29 May Friday

പുതിയ മാതൃകകൾ ഉണ്ടാകട്ടെ

പ്രഭാത്‌ പട്‌നായിക്‌Updated: Friday May 10, 2019


എന്റെ യുവത്വത്തിൽ മാതൃകയായിരുന്ന ആരാധ്യപുരുഷർ, അവരിപ്പോഴും എനിക്ക് അങ്ങനെതന്നെയാണെങ്കിലും, ഇന്നത്തെ യുവാക്കൾക്ക് അങ്ങനെയല്ല.  അവരുടെ പേര് തന്നെ  ഇവർ കേട്ടിട്ടില്ലെന്നറിയുന്നത് എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ്. ഇത്തരത്തിലുള്ള രണ്ട‌്  അനുഭവങ്ങൾ സമീപകാലത്ത് എനിക്കുണ്ടായി.

ഗ്രാംഷിയുടെ സുഹൃത്തായ പിയറെ സ്രാഫ
ഒരു അന്താരാഷ്ട്രസമ്മേളനത്തിൽ  പങ്കെടുത്തുകൊണ്ടിരിക്കെ,  ഒരു അക്കാദമിക്കിനോട്   ഞാൻ പിയറെ സ്രാഫയെപ്പറ്റി പറഞ്ഞപ്പോൾ, അവർ ഒന്നും അറിയാത്ത മട്ടിലാണ് പെരുമാറിയത്. അങ്ങനെയൊരാളെപ്പറ്റി കേട്ടിട്ടേയില്ല എന്ന് അവർ തുറന്നുപറഞ്ഞു.

പിയറെ സ്രാഫ, മുസ്സോളിനി തടവിലടച്ച അന്റോണിയോ ഗ്രാംഷിയുടെ അടുത്ത സുഹൃത്തായിരുന്നു. ഗ്രാംഷിയുടെ ബന്ധുവായ താത്തിയാനയ‌്ക്ക‌് പുറമെ, ജയിലിൽ അദ്ദേഹത്തെ സ്ഥിരമായി സന്ദർശിക്കുകയും അദ്ദേഹത്തിന് ഗ്രന്ഥരചനയ‌്ക്കുള്ള പുസ‌്തകങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ‌്ത ഏക വ്യക്തി സ്രാഫയാണ്. ഈ വിവരം ഗ്രാംഷിയുടെ ഏത് ജീവചരിത്രത്തിലും ലഭ്യമാണുതാനും.

ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിക്ക് രൂപംകൊടുക്കുന്നതിൽ  മുഖ്യ പങ്കുവഹിച്ച ആളായിരുന്നു സ്രാഫ. അദ്ദേഹം സാമ്പത്തികശാസ്ത്രത്തിലെ രണ്ട് വിപ്ലവങ്ങൾക്കുകൂടി ഉത്തരവാദിയാണ്. അതുവരെ, മുഖ്യധാരാ സാമ്പത്തികശാസ്ത്രം ചെയ‌്തുപോന്നത് "തികഞ്ഞ മത്സര’ത്തെ വിശകലനംചെയ്യുന്ന രീതിയാണല്ലോ.  അതിൽനിന്ന് മാറി, "അപൂർണ’മോ "കുത്തകാവകാശമുള്ള’തോ  ആയ മത്സരത്തെക്കുറിച്ച് പഠിക്കുന്നതിലേക്കുള്ള സൈദ്ധാന്തികമായ പരിവർത്തനത്തിന് വഴിയൊരുക്കിയത് സ്രാഫയാണ്. അദ്ദേഹത്തിന്റെ ഒരു ഇറ്റാലിയൻ ലേഖനത്തിന്റെ ഇംഗ്ലീഷ് പാഠഭേദം കെയ്ൻസ് 1926ൽ ഇക്കണോമിക് ജേർണലിൽ പ്രസിദ്ധപ്പെടുത്തി. മാത്രവുമല്ല, അദ്ദേഹത്തെ ഇറ്റലിയിൽ നിന്ന് കേംബ്രിഡ‌്ജിലേക്ക് കൊണ്ടുവരികയുംചെയ‌്തു. ഇടതുപക്ഷക്കാരനും പോരാത്തതിന് ജൂതനുംകൂടിയായ അദ്ദേഹം ഇറ്റലിയിൽത്തന്നെ  കഴിഞ്ഞിരുന്നെങ്കിൽ, ഫാസിസ്റ്റുകളുടെ സ്വാഭാവിക ഉന്നം അദ്ദേഹം ആയിത്തീർന്നേനെ. കേംബ്രിഡ‌്ജിൽ അദ്ദേഹം, സഹവാസിയായിരുന്ന ലുഡ്വിഗ് വിറ്റ്ഗെൻസ്റ്റീൻ എന്ന തത്വചിന്തകനുമായി ഗാഢസൗഹൃദത്തിലായി. സുഹൃത്തായ സ്രാഫയുമായി നടത്തിയ ചർച്ചകൾ  വിറ്റ്ഗെൻസ്റ്റീന്റെ രചനകളിലെ സൈദ്ധാന്തികനിലപാടുകളിൽ വലിയ മാറ്റം വരുത്താൻ ഇടയാക്കി.

