26 March Tuesday

അമേരിക്കയോട് കേഴുന്ന മോഡി

പ്രകാശ്‌ കാരാട്ട്‌Updated: Thursday May 31, 2018


അമേരിക്കയുമായുള്ള നയതന്ത്രബന്ധത്തിന്റെ തിക്തഫലം രാജ്യത്ത‌് അനുഭവഭേദ്യമായിക്കൊണ്ടിരിക്കുകയാണ്. മോഡിയുടെ അവകാശവാദത്തിന് വിരുദ്ധമായി ഇന്ത്യൻ താൽപ്പര്യങ്ങളെയും സുരക്ഷാ ഉൽക്കണ്ഠകളെയും ഹനിക്കുന്ന രീതിയിലാണ് അത് പ്രകടമാകുന്നത്.

അമേരിക്കയുമായുള്ള ഇന്ത്യയുടെ സൈനിക, തന്ത്രപ്രധാന ബന്ധങ്ങൾ എങ്ങനെയാണ് നമ്മുടെ പ്രധാന താൽപ്പര്യങ്ങൾക്ക് തിരിച്ചടിയാകുന്നതെന്ന് അടുത്തയിടെയുണ്ടായ രണ്ട് സംഭവങ്ങൾ തെളിയിക്കുന്നു.  ഒന്നാമത്തേത് പ്രസിഡന്റ് ട്രംപ് ഇറാനുമായുള്ള ആണവകരാറിൽനിന്ന‌് ഏകപക്ഷീയമായി പിന്മാറിയതാണ്. യുഎന്നിലെ അഞ്ച് സ്ഥിരാംഗങ്ങളും(അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ) ജർമനിയും ഇറാനുമായി നടത്തിയ ദൈർഘ്യമേറിയ സംഭാഷണങ്ങൾക്കൊടുവിലാണ് കരാറിലെത്തിയത്. ഈ കരാറിൽ നിന്നാണ‌്, ഒപ്പിട്ട അഞ്ച് രാഷ്ട്രങ്ങളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത്.  ഇറാനെതിരെയുള്ള ഉപരോധം വീണ്ടും ഏർപ്പെടുത്തിയതിന് പുറമെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. ഇറാനുമായി വാണിജ്യ‐വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കൊക്കെ ഉപരോധം ബാധകമാകുമെന്നർഥം.

പ്രധാന എണ്ണ ഉൽപ്പാദക രാഷ്ട്രമാണ് ഇറാൻ. ഇന്ത്യക്ക് ഏറ്റവും കൂടുതൽ എണ്ണ നൽകുന്ന മൂന്നാമത്തെ രാഷ്ട്രം. 2007 ൽ യുഎൻ ഉപരോധം ഏർപ്പെടുത്തുന്നതിനുമുമ്പ് ഇറാന് രണ്ടാംസ്ഥാനമായിരുന്നു.  ആണവകരാറിന് ശേഷം ഉപരോധത്തിൽ ഇളവ് ലഭിച്ചതോടെ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിച്ചു.  ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പല തരത്തിലും ഇന്ത്യക്ക് ഗുണകരമാണ്. ഒന്നാമതായി നമ്മുടെ എണ്ണശുദ്ധീകരണശാലയ‌്ക്ക് അനുയോജ്യമായതരം എണ്ണയാണ് ഇറാനിൽനിന്നുലഭിക്കുന്നത്. രണ്ടാമതായി മറ്റ് എണ്ണ സ്രോതസ്സുകളിൽനിന്നുള്ളതിനേക്കാൾ ഇറാനിൽനിന്നും എണ്ണ എത്തിക്കുന്നതിന് ചെലവ് കുറവാണ്. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതിചെയ്യുകയാണ്.  വലിയ സാമ്പത്തികബാധ്യതയാണ് ഇത് വരുത്തിവയ‌്ക്കുന്നത്.  അതുകൊണ്ടു തന്നെ ഇറാനിൽനിന്ന‌് എണ്ണ ഇറക്കുമതിചെയ്യുകയെന്നത് രാജ്യതാൽപ്പര്യമാണ്.

വീണ്ടും അമേരിക്കൻ ഉപരോധഭീഷണി ഉയർന്നതോടെ ഇറാനിൽ നിന്ന‌് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയിൽ സമ്മർദമുയരും.  ഏതെങ്കിലും രാഷ്ട്രങ്ങളുടേതല്ല(അമേരിക്ക), മറിച്ച് യുഎൻ ഏർപ്പെടുത്തുന്ന ഉപരോധം മാത്രമേ ഇന്ത്യ അംഗീകരിക്കൂ എന്ന് വിദേശമന്ത്രി സുഷ‌്മ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും മുൻ അനുഭവം തെളിയിക്കുന്നത് അമേരിക്കൻ ഭീഷണിക്കുമുമ്പിൽ ഇന്ത്യ വഴങ്ങുമെന്നാണ്. 

