20 January Wednesday

ജനവിധിയുടെ പാഠങ്ങൾ

കോടിയേരി ബാലകൃഷ്ണൻUpdated: Friday May 31, 2019


ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വിലയിരുത്തൽ വ്യത്യസ്‌ത തരത്തിൽ തുടരുകയാണ്‌. ഫലം ഇടതുപക്ഷത്തിനും മതനിരപേക്ഷതയ്‌ക്കും കനത്ത ആഘാതമാണ്‌. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കി ഒരിക്കൽക്കൂടി സർക്കാർ രൂപീകരിച്ചിരിക്കുകയാണ്‌. 303 സീറ്റ്‌ ബിജെപിക്കുമാത്രം ലഭിച്ചു. തനിച്ചുള്ള ഭൂരിപക്ഷം. എൻഡിഎക്കാകെ 353 സീറ്റ്‌ ലഭിച്ചു. കഴിഞ്ഞ ലോക്‌സഭയേക്കാൾ 17 സീറ്റ്‌ വർധിച്ചു. ഹിന്ദുവർഗീയശക്തിയുടെ അധികാരത്തുടർച്ച സൃഷ്ടിക്കുന്ന അപകടകരമായ സ്ഥിതിയുടെ വ്യാപ്‌തി വിചാരിക്കുന്നതിനും അപ്പുറമാണ്‌. ഇതു ഉളവാക്കുന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ്‌ കേരളത്തിലെ ജനവിധിയെ സൂക്ഷ്‌മമായി വിലയിരുത്തേണ്ടത്‌. ബഹുസ്വരതയുടെ ഇന്ത്യ അവശേഷിക്കുമോ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌.

20 ലോക്‌സഭാ സീറ്റുള്ള കേരളത്തിൽ യുഡിഎഫിന്‌ 19ഉം എൽഡിഎഫിന്‌ 1 സീറ്റുമാണ്‌ ലഭിച്ചത്‌. അഞ്ച‌് സീറ്റ‌് നേടുമെന്ന്‌ പ്രഖ്യാപിച്ച ബിജെപി നയിച്ച എൻഡിഎക്കാകട്ടെ ഒരു സീറ്റും കിട്ടിയില്ല. ജനവിധിയുടെ അർഥം തേടുമ്പോൾ തെളിയുന്ന ചില ഘടകങ്ങളുണ്ട്‌. ഒന്നാമത്തെ കാര്യം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ മോഡി തരംഗം എന്നു വിശേഷിപ്പിക്കുന്ന രീതിയിൽ ബിജെപിക്ക്‌ അനുകൂലമായെങ്കിലും രാജ്യത്താകെ ഇതു പ്രതിഫലിച്ചില്ല. കേരളം, തമിഴ്‌നാട്‌, ആന്ധ്ര, തെലങ്കാന, പഞ്ചാബ്‌, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്ക്‌ മേൽക്കൈ ഉണ്ടായില്ല. അഞ്ചാണ്ടിലെ ഭരണം മോശമായിട്ടും മോഡിയുടെ നേതൃത്വത്തിൽ എൻഡിഎ ജയിച്ചു. ഹിന്ദുത്വവർഗീയത, തീവ്രദേശീയത, പണശക്തി, മാധ്യമപിന്തുണ, കോർപറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും അകമഴിഞ്ഞ സഹായം എന്നിവയെല്ലാം ചേർന്ന മിശ്രിതമാണ്‌ കാവിക്കൊടിയെ സഹായിച്ചത്‌.

ബിജെപിയുടെ പടയോട്ടം ദർശിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ സീറ്റ്‌ നൽകാതെ കേരളം മതനിരപേക്ഷമൂല്യം കാത്തുസൂക്ഷിച്ചു എന്നത്‌ പ്രധാനമാണ്‌.

