ഫുട്ബോൾ കളിയും കളിക്കാരും എത്ര ഗിരിശൃംഗങ്ങൾ വരെ വളർന്നാലും ബ്രസീൽ സൃഷ്ടിച്ച പെലെ എന്ന കറുത്തമുത്തിൻെറ സങ്കീർത്തനങ്ങൾ വേറിട്ട് നിൽക്കുക തന്നെ ചെയ്യും. സുന്ദരമായ കളിയിലൂടെ മൈതാനത്ത് സിംഫണികൾ രചിച്ച കാൽപ്പന്തിൻെറ ബീഥോവൻെറ കളി കാണാൻ യുദ്ധങ്ങൾ പോലും നിർത്തി വച്ചിട്ടുണ്ട്. 1969 ൽ നൈജീരിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ യുദ്ധം രക്തരൂക്ഷിതമായിരുന്ന കാലത്ത് ലാഗോസിൽ പെലയെുടെ സാന്തോസ് ക്ലബ് ടീം പങ്കെടുത്ത പ്രദർശന മത്സരം നടന്നു. 48 മണിക്കൂർ യുദ്ധം നിർത്തിവയ്ക്കാൻ പരസ്പരം കലഹിച്ച ഇരുകൂട്ടരും തീരുമാനിച്ചു. അതിനുശേഷം പുനരാരംഭിച്ച യുദ്ധം തീരാൻ പിന്നെയും ഒരു വർഷമെടുത്തു. അതായിരുന്നു അന്ന് ആ മാന്ത്രികൻെറ മാസ്മരിക സ്പർശം.
ലോക ഫുട്ബോൾ ചരിത്രത്തിലെ അനുപമമായ ഏടുകളിലൊന്ന് ഒരുനാൾ കറുപ്പിലും വെളുപ്പിലും മറ്റൊരുനാൾ കളറിലും രചിക്കപ്പെട്ടതാണ് 1950–-70 കളിൽ പെലെയുടെയും 1980–-90- കളിൽ ദ്യോഗോ മാറഡോണയുടെയും ആ വർണരഥ്യകൾ. നൂറ്റാണ്ടിൻെറ ജനകീയ താരം എന്ന തലപ്പാവ് മാറഡോണക്കാണെങ്കിൽ ഔദ്യോഗികതലത്തിൽ പെലയ്‌ക്കാണ് മികച്ച കളിക്കാരനെന്ന ബഹുമതി. എന്നിട്ടും മികച്ച താരം ആര് എന്ന ചോദ്യം ഉയർന്നപ്പോൾ ഒക്കെ ഈ രണ്ട് മഹാരഥന്മാരും കൊമ്പുകോർത്തതാണ് ലോകം കണ്ടത്.
താൻ ‘ ജോഗോ ബോണിറ്റോ’യെന്ന് ( മനോഹരമായ കളി) വിശേഷിപ്പിച്ച ഈ കളിയുടെ ഏറ്റവും നല്ല പ്രചാരകനും അംബാസഡറും ആണ് പെലെ. അദ്ദേഹം രാഷ്ട്രീയത്തിലും എത്തി. കുറച്ചു കാലം ബ്രസീലിൽ മന്ത്രിയുമായി. എന്നാൽ മാറഡോണയേപ്പോലെയോ സമകാലികനായ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ പോലെയോ സാമ്രാജ്യത്വ ചൂഷണത്തിനും വംശീയതക്കും വർണവെറിക്കുമെതിരെ ഉറച്ച നിലപാടെടുക്കാനോ വിമോചന പോരാട്ടത്തിൻെറ ശബ്ദമാകാനോ പെലെ ഒരിക്കലും തയ്യാറായിരുന്നില്ല.
എന്നാൽ ഫുട് ബോളിലെ പ്രവാചകനായ പെലെയുടെ പോരായ്മ എന്താണ് . അത് ചൂണ്ടിക്കാണിക്കാൻ ഒരു ഫുട്ബോൾ വിശാരദനും കഴിഞ്ഞിട്ടില്ല. പന്ത് കാലിൽ കിട്ടിയാൽ എന്ത് ചെയ്യണമെന്നും പ്രതിയോഗിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നും ഗണിച്ചറിയുന്ന മനസ്സും തലച്ചോറിലെ പന്ത് കാലുകളിലേക്ക് ആവാഹിക്കാൻ ഉള്ള സിദ്ധിയും ആ മനുഷ്യന് സ്വന്തം. പന്തിൻെറ നിയന്ത്രണത്തിലും പാസിങ്ങിലും ഡ്രിബ്ലിങ്ങിലുമെന്ന പോലെ ഹെഡിങ് മുതൽ ഷൂട്ടിംഗ് വരെ പെലയ്‌ക്ക് ഒപ്പം നിൽക്കാൻ പോന്നവർ കുറവാണെന്ന് ബ്രസീലിൻെറ വിഖ്യാതനായ മുൻ പരിശീലകൻ ടെലി സന്താനയുടെ സൂക്ഷ്മ വിശകലനം ആ സമ്പൂർണ്ണ ഫുട്ബോളർക്കുള്ള സാക്ഷ്യപത്രമാണ്.
ഹൃദയം കൊണ്ടാണ് നീണ്ട 22 വർഷം അദ്ദേഹം പന്തു തട്ടിയത്. ഫുട്ബോൾ കളിക്കാനായി ഭൂമിയിൽ ജൻമമെടുത്തവൻ എന്ന വിശേഷണം തന്നെയാണ് ഈ മനുഷ്യന് നന്നായി ചാർത്താനാവുക. ഇനി പറയൂ... ആരാണ് മികച്ച താരം. കാലമെത്ര കടന്നുപോയാലും ആരെല്ലാം വന്നാലും ഇക്കാര്യത്തിൽ സംശയമുണ്ടാവില്ല. പെലെ എന്ന രണ്ടക്ഷരത്തിലെ കാൽപ്പന്തിലെ അനശ്വര മേധാവി തന്നെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..