29 May Friday

വർത്തമാനകാലവും പാർടി സംഘടനയും

കോടിയേരി ബാലകൃഷ്ണൻUpdated: Thursday Aug 29, 2019


2015 ഡിസംബറിലെ കൊൽക്കത്ത പ്ലീനതീരുമാനങ്ങൾ നടപ്പാക്കിയതിന്റെ വിശദമായ അവലോകനം നടത്തണമെന്ന് 2018 ജൂണിൽ ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന കമ്മിറ്റികൾ ആഗസ്ത്തോടെ ഇത്തരമൊരു പരിശോധന പൂർത്തിയാക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള സംഘടനാപരമായ പരിശോധനയാണ് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി നടത്തിയത്. ഒപ്പം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള രേഖയും അംഗീകരിച്ചു.

2019 ജൂൺ ഏഴുമുതൽ ഒമ്പതുവരെ ചേർന്ന കേന്ദ്ര കമ്മിറ്റി ലോക്സഭാതെരഞ്ഞെടുപ്പിൽ പാർടിക്കേറ്റ തിരിച്ചടിയെ വിലയിരുത്തി, രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തുന്നതിലും സംഘടനാശേഷിയും പ്രവർത്തനവും വർധിപ്പിക്കുന്നതിലും വന്ന പോരായ്മയെ സംബന്ധിച്ച് എടുത്തുപറഞ്ഞിരുന്നു. അതോടൊപ്പംതന്നെ രാഷ്ട്രീയമായ ഇടപെടൽശേഷി വികസിപ്പിക്കുന്നതിന്റെ പ്രാധാന്യവും മുന്നോട്ടുവച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് വിപുലമായ സംഘടനാ പരിശോധന പാർടി സംസ്ഥാന കമ്മിറ്റി നടത്തിയത്.

അഖിലേന്ത്യാതലത്തിൽ ഫാസിസ്റ്റ് പ്രവണതകളുള്ള കേന്ദ്ര സർക്കാർ ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ആഗോളവൽക്കരണനയങ്ങൾ തീവ്രമായി നടപ്പാക്കി നമ്മുടെ സമ്പദ്ഘടനയെത്തന്നെ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. കോൺഗ്രസാകട്ടെ ഇത്തരം നയങ്ങൾക്കെതിരെ വ്യക്തമായ കാഴ്ചപ്പാടില്ലാതെ ചാഞ്ചാടുകയുമാണ്. ഈ സാഹചര്യത്തിൽ, വ്യക്തമായ രാഷ്ട്രീയ ബദലുകൾ മുന്നോട്ടുവച്ചു പ്രവർത്തിക്കുന്ന ഇടതുപക്ഷം ശക്തിപ്പെടുക എന്നത് ഏറെ പ്രധാനമായി നിൽക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളിൽ ആർഎസ്എസ് ഹിന്ദുക്കൾക്കിടയിൽ  പ്രചരിപ്പിക്കുന്ന രീതിയിലുള്ള  ആശയപ്രചാരണമാണ്  പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും നടത്തുന്നത്.  കേരളസമൂഹത്തിൽ വലതുപക്ഷവൽക്കരണത്തിന് അനുകൂലമായ തരത്തിൽ ഇത്തരം പ്രവർത്തനങ്ങൾ വർത്തമാനകാലത്ത് വികസിച്ചുവരികയാണ്.