ബിജെപിയുടെ പടയോട്ടം ദർശിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ സീറ്റ്‌ നൽകാതെ കേരളം മതനിരപേക്ഷമൂല്യം കാത്തുസൂക്ഷിച്ചു എന്നത്‌ പ്രധാനമാണ്‌. ഒന്നാം പൊതുതെരഞ്ഞെടുപ്പ്‌ കാലംതൊട്ട്‌ ഹിന്ദുവർഗീയതയുടെ ഇടപെടൽ കേരളത്തിലുണ്ട്‌. സ്വാതന്ത്ര്യത്തിനുമുമ്പും പിമ്പും മുസ്ലിംവിരുദ്ധ കലാപങ്ങൾ സംഘടിപ്പിച്ചാണ്‌ രാഷ്ട്രീയ സ്വയംസേവക്‌ സംഘ്‌ എന്ന ആർഎസ്‌എസ്‌ ഹിന്ദുക്കളിലെ വർഗീയവികാരം മുതലെടുത്തത്‌. ആ നയത്തെ എതിർക്കുന്നവരെ വകവരുത്താൻ അന്നുമിന്നും ഇക്കൂട്ടർക്ക്‌ മടിയില്ല. 1948ൽ മഹാത്മാഗാന്ധിയെ ഹിന്ദുവർഗീയവാദി ഗോഡ്‌സെ വെടിവച്ചുകൊന്നത്‌ അതിന്‌ ദൃഷ്ടാന്തമാണ്‌. അന്ന്‌ ഗാന്ധിജിയെ കശാപ്പ്‌ ചെയ്‌തപ്പോൾ കേരളത്തിലെ ചില പ്രദേശങ്ങളിൽ മധുരപലഹാരം വിതരണം ചെയ്‌ത‌് സന്തോഷിച്ചവരാണ്‌ സംഘപരിവാറുകാർ. ഗാന്ധിവധത്തെ തുടർന്ന്‌ ആർഎസ്‌എസിനെ നിരോധിച്ചതുകാരണം പിന്നീട്‌ കുറച്ചുകാലം ഇവിടെ പരസ്യപ്രവർത്തനം കുറഞ്ഞു. എന്നാൽ,പിന്നീട്‌ ചെറുതും വലുതുമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ച്‌ വർഗീയ ലഹളകളും കുഴപ്പങ്ങളും നടത്തി സംഘടനയെ വളർത്താൻ നോക്കി.