കേംബ്രിഡ‌്ജിലായിരിക്കെ, 1960ൽ സ്രാഫ തന്റെ ദിശാമാറ്റത്തിനിടയാക്കിയ ‘പ്രൊഡക‌്ഷൻ ഓഫ‌് കമ്മോഡിറ്റീസ‌് ബൈ മീൻസ‌് ഓഫ‌് കമ്മോഡിറ്റീസ‌്’ എന്ന പുസ‌്തകത്തിലൂടെ, അതുവരെ വളരെ പ്രബലമായ പാരമ്പര്യമുണ്ടായിരുന്ന നിയോ ക്ലാസിക്കൽ സാമ്പത്തികശാസ്ത്രത്തെ വളരെ യുക്തിഭദ്രമായി തറപറ്റിക്കുകയും സാമ്പത്തികശാസ്ത്രത്തിന്റെ ക്ലാസിക്കൽ പാരമ്പര്യത്തിന്, ഒരു പുതിയ ഉണർവുണ്ടാക്കിയെടുക്കുകയും ചെയ‌്തു. മാർക‌്സ‌് അതിന്റെ ഒരു പ്രതിപുരുഷനായിരുന്നല്ലോ.  ഈ സിദ്ധാന്തപരമായ വ്യതിയാനത്തെ "സ്രാഫാ വിപ്ലവം' എന്നും വിശേഷിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ  ഒരു യുവ ഇറ്റാലിയൻ അക്കാദമിക്കിന് സ്രാഫ ഒരു ആരാധ്യപുരുഷൻ ആയിരുന്നിരിക്കണം. അദ്ദേഹം ഏറെക്കാലം അങ്ങനെതന്നെയായിരുന്നല്ലോ. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയുടെ രൂപവൽക്കരണവുമായി ബന്ധപ്പെട്ട ഒരാൾ എന്ന നിലയ‌്ക്ക് മാത്രമല്ല, 20–--ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ സാമൂഹ്യശാസ്ത്രജ്ഞരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി എന്ന നിലയ‌്ക്ക് !

അതുകൊണ്ടുതന്നെ എന്റെ സുഹൃത്ത് അത്തരമൊരു പേര‌് കേട്ടിട്ടുപോലുമില്ല എന്നത്  അത്യന്തം അത്ഭുതകരമായിത്തോന്നി. അവർ അരാഷ്ട്രീയപശ്ചാത്തലത്തിൽനിന്ന് വന്നവരുമല്ല.  അവരുടെ അച്ഛനും മുത്തച്ഛനും ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയിലായിരുന്നു.  ഇതുകൂടാതെ അവരുടെ മുത്തശ്ശി ഇടതുപക്ഷചിന്തകരുടെ മാനിഫെസ‌്റ്റോ ഗ്രൂപ്പിന്റെ സ്ഥാപകാംഗംകൂടിയായിരുന്നു. അതുകൊണ്ടുതന്നെ സ്രാഫയെക്കുറിച്ചുള്ള അവരുടെ അജ്ഞത ഏറെ വിചിത്രമായിത്തോന്നി.

