13 August Thursday

സംസ്ഥാന സർക്കാരും പാർടിയും

കോടിയേരി ബാലകൃഷ്ണൻUpdated: Friday Aug 30, 2019


സിപിഐ എം സംസ്ഥാന കമ്മിറ്റി രണ്ടാമതായി ചർച്ചചെയ്ത രേഖ സംസ്ഥാന സർക്കാരും പാർടിയും എന്നതാണ്. സർക്കാർ പ്രവർത്തിക്കുന്ന രാഷ്ട്രീയസാഹചര്യം മുൻകാലങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ്. എല്ലാ ജനാധിപത്യരീതികളെയും കാറ്റിൽപ്പറത്തി ആഗോളവൽക്കരണനയങ്ങൾ തീവ്രമായി നടപ്പാക്കുന്ന കേന്ദ്രസർക്കാരിന്റെ കീഴിലാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ഫെഡറൽ രീതികളെ തകർക്കുന്ന നയങ്ങൾകൂടിയാകുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുകയാണ്.

സാമ്പത്തികമായി സംസ്ഥാന സർക്കാരിനെ ഞെക്കിക്കൊല്ലാനുള്ള പദ്ധതികളും നടപ്പാക്കപ്പെടുകയാണ്. ഈ വർഷത്തെ വായ്പാപരിധി 24,000 കോടിയിൽനിന്ന് 19,000 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്. അടുത്തവർഷവും ഈ കുറവ് ആവർത്തിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, ജിഎസ്ടിയുടെ സംസ്ഥാനവിഹിതം കേന്ദ്രസേനയ്ക്കുള്ള ചെലവ് കഴിച്ചേ നൽകാനാകൂ എന്ന തീരുമാനവും ഗുരുതരമായ സ്ഥിതിവിശേഷമാണ് സമ്പദ്ഘടനയിൽ ഉണ്ടാക്കാൻപോകുന്നത്. വീണ്ടും പ്രളയം വന്നപ്പോൾ  മറ്റു സംസ്ഥാനങ്ങൾക്കായി 4500 കോടി രൂപയോളം സഹായിച്ച കേന്ദ്രസർക്കാർ കേരളത്തിന് ഒന്നും നൽകിയില്ല. ഇത്തരത്തിൽ സംസ്ഥാനത്തെ ഞെക്കിക്കൊല്ലുന്ന നയം കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുകയാണ്.

സംസ്ഥാനത്തോട് കാണിക്കുന്ന ഇത്തരം അവഗണനയ്ക്കെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് തയ്യാറാകുന്നുമില്ല. മാത്രമല്ല, സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പോലും തുരങ്കംവയ്ക്കാനുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്. പ്രകടനപത്രികയിലെ 600 പ്രഖ്യാപനങ്ങളിൽ 53 എണ്ണം മാത്രമേ തുടങ്ങാൻ അവശേഷിക്കുന്നുള്ളൂ.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ നേരത്തേതന്നെ പാർടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. 2017  മാർച്ച് 25, 26 തീയതികളിൽ പാർടി സംസ്ഥാന കമ്മിറ്റി ‘എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം ഒരു വിലയിരുത്തൽ’ എന്ന രേഖ അംഗീകരിച്ചിരുന്നു. അതിൽ മുന്നോട്ടുവച്ച കാര്യങ്ങൾ എത്രത്തോളം നടപ്പാക്കിയെന്ന പരിശോധന ഈ രേഖയിൽ നടത്തുകയുണ്ടായി. ജനങ്ങൾക്ക് പൊതുവിൽ നീതി നൽകണമെന്ന കാഴ്ചപ്പാട് നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

അടിസ്ഥാനസൗകര്യ വികസനത്തിനായി ആരംഭിച്ച 50,000 കോടി രൂപയുടെ കിഫ്ബി പദ്ധതികളിൽ 45,000 കോടി രൂപയുടെ  പദ്ധതികൾ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം 258 കോടിയായി ഉയരുകയും നെല്ലുൽപ്പാദനത്തിൽ ഉൾപ്പെടെ റെക്കോഡ് നേട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ ഉന്നയിക്കാറുള്ള വിമർശനം സാമൂഹ്യസുരക്ഷാ പദ്ധതികളിൽ ഊന്നി നിൽക്കുകയും വികസനപ്രവർത്തനങ്ങൾ മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്നായിരുന്നു. എന്നാൽ, അത്തരമൊരു വിമർശനം ഉയർത്താൻപോലും പറ്റാത്തവിധം അടിസ്ഥാന സൗകര്യവികസന രംഗത്ത് വൻ കുതിപ്പാണ് ഈ സർക്കാർ നടത്തിയത്. അടിസ്ഥാനസൗകര്യ വികസനത്തിനായി ആരംഭിച്ച 50,000 കോടി രൂപയുടെ കിഫ്ബി പദ്ധതികളിൽ 45,000 കോടി രൂപയുടെ  പദ്ധതികൾ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം 258 കോടിയായി ഉയരുകയും നെല്ലുൽപ്പാദനത്തിൽ ഉൾപ്പെടെ റെക്കോഡ് നേട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.

നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള ഇടപെടലും നടക്കുകയാണ്. ഇതിന്റെ ഫലമായി സ്വകാര്യനിക്ഷേപങ്ങൾ ധാരാളമായി കടന്നുവരുന്ന സാഹചര്യവും രൂപപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. നിസാൻ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ നിക്ഷേപത്തിനായി വന്നുകഴിഞ്ഞു. ഫുജിസു, ടൊയോറ്റോ, റെനേയോ തുടങ്ങിയ കമ്പനികളുമായി പ്രാഥമികചർച്ചകളും ആരംഭിച്ചു.

പ്രവാസികളുടെ നിക്ഷേപം വികസനത്തിനുപയോഗപ്പെടുത്തുക എന്ന കാഴ്ചപ്പാടുകൂടി ആരംഭിച്ച ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ 48 നിർദേശങ്ങളിൽ 10 നിർദേശങ്ങൾ തെരഞ്ഞെടുത്ത് നടപ്പാക്കുന്നതിനുള്ള നടപടിയും തുടങ്ങി. പ്രവാസികൾക്കുള്ള ആനുകൂല്യങ്ങളും സഹായങ്ങളും വർധിപ്പിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പദ്ധതിപ്രവർത്തനങ്ങൾ നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനും കഴിഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2017‐18ലെ പദ്ധതിച്ചെലവ് 90.09 ശതമാനവും 2018‐19ലേത് 92.98 ശതമാനവുമാണ്. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒരു സർവകാല റെക്കോഡാണ്.

പൊതുവിദ്യാഭ്യാസരംഗത്ത് 5 ലക്ഷത്തിലേറെ വിദ്യാർഥികളാണ് പുതുതായി വന്നിട്ടുള്ളത്. എൻഐആർഎഫ് റാങ്കിങ്ങിലെ ആദ്യ നൂറ് സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് 4 സർവകലാശാലകളും സ്ഥാനംപിടിച്ചു. സാമൂഹ്യസുരക്ഷാസംവിധാനം എന്ന നിലയിൽ പരമ്പരാഗത മേഖലയെ കണ്ട് ഇടപെടുന്നതിനും സർക്കാരിന് കഴിഞ്ഞു. 10 ലക്ഷത്തിലേറെ പേർക്ക് പുതുതായി ക്ഷേമനിധി പെൻഷൻ നൽകുകയുണ്ടായി.

സ്ത്രീകൾക്കുവേണ്ടി പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചു. പൊലീസ്, എക്സൈസ് തുടങ്ങിയ മേഖലകളിൽ സ്ത്രീപങ്കാളിത്തം വർധിപ്പിക്കാനും കഴിഞ്ഞു. സ്ത്രീകൾക്ക് മാത്രമായി ബജറ്റിൽ 10 ശതമാനം തുക മാറ്റിവച്ചു

പട്ടികജാതി‐പട്ടികവർഗക്കാരുടെ ജനംസഖ്യാനുപാതികമായി ഉള്ളതിനേക്കാൾ അധികവിഹിതം ബജറ്റിൽ ഉൾപ്പെടുത്തി രാജ്യത്തിനാകെ മാതൃകയാകാനും ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകൾക്കുവേണ്ടി പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചു. പൊലീസ്, എക്സൈസ് തുടങ്ങിയ മേഖലകളിൽ സ്ത്രീപങ്കാളിത്തം വർധിപ്പിക്കാനും കഴിഞ്ഞു. സ്ത്രീകൾക്ക് മാത്രമായി ബജറ്റിൽ 10 ശതമാനം തുക മാറ്റിവച്ചു. കുടുംബശ്രീയുടെ അംഗസംഖ്യ 12 ശതമാനം വർധിപ്പിക്കാനും കഴിഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 5 വർഷത്തിനിടയിൽ 450 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകിയത്. എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് വർഷം പിന്നിടുമ്പോൾ 1294 കോടി രൂപയാണ് ഈ ഇനത്തിൽ നൽകിയിരിക്കുന്നത്. ഈ തുക നൽകിയതാകട്ടെ വ്യക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും നീതി ഉറപ്പുവരുത്തുന്ന തരത്തിലുമായിരുന്നു.

പിഎസ്സി മുഖാന്തരം ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ നിയമിക്കാൻ കഴിഞ്ഞു. മാത്രമല്ല, 22,000 തസ്തികകൾ പുതുതായി കൊണ്ടുവന്നു. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനും കഴിയുകയുണ്ടായി. സ്ഥലംമാറ്റത്തിന് മാനദണ്ഡം കൊണ്ടുവന്ന് ജീവനക്കാർക്ക് നീതി ഉറപ്പുവരുത്തുന്നതിനും സർക്കാരിന് സാധ്യമായി.