1950‐കളിലെ മണത്തല പ്രക്ഷോഭം, തളി സമരം, 1968ൽ മലപ്പുറം ജില്ലയ്‌ക്കെതിരായ പ്രക്ഷോഭം, 1971‐ലെ തലശ്ശേരി കലാപം, നിലയ്‌ക്കൽ പ്രക്ഷോഭം ‐ ഇങ്ങനെ വ്യത്യസ്‌ത സംഭവങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തെ വർഗീയമായി പിളർത്താൻ നോക്കി. ബാബ‌്റിമസ്‌ജിദ്‌ പൊളിച്ചതും കേന്ദ്രത്തിൽ ബിജെപി ഭരണം വന്നതും മുസ്ലിംലീഗിന്‌ മുഖ്യപങ്കുള്ള യുഡിഎഫ്‌ ഭരണകാലത്തെ വർഗീയനടപടികളും ഹിന്ദുവർഗീയ സംഘടനയുടെ വളർച്ചയ്‌ക്ക്‌ വഴിതെളിച്ചു. ഇതിന്റെയെല്ലാം ഫലമായാണ്‌ 1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 4.8 ശതമാനം വോട്ട്‌ വിഹിതവും 5,31,648 വോട്ടും ബിജെപി നേടിയത്‌. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ 12 ശതമാനവും 18,22,980 വോട്ടും നേടി. 2014‐ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 10.8 ശതമാനവും 19,44,204 വോട്ടും. ഇത്തവണത്തെ തെരഞ്ഞെടുപ്പിലാകട്ടെ, ബിജെപി നേതൃത്വത്തിലുള്ള മുന്നണിക്ക്‌ വോട്ട്‌ വിഹിതം 15.5 ശതമാനവും വോട്ട്‌ 31,71,792 മായി മാറിയിരിക്കുന്നു. ചില സീറ്റുകളിലെങ്കിലും യുഡിഎഫുമായി വോട്ട്‌ മറിക്കലും നടന്നിട്ടുണ്ട്‌. മോഡി‐അമിത്‌ ഷാ എന്നിവർ നയിച്ച പ്രചാരണങ്ങളും പണത്തിന്റെ വൻ കുത്തൊഴുക്കും വർഗീയതയും സങ്കുചിത ദേശീയതയും പരത്തിയിട്ടും സീറ്റൊന്നും കിട്ടിയില്ലായെന്നത്‌ മതനിരപേക്ഷതയുടെ വിജയമാണ്‌. അതുള്ളപ്പോൾതന്നെ ബിജെപിയുടെ ഹിന്ദുത്വ അജൻഡയ്‌ക്ക്‌ വോട്ടർമാരിൽ മോശമല്ലാത്ത ഒരു പങ്കിൽ സ്വാധീനം ഉണ്ടായിരിക്കുന്നു എന്ന ആപത്ത്‌ തിരിച്ചറിയേണ്ടതുണ്ട്‌. ഇക്കാര്യം വളരെ ഗൗരവമായി പരിശോധിക്കും. രണ്ടാം മോഡി ഭരണത്തിന്റെ തണലിൽ കേരളത്തിൽ സ്വാധീനം വർധിപ്പിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആർഎസ്‌എസിന്റെയും കേന്ദ്രഭരണക്കാരുടെയും നേതൃത്വത്തിൽ നടത്തും. അതിനെ ചെറുക്കാനുള്ള ഫലപ്രദമായ ശക്തി കമ്യൂണിസ്‌റ്റുകാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷമാണ്‌ എന്ന വസ്‌തുത മതനിരപേക്ഷബോധമുള്ള കേരള സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. ജനവിധി നൽകുന്ന പ്രധാനപ്പെട്ട പാഠങ്ങളിലൊന്നാണ്‌ ഇത്‌.

ദേശീയമായി കോൺഗ്രസ്‌ നിരാകരിക്കപ്പെട്ടു
ജനവിധിയുടെ അർഥം തേടുമ്പോൾ തെളിയുന്ന രണ്ടാമത്തെ ഘടകം ദേശീയമായി കോൺഗ്രസ്‌ നിരാകരിക്കപ്പെട്ടു എന്നാണ്‌. 1984ൽ രാജീവ്‌ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ 404 സീറ്റ്‌ നേടി വൻവിജയം കരസ്ഥമാക്കി. എന്നാൽ , ഇന്ന്‌ പ്രതിപക്ഷ നേതൃസ്ഥാനം ആർജിക്കാനുള്ള 55 സീറ്റ്‌ പോലും തികയ്‌ക്കാനില്ലാതെ കോൺഗ്രസ്‌ തകർന്നടിഞ്ഞു. ഹിന്ദി ഹൃദയഭൂമി എന്നു വിശേഷിപ്പിക്കുന്ന മധ്യപ്രദേശ്‌, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌ എന്നിവിടങ്ങളിൽ മാസങ്ങൾക്കുമുമ്പ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ സർക്കാർ രൂപീകരിച്ച കോൺഗ്രസ്‌ ആ മൂന്ന്‌ സംസ്ഥാനങ്ങളിലടക്കം വൻ തിരിച്ചടി നേരിടുകയും തകരുകയും ചെയ്‌തു. രാജസ്ഥാനിൽ ഒരു സീറ്റ്‌ പോലും കിട്ടിയില്ല. മധ്യപ്രദേശിലാകട്ടെ സീറ്റ്‌ ഒന്നുമാത്രം. കോൺഗ്രസ്‌ പിറന്ന മണ്ണായ മഹാരാഷ്ട്രയിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ആ പാർടി നേരിട്ടു. അവിടെ ഒരു സീറ്റിൽമാത്രം ജയം. 48 സീറ്റുള്ള മഹാരാഷ്ട്രയിൽ നാല‌് സീറ്റ്‌ എൻസിപി നേടി. 18 സംസ്ഥാനങ്ങളിൽ (കേന്ദ്രഭരണപ്രദേശങ്ങൾ ഉൾപ്പെടെ) കോൺഗ്രസിന്‌ ഒരുസീറ്റ്‌ പോലും ഇല്ല. 9 സംസ്ഥാനങ്ങളിൽ (കേന്ദ്രഭരണപ്രദേശങ്ങൾ ഉൾപ്പെടെ) ഓരോ സീറ്റ്‌ മാത്രം. രണ്ടക്കം തികച്ച ഏക സംസ്ഥാനം കേരളമാണ്‌. ഇപ്രകാരം കോൺഗ്രസ്‌ ദേശീയമായി തകർന്നിട്ടും എന്തുകൊണ്ട്‌ കേരളത്തിൽ അപ്രതീക്ഷിത വിജയം കോൺഗ്രസ്‌ നയിച്ച യുഡിഎഫിന്‌ ലഭിക്കുകയും എൽഡിഎഫിന്‌ കനത്ത പരാജയമുണ്ടാകുകയും ചെയ്‌തു?

