്കുന്നു. അവിടെ സ്വകാര്യനിക്ഷേപവും പരമാവധി ലാഭവുമാണ് ലക്ഷ്യം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top