ക്രമസമാധാനരംഗത്ത് രാജ്യത്ത് മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. വർഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെയും തീവ്രവാദപരമായ പ്രവർത്തനങ്ങളെയും അമർച്ച ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്നതിന് പൊലീസിന് കഴിഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ വർഗീയധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളെയും പ്രതിരോധിക്കാനായി. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന ഇടപെടൽ നടത്താനുമായിട്ടുണ്ട്.

കേരളത്തിന്റെ പരിസ്ഥിതിയെ സംബന്ധിച്ച് ധവളപത്രം ഇറക്കാനായി എന്നതും ശ്രദ്ധേയമായ ഒരു ചുവടുവയ്പുതന്നെയാണ്.

വ്യവസായം, സഹകരണം, ആരോഗ്യം, വൈദ്യുതി, വിവരസാങ്കേതികം, പൊതുമരാമത്ത്, ശാസ്ത്രസാങ്കേതികം, വിനോദസഞ്ചാരം, ഫിഷറീസ് എന്നീ മേഖലകളിലെ നയരേഖകൾ പ്രസിദ്ധീകരിച്ചുകൊണ്ട് ദിശാബോധത്തോടെ മുന്നോട്ടുപോകാനും സർക്കാരിനായി. കേരളത്തിന്റെ പരിസ്ഥിതിയെ സംബന്ധിച്ച് ധവളപത്രം ഇറക്കാനായി എന്നതും ശ്രദ്ധേയമായ ഒരു ചുവടുവയ്പുതന്നെയാണ്.

സർക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലയെ സംബന്ധിച്ചും രേഖ വിലയിരുത്തുകയുണ്ടായി. ഭരണരംഗത്ത് അഴിമതി നിർമാർജനം ചെയ്തെങ്കിലും ഉദ്യോഗസ്ഥതലത്തിൽ നിലനിൽക്കുന്ന അഴിമതി അവസാനിപ്പിക്കുന്നതിന് ശക്തമായ നിലപാടുകൾ സ്വീകരിക്കണം. സർക്കാർ അംഗീകരിക്കുന്ന പദ്ധതികൾ ബന്ധപ്പെട്ട ഏജൻസികൾ വേഗത്തിൽത്തന്നെ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനാകണം. സർക്കാർ ഗുണപരമായ നേട്ടങ്ങൾ സാധാരണക്കാർക്ക് നൽകുമ്പോൾ അതിനെതിരെ സ്ഥാപിത താൽപ്പര്യക്കാർ സ്വാഭാവികമായും രംഗത്തുവരും. ഇവരുടെ പ്രചാരവേലകളെ ജനങ്ങളെ അണിനിരത്തി നേരിടേണ്ടതിന്റെ പ്രാധാന്യവും മുന്നോട്ടുവച്ചിട്ടുണ്ട്. മിഷനുകളെ ജനകീയമാക്കാനുള്ള ഇടപെടലിന്റെ പ്രാധാന്യവും രേഖ എടുത്തുപറഞ്ഞു.

പൊതുമേഖല വിറ്റുതുലയ്ക്കുക, കാർഷികമേഖലയെ തകർക്കുക, ആരോഗ്യ, വിദ്യാഭ്യാസാദി മേഖലകളിൽനിന്ന് സർക്കാർ പിന്മാറുക, സാമൂഹ്യസുരക്ഷാ പദ്ധതിയെ തകർക്കുക, സിവിൽ സർവീസിനെ ഇല്ലാതാക്കുക, മതനിരപേക്ഷ മൂല്യങ്ങളെ തകർക്കുക, നവോത്ഥാന കാഴ്ചപ്പാടുകളെ തകിടം മറിക്കുക തുടങ്ങിയവയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനം. കോൺഗ്രസും ബിജെപിയും പിന്തുടർന്ന സാമ്പത്തികനയം ഇതായിരുന്നു. ഇതിൽനിന്ന് വ്യത്യസ്തമായ ബദൽ നയം മുന്നോട്ടുവച്ചാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്.

മതനിരപേക്ഷമൂല്യങ്ങളെ സംരക്ഷിക്കാനും നവോത്ഥാനമൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാനും ഇടപെടുന്ന സംസ്ഥാന സർക്കാർ ഇടതുപക്ഷ ബദൽ നയമാണ് മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്തെ സഹകരണമേഖലയെ ഞെക്കിക്കൊല്ലാനുള്ള കേന്ദ്രസർക്കാർ പരിശ്രമത്തെ പ്രതിരോധിച്ച് സംരക്ഷിച്ച് നിർത്തിയതും എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽ ഫലമായിട്ടായിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിനെ സംരക്ഷിക്കുക എന്നത് ആഗോളവൽക്കരണ നയങ്ങൾക്കെതിരായുള്ള ബദൽ നയങ്ങൾ മുന്നോട്ടുവച്ചുകൊണ്ടുള്ള പോരാട്ടത്തിന് പ്രധാനമാണ്. മാത്രമല്ല, കേരളത്തിന്റെ വികസനത്തെ ജനക്ഷേമകരമായ ഉള്ളടക്കത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇത് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

(അവസാനിച്ചു)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top