സംസ്ഥാനത്ത്‌ എൽഡിഎഫ്‌‐യുഡിഎഫ്‌ മുന്നണികൾ ഒപ്പത്തിനൊപ്പമാണെങ്കിലും ചില തെരഞ്ഞെടുപ്പുകളിൽ വലിയ അന്തരം ഉണ്ടാകാറുണ്ട്‌. ഇക്കുറി എൽഡിഎഫിന്റെ വോട്ട്‌ വിഹിതത്തിൽ ഏറ്റവും വലിയ കുറവുണ്ടായി. 35.15 ശതമാനം. എന്നാൽ, യുഡിഎഫിന്റേത്‌ 47.23 ശതമാനമാണ്‌. യുഡിഎഫിന്‌ ലഭിച്ച വോട്ട്‌ 96,29,040 ആണ്‌. എൽഡിഎഫിന്റേത്‌ 71,65,387 ആണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ലഭിച്ചത്‌ 87,28,934 വോട്ടും 43.1 ശതമാനവുമാണ്‌. യുഡിഎഫിന്റേത്‌ 78.08 ലക്ഷം വോട്ടും 38.5 ശതമാനവും. അതായത്‌, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 15.63 ലക്ഷം വോട്ടിന്റെ കുറവ്‌ എൽഡിഎഫിനുണ്ടായി. 2004ൽ എൽഡിഎഫ്‌ 18 സീറ്റിൽ ജയിച്ചപ്പോൾ കിട്ടിയത്‌ 46.1 ശതമാനവും 69.62 ലക്ഷം വോട്ടും. വോട്ടിന്റെ എണ്ണത്തിൽ 2004ലെ തെരഞ്ഞെടുപ്പിനേക്കാൾ ഇപ്പോൾ ലഭിച്ചെങ്കിലും വിജയം ഒരു സീറ്റിൽ ഒതുങ്ങി. 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 67.13 ലക്ഷവും 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 65.64 ലക്ഷം വോട്ടുമാണ്‌ എൽഡിഎഫിന്‌ കിട്ടിയത‌്. 1996‐ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ജയിച്ചപ്പോൾ 65.64 ലക്ഷം വോട്ടാണ്‌ കിട്ടിയത്‌. ഇതടക്കമുള്ള ഘടകങ്ങൾ വ്യക്തമാക്കുന്നത്‌ സീറ്റിലും വോട്ട്‌ വിഹിതത്തിലും വലിയ കുറവ്‌ ഉണ്ടായിട്ടുണ്ടെങ്കിലും എൽഡിഎഫിന്റെ ബഹുജനാടിത്തറ തകർന്നിട്ടില്ല എന്നാണ്‌.