അമേരിക്കയുമായി ആണവകരാറിൽ ഒപ്പിടാൻ ഏറെ താൽപ്പര്യം പ്രകടിപ്പിച്ച മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാർ അമേരിക്കൻ സമ്മർദത്തിന് വഴങ്ങുകയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയിൽ ഇറാനെതിരെ വോട്ട‌് ചെയ്യുകയും ചെയ്തു. ഇതാണ് യുഎൻ രക്ഷാസമിതി ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിലേക്ക് നയിച്ചത്.  ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതിയും നിക്ഷേപങ്ങളും കുറയ‌്ക്കാനും ഇന്ത്യ നിർബന്ധിതമായി.

നിലവിലുള്ള സ്ഥിതിയും സമാനമാണ്. ഇറാന്റെ തെക്കുകിഴക്കൻ തീരത്ത് ഛബാഹർ തുറമുഖനിർമാണത്തിന് ഇന്ത്യ വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന തുറമുഖമാണിത്. ഫർസദ് ബി വാതകപ്പാടത്തിലും ഇന്ത്യ വൻ നിക്ഷേപത്തിനൊരുങ്ങുകയാണ്.  ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക മുന്നോട്ടുപോകുന്ന പക്ഷം ഈ പദ്ധതിയെല്ലാം അവതാളത്തിലാകും.

ഇറാൻ വിഷയത്തിൽ ഇന്ത്യക്ക് അമേരിക്കയിൽനിന്ന് ഒരു ആനുകൂല്യവും ലഭിക്കില്ല. ഇന്ത്യ‐അമേരിക്ക ആണവകരാറിന്റെ മാർഗനിർദേശകമായി അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ച ഹൈഡ് ആക്ട് അനുസരിച്ച് ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻശ്രമങ്ങളുമായി ഇന്ത്യ സഹകരിക്കണം. രണ്ടാമത്തെ വിഷയം ഇന്ത്യയുടെ സുരക്ഷിതത്വത്തിനും ദേശീയ താൽപ്പര്യങ്ങൾക്കും ഇത‌് കൂടുതൽ ഹാനികരമാണ്.അമേരിക്കൻ കോൺഗ്രസ് പാസാക്കിയ കൗണ്ടറിങ‌് അമേരിക്ക അഡ്‌വേർസറീസ് ത്രൂ സാങ‌്ഷൻസ് ആക്ട് (അമേരിക്കൻ എതിരാളികളെ ഉപരോധത്തിലുടെ നേരിടാനുള്ള നിയമം) 2017 ആഗസ്തിലാണ് പാസാക്കിയത്.  ഈ നിയമമനുസരിച്ച് റഷ്യയുമായി പ്രതിരോധ, ഇന്റലിജൻസ് ഇടപാടുകളിൽ ഏർപ്പെടുന്നവർക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തും.

റഷ്യയുമായി തുടർന്നുവരുന്ന സംഘർഷത്തിന്റെ ഭാഗമായാണ് ഈ നിയമം. ഈ നിയമം ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പിനെയും ദോഷകരമായി ബാധിക്കും. സോവിയറ്റ് യൂണിയനിൽനിന്നും തുടർന്ന് റഷ്യയിൽനിന്നുമാണ് ഇന്ത്യ ഏറ്റവും കുടുതൽ പടക്കോപ്പുകൾ ഇറക്കുമതിചെയ്തിരുന്നത്. പ്രത്യേകിച്ചും 1970 ന് ശേഷം. എന്നാൽ, 2005ൽ മൻമോഹൻസിങ‌് സർക്കാർ അമേരിക്കയുമായി തന്ത്രപ്രധാനബന്ധം സ്ഥാപിച്ചതോടെ ഇന്ത്യ കൂടുതൽ ആയുധങ്ങൾ അമേരിക്കയിൽനിന്നും ഇസ്രയേലിൽനിന്നും വാങ്ങാൻ തുടങ്ങി. എന്നാൽ, ആധുനികമായ ആയുധങ്ങൾ ഇന്നും നൽകുന്നത് റഷ്യയാണ്.

ഇന്ത്യക്ക് ഏറ്റവും കൂടുതൽ പടക്കോപ്പുകൾ നൽകുന്ന രാഷ്ട്രമെന്ന പദവിയിൽനിന്ന‌് റഷ്യയെ നീക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയാക്കുന്നതിന്റെ പിന്നിലെ പ്രധാന വസ്തുതയും ഇതാണ്. അമേരിക്കയുമായുള്ള ആണവകരാറിന് പകരമായി അമേരിക്ക നൽകുന്ന വാഗ്ദാനവും അവരുമായുള്ള സൈനിക കൂട്ടുകെട്ടാണ്.