വർത്തമാന കാലഘട്ടത്തിലെ ഈ രാഷ്ട്രീയപ്രാധാന്യം കണക്കിലെടുത്ത് പാർടി അംഗങ്ങളെയും വർഗബഹുജന സംഘടനകളെയും ശക്തിപ്പെടുത്തുക എന്ന കാഴ്ചപ്പാടോടുകൂടിയാണ് സംഘടനാരേഖ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചത്. മതവിശ്വാസങ്ങളെയും ആരാധനാരൂപങ്ങളെയും അംഗീകരിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ഭരണഘടന മുന്നോട്ട്വെക്കുന്ന പൗരസ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യമാണ് കേരള ജനത എക്കാലവും കൈക്കൊണ്ടിട്ടുള്ളത്. ഇതിനെ തകർത്ത് ആചാരബന്ധനങ്ങളുടെയും മതാന്ധതയുടെയും വിഷം ജനങ്ങളിൽ കുത്തിവയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് രേഖ ഓർമിപ്പിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിന് നേതൃപരമായ പങ്ക് വഹിക്കുന്നത് ആർഎസ്എസ് ആണ്. അതോടൊപ്പം കോൺഗ്രസും യുഡിഎഫും രാഷ്ട്രീയ താൽപ്പര്യം വച്ചുകൊണ്ട് ഇതിനെ പിന്തുണയ്ക്കുകയുമാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലും വർഗീയവും തീവ്രവാദപരമായ ആശയങ്ങളെയും വളർത്തിക്കൊണ്ടുവരുന്നതിനുള്ള ഇടപെടലും നടക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളിൽ ആർഎസ്എസ് ഹിന്ദുക്കൾക്കിടയിൽ  പ്രചരിപ്പിക്കുന്ന രീതിയിലുള്ള  ആശയപ്രചാരണമാണ്  പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും നടത്തുന്നത്.  കേരളസമൂഹത്തിൽ വലതുപക്ഷവൽക്കരണത്തിന് അനുകൂലമായ തരത്തിൽ ഇത്തരം പ്രവർത്തനങ്ങൾ വർത്തമാനകാലത്ത് വികസിച്ചുവരികയാണ്.

കേരളത്തിൽ ഒരു ധനികവർഗം വളർന്നുവരുന്നുണ്ടെന്നും മുകൾത്തട്ടിലുള്ള 20 ശതമാനത്തോളം വരുന്നവരുടെ വരുമാനം വർധിക്കുമ്പോൾ ഏറ്റവും താഴെ തട്ടിലുള്ള 30 ശതമാനത്തിലേറെ വരുന്നവരുടെ യഥാർഥ വരുമാനം കുറഞ്ഞുവരികയും ചെയ്യുകയാണ്. വലതുപക്ഷമാധ്യമങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനും വലതുപക്ഷ ആശയത്തിന് മേൽക്കൈ നേടാനുമുള്ള പ്രവർത്തനങ്ങളും മുന്നോട്ടുവയ്ക്കുകയാണ്.

ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായുള്ള സാംസ്കാരിക ആശയങ്ങൾ വളരെ ശക്തമായി കേരളത്തിൽ കടന്നുവരുന്ന സാഹചര്യവും  ഉണ്ട്. ഐടി, മാർക്കറ്റിങ് തുടങ്ങിയ മേഖലയിലെ പ്രശ്നങ്ങൾ, സ്ത്രീപ്രശ്നങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങിയവയും ഗൗരവതരമായി നിലനിൽക്കുകയാണെന്നും വിലയിരുത്തി. പാരിസ്ഥിതിക അവബോധം വളരെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് അതിനനുസരിച്ചുള്ള കാഴ്ചപ്പാടുകൾ വികസിപ്പിക്കുക എന്നതും പ്രധാനമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രത്യേക പഠനംതന്നെ നടത്തിക്കൊണ്ട് ആവശ്യമായ ഇടപെടൽ നടത്താനുള്ള തീരുമാനവും എടുത്തു. കേരളീയസമൂഹത്തിന്റെ ഗുണപരമായ പാരമ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉതകുന്നവിധം പാർടി സംഘടന എങ്ങനെ രൂപപ്പെടുത്തിയെടുക്കാമെന്ന പ്രശ്നമാണ് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്തത്. സമൂഹത്തിലെ മാറ്റങ്ങൾക്ക് അനുയോജ്യമായി സംഘടനാപ്രവർത്തനം എത്തരത്തിലൊക്കെ സംഘടിപ്പിക്കാമെന്ന കാര്യവും കേന്ദ്ര പ്രശ്നമായിത്തന്നെ ചർച്ചചെയ്യപ്പെട്ടു.