ഹരേ കൃഷ‌്ണ കോനാർ
രണ്ടാമത്തെ അനുഭവം നാട്ടിൽനിന്നുതന്നെയാണ്. ബംഗാളിലെ ഒരു ബുദ്ധിശാലിയായ യുവ അക്കാദമിക്കുമായി ഈയിടെ സംസാരിച്ചുകൊണ്ടിരിക്കെ, അവർക്ക് ഹരേ കൃഷ‌്ണ കോനാർ എന്ന പേര് തീർത്തും അപരിചിതമാണ് എന്ന കാര്യം പെട്ടെന്നാണ് ഞാൻ ആശ്ചര്യത്തോടെ കണ്ടെത്തിയത്. ഹരേ കൃഷ‌്ണ കോനാർ എന്റെ യൗവനകാലത്ത്, ആരാധ്യനായ ഒരു രാഷ്ട്രീയവ്യക്തിത്വമായിരുന്നു. പശ്ചിമ ബംഗാളിൽ അദ്ദേഹം മുന്നോട്ടുവച്ച ഭൂപരിഷ‌്കരണവും  1960 കളിൽ സംസ്ഥാനത്തെ കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയുടെ മുഖ്യശിൽപ്പി എന്ന നിലയ‌്ക്കുള്ള പ്രവർത്തനവുമാണ് അതിനുകാരണം. അതുകൊണ്ടുതന്നെ ഒരു യുവ ബംഗാളി അക്കാദമിക്കിന് അങ്ങനെയൊരു പേര് തന്നെ അപരിചിതമായത് എന്നെ സംബന്ധിച്ചിടത്തോളം  തീർത്തും അതിശയകരമായിരുന്നു.

സ്വാതന്ത്ര്യലബ‌്ധിയുടെ കാലത്തെ ബംഗാൾ വിഭജനത്തെത്തുടർന്ന്, കമ്യൂണിസ്റ്റ് പാർടി ചരിത്രപ്രസിദ്ധമായ തേഭാഗാ സമരം നടത്തിയിരുന്ന ഭൂഭാഗങ്ങളിൽ ഏറെയും കിഴക്കൻ പാകിസ്ഥാനിലായിത്തീർന്നു. അത് ആ കർഷകപ്രക്ഷോഭത്തിന് ഒരു മാരകപ്രഹരമായിത്തീരുക മാത്രമല്ല, ഇപ്പുറത്തെ ബംഗാളിൽ  അവശേഷിച്ച കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെ ഒരു നഗരപ്രതിഭാസമാക്കി മാറ്റിത്തീർക്കുകയും ചെയ‌്തു.  കൊൽക്കത്തയ‌്ക്ക് ചുറ്റുമുണ്ടായിരുന്ന ‌ട്രേ‌ഡ‌് യൂണിയനുകളുടെ പിന്തുണയും  ട്രാം ചാർജ് വർധനയ‌്ക്കെതിരെയും മറ്റുമായി അതു നടത്തിയ പ്രക്ഷോഭങ്ങളും  കൊൽക്കത്ത പട്ടണത്തിലേക്ക് ഒഴുകിയെത്തിയിരുന്ന വിഭജനകാലത്തെ അഭയാർഥികൾക്കിടയിലെ തങ്ങളുടെ രക്ഷാപ്രവർത്തനങ്ങളും അതിന് നഗരത്തിൽ ഗണ്യമായ സ്വാധീനം ഉണ്ടാക്കിക്കൊടുത്തു. പ്രകടനങ്ങളുടെ നഗരം എന്ന് അതിന് ഒരു വിളിപ്പേര് ഉണ്ടാകുന്നത് ഇതുകൊണ്ടാണ്.

പക്ഷേ, സംസ്ഥാനത്തുടനീളം സ്വാധീനം ഉറപ്പിച്ചെടുക്കാൻ ഇത് മതിയാകുമായിരുന്നില്ല. കർഷകപ്രസ്ഥാനത്തിന്റെ ഒരു പുനരുജ്ജീവനം വേണ്ടതുണ്ടായിരുന്നു. ഇതാണ് 1960കളിൽ ഹരേ കൃഷ‌്ണ കോനാരുടെ നേതൃത്വത്തിൽ നടന്നത്.  സ്വാതന്ത്ര്യാനന്തര ബംഗാളിലെ ഭൂരഹിതർക്ക് അനുകൂലമായി ഭൂവിതരണം നടത്തിയതിനുപിന്നിലെ യഥാർഥ ശിൽപ്പി ഹരേ കൃഷ‌്ണ കോനാരായിരുന്നു. കോനാരെപ്പറ്റി കേട്ടിട്ടില്ലാത്ത ആ യുവ ബംഗാളി അക്കാദമിക്ക് ഒരു അരാഷ്ട്രീയജീവി ആയിരുന്നില്ല.