പ്രതിരോധ മന്ത്രാലയ സ്റ്റാൻഡിങ‌് കമ്മിറ്റിയുടെ 2017‐18 വർഷത്തെ ഡിമാൻഡ് ഫോർ ഗ്രാന്റ്‌സ് അനുസരിച്ച് 2013‐14 ൽനിന്ന‌് 2015‐16 ആകുമ്പോഴേക്കും അമേരിക്കയുമായുള്ള ആയുധ കരാർ 28895 കോടി രൂപയായി ഉയർന്നപ്പോൾ ഇതേ കാലയളവിൽ റഷ്യയുമായിട്ടുള്ളത് 8474 കോടി രുപയുടേത് മാത്രമാണ്.

പടക്കോപ്പുകൾക്കായി ഏതെങ്കിലും ഒരു രാജ്യത്തെമാത്രം ആശ്രയിക്കുന്നതിന് പകരം വിവിധ രാജ്യങ്ങളിൽനിന്നും വാങ്ങുക എന്നതാണ് ഇന്ത്യയുടെ താൽപ്പര്യസംരക്ഷണത്തിന് അനുയോജ്യം.  ഇന്ത്യ അടുത്തയിടെ റഷ്യയിൽനിന്ന‌് അത്യന്താധുനിക മിസൈൽ പ്രതിരോധസംവിധാനമായ എസ്400 ട്രയംഫ് സംവിധാനം വാങ്ങാൻ തീരുമാനിക്കുകയുണ്ടായി. റഷ്യയിൽനിന്ന‌് 200 കാമോവ് ഹെലികോപ്റ്ററുകൾ വാങ്ങാനും ഒരു ആണവമുങ്ങിക്കപ്പൽ വാടകയ‌്ക്ക് എടുക്കാനും പദ്ധതിയുണ്ട്.  ഇന്ത്യ എസ്400 വാങ്ങുന്നതിൽ അമേരിക്കയിലെ പാർലമെന്റംഗങ്ങളും ഗവൺമെന്റ‌് പ്രതിനിധികളും ഉൽക്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആയുധ ഇടപാടിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.  അത്യന്താധുനിക ആയുധസംവിധാനം വാങ്ങുന്നത് തടസ്സപ്പെടുത്തിയാൽ അത് ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പിനെയാണ് ബാധിക്കുക.

അമേരിക്കയുമായി അടുത്ത ബന്ധം സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി വല്ലാത്തൊരു അവസ്ഥയിലാണിപ്പോൾ.  റഷ്യൻ മിസൈൽ വാങ്ങുന്നതിന് ഇളവ് അനുവദിക്കണമെന്ന് മോഡി ഗവൺമെന്റ‌് അമേരിക്കയോട് കേഴുകയാണ്. 

അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധമെന്ന ഇരുമ്പുമറയ‌്ക്കകത്ത് സാമന്തരാഷ്ട്രമായി തരംതാഴ്ന്നുവെന്ന യാഥാർഥ്യമാണ് വെളിവാകുന്നത്. അമേരിക്കയുടെ തന്ത്രപ്രധാന താൽപ്പര്യങ്ങൾക്ക് ഇന്ത്യ വഴങ്ങാനാണ് കൂടുതൽ സാധ്യത. അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് എതിരാകുമെന്ന് രണ്ട് ദശാബ്ദമായി സിപിഐ എം മുന്നറിയിപ്പ് നൽകിവരികയായിരുന്നു.  എന്നാൽ, ഇത് കേൾക്കാൻ ആരും തയ്യാറായില്ല. അതിന്റെ ദുരന്തഫലമാണ് ഇപ്പോഴത്തേത്. 

ദേശീയ താൽപ്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന, സ്വാഭിമാനബോധമുള്ള ഏതൊരു സർക്കാരും റഷ്യയുടെയായാലും ഇറാന്റെ വിഷയമായാലും കർക്കശമായ നിലപാടുതന്നെ സ്വീകരിക്കും. സ്വന്തം താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയായിരിക്കണം മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഏർപ്പെടേണ്ടത്. ഇന്ത്യയുടെ തന്ത്രപ്രധാന സ്വയംഭരണാവകാശവും സ്വതന്ത്രമായ വിദേശനയവും സാമ്രാജ്യത്വരാഷ്ട്രങ്ങൾക്കുമുമ്പിൽ അടിയറവയ‌്ക്കരുത്. യുപിഎ സർക്കാരെന്നപോലെ ബിജെപി നേതൃത്വത്തിലുള്ള മോഡി സർക്കാരിൽനിന്നും അത്തരമൊരു സമീപനം പ്രതീക്ഷിക്കാനാകില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top