പക്ഷേ, എൽഡിഎഫിന്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച അത്ര വോട്ട്‌ ഇക്കുറി കിട്ടിയില്ലായെന്നതും എൽഡിഎഫിനേക്കാൾ ഉയർന്ന വോട്ട്‌ വിഹിതം യുഡിഎഫിനുണ്ടായി എന്നതും ഗൗരവമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കിവരികയാണ്‌. ഇപ്പോഴത്തെ പരാജയാവസ്ഥയെ മറികടന്നേ മതിയാകൂ. ജനവിധി എൽഡിഎഫ്‌ മാനിക്കുന്നു. ഞങ്ങൾക്ക്‌ കനത്ത തോൽവിയുണ്ടായി. ഇതിലേക്ക്‌ നയിച്ച കാരണങ്ങൾ വസ്‌തുനിഷ്‌ഠമായും സ്വയംവിമർശനമായും ഞങ്ങൾ പരിശോധിക്കും. പശ്‌ചിമബംഗാൾ, ത്രിപുര എന്നിവിടങ്ങളിലെ പരാജയത്തിനു പുറമെ, കേരളത്തിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടികാരണം സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും അംഗബലം പാർലമെന്റിൽ കുറഞ്ഞു. കഴിഞ്ഞ പാർലമെന്റിൽ കമ്യൂണിസ്‌റ്റ്‌ പാർടികളുടെ അംഗസംഖ്യ 10 ആയിരുന്നു. അത്‌ അഞ്ചായി കുറഞ്ഞു. സിപിഐ എമ്മിന്‌ മൂന്നും, സിപിഐക്ക്‌ രണ്ടും. തമിഴ്‌നാട്ടിൽനിന്നാണ്‌ നാല്‌ അംഗങ്ങളെ ലഭിച്ചത്‌. ലോക്‌സഭയിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയാണ്‌ ഇപ്പോഴത്തേത്‌. ഈ തിരിച്ചടി വളരെ ഗൗരവമായി പരിശോധിക്കാനാണ്‌ പാർടി പൊളിറ്റ്‌ബ്യൂറോയുടെ തീരുമാനം. ഈ മോശം പ്രകടനത്തിനു കാരണമായ ഘടകങ്ങൾ ഏതൊക്കെയെന്ന്‌ സ്വയംവിമർശനപരമായി വിലയിരുത്തും. ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള ഘടകങ്ങളുണ്ട്‌.

എന്നും  ജനങ്ങൾക്കൊപ്പം
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളെ സംബന്ധിച്ച പാർടിയുടെ കാഴ്‌ചപ്പാടും തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളും പരിശോധനയ്‌ക്ക്‌ വിധേയമാക്കും. തോൽവിയുടെ കാരണങ്ങൾ കണ്ടെത്തിയശേഷം തെറ്റുകളും വീഴ്‌ചകളും പരിഹരിക്കാൻ രാഷ്ട്രീയമായും സംഘടനാപരമായും സംസ്ഥാനത്ത്‌ ഭരണപരമായും നടപടികൾ സ്വീകരിക്കും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പാർടിയിൽനിന്നും എൽഡിഎഫിൽനിന്നും അകന്ന ജനവിഭാഗങ്ങളുടെ പിന്തുണ വീണ്ടും നേടിയെടുക്കുന്നതിനുള്ള കഠിനശ്രമം പാർടി നടത്തും.