പാർടിയുടെ സ്വതന്ത്രമായ ശക്തി വർധിപ്പിക്കുകയും ഇടതുപക്ഷചിന്താഗതിക്കാരെയും മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും കൂടുതലായി നമ്മുടെ ഭാഗത്തേക്ക് അണിനിരത്താനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. വലതുപക്ഷ വർഗീയ ശക്തികൾ കടന്നാക്രമണം നടത്തുന്ന സാഹചര്യത്തിൽ എല്ലാ നിലവാരത്തിലുള്ള പാർടി സംഘടനയെയും ശക്തിപ്പെടുത്തുക പ്രധാനമാണ്. അതിനായി ജനങ്ങളുമായുള്ള ജീവസ്സുള്ള ബന്ധങ്ങൾ നിലനിർത്തി മുന്നോട്ടുപോകേണ്ടത് ഏറെ പ്രധാനമാണെന്നും രേഖ ഓർമിപ്പിച്ചു.

കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്നുള്ള വ്യതിയാനങ്ങളെ തിരുത്തി മുന്നോട്ടുപോകുക എന്നത് പ്രധാനമാണ്. സവിശേഷമായ വ്യക്തിത്വത്തോടെ സമൂഹത്തിൽ ഇടപെടാൻ പാർടി കേഡർമാർക്ക് കഴിയണം

ഗൃഹസന്ദർശനപരിപാടിയിലൂടെ ലഭിച്ച അനുഭവങ്ങളും ചർച്ചാ വിഷയമായി. പാർടിയും ബഹുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ പരിശോധനയിൽ വ്യക്തമായ ഒരു കാര്യം. പാർടി നയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് ശക്തമായ ഇടപെടൽ ആവശ്യമാണെന്ന കാര്യവും ഇതിലൂടെ ബോധ്യമായി. പാർടി നേതൃത്വം നൽകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണം.

വിശ്വാസികളെ വർഗീയവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് വർഗീയശക്തികൾ നടത്തുന്നത്. അതിനായി പല ആരാധനാലയങ്ങളെയും ഉപയോഗപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തിൽ വർഗീയശക്തികളുടെ ഇടപെടലിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു മുന്നോട്ടുപോകേണ്ടത് അനിവാര്യമാണ്. വിശ്വാസികളെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ തുറന്നുകാട്ടാനാകണം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കുക എന്നതും ജനാധിപത്യ സമൂഹത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. ശാസ്ത്ര ബോധവും യുക്തിചിന്തയും പ്രചരിപ്പിച്ചുമാത്രമേ ഈ സ്ഥിതിവിശേഷത്തെ മറികടക്കാനാകൂ.

പാലിയേറ്റീവ്കെയർ പ്രവർത്തനവും സമഗ്ര പച്ചക്കറിവികസന പദ്ധതികളും കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും കഴിയണമെന്നും തീരുമാനിച്ചു. കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്നുള്ള വ്യതിയാനങ്ങളെ തിരുത്തി മുന്നോട്ടുപോകുക എന്നത് പ്രധാനമാണ്. സവിശേഷമായ വ്യക്തിത്വത്തോടെ സമൂഹത്തിൽ ഇടപെടാൻ പാർടി കേഡർമാർക്ക് കഴിയണം. കുഴൽപ്പണം, മയക്കുമരുന്ന് മാഫിയ, ക്വട്ടേഷൻ സംഘങ്ങൾ തുടങ്ങിയവയെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടുപോകണം. ഇന്നത്തെ സാഹചര്യത്തെ മറികടക്കുന്നവിധം പാർടി കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ കഴിയേണ്ടതും വെല്ലുവിളികളെ നേരിടുന്നതിന് പ്രധാനമാണ്.

നിലവിലുള്ള ഒരോ ജില്ലാ കമ്മിറ്റിയുടെയും ശക്തിദൗർബല്യങ്ങളെ വിലയിരുത്തി കൂടുതൽ ഗുണപരമായി മുന്നോട്ടുപോകുന്നതിനുള്ള തീരുമാനങ്ങളും എടുത്തിട്ടുണ്ട്. ഏരിയ കമ്മിറ്റിയുടെയും ലോക്കൽ കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും അംഗീകരിക്കുകയുണ്ടായി. സംസ്ഥാനത്തുള്ള 34,827 ബ്രാഞ്ചുകളും ഏരിയ, ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് ചേരും. വീടുകൾ കേന്ദ്രീകരിച്ചുകൊണ്ട് പാർടി അംഗങ്ങൾ പ്രവർത്തിക്കേണ്ടതും പ്രധാനമാണ്.