ചിലർ പറഞ്ഞേക്കാം, ഓരോ തലമുറയ‌്ക്കും അവരുടേതായ മാതൃകകളുണ്ടാകാം, ഇന്നത്തെ തലമുറയ‌്ക്ക് നമ്മുടെ കാലത്തെ മഹാരഥന്മാരെ, അങ്ങനെ അനുഭവപ്പെടാത്തതാകാം ഇതിനു കാരണം എന്ന്! പക്ഷേ ഇന്നലെകളിലെ അതികായന്മാരെക്കുറിച്ച് തികഞ്ഞ അജ്ഞത പുലർത്തുന്നതിന് ഇതൊന്നും ഒരു ന്യായമല്ലതന്നെ. ഞാൻ സംശയിക്കുന്നത്, ഇന്നത്തെ യുവത്വത്തിന് മാതൃകകളേ ഇല്ലെന്നാണ്. ഏറ്റവും ചുരുങ്ങിയപക്ഷം, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന പുരോഗമന രാഷ്ട്രീയത്തിന്റെ കാര്യത്തിൽ (സിദ്ധാന്തപരമായി ശൂന്യവും പ്രായോഗികമായി ഹാനികരവും ഈ ചർച്ചയിൽ അപ്രസക്തവുമായ മോഡിഭക്തിയുടെ കാര്യം തികച്ചും വ്യത്യസ‌്തമാണ‌്.)

മാതൃകകൾ ഇല്ലാത്തതിന‌് സാധ്യമായ ഒരു കാരണം ഇന്നത്തെ യുവത്വം കഠിനമനസ‌്കരാണ‌് എന്നതാകാം. എന്റെ തലമുറയിലെ വികാരജീവികളായ ചെറുപ്പക്കാരെപ്പോലെ അവർക്ക് അങ്ങനെയൊന്നിന്റെ ആവശ്യമില്ലാത്തതാകാം. പക്ഷേ ഇതും വിശ്വാസയോഗ്യമല്ല. മാതൃകകൾ സ്വാതന്ത്ര്യത്തിലേക്കുള്ള മാനവരാശിയുടെ പ്രയാണത്തിന് അത്യാവശ്യമാണ്.  ഭരണകൂടത്തെപ്പറ്റിയുള്ള മാർക‌്സിന്റെ സങ്കൽപ്പംപോലെ, അത് കൊഴിഞ്ഞുപോവുക, ആ യാത്ര പുരോഗമിക്കുമ്പോൾമാത്രമാണ്.  കൂടുതൽ വിശ്വസനീയമായ ഒരു കാരണം, നിയോലിബറൽ മേധാവിത്വത്തിന്റെ വർത്തമാനകാലസാഹചര്യങ്ങളിൽ, രൂപാന്തരപ്പെടുന്ന പുരോഗമനരാഷ്ട്രീയത്തിന്റെ പൊതു പിറകോട്ടടി തന്നെയാണ്.

നിയോലിബറലിസത്തിന്റെ പ്രതിസന്ധി, ഇന്ത്യയിലും ലോകത്താകെയും ഫാസിസത്തിന്റെ മുന്നേറ്റത്തിന് വഴിതെളിച്ചിട്ടുണ്ടെങ്കിലും, അത് ചെറുപ്പക്കാരിൽ പുരോഗമനാശയത്തിലുള്ള താൽപ്പര്യവും ഉണർത്തിവിട്ടിട്ടുണ്ട്. അതുകൊണ്ട്, ഒരുപക്ഷേ വരുംദിവസങ്ങളിൽ പുതിയ മാതൃകകൾ ഉയർന്നുവന്നേക്കാം.


പ്രധാന വാർത്തകൾ
 Top