ഇപ്പോഴത്തെ പരാജയത്തോടെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ അന്ത്യമായി എന്നു കരുതുന്നവർക്കും ഇടതുപക്ഷം നേരിട്ട തിരിച്ചടിയിൽ സന്തോഷിക്കുന്നവർക്കും നാളെ തെറ്റുപറ്റിയെന്ന്‌ പശ്ചാത്തപിക്കേണ്ടിവരും. യുഡിഎഫിന്റെ വിജയം അവർക്ക്‌ വോട്ടുചെയ്‌തവരെല്ലാം ആ പക്ഷത്തോട്‌ ദൃഢമായി കുറുമാറിയതുകൊണ്ടാണെന്ന വിലയിരുത്തൽ അബദ്ധമാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട്‌ ചായ്‌വ്‌ കാട്ടുക എന്നത്‌ കേരളത്തിന്റെ പൊതുസ്വഭാവമാണ്‌. ആ സ്വഭാവത്തിനൊപ്പം മോഡിപ്പേടികൂടി കടന്നുവന്നു. ബിജെപി അധികാരത്തിൽ തിരിച്ചുവരാതിരിക്കാൻ കേന്ദ്രത്തിൽ ഭരണം സ്ഥാപിക്കാനുള്ള ബദലായി ഇടതുപക്ഷത്തെ പൊതുവിൽ ജനങ്ങൾ കണ്ടില്ല. എന്നാൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണം വരുമെന്ന പ്രതീക്ഷ കേരളത്തിൽ സൃഷ്ടിക്കുന്നതിൽ യുഡിഎഫിന്റെയും വലതുപക്ഷമാധ്യമങ്ങളുടെയും പ്രചാരണങ്ങളും ചില സാമുദായികസംഘടനകളുടെ ഇടപെടലും സഹായിച്ചു. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തുന്നതിന്‌ ഹിന്ദുവർഗീയ ശക്തികൾ മാത്രമല്ല ന്യൂനപക്ഷത്തിന്റെ ലേബലുള്ള തീവ്രസംഘടനകളും യാഥാസ്ഥിതികസംഘടനകളും വ്യത്യസ്‌തതലങ്ങളിൽ പ്രവർത്തിച്ചു. മോഡിപ്പേടി കാരണം കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണം വരട്ടെ എന്ന ബോധം സുനാമികണക്ക്‌ അലയടിച്ചുയർന്നു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ഈ പ്രവണതയ്‌ക്ക്‌ ശക്തി പകരുകയും ചെയ്‌തു. ഇതിന്റെയെല്ലാം ഫലമായാണ്‌ വോട്ടർമാരിൽ ഗണ്യമായ ഒരു വിഭാഗം യുഡിഎഫിന്‌ അനുകൂലമായി ചാഞ്ഞത്‌. യുഡിഎഫ്‌ വിജയത്തിനുള്ള മുഖ്യകാരണം ഇതാണ്‌.

ജനവിധിയെ നിർണയിച്ച ഏറ്റവും പ്രധാന കാരണം ശബരിമല വിഷയമാണെന്ന അഭിപ്രായം അടിച്ചേൽപ്പിക്കുന്നതിനുവേണ്ടി കൊണ്ടുപിടിച്ച മാധ്യമചർച്ചകൾ നടക്കുന്നുണ്ട്‌. അങ്ങനെയെങ്കിൽ കേരളത്തിൽ ഒന്നോ അതിലധികമോ സീറ്റ്‌ ബിജെപിക്ക്‌ കിട്ടണമായിരുന്നു.