വിവിധ രംഗങ്ങളിൽ കേഡർമാരെ വിന്യസിക്കുന്നതിന് വ്യക്തമായ പദ്ധതികൾ രൂപീകരിക്കുകയും ചെയ്തു.കൂടുതൽ വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനും സാമൂഹ്യമായി അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ കൂടുതലായി മുന്നോട്ടുകൊണ്ടുവരാനും ഇടപെടാനാകണം. ഇടത്തരക്കാരെയും പാർടിയിൽ ആകർഷിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ മുന്നോട്ടുവയ്ക്കാനാകണം.

വലതുപക്ഷമാധ്യമങ്ങൾ ശക്തമായി പാർടിക്കെതിരായി പ്രചാരണം നടത്തുന്ന സാഹചര്യത്തിൽ ദേശാഭിമാനി വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുകയുണ്ടായി. നവമാധ്യമരംഗത്തെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നിശ്ചയിച്ചു

വലതുപക്ഷ ആശയങ്ങൾ തീവ്രമായി പ്രചരിക്കുന്ന വർത്തമാനകാലത്ത് പാർടി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക പ്രധാനമാണ്. അതിനായി പാർടിയുടെ നേതൃത്വത്തിലുള്ള പഠനകേന്ദ്രങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളും ആവിഷ്കരിക്കും. കല‐സാംസ്കാരിക മേഖലയിലെ ഇടതുപക്ഷസ്വാധീനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും പ്രധാനമാണെന്ന് കണ്ടു. ചരിത്രത്തെ തമസ്കരിക്കാനും വസ്തുതകളെ വിലയിരുത്തുന്ന രീതികളെ തകർക്കാനുമുള്ള ശ്രമങ്ങളാണ് വലതുപക്ഷ ശക്തികളും വർഗീയ ശക്തികളും നടത്തുന്നത്. ഈ സാഹചര്യത്തിൽ പാർടി ചരിത്രത്തിന്റെ അവശേഷിക്കുന്ന വോള്യങ്ങൾ കൂടി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള തീരുമാനവും എടുത്തു. പാർടി ചരിത്രത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള ഇടപെടലും പ്രധാനമാണെന്ന് കണ്ടു.

വലതുപക്ഷമാധ്യമങ്ങൾ ശക്തമായി പാർടിക്കെതിരായി പ്രചാരണം നടത്തുന്ന സാഹചര്യത്തിൽ ദേശാഭിമാനി വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുകയുണ്ടായി. നവമാധ്യമരംഗത്തെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നിശ്ചയിച്ചു. ഈ രംഗത്തെ പ്രവർത്തനം പാർടി ആകെ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യവും തീരുമാനിച്ചു.

ട്രേഡ് യൂണിയൻ, കർഷകത്തൊഴിലാളി മുന്നണികളിൽ കൂടുതൽ യുവ കേഡർമാരെ നിയോഗിക്കാൻ കഴിയേണ്ടതുണ്ട്. മഹിളാരംഗത്ത് കൂടുതൽ യുവതികളെ നേതൃത്വത്തിൽ കൊണ്ടുവരാനും കഴിയേണ്ടതുണ്ട്. യുവജനമുന്നണിയുൾപ്പെടെയുള്ള മുന്നണിയിലും ഇത് നടപ്പാക്കാനാകണം. ഓരോ മേഖലയിലും ഉയർന്നുവരുന്ന ദുഷ്പ്രവണതകൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളായി വർഗബഹുജനസംഘടനകൾ മാറണം. ഇത്തരത്തിൽ കേരളീയസമൂഹം നേരിടുന്ന വെല്ലുവിളികളെ മറികടക്കുന്ന വിധം പാർടി സംഘടനയെ രൂപപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളാണ് സംസ്ഥാന കമ്മിറ്റി എടുത്തിട്ടുള്ളത്.      

(തുടരും)
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top