ജനവിധിയെ നിർണയിച്ച ഏറ്റവും പ്രധാന കാരണം ശബരിമല വിഷയമാണെന്ന അഭിപ്രായം അടിച്ചേൽപ്പിക്കുന്നതിനുവേണ്ടി കൊണ്ടുപിടിച്ച മാധ്യമചർച്ചകൾ നടക്കുന്നുണ്ട്‌. അങ്ങനെയെങ്കിൽ കേരളത്തിൽ ഒന്നോ അതിലധികമോ സീറ്റ്‌ ബിജെപിക്ക്‌ കിട്ടണമായിരുന്നു. ശബരിമല വിഷയത്തിൽ സുപ്രീംകോടതിവിധി നടപ്പാക്കാനുള്ള നിയമപരമായ ബാധ്യത ഭരണഘടനയോട്‌ ഉത്തരവാദിത്തമുള്ള ഏതു സംസ്ഥാന സർക്കാരിനുമുണ്ട്‌. അത്‌ നിർവഹിക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ ചെയ്‌തത്‌. എന്നാൽ, തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ഒറ്റപ്പെടുത്താനുള്ള ഒരു വിഷയമായി ശബരിമലയെ ശത്രുചേരി ഉപയോഗപ്പെടുത്തി. മതത്തെയോ വിശ്വാസത്തെയോ ഇല്ലാതാക്കാൻ നിലകൊള്ളുന്നവരല്ല എൽഡിഎഫും സംസ്ഥാന സർക്കാരും. എന്നാൽ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപിയും മറുവശത്ത്‌ കോൺഗ്രസ്‌ നേതൃത്വത്തിൽ യുഡിഎഫും ശബരിമലയെ തരംതാണ രീതിയിൽ പ്രചാരണവിഷയമാക്കി. മതത്തെയും ദൈവത്തെയും ദുരുപയോഗപ്പെടുത്തി വോട്ട്‌ പിടിക്കുകയായിരുന്നു അവർ. വീടുകളിൽ കയറി അവർ എൽഡിഎഫ്‌ സർക്കാരിനെതിരെ ഏറ്റവും നീചമായ പ്രചാരണം നടത്തി. ഇതിന്റെയെല്ലാം ഫലമായി എൽഡിഎഫിനെപ്പറ്റി വിശ്വാസികളിൽ ഒരുവിഭാഗത്തിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്‌. അത്‌ വോട്ടെടുപ്പിൽ എങ്ങനെയെല്ലാം പ്രതിഫലിച്ചു എന്ന പരിശോധന ഞങ്ങൾ നടത്തും. തെറ്റിദ്ധാരണ കാരണം എൽഡിഎഫിനെതിരെ വോട്ട്‌ ചെയ്‌തവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവരാനുള്ള ക്ഷമാപൂർവമായ പ്രവർത്തനം എൽഡിഎഫ്‌ നടത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ജനവിധി സംസ്ഥാന ഭരണത്തോടുള്ള അതൃപ്‌തിയായി ഞങ്ങൾ കാണുന്നില്ല. ഒരു മഹാപ്രളയത്തെ നേരിടുന്നതിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ ലോകത്തിനുതന്നെ മാതൃകയായി. വികസനപ്രവർത്തനത്തിലും ക്ഷേമകാര്യങ്ങളിലും ക്രമസമാധാനപരിപാലനത്തിലും മുന്നിലാണ്‌. ഏറ്റവും മികച്ച ഭരണം കാഴ്‌ചവയ്‌ക്കുന്ന സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ കൂടുതലായി എത്തേണ്ടതുണ്ട്‌. അതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രിതമായി നടത്തുന്നതിനുള്ള സംഘടനാപ്രവർത്തനങ്ങൾക്ക്‌ രൂപം നൽകും. എൽഡിഎഫിന്‌ വോട്ട്‌ ചെയ്‌തവരോട്‌ അതിയായ നന്ദിയും കടപ്പാടും ഞങ്ങൾക്കുണ്ട്‌. വ്യത്യസ്‌ത കാരണങ്ങളാൽ എൽഡിഎഫിന്‌ വോട്ട്‌ ചെയ്യാതിരുന്നവരോട്‌ ഞങ്ങൾക്ക്‌ ശത്രുതയില്ല. കാര്യങ്ങൾ മനസ്സിലാക്കി അവർ തിരികെ ഞങ്ങൾക്കൊപ്പം എത്തും എന്ന ഉറച്ചവിശ്വാസമുണ്ട്‌. തോറ്റാലും ജയിച്ചാലും ജനങ്ങൾക്കൊപ്പം എന്ന ചിന്തയ്‌ക്ക്‌ ഒരു മാറ്റവും വരുത്താൻ പാടില്ല. അതുകൊണ്ടുതന്നെ കമ്യൂണിസ്‌റ്റുകാരും പുരോഗമനശക്തികളും ജനങ്ങൾക്കുവേണ്ടി ചെയ്യുന്ന സാന്ത്വനപ്രവർത്തനങ്ങളും സഹായപ്രവർത്തനങ്ങളും രാഷ്ട്രീയ ഇടപെടലുകളും കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകണം. തെരഞ്ഞെടുപ്പിലെ പാഠങ്ങൾ മനസ്സിലാക്കി ആവശ്യമായ തിരുത്തലുകൾ വരുത്തി എൽഡിഎഫും സിപിഐ എമ്മും എൽഡിഎഫ്‌ ഗവൺമെന്റും മുന്നോട്ടുപോകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top